യുവമോർച്ച നേതാവിന്റെ കൊല; പോപുലർ ഫ്രണ്ട് സുള്ള്യ ഓഫിസ് എൻ.ഐ.എ പിടിച്ചെടുത്തു
text_fieldsബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) സുള്ള്യ ഓഫിസ് പിടിച്ചെടുത്തു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി ആരോപിച്ചാണ് നടപടി. ഗാന്ധിനഗർ ആലെറ്റി റോഡ് താഹിറ കോംപ്ലക്സിലായിരുന്നു ഓഫിസ്. പിടിച്ചെടുത്ത വിവരം വസ്തുവിന്റെ ഉടമ, ജില്ല കമീഷണർ, ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരെ അറിയിച്ചിട്ടുണ്ട്. വസ്തു പാട്ടത്തിനോ വാടകക്കോ നൽകരുത്, വസ്തുവകകൾ ഓഫിസിൽനിന്ന് മാറ്റരുതള, നവീകരിക്കരുത് തുടങ്ങിയ നിർദേശങ്ങളുണ്ട്.
പ്രവീണിനെ കൊല്ലാൻ ഇവിടെവെച്ചാണ് ഗൂഢാലോചന നടന്നതെന്ന് എൻ.ഐ.എ വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ ബണ്ട്വാൾ ടൗണിനടുത്ത കമ്യൂണിറ്റി ഹാൾ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ജൂലൈ 26നാണ് പ്രവീണിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
പ്രവീൺ കൊല്ലപ്പെട്ട സുള്ള്യ ബെല്ലാരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാർ പ്രവർത്തകരാണ് ഈ കേസിൽ പ്രതികൾ. ഇതിന്റെ പ്രതികാരമായാണ് പ്രവീണിന്റെ കൊലയെന്നാണ് പൊലീസ് പറയുന്നത്. പ്രവീൺ വധക്കേസിൽ 20 പ്രതികൾക്കെതിരെ ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 14 പേർ അറസ്റ്റിലായി. 240 സാക്ഷിമൊഴികളുള്ള 1500 പേജുള്ള കുറ്റപത്രമാണ് നൽകിയത്. കേസിലെ പ്രതിയും എൻ.ഐ.എ കസ്റ്റഡിയിലുള്ളയാളുമായ ഷാഫി ബെല്ലാരെക്ക്, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുമെന്ന് അടുത്തിടെ എസ്.ഡി.പി.ഐ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.