യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കർണാടക ബി.ജെ.പിക്ക്, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ സംസ്ഥാന പ്രസിഡന്റ്.
മുൻ മുഖ്യമന്ത്രിയും പാർട്ടി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെദിയൂരപ്പയുടെ മകനും ശിക്കാരിപുരയിൽ നിന്നുള്ള എം.എൽ.എയുമായ ബി.വൈ. വിജയേന്ദ്രയാണ് പുതിയ പ്രസിഡന്റായി നിയമിതനായത്. ഇതോടെ ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവായ യെദിയൂരപ്പ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനാവുകയാണ്. മകനെ സംസ്ഥാന പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി അദ്ദേഹം നടത്തുന്ന ചരടുവലിയാണ് വിജയിച്ചത്. ശോഭ കരന്ത്ലാജെ, സി.ടി. രവി, വി. സുനിൽ കുമാർ തുടങ്ങിയ നേതാക്കൾ പദവിക്കുവേണ്ടി രംഗത്തുണ്ടായിരുന്നുവെങ്കിലും ജൂനിയറായ വിജയേന്ദ്രയെ ദേശീയ നേതൃത്വം പരിഗണിക്കുകയായിരുന്നു.
ദക്ഷിണ കന്നട ജില്ലയിൽനിന്ന് മൂന്നുതവണ എം.പിയായ നളിൻ കുമാർ കാട്ടീലിന്റെ കസേരയാണ് തെറിച്ചത്. 2019ലാണ് ഏവരെയും അമ്പരപ്പിച്ച് കാട്ടീൽ സംസ്ഥാന പ്രസിഡന്റായത്. കടുത്ത വർഗീയ നിലപാടുകളുള്ള കട്ടീലിന്റെ മൂന്നുവർഷ കാലാവധി നേരത്തേ കഴിഞ്ഞിരുന്നുവെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ചുമതല നീട്ടിക്കൊടുക്കുകയായിരുന്നു. എന്നാൽ, കനത്ത പരാജയമുണ്ടായതോടെ കാട്ടീലിനെ മാറ്റുമെന്നത് ഉറപ്പായിരുന്നു. മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസിനെ ആക്രമിക്കുന്ന ബി.ജെ.പിക്ക് മുതിർന്ന നേതാവിന്റെ മകനെ തന്നെ സംസ്ഥാന പ്രസിഡന്റാക്കേണ്ടിയും വന്നു.
വൻ തോൽവിക്കുശേഷം കർണാടകയിൽ പാർട്ടി പ്രവർത്തനം മന്ദീഭവിച്ച നിലയിലായിരുന്നു. കോൺഗ്രസ് സർക്കാർ അധികാരമേറ്റിട്ട് മാസങ്ങളായിട്ടും പ്രതിപക്ഷനേതാവിനെ നിയമിക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന യെദിയൂരപ്പ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച അദ്ദേഹം തന്റെ മണ്ഡലമായ ശിക്കാരിപുര ഇളയ മകൻ വിജയേന്ദ്രക്കായി ഒഴിയുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജയേന്ദ്രയെ രംഗത്തിറക്കുന്നതിനെതിരെ സംസ്ഥാന നേതാക്കളിൽ നിന്നുതന്നെ എതിർപ്പുയർന്നു. തുടർന്ന് അമിത് ഷാ അടക്കം യെദിയൂരപ്പയുടെ വീട്ടിലെത്തിയാണ് അനുനയിപ്പിച്ചത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് 2011ൽ യെദിയൂരപ്പക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു.
പിന്നീട് അദ്ദേഹം പാർട്ടി പിളർത്തി കർണാടക ജനത പക്ഷ എന്ന പേരിൽ പുതിയ പാർട്ടിക്ക് രൂപം നൽകി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന് ഇത് കാരണമായി. 2021 ജൂലൈ വരെ യെദിയൂരപ്പയായിരുന്നു മുഖ്യമന്ത്രി.
പിന്നീട് ബസവരാജ് ബൊമ്മൈക്കുവേണ്ടി വഴിമാറേണ്ടിവന്ന അദ്ദേഹം ഏറെ വേദനയോടെയാണ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിയത്.
ലിംഗായത്തുകളുടെ ശക്തനായ നേതാവായ യെദിയൂരപ്പയെ തന്നെ മുന്നിൽ നിർത്താതെ രക്ഷയില്ലെന്ന സൂചനയാണ് വിജയേന്ദ്രയുടെ സ്ഥാനലബ്ധിയിലൂടെ ബി.ജെ.പി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.