വരൾച്ചയിലും പ്രളയത്തിലുമുണ്ട് ‘ഇരുണ്ട കാറ്റ്’
text_fieldsതിരുവനന്തപുരം: കാറ്റിന് ഇരുളിമയുണ്ടാകുമോ? വരൾച്ചയും കടക്കെണിയും വലക്കുന്നൊരു അന്ധകർഷകെൻറ കാര്യത്തിൽ തീർച്ചയായുമുണ്ടാകുമെന്ന് നിള മാധബ് പാണ്ഡ സംവിധാനം ചെയ്ത ‘ഡാർക് വിൻഡ്’ കണ്ടിരിക്കുേമ്പാൾ തോന്നും. മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. കടക്കെണി ആത്മഹത്യയിലേക്ക് നയിക്കുന്ന കർഷകരുടെ ദൈന്യത, കാലാവസ്ഥ വ്യതിയാനം, ബാങ്കിങ് സംവിധാനത്തിെൻറ പിഴവുകൾ എന്നിവക്കൊപ്പം സിനിമ ഇതും പറയുന്നു- പ്രകൃതിയുടെ ഏത് അവസ്ഥാന്തരങ്ങളും മരണത്തിലാണ് കലാശിക്കുക; വരൾച്ചയായാലും പ്രളയമായാലും.
രാജസ്ഥാനിലെ മഹുവ എന്ന കർഷക ഗ്രാമത്തിെല വരൾച്ചയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. കൃഷി നഷ്ടമാകുന്നതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ കർഷകർ ജീവനൊടുക്കുന്നത് നിത്യസംഭവമായ ഗ്രാമത്തിലേക്കാണ് കടങ്ങൾ തിരിച്ചടപ്പിക്കാൻ ബാങ്കിെൻറ റിക്കവറി ഏജൻറായ ഗുനു ബാബ വരുന്നത്. കൃഷി നഷ്ടത്തിലായ തെൻറ മകൻ മുകുന്ദ് ആത്മഹത്യ ചെയ്യുമോ എന്ന ഭീതിയിലാണ് അന്ധകർഷകനായ ഹേദു നാളുകൾ തള്ളിനീക്കുന്നത്. ഗുനുവിെൻറ വരവോടെ ഹേദു കൂടുതൽ ആശങ്കയിലാകുന്നു. മകനെ രക്ഷിക്കാനുള്ള വഴിയെന്ന നിലക്ക് ഹേദു പണം പിരിക്കുന്നതിൽ ഗുനുവിനെ സഹായിക്കുന്നു. ഏതെങ്കിലും വിധത്തിൽ പണം കൈവശമെത്തുന്ന കർഷകരുടെ വിവരങ്ങൾ അയാൾ ഗുനുവിനെ അപ്പപ്പോൾ അറിയിക്കും. അവിടെപ്പോയി ഗുനു പണം ആവശ്യപ്പെടും. ചതിയാണെന്ന് അറിയാമെങ്കിലും നിലനിൽപുമായുള്ള പോരാട്ടത്തിൽ ഹേദുവിെൻറ ധാർമികത തോൽക്കുകയാണ്.
മഴ ദുരിതംവിതക്കുന്ന ഒഡിഷയിലെ തീരദേശ ഗ്രാമത്തിൽനിന്നാണ് വരണ്ട മണ്ണിലേക്ക് ഗുനു വരുന്നത്. വിധവയായ മാതാവ്, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരെ പ്രളയദുരിതത്തിൽനിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള പണത്തിനായാണ് അയാൾ റിക്കവറി ഏജൻറ് ജോലി ഏറ്റെടുക്കുന്നത്. സ്വന്തം കുടുംബത്തിനുവേണ്ടിയാണ് ഇരുവരും കരുണയും ധാർമികതയും മറക്കുന്നത്.
വരണ്ട കാറ്റിൽ പൊടിപടലങ്ങൾ മുഖത്ത് തട്ടുന്നെന്ന് തോന്നിക്കുംവിധം സിനിമയെ അനുഭവപ്പെടുത്താൻ സംവിധായകനായി. ഹേദുവായ സഞ്ജയ് മിശ്രയുടെയും ഗുനു ബാബയായ രൺവീർ ഷൂറിയുടെയും അഭിനയമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.