അയലൻ കുർദിയുടെ ഓർമയിൽ മുഹമ്മദിന്റെ കണ്ണുനീർ
text_fieldsമെഡിറ്ററേനിയൻ തീരത്ത് മണ്ണിലേക്ക് മുഖം പൂഴ്ത്തി ജീവിതത്തോട് യാത്ര ചൊല്ലിയ അയലൻ കുർദിയെ ഓർമയുള്ളവർക്ക് മുഹമ്മദിനെ മനസ്സിലാവും. പുകമഞ്ഞ് കണക്കെ അവ്യക്തമായ അവന്റെ ഭാവിയിൽ ആശങ്കയുണ്ടാവും. അതുകൊണ്ടുതന്നെ 24 മത് കേരള രാജ്യാന്തര മേളയുടെ കണ്ണൂനീരായി മുഹമ്മദ്.
ഒരർത്ഥത്തിൽ അയലൻ കുർദിയെക്കാൾ ഭാഗ്യവാനാണ് ഗൊരാൻ പാസ്കലോവിച്ചിന്റെ 'ഡസ്പൈറ്റ് ദ ഫോഗി'ലെ ഏഴ് വയസ്സുകാരൻ മുഹമ്മദ് . കാരണം, മാതാപിതാക്കളും സഹോദരങ്ങളും റബർ ബോട്ട് മുങ്ങി മെഡിറ്ററേനിയൻ കടലിന്റെ ആഴങ്ങളിൽ ഒടുങ്ങിയപ്പോഴും മുഹമ്മദിനെ മാത്രം വിധി കരയിലെത്തിക്കുകയായിരുന്നു.
അതും കുഞ്ഞു മകൻ മാർക്കോയെ നഷ്ടമായ പാവ് ലോ- വലേറിയ ദമ്പതികളുടെ കൈകളിൽ. മകന്റെ മരണത്തിനു ശേഷം വിഷാദ രോഗത്തിനടിമയായ വലേരിയക്ക് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ മുഹമ്മദ് ഒരു നിമിത്തമാവുകയായിരുന്നു. പാവ് ലോവിനും മെല്ലെ മുഹമ്മദ് ആശ്വാസമായി. പക്ഷേ, അവന്റെ മതം അപ്പോഴും അവർക്ക് ചുറ്റുമൊരു വെല്ലുവിളിയായി നിന്നു.
സ്വീഡനിൽ എവിടെയോ തന്റെ മാതാപിതാക്കളുണ്ടെന്ന് മുഹമ്മദ് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അവിടേക്ക് കൊണ്ടു പോകണമെന്നാണ് അവന്റെ കണ്ണീരു പതിഞ്ഞ ആവശ്യം. മുഹമ്മദിനെ അംഗീകരിക്കാൻ പാവ് ലോവിന്റയും വലേരിയയുടെയും കുടുംബങ്ങൾക്കാവുന്നില്ല. അവരുടെ സ്നേഹ പരിലാളനകൾക്കിടയിലും മുഹമ്മദിന് സ്വയം നിർണയിക്കാനുമാവുന്നില്ല.
അസ്ഥിരമായ അറബ് ദേശങ്ങളിൽ നിന്ന് യൂറോപ്പിലേക്കൊഴുകുന്ന അഭയാർത്ഥികളുടെ അരക്ഷിതാവസ്ഥയും അവരുടെ സ്വത്വ പ്രതിസന്ധിയുമാണ് ഈ മഞ്ഞുമൂടിയ കാഴ്ചകളിലൂടെ സംവിധായകൻ പറയുന്നത്. സ്വത്വ സംഘർഷത്തിന്റെ പാരമ്യത്തിൽ 'ഞാൻ മാർക്കോയല്ല, മുഹമ്മദാണ്...' എന്നു പറഞ്ഞ് ചർച്ചിൽ നിന്ന് ആ ഏഴു വയസ്സുകാരന് ഇറങ്ങി ഓടേണ്ടിവരുന്നുണ്ട്. അഭയം തേടിയെത്തിയ ഭൂമിയിൽ നേരിടേണ്ടി വരുന്ന വിവേചനവും കരുത്താർജിക്കുന്ന വലതുപക്ഷ വംശീയതയും ഒരു ഏഴ് വയസ്സുകാരന്റെ ജീവിതത്തിൽ മൂടിയ പുകമഞ്ഞിലൂടെ, അസാധ്യ കൈയടക്കത്തിലൂടെ ഗൊരാൻ പാസ്കലെവിച് പറയുന്നു.. ഗോവയിൽ കഴിഞ്ഞ മാസം നടന്ന 50ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐ.എഫ്.എഫ്.ഐ) ഉദ്ഘാടന ചിത്രമായിരുന്നു 'ഡെസ്‌പൈറ്റ് ദ ഫോഗ് '
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.