കാഴ്ചപരിമിതരുടെ ട്വൻറി20 വേൾഡ് കപ്പ്: യുവരാജ് സിങ് ബ്രാൻഡ് അംബാസഡർ
text_fieldsബംഗളൂരു: കാഴ്ചപരിമിതർക്കായുള്ള ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ബ്രാൻഡ് അംബാസഡറാവും. ഇന്ത്യയിൽ വിവിധ വേദികളിലായി ഡിസംബർ ആറു മുതൽ 17 വരെയാണ് ചാമ്പ്യൻഷിപ് അരങ്ങേറുക. ഇന്ത്യക്കു പുറമെ, നേപ്പാൾ, ബംഗ്ലാദേശ്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക. ഉദ്ഘാടന മത്സരം ഫരീദാബാദിൽ നടക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യൻ സ്ക്വാഡിനെ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യ (സി.എ.ബി.ഐ) പ്രസിഡന്റ് ഡോ. സി.കെ. മഹന്ദേഷ് ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. ആന്ധ്ര സ്വദേശികളായ അജയ്കുമാർ റെഡ്ഡി ക്യാപ്റ്റനും വെങ്കടേശ്വര റാവു വൈസ് ക്യാപ്റ്റനുമാണ്. കഴിഞ്ഞ ജൂലൈ മുതൽ ബംഗളൂരുവിൽ നടന്ന കോച്ചിങ് ക്യാമ്പിൽ പങ്കെടുത്ത 56 പേരിൽനിന്നാണ് 17 പേരടങ്ങുന്ന അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. ടീമിൽ കേരളത്തിൽനിന്ന് ആരും ഇടംപിടിച്ചില്ല.
കാഴ്ചപരിമിതർക്കായുള്ള ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡറാവാൻ കഴിഞ്ഞതിൽ ഏറെ ആവേശഭരിതനാണെന്ന് യുവരാജ് സിങ് പറഞ്ഞു. എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള കാഴ്ചപരിമിതരുടെ ഇച്ഛാശക്തിയെ ഞാൻ അഭിനന്ദിക്കുന്നു. ഇത് വ്യത്യസ്തമായൊരു ക്രിക്കറ്റിന്റെ ലോകമാണ്. ക്രിക്കറ്റിന് അതിർത്തികളില്ല. എങ്ങനെ പോരാടണമെന്നും എങ്ങനെ പതനത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ് മുന്നോട്ടുകുതിക്കണമെന്നും എന്നെ പഠിപ്പിച്ചത് ക്രിക്കറ്റാണ്. ഈ ചാമ്പ്യൻഷിപ് എല്ലാവരും വന്നുകണ്ട് പിന്തുണക്കണമെന്ന് യുവരാജ് സിങ് അഭ്യർഥിച്ചു. ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബംഗളൂരുവിലെ സമർഥാനം ട്രസ്റ്റാണ് 2012 മുതൽ കാഴ്ചപരിമിതർക്കായുള്ള ക്രിക്കറ്റ് ലോകകപ്പ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.