യുട്യൂബർ അജീത് ഭാരതിയുടെ അറസ്റ്റിനായി കർണാടക പൊലീസ് നോയിഡയിൽ
text_fieldsബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയ യുട്യൂബർ അജീത് ഭാരതിയുടെ അറസ്റ്റിനായി കർണാടക പൊലീസ് യു.പിയിലെ നോയിഡയിലെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ അജീതിന് നോട്ടീസ് കൈമാറിയ പൊലീസ് സംഘം നോയിഡയിൽതന്നെ കഴിയുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് അറസ്റ്റ് നിർദേശം ലഭിക്കുന്നതിനനുസരിച്ച് യുട്യൂബറുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാഴാഴ്ച നോട്ടീസ് നൽകാനായി വീട്ടിലെത്തിയ മൂന്നംഗ പൊലീസ് സംഘത്തിനെ നോയിഡ പൊലീസ് തടഞ്ഞിരുന്നു. യുട്യൂബർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ നോയിഡ പൊലീസ് നോട്ടീസ് നൽകാനായി എത്തുന്ന വിവരം ലോക്കൽ പൊലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെട്ടത്. ജൂൺ 16നാണ് അജീത് ഭാരതിക്കെതിരെ ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
റായ് ബറേലി എം.പിയായ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ തെറ്റായ പരാമർശങ്ങൾ നടത്തിയെന്ന കോൺഗ്രസ് പ്രവർത്തകനായ ബി.കെ. ബൊപ്പണ്ണ ജൂൺ 15ന് നൽകിയ പരാതിയിലാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ), 505 (രണ്ട്) (ശത്രുത പരത്തുന്നതിനായി പ്രസ്താവന നടത്തൽ) വകുപ്പുകൾ പ്രകാരമാണ് കേസ്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഹൈഗ്രൗണ്ട് പൊലീസിൽ രാവിലെ 11ന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം.
വ്യാഴാഴ്ച നോട്ടീസ് നൽകാൻ നോയിഡയിലെ അജീത് ഭാരതിയുടെ വീട്ടിലെത്തിയ കർണാടക പൊലീസ് സംഘത്തെ യു.പി പൊലീസ് തടഞ്ഞു. ഉച്ചക്ക് രണ്ടോടെ കർണാടക പൊലീസ് തന്റെ വീട്ടിലെത്തിയതായി അജീത് എക്സിൽ സ്ഥിരീകരിച്ചു. ഉടൻ താൻ ലോക്കൽ പൊലീസിനെ വിവരമറിയിച്ചു അവർ പെട്ടെന്ന് വീട്ടിലെത്തി. ബംഗളൂരു പൊലീസുമായി അവർ സംസാരിച്ചു. അവരെയും കൂട്ടി സ്റ്റേഷനിലേക്ക് പോയി. കൃത്യമായ സഹായം ലഭ്യമാക്കിയതിന് നോയിഡ പൊലീസിന് നന്ദി -അജീത് പറഞ്ഞു. അതേസമയം, തങ്ങൾ നോട്ടീസ് നൽകാനുള്ള ശ്രമത്തിനിടെ അഞ്ച് ലോക്കൽ പൊലീസുകാർ എത്തിയതായും അവരുമായി ചെറിയതോതിൽ വാക്കേറ്റമുണ്ടായതായും ബംഗളൂരു പൊലീസ് അറിയിച്ചു.
ബംഗളൂരു പൊലീസ് നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണ് തങ്ങൾക്ക് ഇടപെടേണ്ടി വന്നതെന്നും പിന്നീട് ബംഗളൂരു പൊലീസ് പ്രതിക്ക് നോട്ടീസ് കൈമാറിയതായും നോയിഡ പൊലീസ് പ്രതികരിച്ചു. അജീത് ഭാരതിക്ക് പിന്തുണയുമായി ബി.ജെ.പി, സംഘ്പരിവാർ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.