നെഗറ്റീവ് കഥാപാത്രം ചെയ്യണം -ബിജുക്കുട്ടന്‍
text_fieldsസ്റ്റേജ് പരിപാടികളിലൂടെ ചാനല്‍പ്രോഗ്രാമുകളിലും തുടര്‍ന്ന് സിനിമയിലുമത്തെിപ്പെട്ട നടനാണ് ബിജുക്കുട്ടന്‍. അഭിനയത്തിന്‍െറ കീഴാളപക്ഷപ്രകടനങ്ങള്‍ ഹാസ്യരസപ്രധാനമായി പകര്‍ന്നാടുന്നതാണ് ബിജുക്കുട്ടന്‍റെ ചില സിനിമകള്‍. പോത്തന്‍വാവയില്‍ തുടങ്ങി 'ഒരു മുറൈ വന്ത് പാര്‍ത്തായ'യും കടന്ന് അറുപതിലധികം ചിത്രങ്ങള്‍ പിന്നിട്ട് അഭിനയം തുടരുകയാണ് എറണാകുളത്തെ ഈ നോര്‍ത്ത് പറവൂര്‍ സ്വദേശി. ഈ സമയത്ത് സിനിമയില്‍ വന്ന വഴികളെകുറിച്ച് മാധ്യമം ഓണ്‍ലൈനോട് സംസാരിക്കുന്നു.
സിനിമയിലെ ആദ്യാഭിനയം
റിലീസായ ആദ്യ ചിത്രം പോത്തന്‍വാവയാണ്. അതിന് മുമ്പ് ഒരു പടത്തില്‍ അഭിനയിച്ചിരുന്നു. അഭിനയിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ ബൈക്ക് ഓടിക്കാന്‍ അറിയുമോന്ന് ചോദിച്ചു. എന്നാല്‍ ജഗതി ശ്രീകുമാറിന്‍െറ കൂടെ അഭിനയിക്കാമെന്ന് പറഞ്ഞു. ഒരാഴ്ച കാത്തിട്ടും തിരക്കു കാരണം ജഗതിയെ കിട്ടിയില്ല. പിന്നീട് ജഗതിക്ക് പകരം ഹരിശ്രീ അശോകനെ വെച്ച് അത് ചെയ്തു. അതിലാണ് ഞാന്‍ ആദ്യമായി സിനമയിലഭിനയിക്കുന്നത്. എന്നാല്‍ ആ സിനിമ നിന്നുപോയി. റിലീസായില്ല.
ടീവിയില്‍
ആദ്യസിനിമ കഴിഞ്ഞതോടെ ടീവിയിലൊക്കെ പരിപാടികള്‍ നന്നായി വരാന്‍ തുടങ്ങി. സൂര്യ ടീവിയില്‍ 'സവാരിഗിരിഗിരി' എന്നൊരു പരിപാടി ചെയ്യാന്‍ ആരംഭിച്ചു. ടിനി ടോമും ഉണ്ടപ്പക്രുവുമാണ് അത് ചെയ്തിരുന്നത്. ടിനി ടോം അതിലേക്ക് എന്നെ ക്ഷണിച്ചു. ഒരു എപ്പിസോഡ് ചെയ്തു. അത് ശ്രദ്ധേയമായി. ആ പരിപാടിയുടെ പ്രൊഡ്യൂസര്‍ എല്ലാ എപ്പിസോഡിലും എന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ പകുതി എപ്പിസോഡുകള്‍ വന്നതോടെ തന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. അന്ന് ഞാന്‍ സൈക്കിളിലാണ് യാത്ര ചെയ്തുകൊണ്ടിരുന്നത്. അപ്പോള്‍ കാറൊക്കെ നിര്‍ത്തി ആളുകള്‍ നോക്കാന്‍ തുടങ്ങി. അത് 250 എപ്പിസോഡോളം വന്നു. അപ്പോഴേക്കും ഞാന്‍ അറിയപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് 'പോത്തന്‍വാവ' സിനിമ വന്ന് പരിപാടി നിര്‍ത്തുന്നത്. പോത്തന്‍വാവ കഴിഞ്ഞ ഗ്യാപ്പില്‍ സൂര്യയില്‍ തന്നെ എട്ടു സുന്ദരികളും ഞാനും എന്ന സീരിയലില്‍ നല്ല വേഷം ചെയ്തു. അത് കഴിഞ്ഞ് ഏഷ്യാനെറ്റില്‍ ഞാനും ടിനി ടോമും ഒക്കെ കൂടി ഫൈവ് സ്റ്റാര്‍ തട്ടുകട ചെയ്തു. അതിലൂടെയാണ് എന്നെ സിനിമയിലുള്ളവര്‍ തിരിച്ചറിഞ്ഞതും മമ്മൂക്ക (മമ്മൂട്ടി) തിരിച്ചറിഞ്ഞതുമൊക്കെ.
പോത്തന്‍വാവയില്‍
അങ്ങനെ മമ്മൂക്കയും പോത്തന്‍വാവയുടെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവുമൊക്കെ എന്നെ പോത്തന്‍വാവയിലേക്ക് നിര്‍ദേശിച്ചു. അതേ സമയം ജോഷി സാറിന് എന്നെ അറിഞ്ഞുകൂടായിരുന്നു. അദ്ദേഹം എന്‍റെ സ്ഥാനത്ത് വേറെ ആരെയോയാണ് തെരഞ്ഞെടുത്തിരുന്നത്. ബെന്നി പി. നായരമ്പലവം പറഞ്ഞാണ് ജോഷി സാര്‍ തീരുമാനം മാറ്റിയത്. എനിക്ക് അഡ്വാന്‍സ് കിട്ടിയെങ്കിലും ജോഷി സാര്‍ എന്നെ കണ്ടിട്ടില്ല. പടം തുടങ്ങുന്നതിന്‍െറ രണ്ട് ദിവസം മുമ്പ് മമ്മൂക്ക വിളിച്ചു പറഞ്ഞു നീ ജോഷി സാറിനെ ഒന്നു കണ്ടിട്ടു വാ എന്ന്. എനിക്ക് പേടിയായി. എന്നാലും ഞാന്‍ എന്‍െറ പാട്ട സ്കൂട്ടറില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. ഞാന്‍ അവിടെ എത്തലും അദ്ദേഹം കാറില്‍ പുറത്തേക്ക് പോകലും ഒരുമിച്ചായിരുന്നു. ഞാന്‍ പുറത്ത് കാത്ത് നില്‍ക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ അദ്ദേഹത്തിന്‍െറ ഭാര്യ വിളിച്ച് അകത്തിരിക്കാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ് ജോഷി തിരിച്ചു വന്നു. അപ്പോള്‍ ഭാര്യ പരിചയപ്പെടുത്തി; ഇതാണ് ബിജുക്കുട്ടന്‍ എന്ന് പറഞ്ഞു. അദ്ദേഹം എന്നെ ഒന്നു നോക്കി. പിന്നെ പോകാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്ന്്. നിര്‍മാതാവ് ആന്‍േറാ ജോസഫ് ചേട്ടനോട് വിളിച്ചു പറഞ്ഞു ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നുവെന്ന്. പിറ്റേന്ന് അവര്‍ വിളിച്ചു പറഞ്ഞു.
മുഖം ബിഗ് സ്ക്രീനില്‍ കണ്ടപ്പോള്‍
പോത്തന്‍വാവ റിലീസിന്‍റെ അന്ന് എനിക്ക് ദുബൈയില്‍ പ്രോഗ്രാമായിരുന്നു. അന്ന് പോകണം. സിനിമ കണ്ടാല്‍ ഫ്ലൈറ്റ് പോകും. അതിനാല്‍ സിനിമ കാണാന്‍ നില്‍ക്കാതെ തിയറ്ററിന്‍റെ അടുത്തു ചെന്നു. അപ്പോള്‍ വലിയ ഫ്ളക്സില്‍ ഞാനും മമ്മൂക്കയും മാത്രം. താഴെ ചെണ്ടമേളം. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. പടം കാണാതെ ദുബൈയിലേക്ക് പോയി. നാലു ദിവസത്തെ പരിപാടിയാണ്. അവിടെ ചെന്നപ്പോള്‍ മമ്മൂക്കയെ വിളിച്ചു. അപ്പോൾ മമ്ുക്കയും ദുബൈയിലുണ്ടായിരുന്നു. പടത്തില്‍ നീ നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലത്തെി സിനിമ കണ്ടു. തിയറ്ററില്‍ നല്ല കൈയടിയായിരുന്നു.
വ്യത്യസ്തത
സിനിമയില്‍ ഹ്യൂമര്‍ ചെയ്യുമ്പോള്‍ സംവിധായകർ പറയും നിങ്ങള്‍ക്ക് എന്തെങ്കിലും ഐഡിയ ഉണ്ടെങ്കില്‍ പറയാമെന്ന്. അങ്ങനെ സ്വന്തമായി എന്തെങ്കിലും ചേര്‍ത്ത് ചെയ്യാറുണ്ട്. അത് സ്റ്റേജ് പരിചയം നിമിത്തമാണ്.
ചെയ്യാന്‍ ഭയം തോന്നിയ വേഷം
പോത്തന്‍വാവയിലേക്ക് വിളിച്ചപ്പോള്‍ മമ്മൂക്കയുടെ കൂടെയാണെന്ന് പറഞ്ഞപ്പോള്‍ ഭയം തോന്നിയിരുന്നു. സിനിമ തുടങ്ങുന്നതിന്‍െറ തലേ ദിവസം ശരിക്കും ടെന്‍ഷനടിച്ചു. പക്ഷേ അന്ന് മമ്മൂക്കയുടെ ഇടപെടല്‍ മൂലം ടെന്‍ഷനെല്ലാം പോയി അഭിനയിക്കാന്‍ കഴിഞ്ഞു. പോത്തന്‍വാവയുടെ ഡബ്ബിങ് കഴിഞ്ഞ് റിലീസാകുന്നതിന് മുമ്പു തന്നെ ബെന്നിച്ചേട്ടന്‍ പറഞ്ഞു അടുത്ത പടം മോഹന്‍ലാലിനെ വെച്ചാണ് അതില്‍ നിനക്ക് വേഷമുണ്ട്. അത് ഛോട്ടാ മുംബൈ ആയിരുന്നു. അതില്‍ പോത്തന്‍വാവയെക്കാള്‍ നല്ല വേഷമായിരുന്നു. ആ ഹാങ് ഓവറില്‍ തന്നെയാണ് ഇപ്പോഴും.
ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷം
ചെറുതെങ്കിലും ഒരു നെഗറ്റീവ് കാരക്ടര്‍ ചെയ്യണമെന്ന മോഹമുണ്ട്. ചെറിയ സിനിമയില്‍ ചെറുതായിട്ടെങ്കിലും മതി.
അവാര്‍ഡുകള്‍
അയ്യോ, എനിക്ക് അവാര്‍ഡ് കിട്ടുന്നതിനെകുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടേ ഇല്ല. അത്തരം നല്ല വേഷങ്ങള്‍ കിട്ടണം. കിട്ടിയാല്‍ ചെയ്യാന്‍ താല്‍പര്യമാണ്. പിന്നെ എന്നേക്കാള്‍ കഴിവുള്ളവര്‍ ഉണ്ട്. അവര്‍ക്കൊക്കെ കിട്ടട്ടെ. എന്നിട്ട് മതി എനിക്ക്.
പുതിയ ചിത്രങ്ങള്‍
കുഞ്ഞിരാമായണം, കോഹിനൂര്‍, അടി കപ്യാരെ കൂട്ടമണി തുടങ്ങിയവയക്ക്് മുമ്പ് രണ്ട് വര്‍ഷത്തോളം സിനിമകള്‍ കുറവായിരുന്നു. ഇപ്പോള്‍ കുഞ്ഞിരാമായണത്തിന് ശേഷം നല്ല സിനിമകള്‍ ലഭിക്കുന്നുണ്ട്. ഇനി ചെയ്യാനുള്ളത് നല്ല സംവിധായകരുടെയും എഴുത്തുകാരുടെയും ചിത്രങ്ങളിലാണ്. അത് വെളിപ്പെടുത്താറായിട്ടില്ല.
കുടുംബം
ഭാര്യ, രണ്ട് മക്കള്‍. മക്കള്‍: ലക്ഷ്മിക്കുട്ടിയും പാര്‍വതിക്കുട്ടിയും. ഭാര്യ: സവിത. തറവാട്ടില്‍ നിന്ന് മാറിയിട്ട് രണ്ട് വര്‍ഷത്തോളമായി. തറവാട്ടിലായിരുന്നപ്പോള്‍ ഞാനും രണ്ട് സഹോദരന്മാരും സഹോദരിയും അച്ഛനും അമ്മയുമായിരുന്നു. രണ്ട് അനിയന്മാരും കലാകാരന്മാരാണ്. ഒരാള്‍ നന്നായി വരക്കും. മറ്റേയാൾ അഭിനയിക്കും. അച്ഛന്‍ മരിച്ചിട്ട് നാല് വർഷമായി. തറവാട്ടില്‍ നിന്ന് ഒരു ഇരുന്നൂറ് മീറ്റര്‍ മാറിയാണ് വീട്. അതിനാല്‍ വീട്ടുകാരില്ലാതെ ഒന്നും ചെയ്യാറില്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ അച്ഛന്‍െറ സ്ഥാനത്താണ് അനിയൻമാർ എന്നെ കാണുന്നത്. അവരുടെ മുമ്പില്‍ കളിതമാശകളില്ല. എന്നാല്‍ മക്കളുടെ അടുത്ത് അത്യാവശ്യം തമാശകളൊക്കെ പറയും. എന്‍െറ ഇഷ്ട ഭക്ഷണം ചോറും ബീഫുമാണ്. എവിടെ ചെന്നാലും എനിക്ക് ബീഫ് കിട്ടണം. ബീഫ് കിട്ടിയില്ലെങ്കിലും അതിന്‍െറ ചാറ് കിട്ടിയാലും മതി. അത്രക്കിഷ്ടമാണ്. അമേരിക്കയില്‍ പോയാലും ആദ്യം ചോദിക്കുന്നത് പ്രതിഫലമല്ല. ഇത്തിരി ചോറു കിട്ടുമോ എന്നാണ്. പക്ഷേ അസുഖമൊന്നുമില്ലെങ്കിലും രണ്ടും കുറച്ചിരിക്കുകയാണ്. രാത്രി ചപ്പാത്തിയാണ്. ബീഫും കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.