'ഞാന്‍ കച്ചവടക്കാരനല്ല, സിനിമാക്കാരന്‍'
text_fieldsപൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു സിനിമാ സങ്കല്‍പം ഉണ്ടായിരുന്നിരിക്കുമല്ളോ. എടുത്ത 19 സിനിമകളില്‍ ഏതിലൂടെയെങ്കിലും അത് യാഥാര്‍ഥ്യമാക്കാനായോ?
സങ്കല്‍പമൊക്കെ ഉണ്ടായിരുന്നു. അതുപക്ഷേ, അവിടെനിന്നിറങ്ങുമ്പോഴായിരുന്നില്ല. അവിടേക്ക് ചെല്ലുമ്പോഴായിരുന്നു. ആ സങ്കല്‍പമൊക്കെ ഒരുപാട് മാറി. അതൊന്നുമല്ല സിനിമ എന്നു മനസ്സിലായി. ഭേദപ്പെട്ട സിനിമ ഉണ്ടാക്കാന്‍ പൂനയിലെ കാലം സഹായിച്ചിട്ടുണ്ട്.
മിക്കവാറും എല്ലാ സിനിമകളിലും സ്ത്രീശാക്തീകരണം സുവ്യക്തം. സ്ത്രീയുടെ ആന്തരിക ചൈതന്യത്തിനുമുന്നില്‍ അന്തിച്ചുനിന്നു പോവുകയാണ് പുരുഷന്‍. ഈ സ്ത്രീ ആരാണ്? സ്വന്തം അനുഭവത്തില്‍ എവിടെയാണ് ഇവളുടെ സ്ഥാനം?
എന്‍െറ കുടുംബത്തില്‍തന്നെ. എനിക്ക് സഹോദരിമാരില്ല. അമ്മയാണ് ഉണ്ടായിരുന്നത്. അമ്മയാണെന്‍െറ രക്ഷാകര്‍ത്താവും എല്ലാം. വളരെ സ്ട്രോങ്ങായ കാരക്ടറായിരുന്നു അമ്മ. എന്‍െറ മനസ്സില്‍ പതിഞ്ഞ ആദ്യത്തെ ശക്തിരൂപം അമ്മയുടേതാണ്.
പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയോട് സ്ത്രീയിലൂടെ കലാപം അഴിച്ചുവിട്ടു എന്നു പറയാമല്ലോ, ഒരുപക്ഷേ, മലയാളസിനിമയില്‍ ആദ്യമായി?
അങ്ങനെയൊന്നും എനിക്കറിഞ്ഞുകൂടാ. എനിക്കോര്‍മയില്ല. പക്ഷേ, എന്‍െറ സിനിമകളില്‍ അതു വന്നിട്ടുണ്ട്. അത് ബോധപൂര്‍വം സംഭവിച്ചതല്ല. ആദാമിന്‍െറ വാരിയെല്ലിലായാലും, ഇരകളിലായാലും, പിന്നെ....ഒക്കെ അങ്ങനെ വന്നിട്ടുണ്ട്. അത് അങ്ങനെ വന്നുകൂടിയതാണ്. എന്‍െറ ഉള്ളില്‍നിന്നുതന്നെ.
സിനിമകള്‍ ഒന്നും ഒന്നിനോടൊന്നു തൊടാതെ പ്രമേയത്തിലും ആഖ്യാനത്തിലും പ്രകടമായ ഈ വൈവിധ്യത്തിലേക്ക് വന്നത്തെിയത്?
തുടക്കംമുതലേ ഉണ്ടായിരുന്നു, ഒന്ന് മറ്റൊന്നിനെപ്പോലെ ആയിരിക്കരുത് എന്ന്. അതൊരു നിര്‍ബന്ധമായിരുന്നു. വ്യത്യസ്തത വേണം. എന്നാല്‍, അതിനു വേണ്ടി ഞാന്‍ തെല്ലും സ്ട്രെയ്ന്‍ ചെയ്തിട്ടില്ല. എനിക്ക് വേണ്ട സമയത്തൊക്കെ ആവശ്യമായ പ്രമേയങ്ങള്‍, വ്യത്യസ്തമായത് എനിക്കു കൈവന്നു. സ്വാഭാവികമായി വന്നുചേര്‍ന്നതാണ്.
തിരക്കഥാകൃത്ത്, സംവിധായകന്‍- ഇതില്‍ ഏതിലാണ് കൂടുതല്‍ കംഫര്‍ട്ട് ആയി തോന്നിയിട്ടുള്ളത്?
തിരക്കഥ സിനിമക്ക് വളരെ പ്രധാനമാണ്. അതുപോലെ ഒരു ഫിലിം മേക്കര്‍ക്ക് ക്രാഫ്റ്റ്മാന്‍ഷിപ്പും വളരെ ഇംപോര്‍ട്ടന്‍റാണ്. സ്ക്രിപ്റ്റ് ചെയ്യുമ്പോള്‍ ആ വശമത്ര ചിന്തിക്കേണ്ടിവരാറില്ല. സ്ക്രിപ്റ്റ് എന്‍െറത്തന്നെയായിരുന്നതുകൊണ്ട് പടം എടുക്കുമ്പോ സിനിമ മുഴുവനും എന്‍െറ ഉള്ളിലുണ്ടായിരുന്നു. എടുക്കും മുമ്പ് തിരക്കഥ മുഴുവനാകുമായിരുന്നു. പക്ഷേ, എടുക്കുന്ന സമയത്ത് ചില സീനുകള്‍ മാറ്റി എഴുതിയിരുന്നു. അപ്പോഴും സ്ക്രിപ്റ്റ് മാറില്ലായിരുന്നു.
പത്മരാജന്‍െറ സ്ക്രിപ്റ്റില്‍ ഒരു സിനിമ ചെയ്തിട്ടില്ലേ, രാപ്പാടികളുടെ ഗാഥ?
ഉവ്വ്. അത് പപ്പന്‍ ചെയ്തിട്ട് അങ്ങനത്തെന്നെ എന്‍റടുത്ത് കൊണ്ടുവരുകയായിരുന്നു. അതില്‍ തന്‍േറടികളായ പെണ്‍കുട്ടികളായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.
എഴുപത്തെട്ടിലെ പെണ്‍കുട്ടിയുടെ മുഖം എന്നായിരുന്നല്ളോ അതിന്‍െറ പരസ്യ വാചകംതന്നെ.
അതെ. ശക്തരായ സ്ത്രീ കഥാപാത്രങ്ങളോടുള്ള എന്‍െറ താല്‍പര്യം മനസ്സിലാക്കിത്തന്നെയാണ് പത്മരാജന്‍ ആ സ്ക്രിപ്റ്റ് ചെയ്തത് -ദാറ്റ് വാസ് ഗുഡ്.
സ്വപ്നാടനം സിനിമ ഒരു സൈക്കോ അനാലിസിസ് ആയിരുന്നല്ളോ. ‘യവനിക’, ‘ഇരകള്‍’ തുടങ്ങിയ പില്‍ക്കാല ചിത്രങ്ങളിലും കഥാപാത്രസൃഷ്ടിയില്‍ മന$ശാസ്ത്രപരമായ സമീപനമെടുത്തിട്ടുള്ളത് വ്യക്തമാണ്.
പണ്ടേ അങ്ങനെയൊരു ശീലമെനിക്കുണ്ട്. വഴിയിലും മറ്റും കാണുന്ന ആരെയും നിരീക്ഷിക്കുക. മനസ്സുകൊണ്ട് അവരെ പിന്തുടരുക. ആ ശീലം സിനിമ ചെയ്തപ്പോള്‍ ഗുണപ്പെട്ടിരിക്കാം.
‘സ്വപ്നാടന’ത്തില്‍ പാട്ടുകാരിയാകാന്‍ എത്തിയ ആളല്ളേ പിന്നീട് കൂട്ടുകാരിയും വീട്ടുകാരിയുമായ സെല്‍മ?
അതേയതെ. മദ്രാസില്‍ റോഡില്‍ വെച്ചാണ് സെല്‍മ എന്നോട് പാടാന്‍ അവസരം ചോദിച്ചത്. അതില്‍ ഉണ്ടായിരുന്ന നാലു പാട്ടും കട്ടു ചെയ്തു പോയെന്നും ഇനിയത്തെ പടത്തിലാവട്ടെ എന്നും പറഞ്ഞു. രണ്ടാമത്തെ പടമായ ‘ഓണപ്പുടവ’യില്‍ പാടിച്ചു. പിന്നെ ‘ഉള്‍ക്കടലി’ലും. പാട്ട് സിനിമയില്‍ ഒരു അവശ്യഘടകമായി തോന്നിയിട്ടില്ല. പക്ഷേ, ‘യവനിക’യിലും ‘ഉള്‍ക്കടലി’ലും അത് ആവശ്യമായിരുന്നു.
തിലകന്‍ നാടകരംഗത്തുനിന്ന് സിനിമയിലേക്ക് എത്തിയത് കെ.ജി. ജോര്‍ജ് ചിത്രങ്ങളിലൂടെയായിരുന്നല്ളോ. എങ്ങനെയായിരുന്നു തിലകനുമൊത്തുള്ള അനുഭവം?
തിലകന്‍ അസാധാരണമായ കഴിവുള്ള നടനായിരുന്നു. തിലകന്‍െറ ഓരോ മൂവ്മെന്‍റിനു പിന്നിലും ആ കഥാപാത്രത്തെ സംബന്ധിച്ച ഒരു ചിന്തയുണ്ടായിരുന്നു. ആ ചിന്തയിലൂടെയാകാം തിലകന്‍ തന്‍െറ കഥാപാത്രത്തെ മുന്നോട്ടു കൊണ്ടു പോയിരുന്നത്. തിലകന്‍ ഒരു തിങ്കിങ് ആക്റ്റര്‍തന്നെയായിരുന്നു.
നേരത്തേ പറഞ്ഞു, സ്ത്രീ കഥാപാത്രങ്ങളിലെ ശാക്തികചൈതന്യം സ്വന്തം അമ്മതന്നെ എന്ന്. ഇവരെ അവതരിപ്പിച്ച നടികളുടെ പെര്‍ഫോമന്‍സില്‍ സന്തോഷം തോന്നിയിരുന്നോ?
ഉവ്വ്. പ്രത്യേകിച്ചും ശ്രീവിദ്യ. സിന്‍സിയര്‍ ആക്ടറസ് ആയിരുന്നു. പഞ്ചവടിപ്പാലം, ആദാമിന്‍െറ വാരിയെല്ല്, ഇരകള്‍... അഭിനയത്തോടുള്ള ആത്മാര്‍ഥതകൊണ്ട് ശ്രീവിദ്യ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
കെ.ജി. ജോര്‍ജുകൂടി മുന്നണിയില്‍ നിന്ന് ഉയര്‍ത്തിയെടുത്ത പ്രസ്ഥാനമാണ് എണ്‍പതുകളില്‍ മലയാള സിനിമ കണ്ട പോപ്പുലര്‍ സിനിമ. പിന്നീടതു തകര്‍ന്നു. ഭരത് ഗോപിയുടെ അപ്രതീക്ഷിതമായ ആ രോഗാവസ്ഥയും അതിനു കാരണമായിരുന്നോ?
ഇല്ല. ഗോപിമൂലമല്ല. ഗോപിക്ക് അസുഖം വരുന്നതിനു മുമ്പും അയാള്‍ എന്നെ ഒട്ടും ആവേശിച്ചിരുന്നില്ല. ഗോപിയെ എന്നല്ല ആരെയും മുന്‍നിര്‍ത്തിയല്ല എന്‍െറ സിനിമാജീവിതം ചിട്ടപ്പെടുത്തിയിരുന്നത്. പോപ്പുലര്‍ സിനിമാ പ്രസ്ഥാനം ഇല്ലാതായത് കാലം മാറിയതുകൊണ്ടാണ്. ഗുണമില്ളെന്നു വന്നു. അതിനു പിന്നീട് വളര്‍ച്ചയുമുണ്ടായില്ല. ഗോപി തികഞ്ഞ തന്മയത്വമുള്ള നടനായിരുന്നു. അഭിനയത്തിനാവശ്യമായതെന്തും ഗോപി അനായാസം സ്വായത്തമാക്കും. തബലയടിയൊക്കെ ഒറ്റ ഷോട്ടില്‍ ഓക്കെയാണ്. ഞാനായിട്ട് വലിയ അടുപ്പവുമായിരുന്നില്ല, അകലവുമായിരുന്നില്ല. ഞാന്‍ പൊതുവെ ആര്‍ടിസ്റ്റുകളോടൊക്കെ അല്‍പം ഡിറ്റാച്ഡ് ആയിരുന്നു.
എം.ബി. ശ്രീനിവാസനെക്കുറിച്ചും രാമചന്ദ്രബാബുവിനെക്കുറിച്ചും?
എം.ബി.എസ് നമ്മുടെ ഉള്ളിലെ സംഗീതം അറിഞ്ഞ് അത് പെര്‍ഫോം ചെയ്തു കാണിച്ചു തരുമായിരുന്നു. അല്ളെങ്കില്‍ അദ്ദേഹത്തോട് നമുക്കു വേണ്ടത് ചോദിച്ചു വാങ്ങാനുള്ള ഫ്രീഡം നമുക്കുണ്ടായിരുന്നു. രാമചന്ദ്രബാബു എന്‍െറ ഇന്‍സ്റ്റിറ്റ്യൂട്ട് കാലം തൊട്ടേ ഉള്ള ഫ്രണ്ടാണ്. നല്ല ബന്ധവും ധാരണയും. എന്‍െറ മനസ്സു കണ്ടത് ബാബു കാമറകൊണ്ട് എടുത്തുതരും.
മലയാളത്തിലെയെന്നല്ല ഇന്ത്യയിലെതന്നെ മികച്ച രാഷ്ട്രീയ സിനിമയാണ് ഇരകള്‍. അന്നത്തെ പ്രധാന താരംതന്നെയായിരുന്ന നടന്‍ സുകുമാരന്‍ അതു നിര്‍മിക്കാന്‍ തയാറായല്ലോ.
അതെ. സുകുമാരന്‍ കഥ കേട്ടു. ഒരു ഇടതുപക്ഷ കാഴ്ചപ്പാട് സുകുമാരനിലും ഉണ്ടായിരുന്നു കാണും. കഥ സുകുമാരന് ഇഷ്ടമായി. നമുക്കിതു ചെയ്യണമെന്ന് പറഞ്ഞു. അതിലെ രാഷ്ട്രീയം ബോധപൂര്‍വംതന്നെ ചേര്‍ത്തതാണ്. ഇരകള്‍ ഒരു രാഷ്ട്രീയ സിനിമതന്നെയാണ്.
‘ഇരകളി’ല്‍ വ്യവസ്ഥാപിത രാഷ്ട്രീയ അധികാരത്തിന്‍െറ ഇരയായി മാറി, തീവ്ര പ്രവൃത്തികളിലേക്ക് വരുന്നത് ഇളം തലമുറയുടെ പ്രതിനിധിയായ ആ യുവാവാണ്. ഇന്ന് ലോകമെങ്ങുമുള്ള വിവിധതരം തീവ്രവാദി യുവാക്കളെ വെച്ചുനോക്കുമ്പോള്‍ ‘ഇരകള്‍’ക്ക് ഒരു പ്രവചന സ്വഭാവം ഉണ്ടായിരുന്നുവെന്നു കരുതണം.
ഹ..ഹ..ഹാ.. ശരിയാകാം. അന്നു പക്ഷേ, അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. രാഷ്ട്രീയം ശക്തമായിത്തന്നെ അതിലൂടെ പറയണമെന്നു കരുതിയിരുന്നു.
അത്രയൊക്കെ ചെയ്തിട്ടും മലയാള സിനിമ എന്നാല്‍ വിദേശത്ത് അടൂര്‍ സിനിമയാണ്...?
അടൂര്‍ പടം പുറത്തൊക്കെ കൊണ്ടുപോയി കളിക്കും. കാണിച്ചുകൊടുക്കും. കൊണ്ടുനടന്ന് കച്ചവടമാക്കും. നമ്മളതിനു നടന്നില്ല. അതറിയില്ലായിരുന്നു. ഒരു പടം കഴിയുമ്പോള്‍ അടുത്ത പടം ചെയ്യാന്‍ നോക്കി.
19 സിനിമകള്‍. ഇതില്‍ ചിലത് വാഴുകയും ചിലത് വീഴുകയും ചെയ്തു. ഉദാഹരണത്തിന് ‘യവനിക’യും ‘ഈ കണ്ണി കൂടി’യും. രണ്ടും രണ്ടു ധ്രുവങ്ങളിലേക്കു പോയി. ഒരു കണ്‍സിസ്റ്റന്‍സി ഉളവാക്കാനായില്ളെന്നുണ്ടോ?
കണ്‍സിസ്റ്റന്‍സി ഉണ്ടാകുമായിരുന്നില്ല. കാരണം, ഓരോ പടവും എനിക്ക് ഓരോ അനുഭവമായിരുന്നു. ഓരോ വിഷയം. ഓരോന്നിനും അതിന്‍േറതായ പ്രശ്നങ്ങള്‍.
98ല്‍ ‘ഇലവങ്കോട് ദേശ’ത്തിനു ശേഷം പെട്ടെന്നൊരു സെല്‍ഫ് വിത്ഡ്രോവല്‍...ഇനി ചെയ്താല്‍ ശരിയാവില്ലെന്നു തോന്നി. അവിടെ നിര്‍ത്തി. കൂടുതല്‍ ചെയ്യാന്‍ തോന്നിയില്ല.
എടുക്കാനാശിച്ചതും എന്നാല്‍, എടുക്കാനാകാതെ പോയതുമായ സിനിമയുടെ ആശയം മനസ്സില്‍ ബാക്കി ഉണ്ടാവാനിടയില്ലേ?
ഇല്ല. എടുക്കണമെന്ന് ആശിച്ച സിനിമകളേ എടുത്തിട്ടുള്ളൂ. ഒന്നും വേണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല.
സിനിമയിലെ ഇളമുറക്കാരെക്കുറിച്ച്?
അനുഭവം ഇല്ല. ജീവിതത്തെക്കുറിച്ച് അവബോധമില്ല. വര്‍ക്കിനോട് കമിറ്റ്മെന്‍റും ഇല്ല. വായനയുടെ അഭാവം ഒരു പ്രധാന കാരണമാകാം.
ജെ.സി. ഡാനിയേല്‍ ബഹുമതി കൈവന്നതിനെക്കുറിച്ച്?
എന്നെങ്കിലും ഒരുനാള്‍ ചെയ്ത പ്രവൃത്തിക്കൊത്ത ഫലം വന്നുചേരുമെന്നറിയാമായിരുന്നു. അതിനായിട്ടു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ചെയ്തത് നന്നായതുകൊണ്ട് അതു വന്നുചേര്‍ന്നതാണ്. നന്ദി. സന്തോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.