ഗേള് നെക്സ്റ്റ് ഡോര്...
text_fieldsവയനാടിെൻറ വശ്യതയാണ് അനു സിതാരയുടെ കണ്ണുകൾക്കും. ആരും ഇഷ്ടപ്പെടുന്ന ശാന്തത അഴകുചാർത്തുന്ന ശാലീനസൗന്ദര്യവും അനായാസമൊഴുകുന്ന അഭിനയ പാടവവും കൂടി ചേരുമ്പോൾ മലയാള സിനിമയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വന്തമായൊരിടം അനു ഉറപ്പിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സ്വാഭാവിക കലാകാരിയുടെ ശരീരഭാഷയുമായി അനു സിതാര സ്ക്രീനിൽ തെളിയുമ്പോൾ സഫലമാകുന്നത് വർഷങ്ങളുടെ സ്വപ്നങ്ങളാണ്. ഒപ്പം ഒരു സമ്പൂർണ കലാകുടുംബത്തിെൻറ സപര്യക്ക് കിട്ടുന്ന അംഗീകാരവും.
ഒരു സുപ്രഭാതത്തിൽ അഭിനയത്തിലേക്ക് കടന്നെത്തിയതല്ല അനു സിതാര. ഇളംപ്രായത്തിൽ കലയുടെ കൈപിടിച്ചതാണ്. നയിക്കാൻ നാടകവും നൃത്തവും ജീവിതമാക്കിയ കുടുംബത്തിെൻറ കൂട്ടുണ്ടായിരുന്നു എപ്പോഴും. മാനു എന്ന് അനു സ്നേഹത്തോടെ വിളിക്കുന്ന പിതാവ് സലാം കൽപറ്റ നാടറിയുന്ന നാടകനടനാണ്. 25 വർഷമായി നാടകരംഗത്ത് സജീവമായ സലാം 500ഓളം വേദികളിൽ വേഷമിട്ടിട്ടുണ്ട്. മമ്മി രേണുകയാവട്ടെ, വയനാട്ടിലെ അറിയപ്പെടുന്ന നൃത്താധ്യാപികയും. അഭിനയവും നൃത്തവുമെല്ലാം രക്തത്തിലലിഞ്ഞുചേർന്ന ഈ യുവനടി തെൻറ ഉയർച്ചക്കു പിന്നിലെ ശക്തിേസ്രാതസ്സായി അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നത് കലയെ ഉപാസിച്ച കുടുംബത്തിെൻറ നിറഞ്ഞ പിന്തുണയാണ്. കുഞ്ഞുപ്രായത്തിലേ താൻ അഭിനയിക്കുന്ന നാടകങ്ങളിലെ ഡയലോഗുകൾ മകളെക്കൊണ്ട് പറയിപ്പിച്ചും അഭിനയിപ്പിച്ചും വളർത്തിക്കൊണ്ടുവന്ന സലാമിെൻറ വലിയ സ്വപ്നംകൂടിയാണ് വെള്ളിത്തിരയിൽ വെട്ടിത്തിളങ്ങി അനു സിതാര യാഥാർഥ്യമാക്കുന്നത്. കുഞ്ഞുന്നാൾ മുതൽ തെൻറ ചുവടുകൾക്കൊപ്പിച്ച് നൃത്തം ചവിട്ടിപ്പഠിച്ച മകൾ ഉയരങ്ങളിലെത്തുമ്പോൾ രേണുകയുടെ മനസ്സിലും അളവറ്റ ആഹ്ലാദം.
കൽപറ്റ റാട്ടക്കൊല്ലിയിലെ ‘പുലിവെട്ടി’ എന്ന വീട്ടിലിരിക്കുമ്പോഴും ഓർമകളിൽ കൽപറ്റ ടൗണിൽ ആനപ്പാലത്ത് ചെറുതോടിനരികെയുള്ള വാടക ക്വാർട്ടേഴ്സിലെ ബാല്യകാലം അനു സിതാരയുടെ മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു. ആ മൂന്നു മുറി ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കാലത്തെ മധുരസ്മരണകൾ മലയാളസിനിമയിലെ തിരക്കുള്ള അഭിനേത്രിയായി മാറിയപ്പോഴും കൊണ്ടുനടക്കുന്നു. മാതാപിതാക്കളും അനുജത്തിയും പിതാവിെൻറ ഉമ്മയും ഒക്കെയായി കുഞ്ഞുന്നാളിൽ ഒമ്പതു വർഷം ആ ക്വാർട്ടേഴ്സിലായിരുന്നു ജീവിതം. കലയുടെ ലോകത്ത് സജീവമായിരുന്ന സലാം^രേണുക ദമ്പതികൾക്കൊപ്പം ചെറുപ്പം മുതൽ അനു മുന്നിൽതന്നെയുണ്ടായിരുന്നു. മുണ്ടേരി സൃഷ്ടി സാംസ്കാരിക വേദി സലാമിെൻറയും കുടുംബത്തിെൻറയും തട്ടകമായപ്പോൾ മത്സരവേദികളിലടക്കം ചെറുപ്രായത്തിൽതന്നെ സജീവമായി. സംസ്ഥാനതല കേരളോത്സവത്തിൽ രേണുകയും സംഘവും ഒപ്പനയിൽ ഒന്നാമതെത്തുമ്പോൾ കൊച്ചുകുട്ടിയായി അനുവും അവരോടൊപ്പമുണ്ടായിരുന്നു. സലാമിെൻറ സഹോദരന്മാരായ സുധീർബാബുവും സുൽഫിക്കർ അലിയും നാടൻപാട്ടും നാടകവുമൊക്കെയായി ഈ കൂട്ടത്തിൽ ചേരുമ്പോൾ നൃത്തവുമായി രേണുകക്ക് കൂട്ടായി സഹോദരി ചിത്രയുമുണ്ടായിരുന്നു. പ്രാരബ്ധങ്ങളുടെ കാലത്ത് കേരളോത്സവത്തിെൻറ ൈപ്രസ്മണിയിൽ കണ്ണുനട്ട് മത്സരവേദികളിൽ സജീവമായ ഈ സംഘത്തിെൻറ കലാ സാംസ്കാരിക പിൻബലമാണ് അനുവിലെ കലാവാസനകളെ ഉൗട്ടിവളർത്തിയത്.
‘പൊട്ടാസ് ബോംബ്’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അവതരിച്ച അനു സിതാര കഴിഞ്ഞ ഒന്നുരണ്ടു വർഷത്തിനിടെയാണ് സജീവ സാന്നിധ്യമായത്. ഹാപ്പി വെഡിങ്സ്, ഫുക്രി, അച്ചായൻസ്, രാമെൻറ ഏദൻതോട്ടം എന്നീ സിനിമകളിലൂടെ നായികയായി മുൻനിരയിലേക്ക് ചുവടുവെച്ച ഈ വയനാട്ടുകാരി, റിലീസാവാനിരിക്കുന്ന ക്യാപ്റ്റൻ, സർവോപരി പാലാക്കാരൻ, നവൽ എന്ന ജുവൽ, ആന അലറലോടലറൽ തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാള ചലച്ചിത്രലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കയറിവന്ന വഴികളെക്കുറിച്ചും കലയോടൊട്ടിനിൽക്കുന്ന കുടുംബ പാരമ്പര്യത്തെക്കുറിച്ചും സിനിമ നൽകുന്ന അനുഭവങ്ങളെക്കുറിച്ചുമെല്ലാം അനു സിതാര സംസാരിക്കുന്നു...
കലയിലലിഞ്ഞ് കുടുംബം
അമ്മയും ഉമ്മയും ചേർന്നതാണ് അനു സിതാരയുടെ സ്നേഹമസൃണമായ കുടുംബപശ്ചാത്തലം. ‘അമ്മക്കൊരുമ്മ’ എന്ന് തലക്കെട്ടു നൽകി അനുതന്നെ അവരുടെ സ്നേഹത്തണലിനെക്കുറിച്ച് വാചാലയാവും. വഴിഞ്ഞൊഴുകുന്ന ആ വാത്സല്യങ്ങളുടെ അരികുചേർന്നാണ് മലയാള സിനിമയിലെ തിരക്കുള്ള അഭിനേത്രിയായി അനു അഭ്രപാളികളിൽ നിറയുന്നത്. പരിമിതികളുടെ കുട്ടിക്കാലത്ത് അതിരുകളില്ലാത്ത സ്നേഹവാത്സല്യങ്ങളിലേക്ക് കൈപിടിക്കാൻ പിതാവിെൻറ ഉമ്മ റുഖിയയും മാതാവിെൻറ അമ്മ ശാന്തകുമാരിയും അവൾക്ക് കരുത്തായിരുന്നു. ഇന്ന് കഥകളുടെ ഭാണ്ഡക്കെട്ടുമായി ചുരം കയറിയെത്തിയാൽ ഓരോ സിനിമ ലൊക്കേഷനുകളിലെയും അനുഭവങ്ങളും തമാശകളുമൊക്കെ അമ്മക്കും ഉമ്മക്കും മുന്നിൽ വിസ്തരിച്ചവതരിപ്പിച്ചാലേ അനുവിന് തൃപ്തിയാവൂ. ഇരുവർക്കുമിടയിലെ ആഴമേറിയ സൗഹൃദം അനുവിനെ ഏറെ സന്തോഷിപ്പിക്കുന്നു. ഈ നാട്ടിൻപുറവും ഉമ്മയെയും അമ്മയെയും പോലുള്ളവരിൽനിന്ന് പകർന്നുകിട്ടുന്ന സഹൃദയത്വവുമൊക്കെയാണ് തെൻറ ശക്തിയെന്ന് ഈ നാടൻ പെൺകുട്ടി അഭിമാനപൂർവം വിളംബരം ചെയ്യുകയാണ്.
‘‘ചെറുപ്പത്തിലേ അഭിനയം എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്നൊക്കെ മാനുവിെൻറ നാടകങ്ങൾ ഒരുപാട് കാണും. ഉത്സവങ്ങൾക്കും മറ്റു േപ്രാഗ്രാമുകൾക്കുമൊക്കെ മാനുവിനൊപ്പം ഒന്നിച്ചുപോകാറുണ്ടായിരുന്നു. അമ്മയുടെ നൃത്തപരിപാടികൾക്കും കുഞ്ഞുന്നാൾ മുതലേ ഞാൻ ഒപ്പമുണ്ട്. അഭിനയവും നൃത്തവുമൊക്കെ എെൻറ മനസ്സിൽ അന്നു മുതൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നതിൽ സംശയമൊന്നുമില്ല. മാനു നാടകം പ്രാക്ടിസ് ചെയ്യുമ്പോൾ ചെറുപ്പം മുതലേ കൗണ്ടർ ഡയലോഗുകളൊക്കെ ഞാൻ പറഞ്ഞുകൊടുക്കുമായിരുന്നു. നാടകത്തിൽ അഭിനയിക്കാൻ ഞാൻ വരട്ടേ എന്ന് കെഞ്ചിനോക്കും. സിനിമയെന്ന താൽപര്യം ശക്തമാവാനുള്ള കാരണങ്ങൾ ഇതൊക്കെത്തന്നെയായിരുന്നു.
ചെറുപ്പത്തിൽ ഞായറാഴ്ച ദിവസങ്ങളിലൊക്കെ ഞങ്ങൾ ഒന്നിച്ചിരിക്കുന്ന സമയത്ത് മാനു ഓരോ ആശയം തന്ന് അഭിനയിക്കാൻ പറയുമായിരുന്നു. ‘ഒരു സൂനാമി വന്ന് എല്ലാവരും മരിച്ചുകിടക്കുകയാണ്. അപ്പോൾ നീയെന്താണ് ചെയ്യുക. ഒന്ന് അഭിനയിച്ചുകാണിക്ക്’, അല്ലെങ്കിൽ ‘കൊട്ടയിൽ മാങ്ങ വിൽക്കാൻ നടക്കുന്ന ഒരാളുടെ ഭാവം അഭിനയിക്ക്’ എന്നിങ്ങനെയൊക്കെയാകും നിർദേശങ്ങൾ. മൂന്നു വയസ്സു മുതൽ ഞാൻ സ്റ്റേജിൽ കയറുമായിരുന്നു. മുണ്ടേരി സൃഷ്ടി കലാ സാംസ്കാരിക വേദിയുടെ പരിപാടികൾക്കാണ് അന്നൊക്കെ സജീവമായിരുന്നത്. കലോത്സവ വേദികളിലൊക്കെ പിന്നീട് ഒരുപാട് പെങ്കടുത്തു. എന്നാലും ഇപ്പോഴും സിനിമ ചെയ്യുമ്പോൾ എനിക്ക് പേടിയാണ്. പ്രത്യേകിച്ച് ആദ്യ ദിവസം. ഒന്നുമറിയാത്ത ലോകത്ത് ചെന്നുനിൽക്കുന്നതുപോലെയാണ് തോന്നാറ്’’ ^ജീവിതം മെനഞ്ഞ കലാലോകത്തെയും നിമിഷങ്ങളെയും കുറിച്ച് പറയുമ്പോൾ അനുവിെൻറ വാക്കുകളിൽ ആവേശത്തിരയിളക്കം.
‘‘ഇപ്പോൾ ഷൂട്ട് കഴിഞ്ഞ് നാട്ടിൽ വന്നാലും വീട്ടിൽ ചുമ്മാ സമയം ചെലവഴിക്കാനാണ് എനിക്കിഷ്ടം. മാനു സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ ജീവനക്കാരനാണ്. മമ്മിക്കും മാനുവിനും സെറ്റിലെ കാര്യങ്ങളൊക്കെ വിവരിച്ചുകൊടുക്കും. അനുജത്തി അനു സൊനാരയാണ് എെൻറ ബെസ്റ്റ് ഫ്രണ്ട്. അവൾക്കൊപ്പം കഥയും കളിയുമായി കൂടും. നല്ല പാട്ടുകാരിയുമാണവൾ. പത്താം ക്ലാസ് വിദ്യാർഥിനിയായ അവൾ കലോത്സവങ്ങളിലൊക്കെ ഒരുപാട് സമ്മാനങ്ങൾ നേടിയിട്ടുമുണ്ട്. സിനിമ പിന്നണിഗായികയാവണമെന്ന് ആഗ്രഹിക്കുന്ന അവൾ, സിനിമയിൽ എനിക്കുവേണ്ടി പാട്ടുപാടുന്നതും സ്വപ്നം കാണുന്നു. വീടിനോട് ചേർന്ന് മമ്മി നടത്തുന്ന നവരസ ഡാൻസ് സ്കൂളിൽ കുട്ടികൾക്ക് നൃത്തം പഠിപ്പിക്കാനും ഇതിനിടയിൽ സമയം കണ്ടെത്തും.’’
കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലായിരുന്നു ഒന്നു മുതൽ ഏഴു വരെ അനു സിതാരയുടെ പഠനം. ഹൈസ്കൂൾ വിദ്യാഭ്യാസം കലാമണ്ഡലത്തിലും. പ്ലസ് ടുവിന് വീണ്ടും എസ്.കെ.എം.ജെയിൽ. മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലായിരുന്നു ഡിഗ്രി പഠനം. നൃത്തത്തിൽ ഡോക്ടറേറ്റ് എടുക്കുക എന്നതായിരുന്നു അനുവിെൻറ ആഗ്രഹം. ‘‘അതിനി നടക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾ ആർ.എൽ.വി ആനന്ദൻ സാറിെൻറ അടുത്ത് നൃത്തപഠനം തുടരാനുള്ള തയാറെടുപ്പിലാണ്’’ ^അനു പറയുന്നു.
സ്വപ്നങ്ങള്ക്കൊപ്പം അഭിനയിക്കുമ്പോള്
‘‘സിനിമയായിരുന്നു എെൻറ സ്വപ്നങ്ങളിൽ നിറയെ’’ -കിനാവു കണ്ട അഭിനയമുഹൂർത്തങ്ങൾ യാഥാർഥ്യമാകുന്നതിെൻറ തിരക്കുകൾ ആസ്വദിച്ചുകൊണ്ട് അനു പറയുന്നു.
‘‘ചെറിയ ചെറിയ റോളുകൾ ചെയ്ത് കയറിവന്നശേഷം സിനിമകളിൽ സജീവമാകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഇതുവരെ ചെയ്ത സിനിമകളിൽ ‘രാമെൻറ ഏദൻതോട്ട’ത്തിലെ മാലിനിയാണ് എെൻറ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന ഒരു വേഷം. രഞ്ജിത് സാർ എന്നെ വിളിക്കുന്നത് എന്നോട് നോ പറയാനുള്ള ഉദ്ദേശ്യത്തിലായിരുന്നുവെത്ര. പിന്നീട് എന്നെ കണ്ടപ്പോൾ ഈ കാരക്ടറിെൻറ മുഖച്ഛായ എവിടെയോ ഉണ്ടെന്നു തോന്നിയിട്ടാണ് നായികയായി നിശ്ചയിക്കുന്നത്. ഒരുപരിധിവരെ എെൻറ കഴിവുതെളിയിക്കാനും മാലിനിയെ മികച്ചരീതിയിൽ അവതരിപ്പിക്കാനും പറ്റി എന്നാണ് വിശ്വാസം. ആ വേഷം നന്നായി ചെയ്തുവെന്ന് ഒരുപാടു പേർ പറയുന്നത് അതിെൻറ സാക്ഷ്യപത്രമായി കരുതുന്നു. ആ കഥാപാത്രം അഭിനയിച്ചുതുടങ്ങുമ്പോൾ വലിയ ടെൻഷനുണ്ടായിരുന്നു. എക്സ്പീരിയൻസായ നടിമാർക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ളൊരു കഥാപാത്രമാണത്. എന്നാൽ, സംവിധായകെൻറയും കാമറാമാെൻറയുമൊക്കെ േപ്രാത്സാഹനവും ചാക്കോച്ചൻ അടക്കം സഹതാരങ്ങളുടെ മുഴുവൻ പിന്തുണയും ചേർന്നപ്പോൾ ആ വെല്ലുവിളി അതിജയിക്കാനായി. ലൊക്കേഷനിലെ എല്ലാവരും ഒത്തുചേർന്ന് േപ്രാത്സാഹിപ്പിച്ചതുകൊണ്ടു മാത്രമാണ് ആ കാരക്ടർ അത്ര നന്നായി ചെയ്യാൻ സാധിച്ചത്’’ ^ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന മാലിനിക്ക് ജീവൻ നൽകിയതിനെക്കുറിച്ച് അനു വാചാലയായി.
‘‘ചാക്കോച്ചനുമായുള്ള അഭിനയം നല്ല എക്സ്പീരിയൻസായിരുന്നു. ചെറുപ്പം മുതലേ സിനിമയൊക്കെ കണ്ട് ഇഷ്ടനടന്മാരിലൊരാളായിരുന്നുവെങ്കിലും ഒന്നിച്ചഭിനയിക്കുംമുമ്പ് നേരിട്ടു കണ്ടുള്ള പരിചയമൊന്നുമില്ലായിരുന്നു. പക്ഷേ, സിനിമയിൽ കാണുമ്പോഴുള്ള ചാക്കോച്ചൻ ഇങ്ങനെയായിരിക്കുമെന്നുള്ള ചില മുൻധാരണകളൊക്കെ മനസ്സിലുണ്ടായിരുന്നു. സെറ്റിൽ ആദ്യ സീൻതന്നെ അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകുന്ന ഒന്നായിരുന്നു. പേടിമാറ്റാൻ ഞാൻ ആദ്യമേ പരിചയപ്പെടാനും സംസാരിക്കാനും ശ്രമിച്ചപ്പോഴേ എനിക്ക് മനസ്സിലായത് ചാക്കോച്ചൻ ആളൊരു പാവമാണെന്നാണ്. ജയസൂര്യ ചേട്ടനുമായും നല്ല സൗഹൃദമാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ എന്ന സിനിമയിൽ ജയേട്ടെൻറ നായികയായാണ് അഭിനയിക്കുന്നത്. അന്തരിച്ച ഫുട്ബാൾ താരം വി.പി. സത്യെൻറ ഭാര്യയുടെ വേഷമാണതിൽ. സത്യേട്ടെൻറ ഭാര്യ അനിത ചേച്ചിയെ ഷൂട്ട് തുടങ്ങുന്നതിനുമുമ്പ് ചെന്നുകണ്ട് സംസാരിച്ചിരുന്നു. നിറഞ്ഞ പിന്തുണയാണ് അനിതച്ചേച്ചി നൽകിയത്.’’
വയനാടെന്ന സന്തോഷം
വയനാട്ടിൽ സാധ്യതകൾ കുറവാണെന്ന് വേണമെങ്കിൽ പറയാമെന്ന് അനു സിതാര സമ്മതിക്കുന്നു. ‘‘എന്നാൽ, നമ്മളെ സഹായിക്കാനും പിന്തുണക്കാനും ആളുണ്ടെങ്കിൽ അതു വലിയ കുറവായി അനുഭവപ്പെടില്ലല്ലോ. ഇന്നു ചലച്ചിത്രലോകത്ത് വയനാട്ടിൽ നിന്നുതന്നെ ഒരുപാടു പേരുണ്ടല്ലോ. സണ്ണി വെയ്ൻ, എസ്തർ, സംവിധായകരായ ബേസിൽ ജോസഫ്, മിഥുൻ മാനുവൽ എന്നിവരെല്ലാം വയനാട്ടുകാർ എന്ന നിലക്കുതന്നെ സിനിമയിൽ ഇടംകണ്ടെത്തിയവരാണ്. യാത്രയുടെ പ്രശ്നം മാത്രമാണ് വയനാട്ടുകാരി എന്നനിലയിൽ എനിക്ക് അനുഭവപ്പെടുന്നത്. ഷൂട്ടിന് പോയിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തിരിച്ച് നാട്ടിലെത്തണമെന്നതാണ് എപ്പോഴും എെൻറ ചിന്ത.നഗരത്തിരക്കുകളിൽ ജീവിക്കുമ്പോൾ വയനാട്ടിലെ മഴയും മലയും പൂക്കളുമൊക്കെ കാണാൻ അതിയായ ആഗ്രഹം തോന്നും. ഒരിക്കലും ഇവിടെനിന്ന് വിട്ടുപോകാനൊന്നും താൽപര്യമില്ല. ഓണം, പെരുന്നാൾ, വിഷു തുടങ്ങിയ ആഘോഷങ്ങളൊക്കെ കേമമായി ആഘോഷിക്കും. പെരുന്നാളുകൾ വീട്ടിലും ഓണവും വിഷുവും മമ്മിയുടെ വീട്ടിലുമായാണ് ആഘോഷിക്കുക. റമദാനിൽ ഷൂട്ടിന് അൽപദിവസം അവധി കിട്ടിയപ്പോൾ നോമ്പെടുക്കാനും സമയം കണ്ടെത്തി’’ -നാടും വീടും അത്രമേൽ പ്രിയപ്പെട്ടതായി അനുവിെൻറ വാക്കുകളിൽ നിറയുന്നു.
ഒട്ടും പിന്തുണ കുറക്കാത്ത സൗഹൃദച്ചെപ്പുകൾ സൂക്ഷിക്കുന്ന ഇടംകൂടിയാണ് അനു സിതാരക്ക് നാട്. ‘‘ചെറുപ്പം മുതലേയുള്ള കൂട്ടുകാർ ഒരുപാടുണ്ട്. എെൻറ എല്ലാ സിനിമയും കണ്ട് അവർ അഭിപ്രായം പറയും. കൽപറ്റ മീൻമാർക്കറ്റിലെ കുറെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ എെൻറ സുഹൃദ്വലയത്തിലുണ്ട്്. ചെറുപ്പം മുതൽ മമ്മിയുടെ വിരലിൽതൂങ്ങി മീൻ വാങ്ങാൻ പോകുന്നതു മുതൽ കാണുന്നതാണവരെ. ആദ്യ സിനിമ റിലീസായതു മുതൽ നിറഞ്ഞ സപ്പോർട്ടാണ് എനിക്ക് നാട്ടുകാർ നൽകുന്നത്. വാട്സ്ആപ്പിലടക്കം സിനിമയെക്കുറിച്ച് വരുന്ന മെസേജുകൾക്ക് മറുപടി നൽകാൻ ശ്രമിക്കാറുണ്ട്.’’
കുടുംബവും കലയും ജീവിതവുമെല്ലാം വാക്കുകളിൽ നിറച്ച് അനു സിതാര സംസാരം തുടരുമ്പോൾ അരികെ ഏറ്റവും വലിയ പിന്തുണയുമായി ജീവിതപങ്കാളി വിഷ്ണു പ്രസാദുമുണ്ട്. കൽപറ്റ ഓണിവയൽ സ്വദേശിയായ വിഷ്ണു പ്രസാദുമായി ഒന്നര വർഷം മുമ്പായിരുന്നു വിവാഹം. പ്രഫഷനൽ ഫോട്ടോഗ്രാഫറാണ് വിഷ്ണുവേട്ടൻ. കുടുംബ വിശേഷങ്ങളുടെ വാചാലതക്കൊപ്പം അനുവിെൻറ കണ്ണുകൾ ചിരിക്കുന്നു. മലയാളി േപ്രക്ഷകെൻറ മനസ്സിലേക്ക് കടന്നുകയറിയ ആ നിഷ്കളങ്കമായ ചിരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.