ഇനി തുന്നാം നിറമുള്ള മാസ്ക്കുകൾ -ഇന്ദ്രൻസ്
text_fieldsലോക്ഡൗൺ ദിനങ്ങൾ കൂടിവരുന്തോറും മനസ്സിൽ ആധിയും കൂടിവരുകയാണ്. രാവിലെ എഴുന്നേറ്റ് പത്രം വായിക്കും, ആശ്വാസ വാർത്തകൾ തേടി ചാനലുകൾ പരതും. ലോകത്തെല്ലായിടത്തും രോഗത്തിെൻറയും മരണത്തിെൻറയും പെരുകുന്ന കണക്കുകൾ മാത്രം. കൂടുതൽ പേടി തോന്നുമ്പോൾ ചാനൽ ഓഫാക്കി മിണ്ടാതിരിക്കും. സമയം ആവശ്യത്തിലേറെ. പക്ഷേ, തിരക്കുള്ള സമയത്ത് ചെയ്തിരുന്ന കാര്യങ്ങൾപോലും ചെയ്യാനാകാത്ത അവസ്ഥ.
മാസ്ക് തുന്നുമ്പോൾ
സാമൂഹികക്ഷേമ വകുപ്പ് ക്ഷണിച്ചപ്രകാരമാണ് മാസ്ക് നിർമിക്കുന്നത് പരിചയപ്പെടുത്താൻ പൂജപ്പുര സെൻട്രൽ ജയിലിൽ പോയത്. മാസ്ക് െവച്ചാണ് അവിടേക്ക് കടന്നുചെന്നത്. പിന്നീട് മാസ്ക് മാറ്റിയപ്പോഴാണ് അവിടെ ഉണ്ടായിരുന്നവർ എന്നെ തിരിച്ചറിഞ്ഞത്. ഉദയാ സ്റ്റുഡിയോയിലൊക്കെ തുന്നൽപ്പണി ചെയ്ത, മുതിർന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു.
വീട്ടിൽ പുതിയ തയ്യൽ മെഷീൻ ഇടക്ക് തുടച്ച് എണ്ണയിട്ട് െവക്കാറുണ്ട്. കണ്ണും നടുവും അത്ര അനുവദിക്കുന്നില്ലെങ്കിലും തയ്ക്കാൻ കൊതിച്ച് എന്തെങ്കിലുമൊക്കെ ചെയ്യും. കുറച്ച് മാസ്ക്കുകൾ തയ്ച്ചുകൊടുത്തു. ഇനി വരുംനാൾ ധാരാളം മാസ്ക്കുകൾ വേണ്ടിവരും. കുട്ടികൾക്കായി കൗതുകം തോന്നുന്ന നിറത്തിലും ഡിസൈനിലുമൊക്കെ ചെയ്തുകൊടുക്കേണ്ടിവരും. ഇതൊക്കെ വീട്ടമ്മമാർക്ക് സ്വന്തമായി ചെയ്തെടുക്കാവുന്നതേയുള്ളൂ.
'തത്ത്വമസി' വീണ്ടും വായിക്കുമ്പോൾ
പുസ്തകങ്ങൾ എെൻറ കൂട്ടുകാരാണ്. ഷൂട്ടിങ്ങിനും മറ്റും പോകുമ്പോൾ പുസ്തകങ്ങൾ കൂടെ ഉണ്ടാവും. സുകുമാർ അഴീക്കോടിെൻറ 'തത്ത്വമസി', എം.എൻ. വിജയെൻറ ലേഖനങ്ങൾ, പ്രസംഗങ്ങൾ ഇവയൊക്കെ വീണ്ടും വായിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഓണപ്പതിപ്പുകൾ പലതും വായിക്കാൻ സമയം കിട്ടിയതും ഈ ലോക്ഡൗൺ കാലത്തുതന്നെ.
ശീലം വലിയ സ്ക്രീനിൽ കണ്ട്
കാണാൻ സിനിമകൾ ഏറെയുണ്ട്. ടി.വിയിലെ ചെറിയ സ്ക്രീനിൽ കണ്ട് ആസ്വദിക്കാനാവില്ല. വലിയ സ്ക്രീനിൽ കണ്ടാണ് ശീലം. ഈ ലോക്ഡൗൺ കാലത്ത് എെൻറ പഴയ സിനിമകൾ പലതും ടി.വിയിൽ വരുന്നുണ്ട്. അതിലെ അഭിനയം കാണുമ്പോൾ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന തോന്നൽ. ഇനി ഒന്നും ചെയ്യാനുമാവില്ലല്ലോ. പിന്നെയുള്ളത് കാഴ്ച മതിയാക്കി എഴുന്നേറ്റുപോകലാണ്.
ഭാര്യ ശാന്തകുമാരി, മകൻ മഹേന്ദ്രൻ ഇന്ദ്രൻസ്, അവെൻറ ഭാര്യ എന്നിവരാണ് തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ ഇപ്പോഴുള്ളത്. മകൾ ഡോ. മഹിത ഇന്ദ്രൻസ് വർക്കലയിൽ ഭർത്താവിനും കുട്ടിക്കുമൊപ്പം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.