ഹണിട്രാപ്പിന് ശ്രമിച്ചത് ഒരു യുവാവും രണ്ടു സ്ത്രീകളും ചേർന്ന് -മന്ത്രി രാജണ്ണ
text_fieldsകെ. എൻ രാജണ്ണ
ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പെൺകെണി വിവാദം കത്തിനിൽക്കെ നിർണായക വെളിപ്പെടുത്തലുമായി സഹകരണ മന്ത്രി കെ.എൻ. രാജണ്ണ. തനിക്കെതിരെ രണ്ടുതവണ ഹണിട്രാപ് ശ്രമം നടത്തിയത് ഒരു യുവാവും രണ്ടു സ്ത്രീകളും ചേർന്നാണെന്ന് മന്ത്രി ചൊവ്വാഴ്ച തുമകൂരുവിൽ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
ഒരു യുവാവ് രണ്ട് വ്യത്യസ്ത സ്ത്രീകളെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടാമത്തെ തവണ വന്ന സ്ത്രീ താൻ ഒരു ഹൈകോടതി അഭിഭാഷകയാണെന്ന് അവകാശപ്പെട്ടു, എന്നാൽ ആദ്യത്തെ സ്ത്രീ അത്തരമൊരു അവകാശവാദം ഉന്നയിച്ചില്ല. അവൾ തന്നോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹിച്ചു. ഫോട്ടോകൾ കണ്ടാൽ എനിക്ക് അവരെ തിരിച്ചറിയാൻ കഴിയും.ആ സമയത്ത് തന്റെ വീട്ടിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലായിരുന്നു. അതിനാൽ സന്ദർശനങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള ദൃശ്യങ്ങളൊന്നുമില്ല. അജ്ഞാത വ്യക്തികൾക്കെതിരെ താൻ പരാതി നൽകി ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ പരിപാടികളിൽ മുഴുകിയിരുന്നതിനാൽ പരാതി നൽകാൻ വൈകി. മുഖ്യമന്ത്രി തന്നോട് പരാതി വൈകിയതിനെക്കുറിച്ച് ആരാഞ്ഞു. ഇന്നുതന്നെ (ചൊവ്വാഴ്ച) പരാതി നൽകാമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകിയതിന് പിന്നാലെ രാവിലെ മൂന്ന് പേജുള്ള പരാതി തയാറാക്കി. അത് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരക്ക് നേരിട്ട് സമർപ്പിക്കും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യമാക്കും.
താൻ നേരത്തേ നടത്തിയ അഭിപ്രായങ്ങളിൽ ഒരിക്കലും ജഡ്ജിയെ പരാമർശിച്ചിട്ടില്ല. രാഷ്ട്രീയ നേതാക്കളെക്കുറിച്ച് സംസാരിച്ചു. ഈമാസം 30ന് ശേഷം ഡൽഹിയിൽ പോയി ഹണി ട്രാപ് വിഷയം പാർട്ടി ഹൈകമാൻഡിനെ അറിയിക്കും. ഇത് ഒരു പുതിയ തന്ത്രമല്ല.
മുമ്പ് പലർക്കും സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രതികാരത്തിനായി ഹണി ട്രാപ്പുകൾ ഉപയോഗിക്കുന്നു. ഈ ഗൂഢാലോചനക്ക് പിന്നിലുള്ളവരെ ശിക്ഷിക്കാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് താൻ ആവശ്യപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു.
‘മന്ത്രി കെ എൻ രാജണ്ണ ഇതുവരെ പരാതി നൽകിയിട്ടില്ല’
അതേസമയം തന്നെയും മറ്റ് രാഷ്ട്രീയക്കാരെയും പെൺകെണിയിൽ പെടുത്താൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ സഹകരണ മന്ത്രി കെ എൻ രാജണ്ണ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.
ഹണിട്രാപ്പിൽ പൊതുവായി അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി രാജണ്ണയുടെ കാര്യം പ്രത്യേക പരാതി ലഭിച്ചാൽ അന്വേഷിക്കാം. നിങ്ങൾ, മാധ്യമങ്ങൾ എത്ര ആവർത്തിച്ച് ചോദിച്ചാലും തന്റെ ഉത്തരം ഇതുതന്നെയാവുമെന്നും പരമേശ്വര പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.