യെത്തിനഹോളെ കുടിവെള്ള പദ്ധതി: ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
text_fieldsബംഗളൂരു: യെത്തിനഹോളെ സംയോജിത കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഹാസനിലെ സകലേഷ്പുർ ബികെരെ ദൊഡ്ഡനഗറിലെ പമ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ആഘോഷപൂർവമായിരുന്നു ഉദ്ഘാടനം. അൽമാട്ടി അണക്കെട്ട് തുറന്നതിന് ശേഷമുള്ള കർണാടകയുടെ ചരിത്രപരമായ മറ്റൊരു ജല പദ്ധതിയാണ് യത്തിനഹോളയെന്ന് ചടങ്ങിൽ പങ്കെടുത്ത ഉപമുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.
കോലാർ, ചിക്കബല്ലാപുര, ബംഗളൂരു റൂറൽ, രാമനഗര, തുമകുരു, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ 27 താലൂക്കുകളിലും 56 നിയോജക മണ്ഡലങ്ങളിലുമായി കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. 23,251 കോടി ചെലവഴിച്ചാണ് ഒന്നാം ഘട്ട പദ്ധതി നടപ്പാക്കിയത്. 6657 ഗ്രാമങ്ങളിലേക്ക് ഇതുവഴി കുടിവെള്ളമെത്തും. സകലേഷ് പുരയിലെ യത്തിനഹോളെ, കാടുമനെ ഹോളെ, കേരി ഹോളെ, ഹൊങഡ ഹള്ള എന്നിവിടങ്ങളിൽ ലഭിക്കുന്ന മഴവെള്ളം ശേഖരിച്ച് 24.01 ടി.എം.സി ഘനയടി ജലം വീതം പദ്ധതിപ്രദേശങ്ങളിലേക്ക് തുറന്നുവിടും. 2027 മാർച്ച് 31ഓടെ പദ്ധതി പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ ബി. രാജണ്ണ, എം.ബി. പാട്ടീൽ, ജി. പരമേശ്വര, കെ.ജെ. ജോർജ്, അഞ്ച് താലൂക്കുകളിലെ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.