ടി.എ. റസാഖ് ഇനി ഓര്‍മ
text_fieldsകൊണ്ടോട്ടി: സ്നേഹബന്ധങ്ങളുടെ കഥകളിലൂടെ പ്രേക്ഷകമനസ്സില്‍ നോവിന്‍െറ പെരുമഴക്കാലം തീര്‍ത്ത എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ ടി.എ. റസാഖ് (58) ഇനി ഓര്‍മ. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ചികിത്സയിലിരിക്കെ, തിങ്കളാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തുറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഒൗദ്യോഗിക ബഹുമതികളോടെ ഖബറടക്കി. 1958ല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കല്‍ പരേതരായ ടി.എ. ബാപ്പു-വാഴയില്‍ ഖദീജ ദമ്പതികളുടെ മകനായി ജനിച്ച റസാഖ് കൊളത്തൂര്‍ എ.എം.എല്‍.പി സ്കൂള്‍, കൊണ്ടോട്ടി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടക പ്രവര്‍ത്തകനായി. ജി.എസ്. വിജയന്‍െറ ‘ഘോഷയാത്ര’ എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. സിബി മലയില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ‘കാണാക്കിനാവി’ന് മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇതേ ചിത്രത്തിന്‍െറ തിരക്കഥ മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും നേടി. 2002 ല്‍ പുറത്തിറങ്ങിയ ‘ആയിരത്തില്‍ ഒരുവന്‍’ മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 2004 ല്‍ പുറത്തിറങ്ങിയ ‘പെരുമഴക്കാലം’ എന്ന കമല്‍ ചിത്രത്തിലൂടെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.
ഭാര്യമാര്‍: ഖൈറുന്നീസ, ഷാഹിദ. മക്കള്‍: സുനിലാസ്, സംഗീത, അനൂഷ് റസാഖ്, സുനില. സഹോദരങ്ങള്‍: കുഞ്ഞിക്കോയ, നാസര്‍ (ജിദ്ദ), സുഹ്റ. പരേതനായ തിരക്കഥാകൃത്ത് ടി.എ. ഷാഹിദ്. മരുമകന്‍: ഡോ. ഇമിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.