പൊലീസ് ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsആസിഫ് ഖാൻ
ബംഗളൂരു: പാർക്കുകള്‍ക്ക് സമീപം കാറുകളില്‍ സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിക്കുന്നവരെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാനഗർ സ്വദേശി ആസിഫ് ഖാനാണ് (42) അറസ്റ്റിലായത്. പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്. കാക്കി ധരിച്ച് ബൈക്കില്‍ എത്തിയ ശേഷം പൊതുസ്ഥലത്ത് മര്യാദവിട്ട് പെരുമാറിയതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു രീതി.
പൊലീസിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെ ജയനഗർ പൊലീസ് ഇയാളെ അന്വേഷിച്ചിറങ്ങുകയായിരുന്നു. പത്താം ക്ലാസില്‍ തോറ്റ ശേഷം പഠനം നിർത്തി ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറയുന്നു.
15 വർഷത്തോളം പലതരം തട്ടിപ്പുകള്‍ നടത്തിയ ആസിഫ് ഖാനെതിരെ 19 പേർ പരാതി നല്‍കിയിട്ടുണ്ട്. 2018ല്‍ ഒരുതവണ അറസ്റ്റിലായിരുന്നു. പൊതു പാർക്കുകള്‍ക്ക് സമീപവും റോഡരികിലെ മറ്റു സ്ഥലങ്ങളിലും വാഹനങ്ങള്‍ക്കുള്ളില്‍ പങ്കാളികള്‍ക്കൊപ്പം ഇരിക്കുന്നവരാണ് ആസിഫ് ഖാന്റെ ഇരകള്‍. ഇവരുടെ അടുത്ത് എത്തിയ ശേഷം പൊലീസുകാരനാണെന്ന് പറയുകയും പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികളില്‍ ഏർപ്പെട്ടതിന് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യും.
ഈമാസം അഞ്ചിന് ജയനഗർ ആർ.വി മെട്രോ സ്റ്റേഷന് സമീപം തന്റെ സഹപ്രവർത്തകക്കൊപ്പം കാറിലിരിക്കുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരനെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബൈക്കിലെത്തി ഭീഷണിപ്പെടുത്തുകയും കാറിലുണ്ടായിരുന്ന 41കാരനെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് അയാളുടെ 12 ഗ്രാം തൂക്കം വരുന്ന സ്വർണ മാലയും അഞ്ച് ഗ്രാം വരുന്ന മോതിരവും തട്ടിയെടുത്തു. പിന്നീട് ഇയാളെ ഒരു എ.ടി.എമ്മില്‍ കൊണ്ടുപോയി 10,000 രൂപ പിൻവലിപ്പിച്ച് വാങ്ങുകയും ചെയ്തു. അന്ന് രാത്രി തന്നെ ഈ യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒമ്പതിന് സമാന രീതിയിൽ മറ്റൊരു യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം വാങ്ങി. ആകെ 80 ഗ്രാം സ്വർണം ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിയെടുത്ത കൂടുതല്‍ പണം കണ്ടെത്താൻ ശ്രമം നടക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.