എന്തിനീ അവഗണന?
text_fieldsബംഗളൂരു: വടക്കൻ കേരളത്തിലേക്ക് ഷൊർണൂർ വഴിയുള്ള ഏക ദിവസ ട്രെയിനായ യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിനോട് (16527) റെയിൽവേ അധികൃതരുടെ അവഗണന തുടരുന്നു.
കേരളത്തിന് പുറത്ത് അധിക സ്റ്റോപ് അനുവദിച്ചും റിസർവേഷൻ ക്വോട്ട വെട്ടിക്കുറച്ചും സമയമാറ്റം വരുത്തി വേഗം കുറച്ചും സർവിസ് നടത്തുന്ന യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. കഴിഞ്ഞദിവസം ലോകോ പൈലറ്റ് പാതിവഴിയിൽ ട്രെയിനിൽനിന്നിറങ്ങിപ്പോയതോടെ മണിക്കൂറുകളോളമാണ് ഈ ട്രെയിൻ പാലക്കാട് വാളയാറിൽ പിടിച്ചിട്ടത്.
ബംഗളൂരുവിൽനിന്ന് തെക്കൻ കേരളത്തിലേക്ക് ദിനേന ചുരുങ്ങിയത് മൂന്നോ നാലോ ട്രെയിനുകൾ സർവിസ് നടത്തുമ്പോൾ ഷൊർണൂർ വഴി കോഴിക്കോട് ഭാഗത്തേക്ക് ഒറ്റ സർവിസ് മാത്രമാണുള്ളത്. ഈ ട്രെയിനിലാകട്ടെ ആഴ്ചകൾക്കുമുമ്പെ ടിക്കറ്റുകൾ വിറ്റുതീരുമെന്നതാണ് സ്ഥിതി.
റൂട്ടിൽ പുതിയ പ്രതിദിന സർവിസ് ആരംഭിക്കണം
യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിന്റെ പഴയ സമയക്രമം പുനഃസ്ഥാപിക്കണമെന്നും ബംഗളൂരു- ഷൊർണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പ്രതിദിന സർവിസ് ആരംഭിക്കണമെന്നുമാണ് ബംഗളൂരു മലയാളികളുടെ ആവശ്യം.
ശനിയാഴ്ച രാവിലെ ആറോടെ യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് വാളയാറിലെത്തിയപ്പോഴാണ് ലോകോപൈലറ്റ് ട്രെയിൻ നിർത്തി ഇറങ്ങിപ്പോയത്. ബംഗളൂരുവിൽനിന്ന് വാരാന്ത അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു ട്രെയിനിൽ കൂടുതൽ യാത്രക്കാരും. യാത്രക്കാർ വാളയാർ റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ ലോകോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്ന പ്രചാരണത്തോടെ യാത്രക്കാരുടെ പ്രതിഷേധമുയർന്നു. സ്റ്റേഷനിലെ പരാതി ബുക്കിൽ നിരവധി പേർ പരാതി രേഖപ്പെടുത്തി. ഇതോടെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് ലോകോപൈലറ്റ് പോയതെന്ന വിശദീകരണവുമായി അധികൃതർ രംഗത്തുവന്നു. പിന്നീട് 8.30 ഓടെ പാസഞ്ചർ ട്രെയിനിൽ പുതിയ ലോകോപൈലറ്റ് എത്തും വരെ ട്രെയിൻ അവിടെ പിടിച്ചിട്ടു. ഈ സമയമത്രയും യാത്രക്കാരും പ്രയാസത്തിലായി. ബംഗളൂരുവിൽനിന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കും തിരിച്ചുമുള്ള ആയിരക്കണക്കിന് മലയാളി പ്രവാസികളുടെ ആശ്രയമാണ് ഈ ട്രെയിൻ.
സമയക്രമീകരണത്തിൽ വലഞ്ഞ്...
2018 ആഗസ്റ്റ് മുതൽ നിലവിൽവന്ന സമയമാറ്റം കാരണം യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിന്റെ റണ്ണിങ് ടൈം വർധിച്ചിരുന്നു. മുമ്പ് യശ്വന്ത്പുരിൽനിന്ന് രാത്രി എട്ടിന് യാത്ര ആരംഭിച്ച് പിറ്റേ ദിവസം പുലർച്ചെ എട്ടിന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചിരുന്ന ട്രെയിൻ നേരത്തെ കോയമ്പത്തൂർ ജങ്ഷനിലെത്താതെ പോത്തന്നൂർ ജങ്ഷൻ വഴിയാണ് ഓടിക്കൊണ്ടിരുന്നത്. പിന്നീട് കോയമ്പത്തൂർ ജങ്ഷനിൽ സ്റ്റോപ് അനുവദിച്ചതോടെ കേരളത്തിലെ സ്റ്റേഷനുകളിൽ മുക്കാൽ മണിക്കൂറോളം അധികം എടുത്താണ് എത്തിയിരുന്നത്. ഇതിന് പുറമെയാണ് സമയക്രമീകരണം വഴി വീണ്ടും വണ്ടി വൈകുന്നത്. നേരത്തെ കോഴിക്കോട് സ്റ്റേഷനിൽ രാവിലെ 6.40നും കണ്ണൂരിൽ എട്ടിനും എത്തിയിരുന്ന ട്രെയിൻ കോയമ്പത്തൂരിലെ റൂട്ട് മാറ്റം വന്നതോടെ കോഴിക്കോട് രാവിലെ 7.25നും കണ്ണൂരിൽ ഒമ്പതിനും ആണ് എത്തിയിരുന്നത്. സമയമാറ്റം കൂടി വന്നതോടെ ചെന്നൈ മെയിലിന് അകമ്പടിയേകുന്ന യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് 7.53നും കണ്ണൂരിൽ 9.50നുമാണ് എത്തുന്നത്. കോയമ്പത്തൂരിലേക്ക് നിരവധി ട്രെയിനുകൾ ഉണ്ടെന്നിരിക്കെ ബംഗളൂരുവിൽനിന്ന് കേരളത്തിലെ വടക്കൻ ജില്ലകളിലേക്കുള്ള ഏക ദിവസ ട്രെയിനിന് കോയമ്പത്തൂരിൽ സ്റ്റോപ് അനുവദിച്ചത് റെയിൽവേയിലെ തമിഴ്നാട് ലോബിയുടെ ചരടുവലി കാരണമായിരുന്നു. ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് മെയിലാകട്ടെ കോയമ്പത്തൂരിൽ സ്റ്റോപ്പില്ലാതെ പോത്തന്നൂർ വഴിയാണ് സർവിസ് നടത്തുന്നത്.
പാലക്കാട് മുതൽ എസ്കോർട്ട് സർവിസ്!
പാലക്കാട് മുതൽ ചെന്നൈ- മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ (ചെന്നൈ മെയിൽ 12601) എസ്കോർട്ട് സർവിസായാണ് യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് ഓടുന്നത്. പാലക്കാട് മുതൽ കണ്ണൂർ വരെ 14 സ്റ്റോപ്പുകളാണ് ചെന്നൈ മെയിലിനുള്ളത്. എന്നാൽ, യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിന് പാലക്കാട് മുതൽ കണ്ണൂർവരെ എട്ട് സ്റ്റോപ്പുകൾ മാത്രമേയുള്ളൂ. കൂടുതൽ സ്റ്റോപ്പുള്ള ചെന്നൈ മെയിലിന് പിന്നിൽ കുറഞ്ഞ സ്റ്റോപ്പുള്ള യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് സർവിസ് നടത്തുന്നത് യാത്രക്കാർക്ക് സമയനഷ്ടമുണ്ടാക്കുന്നു.
ഈ രണ്ടു ട്രെയിനുകളും മിനിറ്റുകളുടെ വ്യത്യാസത്തിൽ കടന്നു പോകുന്നത് കേരളത്തിലെ സീസൺ ടിക്കറ്റുകാരടക്കമുള്ള പതിവുയാത്രക്കാരെയും പ്രയാസത്തിലാക്കുന്നു.
ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് മെയിലിന്റെ (ട്രെയിൻ നമ്പർ 12601) കൃത്യനിഷ്ഠക്ക് വേണ്ടിയാണ് യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിന്റെ സമയമാറ്റം നടപ്പാക്കിയതെന്നാണ് ദക്ഷിണ റെയിൽവേ അധികൃതരുടെ വാദം. ചെന്നൈ മെയിലിന്റെ സമയം തിരുവള്ളൂർ മുതലും യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിന്റെ സമയം സേലം മുതലുമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സേലം മുതൽ കോയമ്പത്തൂർ വരെ ചെന്നൈ മെയിലിന് മുന്നിലും കോയമ്പത്തൂർ മുതൽ കണ്ണൂർ വരെ ചെന്നൈ മെയിലിന് പിന്നിലുമായാണ് യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.