സന്ദേശം നൽകാനല്ല ഞാൻ സിനിമ ചെയ്യുന്നത്...
text_fieldsഒറ്റ സിനിമകൊണ്ട് മലയാള സിനിമയുടെ ദൃശ്യഭാഷ തിരുത്തിക്കുറിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ഒട്ടും സിനിമാറ്റിക്കല്ലാതെ സിനിമയെടുത്ത് വിസ്മയിപ്പിച്ച, ഇടുക്കിയിലോ കാസർകോടോ കാമറവെച്ച് ഒപ്പിയെടുത്തതുപോലെ അത്ര സ്വാഭാവികമായ ദൃശ്യങ്ങൾ പ്രേക്ഷകന് നൽകിയ സംവിധായകൻ. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമക്ക് പിന്നാലെ കൃത്യമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്ന ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ സിനിമാ ചരിത്രത്തിൽ ഇരിപ്പുറയ്ക്കുന്ന ദിലീഷ് പോത്തൻ ജീവിതവും സിനിമയും കാഴ്ചപ്പാടും വ്യക്തമാക്കുന്നു.
നായക നടന്മാരുടെ അപ്രമാദിത്വം നിലനിന്ന സിനിമ ഇപ്പോൾ സംവിധായകെൻറ കലയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ‘മഹേഷിന്റെ പ്രതികാരം’ എന്ന ഒറ്റ സിനിമകൊണ്ട് ‘സംവിധാനം ദിലീഷ് പോത്തൻ’ എന്ന് സ്ക്രീനിൽ തെളിയുമ്പോൾ തിയറ്ററിൽ നിറഞ്ഞ കൈയടിയാണ്. എന്താണ് ‘പോത്തേട്ടൻ ബ്രില്യൻസ്’?
വളരെ ചെറിയൊരു സിനിമചെയ്യണമെന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ‘മഹേഷിന്റെ പ്രതികാരം’ ചെയ്യുമ്പോൾ അതൊരു ഹിറ്റാവുമെന്നോ ചർച്ചചെയ്യപ്പെടുമെന്നോ ഒരു ഉറപ്പുമുണ്ടായിരുന്നില്ല. എനിക്കിഷ്ടപ്പെട്ട സിനിമ ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. പോത്തേട്ടൻ ബ്രില്യൻസ് എന്നൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ ചമ്മലാണ് തോന്നുന്നത്. ആളുകൾ അങ്ങനെ പറയുേമ്പാൾ വളരെ സന്തോഷം. നമുക്ക് ഇഷ്ടപ്പെട്ട സിനിമയാണല്ലോ ആളുകൾക്കും ഇഷ്ടപ്പെടുന്നത് എന്നാലോചിക്കുമ്പോൾ. കച്ചവടം കൂടി നടക്കേണ്ട കലാരൂപം എന്ന നിലയിൽതന്നെയാണ് സിനിമയെ ഞാൻ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളുടെ ഇഷ്ടം, അവർ എങ്ങനെ കാണുന്നു, ആസ്വദിക്കുന്നു, കാഴ്ചക്കാരുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കും. എെൻറ മനസ്സിലുള്ള ആശയം ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം എന്നതുതന്നെയാണ് അതിനൊക്കെ പിന്നിൽ. അത്തരത്തിൽ സിനിമക്ക് ഒൗട്ട്പുട്ട് കിട്ടാൻ എളുപ്പമുള്ള മാർഗങ്ങളെല്ലാം ഞാൻ സ്വീകരിച്ചിട്ടുണ്ട് എന്ന് മാത്രം.
നിങ്ങൾക്കൊപ്പം നിന്ന പലരും സിനിമയുടെ വിവിധ വശങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. രാജീവ് രവിക്ക് കാമറാമാെൻറ കണ്ണിലൂടെയും സംവിധായകന്റെ കണ്ണിലും ഒരു സീൻ വീക്ഷിക്കാൻ പറ്റും. അതുപോലെ ശ്യാം പുഷ്കരൻ തിരക്കഥാകൃത്തായും ക്രിയേറ്റിവ് ഡയറക്ടറായും കൂടെയുണ്ട്. എന്താണ് ഈ കൂട്ടായ്മയുടെ രസതന്ത്രം?
ശ്യാം പുഷ്കരൻ എന്നോട് ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ കഥ പറയുമ്പോഴും, സജീവ് പാഴൂർ ‘തൊണ്ടിമുതലി'ന്റെ കഥ പറയുമ്പോഴും ഞാൻ അത് ആസ്വദിക്കുന്നുണ്ട്. ‘മഹേഷിന്റെ...’ കഥ പറയുമ്പോൾ മഹേഷ് എന്ന കഥാപാത്രത്തിെൻറ നിസ്സഹായതക്കും വേദനക്കുമൊപ്പം ഞാൻ സഞ്ചരിച്ചിട്ടുണ്ട്. അങ്ങനെ ഞാൻ അനുഭവിച്ച വികാരങ്ങളെ പുനർ നിർമിക്കാനാണ് പിന്നെയുള്ള ശ്രമം. സൗഹൃദ സംഭാഷണത്തിനിടെ ഉണ്ടാവുന്ന തമാശകൾ, സംഭവങ്ങൾ എല്ലാം നമ്മൾ ആസ്വദിക്കുന്നു. ഇത്തരം ആസ്വാദനങ്ങൾ ക്രോഡീകരിച്ച് സിനിമ എന്ന കലാരൂപത്തിലൂടെ േപ്രക്ഷകനിലേക്ക് എങ്ങനെ വളരെ ലളിതമായി എത്തിക്കാം എന്നാണ് ചിന്തിക്കുന്നത്. അതിന് ഏറ്റവും എളുപ്പം ഏതാണ്, പുതിയ ആൾക്കാരെ കാസ്റ്റ് ചെയ്യുന്നതാണോ, യഥാർഥ പൊലീസുകാരെ കാസ്റ്റ് ചെയ്യുന്നതാണോ എന്ന് ചിന്തിക്കുന്നു. പിന്നെ ഇത് പലരുമായും പങ്കുവെക്കുന്നു. രാജീവ് രവിയോട്, ശ്യാമിനോട്, ഷൈജു ഖാലിദിനോട്, ബിജി ഏട്ടനോട് അങ്ങനെ പലരോടും. ഈ ഘട്ടത്തിലെല്ലാം കഥ വളരുകയും അതിന് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. വളരെ വിശദമായ തിരക്കഥ കൈവശം വെച്ചിട്ടാണ് ഇതെന്ന് ഓർക്കണം. എഴുത്തെല്ലാം കഴിഞ്ഞ് പലപ്പോഴും ഞങ്ങൾ പരസ്പരം കാണാറുണ്ട്. പലരുെടയും പല അഭിപ്രായങ്ങൾ കേൾക്കുന്നു. അതിൽനിന്നും എേൻറതായ കണ്ടെത്തലുകളിലേക്കെത്തുന്നു. ഇതെല്ലാം പല മാറ്റങ്ങൾക്കും കാരണമാവും. ഇങ്ങനെയാണ് ഇത് മുന്നോട്ട് പോവുന്നത്. ഇതേ കാര്യങ്ങൾ എഡിറ്റിങ് ടേബിളിലും നടക്കും. ഞാൻ രണ്ട് കാമറവെച്ച് ഷൂട്ട് ചെയ്യുന്നയാളാണ്. നല്ല മൊമെൻറ്സിന്റെ പിറകെ പോവുന്നയാളാണ്. സീൻ മൊത്തത്തിലാണ് എടുക്കാറുള്ളത്. പലപ്പോഴും എക്സ്ട്രാ ഫൂട്ടേജ് കൈയിലുണ്ടാവും. ഇത് പെർഫോമെൻസിനെ സെലക്ട് ചെയ്യാനുള്ള അവസരം നൽകും. ഇങ്ങനെ പലതരത്തിൽ കൂട്ടായ ശ്രമമാണ് ഒരു സിനിമ.
പലപ്പോഴും കുട്ടിക്കാലത്തെ അഭിരുചികൾ നമ്മളെ വിടാതെ പിന്തുടരും. ജീവിതത്തിെൻറ ഒരു ഘട്ടത്തിൽ അതൊക്കെ വിടേണ്ടി വന്നാൽപോലും തിരികെ അതിലേക്കുതന്നെ എത്തിപ്പെടും. അത്തരത്തിൽ കുട്ടിക്കാലം മുതലുള്ള അഭിനിവേശമാണോ സിനിമ? ആദ്യത്തെ സിനിമ അനുഭവം?
ഏറ്റുമാനൂരിലെ ഏതോ തിയറ്ററിലാണെന്ന് തോന്നുന്നു ആദ്യ സിനിമ കണ്ടത്. ഏതോ ചെറിയ ഇമേജുകളാണ് ആദ്യത്തെ സിനിമ ഓർമ. കുട്ടിക്കാലം മുതൽക്കേ കടുത്ത സിനിമാ ആരാധകനാണ്. വീട്ടിൽ വലിയ കുഴപ്പക്കാരനൊന്നുമല്ല. അത്ര നന്നായി പഠിക്കുകയൊന്നുമില്ലായിരുന്നു. എന്നാലും വീട്ടുകാർക്ക് പ്രധാന തലവേദന എെൻറ സിനിമാ ഭ്രാന്ത് തന്നെ. പഠിത്തത്തിന് തടസ്സമായിനിന്നത് സിനിമ കാണുക എന്ന ഒരൊറ്റ കാര്യമേ ഉള്ളൂ. സിനിമ കാണാൻ എന്നും ഇഷ്ടമായിരുന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോൾ നാടകത്തിൽ ചെറുതായി അഭിനയിച്ചു. സിനിമ കാണാൻ കിട്ടുന്ന ഒരു അവസരവും കളയില്ല. സ്കൂളിൽ പോവുന്ന കാലത്ത് സിനിമ കാണാൻ ക്ലാസ് ഒന്നും തടസ്സമായിരുന്നില്ല. വീട്ടിൽനിന്ന് 45 മിനിറ്റ് സഞ്ചരിച്ചാൽ കോട്ടയമാണ്. അവിടെയാണ് റിലീസിങ് സെൻറർ ഉള്ളത്. കുട്ടിക്കാലത്ത് കണ്ടതിൽ ‘പരമ്പര’ എനിക്ക് ഓർമയുള്ള ഒരു സിനിമയാണ്. അതുപോലെ ‘ജുറാസിക് പാർക്ക്’. പുറത്തുള്ള കസിൻസ്, അമ്മാവന്മാർ ഒക്കെ വീട്ടിൽവരും. അവർ വന്ന ആഘോഷത്തിെൻറ ഭാഗമായി ഒരു സിനിമക്ക് പോവുന്നത് പതിവായിരുന്നു. പത്താം ക്ലാസിൽ എത്തിയപ്പോഴാണ് സ്വതന്ത്രമായി സിനിമകാണാൻ തുടങ്ങുന്നത്. അതിന് മുമ്പ് സ്വതന്ത്രനായിരുന്നെങ്കിലും വീട്ടിൽ അറിയില്ലായിരുന്നു എന്നതാണ് സത്യം.
അച്ഛനും അമ്മയുമൊക്കെ?
എെൻറ ഓർമയിലുള്ള ആദ്യകാലത്ത് പപ്പ സിനിമാ െറപ്രസേൻററ്റിവ് ആയി ജോലി ചെയ്യുകയാണ്. ആ സമയത്തുള്ള എെൻറ ഒരു സിനിമാക്കാഴ്ചയുണ്ട്. ഇടക്കിടെ സിനിമകാണാൻ തുടങ്ങിയത് അന്നാണ്. അടുത്തുള്ള തിയറ്ററുകളിൽ പപ്പക്ക് ഡ്യൂട്ടിയുള്ളേപ്പാൾ രാവിലെ തിയറ്ററിൽ ചെന്നാൽ മതി, സിനിമകാണാം. ചിലപ്പോൾ നമ്മൾ ചെല്ലുമ്പോൾ കുറെ തീർന്നിരിക്കും. അങ്ങനെ തീർന്നുപോയ ഭാഗം കാണാൻ പിറ്റേദിവസം വീണ്ടും പോവും. ഇത് കുറച്ച് കാലമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് കഴിഞ്ഞപ്പോൾ പപ്പ വീടിനടുത്തൊരു കട തുടങ്ങി.
ദൃശ്യകലയിലെ ചുവട്വെപ്പ് നാടകത്തിലൂടെ ആയിരുന്നല്ലോ, അത് എങ്ങനെയായിരുന്നു?
ഓർമ ശരിയാണെങ്കിൽ സ്കൂൾ കാലത്ത് ചെറിയ സ്കിറ്റിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പപ്പക്ക് നാടകം വലിയ ഇഷ്ടമായിരുന്നു. അന്ന് പപ്പക്ക് ഒരു കൈനറ്റിക് ഹോണ്ട സ്കൂട്ടറുണ്ട്. അതിൽ എന്നെയും കൊണ്ടുപോവും. അങ്ങനെയാണ് നാടക കമ്പം കയറുന്നത്. അന്ന് നാടകത്തിൽ സംവിധായകൻ എന്താണ്, അയാൾ എന്തുചെയ്യുന്നു എന്നൊന്നും അറിയില്ല. പള്ളിയുമായി ബന്ധപ്പെട്ട് കുറച്ചുകൂടി പ്രഫഷനൽ രീതിയിലുള്ള ഒന്നു രണ്ടു നാടകങ്ങൾ ചെയ്തിട്ടുണ്ട്. അത് പ്രധാനമായും ബൈബിൾ നാടകങ്ങളായിരുന്നു.
കോളജ് കാലഘട്ടത്തിലേക്ക് കടന്നപ്പോൾ സിനിമാമോഹമൊക്കെ പ്രായോഗിക ജീവിതത്തിൽ കൈവിട്ട് പോയോ? അതോ സിനിമയെ പിന്തുടർന്നോ?
മൈസൂർ സെൻറ് ഫിലോമിനാസ് കോളജിലായിരുന്നു ബിരുദ പഠനം. ബി.എസ്സി കമ്പ്യൂട്ടർ സയൻസായിരുന്നു പഠിച്ചത്. അക്കാലത്തും മനസ്സിൽ നിറയെ സിനിമതന്നെയാണ്. മൈസൂരുവിലെ പഠനം കഴിഞ്ഞ് ബംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്ത് ഒന്നു രണ്ടു ഷോർട്ട് ഫിലിമുകൾ ചെയ്തു. ടെലി സിനിമകളാണ്. പാ. വയുടെ സംവിധായകൻ സൂരജ് ടോം, ഇപ്പോൾ സഹസംവിധായകനായി കൂടെയുള്ള റോയി, പാ.വയുടെ തിരക്കഥ എഴുതിയ അജീഷ് തോമസ് എന്നിവർ കോട്ടയം കെ.ഇ കോളജിൽ പ്രീഡിഗ്രിക്ക് കൂടെ പഠിച്ചവരാണ്. ഒന്ന് രണ്ടെണ്ണത്തിൽ അവരുടെ കൂടെ ജോലിചെയ്തിട്ടുണ്ട്. ഡിവോഷനൽ ആൽബങ്ങളിലൊക്കെ ജോലി ചെയ്യുന്നുണ്ട്.
സഹസംവിധായകനായി സിനിമയുടെ ഭാഗമാവുന്നത് ‘കെ.കെ റോഡി’ലായിരുന്നില്ലേ? ജോലി ഉപേക്ഷിച്ച് സിനിമയിലേക്കുള്ള ചേക്കേറൽ എത്തരത്തിലായിരുന്നു? എത്രമാത്രം സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു അപ്പോൾ?
ആദ്യമായി സിനിമയിൽ വർക്ക് ചെയ്യുന്നത് ‘കെ.കെ റോഡി’ലാണ്. അസോസിയേറ്റ് ആയിട്ടായിരുന്നു അതിൽ. മുഴുവനായിട്ടില്ല. അവസാനത്തെ ചെറിയൊരു ഭാഗത്തിൽ മാത്രം. ബംഗളൂരുവിൽനിന്ന് ജോലി ഉപേക്ഷിച്ചാണ് ഈ സിനിമയിലേക്ക് വരുന്നത്. അന്ന് വീട്ടിൽ പറഞ്ഞത് ഒരു വർഷം ലീവെടുത്തു എന്നാണ്. എനിക്ക് സിനിമയിൽ ആരെയും അറിയില്ല. നാട്ടിൽനിന്നോ ബന്ധത്തിൽനിന്നോ സിനിമയുമായി പരിചയമുള്ള ആരുമില്ല. ഞാൻ വളരെ സാധാരണക്കാരനായ, ഒരു ചെറിയ കച്ചവടക്കാരെൻറ മകനാണ്. അതുകൊണ്ട് തന്നെ തിയറ്ററിൽ കണ്ട ഒരു അദ്ഭുതം മാത്രമാണ് സിനിമ. പക്ഷേ, പേടിയുണ്ടെങ്കിലും കൈവിടാനാവാത്ത പ്രണയമുണ്ട് സിനിമ എന്ന കലാരൂപത്തോട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്നൊക്കെ മോഹമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ കാലത്തുതന്നെ ഞാൻ വീട്ടിൽ ചോദിച്ചിട്ടുണ്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചോട്ടെ എന്ന്. അന്ന് വീട്ടിൽ നിന്ന് പറഞ്ഞത് കുറച്ചുകൂടി കഴിയട്ടെ എന്നായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ കുറച്ചുകൂടി കാര്യമായി ഇക്കാര്യം വീട്ടിൽ ചോദിച്ചു. അന്ന് പറഞ്ഞു ഡിഗ്രി കഴിഞ്ഞാലേ അവിടെയൊക്കെ പഠിക്കാൻ പറ്റൂ എന്ന്. വീട്ടിൽനിന്ന് ഒരിക്കലും എന്റെ സിനിമാമോഹത്തെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഡിഗ്രി കഴിഞ്ഞപ്പോൾ പപ്പ പറഞ്ഞു സ്വന്തമായി ഒരു ജോലി നേടി അതിൽനിന്ന് പൈസയുണ്ടാക്കി സ്വന്തമായി നിലനിൽക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടെങ്കിൽ ആയിക്കോളാൻ പറഞ്ഞു. അങ്ങനെ ജോലിക്ക് കയറി. കുറച്ചുകാലം ജോലി ചെയ്ത് ഇനി തിരിച്ചുവന്നാലും ജോലിക്ക് കയറാൻ കഴിയുമെന്ന് ആത്മവിശ്വാസം തോന്നിത്തുടങ്ങിയ കാലത്താണ് ജോലി ഉപേക്ഷിക്കുന്നത്. അങ്ങനെ ഒരു വർഷത്തിനെന്ന് വീട്ടിൽ പറഞ്ഞ അവധി രണ്ട് വർഷമായി. മൂന്നായി, നാലായി. വന്നു കഴിഞ്ഞപ്പോൾ മനസ്സിലായി സിനിമയിൽ അത്ര വലിയ പ്രശ്നങ്ങളൊന്നുമില്ല. ആർക്കുവേണമെങ്കിലും വരാവുന്ന ഒന്നാണ് എന്ന്. ധാരാളം ചെറുപ്പക്കാർ സിനിമയിലേക്ക് കടന്നുവരുന്നുണ്ട്. തൊണ്ടിമുതലൊക്കെ മോശം സിനിമയാണ് എന്ന് പറയുന്ന തരത്തിൽ ഇതിനെക്കാൾ മികച്ച സിനിമ ഉണ്ടാവും.
കാലടി സംസ്കൃത സർവകലാശാലയിൽ എം.എ ആർട്സ് പഠിക്കാനെത്തുന്നത് എങ്ങനെയാണ്? വ്യതിചലിച്ച് പോയ പഠനത്തിനും ജോലിക്കുമൊക്കെ ശേഷം സിനിമ ചെയ്യാനുള്ള ഒരു ആത്മവിശ്വാസമായിരുന്നോ ലക്ഷ്യം?
ബംഗളൂരുവിൽനിന്ന് തിരിച്ചെത്തി റോയിയുടെയും സൂരജിെൻറയും കൂടെ കറങ്ങിനടക്കുന്ന സമയത്ത് ഏഴ് സിനിമകളിൽ അസോസിയേറ്റായി വർക്ക് െചയ്തു. ഏഴ് സിനിമകളും കനത്ത പരാജയങ്ങളായിരുന്നു. അതൊരു വല്ലാത്ത വരൾച്ച അനുഭവപ്പെട്ടുതുടങ്ങി. വല്ലാത്തൊരു അസ്വസ്ഥത എന്നെ പിടികൂടി. ഇതിൽനിന്നൊക്കെ ഒരു മോചനം ആവശ്യമായിരുന്നു. അസ്വസ്ഥനായി സിനിമയിൽ തുടരുന്നതിൽ അർഥമില്ല. അങ്ങനെയാണ് ചെറിയൊരു ഇടവേള എടുക്കാമെന്ന് തീരുമാനിക്കുന്നത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം.എക്ക് ചേരുന്നത് അങ്ങനെയാണ്.
കാലടി വീണ്ടും നാടകത്തിെൻറ തട്ടകമായി മാറുകയായിരുന്നല്ലോ? സുരഭി ലക്ഷ്മിക്കൊപ്പമൊക്കെ നാടകം ചെയ്തിരുന്നില്ലേ?
അതെ, ജീവിതത്തിലെ വളരെ രസകരമായ രണ്ട് വർഷമാണ് അത്. ഞാനെന്ന വ്യക്തിയെ സ്വാധീനിച്ച, വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കിയ കാലഘട്ടമാണ് കാലടിയിലേത്. അക്കാലത്തെ അധ്യാപകർ, സഹപാഠികൾ എല്ലാവരും എന്നിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. സുനിൽ പി. ഇളയിടം, ഗോപൻ ചിദംബരം, രമേഷ് വർമ, ഉഷാ നങ്ങ്യാർ, കൃഷ്ണകുമാർ തുടങ്ങിയ പ്രഗല്ഭരാണ് ക്ലാസെടുക്കുന്നത്. നമ്മൾ ഇടപഴകുന്നത് ഇത്തരക്കാരുമായിട്ടാണ്. അപ്പുറത്തെ കെട്ടിടത്തിൽ കൂടിയാട്ടവും നാടകവും പഠിക്കുന്ന കുട്ടികൾ, പഠിപ്പിക്കുന്ന അധ്യാപകർ, പുതിയ എഴുത്തുകാർ, ഒരു കൂട്ടം ഊർജസ്വലരായ ആളുകൾ. അത്രമാത്രം സ്വാധീനിച്ച രണ്ട് വർഷമായിരുന്നു അത്. സുരഭിയെപ്പോലെ കഴിവുള്ള ഒരു പെൺകുട്ടിയുടെ കൂടെ ഒരേ െബഞ്ചിലിരുന്ന് പഠിക്കുക. അവരുടെ കൂടെ നാടകങ്ങൾ ചെയ്യുക. ഇതൊന്നും നിസ്സാരമായ സംഗതിയല്ല. സിനിമയിലാണെങ്കിൽ കുറെ ഡിപ്പാർട്മെൻറുകളാണ് വർക്ക് ചെയ്യുന്നത്. എന്നാൽ നാടകത്തിൽ എല്ലാം ഒന്നിച്ച് വരുന്നു. ഓരോന്നും ഓരോ കഷണങ്ങളായി നിൽക്കാതെ ഒരൊറ്റ ഫോമിലേക്ക് വരുന്നത് നാടകത്തിലാണ് ഞാൻ കാണുന്നത്.
കാലടിയിൽനിന്ന് ഇറങ്ങിയ ശേഷമാണോ ‘22 ഫീമെയിൽ കോട്ടയം’ ചെയ്യുന്നത്? ഇപ്പോഴുള്ള ദിലീഷ് പോത്തൻ എന്ന സംവിധായകനിലേക്ക് എത്തുന്നതിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായുള്ള അനുഭവങ്ങളുടെ പങ്കെന്താണ്?
അതെ. അതിന് മുൻപ് ‘േസാൾട്ട് & പെപ്പറി’ൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വർക്ക് ചെയ്തിട്ടില്ല. ഞാൻ മുഴുവനായി അസോസിയേറ്റായി ജോലി ചെയ്തതിൽ വാണിജ്യ വിജയം നേടിയ ആദ്യ പടമാണ് ‘22 ഫീമെയിൽ കോട്ടയം’. അക്കാലത്ത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ചെയ്യാൻ എനിക്ക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്. 2012ൽ ആണത്. അതിന് മുമ്പുതന്നെ സിനിമ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. അതിന് മുമ്പും ഒരു സിനിമയുടെ ജോലികളൊക്കെ തുടങ്ങിയിരുന്നെങ്കിലും ആ കഥക്ക് സമാനമായ ഒന്നു രണ്ടു സിനിമകൾ ഇറങ്ങിയതോടെ അത് ഉപേക്ഷിച്ചു. അതിന് ശേഷമാണ് ‘മഹേഷിെൻറ പ്രതികാരം’ ചെയ്യുന്നത്. അസോസിയേറ്റായി വർക്ക് ചെയ്യുന്ന കാലത്ത് ഞാൻ, ശ്യാം പുഷ്കർ, ദിലീഷ് നായർ, ‘തീരം’ സിനിമയുടെ സംവിധായകൻ അറാഫത്ത് എന്നിവർ വൈറ്റിലയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അന്നു മുതലുള്ള കഥയാണ് ‘േസാൾട്ട് & പെപ്പർ’. ഇക്കാലത്താണ് കാലടിയിൽ പഠിക്കാൻ പോവുന്നത്. ഇൗ സമയത്ത് ശ്യാമും ദിലീഷും ആഷിഖ് അബുവിനോട് കഥ പറയുകയും ആ ‘േസാൾട്ട് & പെപ്പറി’ൽ ഇവർ രചയിതാക്കളായി വരുകയുമാണ്. ദിലീഷും ശ്യാമുമാണ് എന്നെ അഭിനേതാവായി നിർദേശിക്കുന്നത്. കാലടിയിൽ നാടകം അഭിനയിച്ച ആത്മവിശ്വാസത്തിൽ അഭിനയിക്കാൻ തയാറായി. അന്നാണ് ആഷിഖേട്ടനെ കാണുന്നത്.
32ാം വയസ്സിൽ പഠനം, സ്ഥിരം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സിനിമക്ക് പിറകെ പോവുക. അങ്ങനെ സമൂഹത്തിെൻറ വാർപ്പ് മാതൃകകളിൽനിന്ന് വ്യതിചലിച്ചാണ് ദിലീഷ് പോത്തെൻറ ജീവിതം. ഇത് ചുറ്റുപാടുകളിൽനിന്ന് സമ്മർദമുണ്ടാക്കിയിട്ടുണ്ടാവില്ലേ? ആന്തരികമായി സംഘർഷമുണ്ടായിട്ടുണ്ടോ?
തീർച്ചയായും സമ്മർദമുണ്ടാവും. അതിനെ അതിജീവിക്കുക എന്നതാണ് പ്രധാനം. തിരക്കുള്ള വഴിയിലൂടെ നടക്കാൻ എളുപ്പമാണ്. ആരും നമ്മളെ ശ്രദ്ധിക്കില്ല. എന്നാൽ തിരക്കൊഴിഞ്ഞ വഴിയിലൂടെയുള്ള സഞ്ചാരം അത്ര എളുപ്പമല്ലല്ലോ. എന്തിനാണ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ നമ്മൾ ശ്രമിക്കുന്നത്. മറ്റുള്ളവർക്ക് അതൃപ്തിയുണ്ടായാലും എെൻറ തൃപ്തിക്കാണ് ഞാൻ പ്രാമുഖ്യം നൽകുന്നത്. നമ്മളെ തൃപ്തിപ്പെടുത്താൻ പറ്റിയില്ലെങ്കിലാണ് ആന്തരിക സമ്മർദമുണ്ടാകുന്നത്. വഴി തെറ്റി നടക്കുമ്പോഴും നമ്മുടെ ലക്ഷ്യത്തെ കുറിച്ച് ബോധ്യമുണ്ടാകണം. അതിന് വാർപ്പ് മാതൃകകളെ തകർക്കേണ്ടതായി വരും. ഈ സ്വഭാവം എന്നെക്കാൾ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത് വീട്ടുകാർക്കാണ്. അവർക്ക് പല ഇടങ്ങളിലും മറുപടി പറയേണ്ടതായി വന്നിട്ടുണ്ടാവും. സമൂഹങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി രക്ഷിതാക്കളുടെ തലയിൽ വെച്ചുകൊടുത്ത് ഞാൻ ഒളിച്ചോടുകയായിരുന്നു. രക്ഷിതാക്കൾക്ക് നമ്മുടെ ഇഷ്ടങ്ങൾക്ക് ഒപ്പം നിൽക്കാനേ പറ്റൂ. എന്നാലും ചുറ്റുപാടിൽനിന്ന് ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കും. നമുക്ക് വേണ്ടപ്പെട്ട ചെക്കൻ തെറ്റായ ദിശയിലൂടെയാണോ സഞ്ചരിക്കുന്നത് എന്നൊക്കെയാണ് അവരുടെ ആശങ്ക. എെൻറ ലക്ഷ്യം പക്ഷേ കൃത്യമായിരുന്നു. വീട്ടുകാരുടെ അന്നത്തെ ആശങ്കക്ക് ഇപ്പോൾ ശമനമുണ്ടായിട്ടുണ്ട് എന്നെനിക്കുറപ്പാണ്.
വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടൻ കൂടിയാണ് ദിലീഷ് പോത്തൻ. ‘േസാൾട്ട് & പെപ്പർ’ മുതൽ ‘സി.ഐ.എ’വരെ അത് കണ്ടതാണ്. നടൻ എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു?
ഒരു സംവിധായകനെന്ന നിലയിൽ എനിക്കുള്ള അഭിനിവേശമോ ആത്മവിശ്വാസമോ നടനെന്ന നിലയിലില്ല. ‘േസാൾട്ട് & പെപ്പറി’ൽ അഭിനയിക്കുമ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം അഭിനയിക്കേണ്ടി വരുമെന്ന പ്രതീക്ഷച്ചയാളാണ് ഞാൻ. അഭിനയിക്കുന്നത് സംവിധാനംപോലെ മാനസികമായും ശാരീരികമായും സംവിധാനത്തിെൻറ അത്രതന്നെ സമ്മർദമില്ലാത്ത ജോലിയാണ്. എന്നാൽ ക്രിയേറ്റിവായ ജോലി കൂടിയാണ്. അതുകൊണ്ടുതന്നെ അഭിനയിക്കാൻ അവസരം കിട്ടിയപ്പോഴോെക്ക അത് ഉപയോഗിച്ചു. പക്ഷേ, നടനെന്ന നിലയിൽ വലിയ ഭാവിയൊന്നും ഞാൻ കാണുന്നില്ല. അതിനെക്കാളുപരി എപ്പോഴും ഒരു സിനിമയുടെ ഭാഗമായിരിക്കുകയെന്നതാണ് നടനാവുന്നതിെൻറ ഗുണം.
ഫഹദ് ഫാസിലാണ് രണ്ട് സിനിമകളിലും നായകൻ. അസാമാന്യ നടനാണ് എന്നതിലുപരി അദ്ദേഹത്തോടുള്ള സൗഹൃദംകൂടി തിരഞ്ഞെടുപ്പിന് പിന്നിലുണ്ടോ?
പല കാരണങ്ങളുണ്ട്. മഹേഷ് എന്ന കഥാപാത്രത്തിനും ‘തൊണ്ടിമുതലി’ലെ പ്രസാദ് എന്ന അയാൾ തന്നെ വിളിക്കുന്ന ഐഡൻറിറ്റി ഇല്ലാത്ത കഥാപാത്രമായാലും കഥാപാത്രത്തിന് ഏറ്റവും യോജിക്കുന്ന ആളാണെന്ന ഉറച്ച ബോധ്യത്തിനു പുറത്തുതന്നെയാണ് അത്. കഥാപാത്രത്തെ മനസ്സിലാവുന്ന ആളായിരിക്കണം. ഇതൊക്കെ നോക്കിയിട്ടാണ് ഞാൻ കാസ്റ്റ് ചെയ്യാറുള്ളത്. ഫഹദ് നല്ലൊരു സുഹൃത്താണ് എന്നത് അഡീഷനൽ പോയൻറ് ആണ്. സുഹൃത്തായതുകൊണ്ടുതന്നെ നമുക്ക് പെട്ടെന്ന് ആശയ വിനിമയം സാധിക്കും. ഞങ്ങൾ തമ്മിലുള്ള സംസാരം കേൾക്കുന്നവർക്ക് മനസ്സിലാവില്ല പലപ്പോഴും. അത്ര എളുപ്പത്തിൽ ആശയം കൈമാറാനാവും. കൂടുതൽ സംസാരം ആവശ്യമില്ല. സംവിധായകനെന്ന നിലക്ക് ഇത് വളരെ പ്രസക്തമാണ്. എന്നിരുന്നാലും കഥാപാത്രത്തിൽ ഏറ്റവും അനുയോജ്യനായ നടൻ എന്നതുതന്നെയാണ് പ്രഥമ പരിഗണന. കാസ്റ്റിങ് നടത്തുമ്പോൾ അഭിനയ മികവ് തന്നെയാണ് പ്രധാന ഘടകം. ആ നടനോ നടിയോ സുഹൃത്ത് കൂടിയാണെങ്കിൽ ആശയവിനിമയം കുറെകൂടി എളുപ്പമാവുമെന്ന് മാത്രം.
സുഹൃത്ത് ആയതുകൊണ്ട് മാത്രം കാസ്റ്റിങ് സാധ്യമല്ല. സുരഭി മികച്ച നടിയാണെന്ന് മനസ്സിലാക്കാൻ ദേശീയ അവാർഡ് കിട്ടുന്നതുവരെ കാത്തിരിക്കേണ്ട കാര്യം എനിക്കില്ല. സുരഭിയെ വളരെ നന്നായി അറിയുന്ന ആളാണ് ഞാൻ. എല്ലാ പടം തുടങ്ങുമ്പോഴും ഞാൻ സുരഭിയെ വിളിക്കും. പടം തുടങ്ങുകയാണ്, നിനക്ക് പറ്റുന്ന വേഷമൊന്നുമില്ല. വേറെ ആരെയും കിട്ടിയില്ലെങ്കിൽ നിൽക്കക്കള്ളിയില്ലെങ്കിൽ എന്നെ സഹായിക്കാൻ വിളിക്കും. അപ്പോ വന്ന് ചെയ്ത് തരണം. ഇതായിരിക്കും പറയുന്നത്. ങ്ഹാ... വിളിച്ചാൽമതി എന്നായിരിക്കും മറുപടി. അത്രക്ക് അടുപ്പമുണ്ട് സുരഭിയുമായി. ഒരു ആർട്ടിസ്റ്റിനോട് ഇങ്ങനെ പറയാൻ പറ്റുകയാണ്, എനിക്കൊരു ബാക്ക് അപ്പ് ആയിട്ട് നിൽക്കണമെന്ന്.
സൃന്ദയാണ് ‘തൊണ്ടിമുതലി’ൽ നിമിഷക്ക് ശബ്ദം നൽകിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനു വേണ്ടി ആദ്യം ആലോചിക്കുന്നത് സൃന്ദയെ ആണ്. പുതിയൊരാൾക്കുവേണ്ടി തപ്പിക്കൊണ്ടിരിക്കുന്നുണ്ട്. ഒരാളെ കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. അപ്പോൾ സൃന്ദയെ വിളിച്ച് പറഞ്ഞു, പടത്തിൽ ഒരു വേഷമുണ്ട്. സൃന്ദയെ വെച്ച് ഒപ്പിക്കാമെന്നേ എനിക്ക് തോന്നുന്നുള്ളൂ. പക്ഷേ, വേറൊരാൾക്ക് േവണ്ടി പരിശ്രമിക്കുന്നുണ്ട്. ആരെയും കിട്ടിയില്ലെങ്കിൽ വന്ന് ചെയ്ത് തരണം. ഒരു വ്യക്തിയോട് അങ്ങനെ സംസാരിക്കുന്നത് മോശമാണ്. പക്ഷേ, അത് സിനിമക്ക് വേണ്ടിയാണ് എന്നാണ് വിശ്വസിക്കുന്നത്. അത് മനസ്സിലാവുന്ന ഒരു സുഹൃത്തിനോടേ അങ്ങനെ പറയാനാവൂ. ഫഹദിനോട് ‘തൊണ്ടിമുതലി’െൻറ കഥ പറഞ്ഞപ്പോൾ ആദ്യം ആവശ്യപ്പെട്ടത് സുരാജ് ചെയ്ത വേഷം ചെയ്യാനാണ്. 30 കഴിഞ്ഞിട്ടും കല്യാണം കഴിക്കാൻ പറ്റാതെ അതിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് പ്രസാദ്. പിന്നീട് ആലോചിച്ചപ്പോഴാണ് നേരെ തിരിച്ച് മതി എന്ന് തോന്നിയത്. അത് വിളിച്ചു പറഞ്ഞപ്പോൾ ഫഹദ് പറഞ്ഞത് അതിനെന്താ എന്നായിരുന്നു.
രണ്ട് സിനിമകളിലായാലും രണ്ടോ മൂന്നോ മുഖ്യ കഥാപാത്രങ്ങൾ ഒഴികെയുള്ളവർ ഒരിക്കലും മൂവികാമറ കണ്ടിട്ടുപോലുമില്ലാത്തവരായിരിക്കും. അഭിനയം തീർത്തും അപരിചിതമായവരെ ഉപയോഗപ്പെടുത്തി കഥാപാത്ര സൃഷ്ടി നടത്തുന്നത് എന്തുകൊണ്ടാണ്?
ഒരു കഥാപാത്രത്തിന് അനുയോജ്യനായ ഒരു നടൻ/നടിയെ കണ്ടെത്തുന്നതിന് മുൻപ് നമ്മൾ കണ്ടവരോ കേട്ടവരോ സീരിയലിൽ അഭിനയിക്കുന്നവരോ അങ്ങനെ അനുഭവപരിചയങ്ങളിലുള്ള ആർക്കെങ്കിലും ആ കഥാപാത്രത്തെ ഏറ്റവും സ്വാഭാവികമായി ചെയ്യാൻ കഴിയുമോയെന്ന് പരിശോധിച്ചുകൊണ്ടേ ഇരിക്കും. അമ്മയുടെ വെബ്സൈറ്റിലും ആക്ടേഴ്സിെൻറ ഫോട്ടോകളും നിരീക്ഷിക്കും. ചിലപ്പോൾ നടന്ന് പോവുന്ന വഴിയിൽ കണ്ട ഒരാളൊക്കെയാവും ആ കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുക. ‘തൊണ്ടി മുതലി’ൽ തന്നെ ഷിജോ എന്ന സെമിനാരി വിദ്യാർഥി കാസർകോട് ഞങ്ങൾ താമസിച്ച ഹോട്ടലിലെ ഷെഫാണ്. അതുപോലെ നമ്മുടെ ക്രൂവിൽനിന്നുമൊക്കെ പലരും കാമറയിലേക്ക് കയറിവരുന്ന സാഹചര്യമുണ്ടാവാറുണ്ട്.
തമാശ വേഷങ്ങൾ ചെയ്തിരുന്ന സുരാജ് വെഞ്ഞാറമൂടിൽ അതുല്യനായ ഒരു നടനുണ്ട് എന്ന് തിരിച്ചറിയപ്പെടുന്നതുതന്നെ ‘പേരറിയാത്തവന്’ ദേശീയ അവാർഡ് കിട്ടിയതോടെയാണ്. ‘തൊണ്ടിമുതലി’ലെ പ്രസാദ് എങ്ങനെയാണ് സുരാജിലെത്തിപ്പെട്ടത് സുരാജിലെ നടനെ നമ്മൾ തിരിച്ചറിയാൻ വൈകിയില്ലേ?
കോമഡി ചെയ്യുന്നവർ മോശക്കാരാണെന്ന് എനിക്ക് തോന്നുന്നില്ല. മറ്റ് കഥാപാത്രങ്ങളെ ഫലിപ്പിക്കാൻ കഴിയാത്തതുകൊണ്ടല്ല അവർ തമാശ ചെയ്യുന്നത്. ഇമേജ് ബ്രേക്ക് ചെയ്യുന്ന വേഷങ്ങൾ ചെയ്യാൻ അവസരം കിട്ടാത്തതാണ് പലരും ഒരേ തരം കഥാപാത്രങ്ങളിൽ കുടുങ്ങി പോവുന്നത്. 34 വയസ്സോളം വരുന്ന ആലപ്പുഴക്കാരനായ മിഡിൽ ക്ലാസിൽ താഴെ വരുന്ന ഈഴവനായി സുരാജ് ഏറ്റവും ചേർന്ന് നിൽക്കുമെന്ന് ഉറപ്പായിരുന്നു. ആ വിശ്വാസത്തിൽ തന്നെയാണ് സുരാജിനെ കാസ്റ്റ് ചെയ്യുന്നത്. അതിൽ നൂറ് ശതമാനം വിജയിച്ചുവെന്നും തോന്നുന്നുണ്ട്.
‘മഹേഷിന്റെ പ്രതികാര’വും ‘തൊണ്ടിമുതലു’മൊക്കെ ഒരു എ ഫോർ പേപ്പറിൽ എഴുതാവുന്ന സംഭവമാണ്. അതാണ് മനോഹരമായൊരു സിനിമയാവുന്നത്. കുറച്ച് മുമ്പാണെങ്കിൽ തലമുറകളുടെ കുടിപ്പകയും അതിഭാവുകത്വവും ഒക്കെയായിരുന്നു സിനിമകളിൽ. യഥാർഥത്തിൽ സിനിമക്ക് ഒരു കഥ ആവശ്യമുണ്ടോ? അല്ലെങ്കിൽ സിനിമയുടെ രീതി മാറുകയാണോ?
അങ്ങനെ പൂർണമായും പറയാൻ കഴിയില്ല. കഥ കേൾക്കാൻ ആളുകൾക്ക് ഇഷ്ടമാണ്. ഇവിടെ എല്ലാതരം സിനിമകളുമുണ്ടാകണം. ഫാൻറസി പടങ്ങളുണ്ടാകുന്നുണ്ട്. നായക കേന്ദ്രീകൃതമായ സിനിമകളുണ്ടാകുന്നുണ്ട്. അത്തരം സിനിമകൾ കണ്ടുതന്നെയാണ് ഞാനും വളർന്നത്. വീണ്ടും വീണ്ടും സിനിമ കാണാൻ താൽപര്യമുണ്ടായതും അത്തരം ചിത്രങ്ങൾ കണ്ടിട്ടാണ്. അങ്ങനെ കണ്ട് കണ്ടാണ് സിനിമ ചെയ്യാം എന്ന നിലയിലെത്തിയതും. അതുകൊണ്ട് അത്തരം സിനിമകൾ മോശമാണെന്നോ ബൃഹത്തായ കഥ സിനിമക്ക് ആവശ്യമില്ലെന്നോ പറയാൻ കഴിയില്ല. റിയലിസ്റ്റിക്കായി മാത്രമേ സിനിമ ചെയ്യാൻ പാടുള്ളൂ എന്നൊന്നുമില്ല. ഓരോരുത്തരുടെയും അവതരണ രീതി വ്യത്യസ്തമാവുമെന്ന് മാത്രം. ഈ സിനിമ റിയലിസ്റ്റിക്കായി ചെയ്യുമ്പോഴാണ് കൂടുതൽ നന്നാവുക എന്ന് തോന്നി. ഈ കഥ പറയാൻ അങ്ങനെയേ സാധിക്കൂ. പിന്നെ സിനിമക്ക് ഒരു വലിയ കഥയുടെ നിർബന്ധമില്ല എന്നും പറയാം. സിനിമയെന്നാൽ പൂർണമായും ദൃശ്യമാണ്. ഈ ദൃശ്യങ്ങളെ കോർത്തിണക്കുന്ന ഒരു കഥാതന്തുവായാലും സിനിമയുണ്ടാക്കാം എന്നേയുള്ളൂ. ഒാരോ കാലഘട്ടം കഴിയുമ്പോഴും നമ്മുടെ കാഴ്ചയുടെ ശീലങ്ങൾ മാറുന്നുണ്ട്. ഭരതെൻറ, പത്മരാജെൻറ, കെ.ജി. ജോർജിെൻറ അങ്ങനെ വ്യത്യസ്തമായ അവതരണ ശൈലികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് ജനങ്ങൾ സ്വീകരിക്കുന്നു. അതുപോലെ ഈ കാലത്തും കാഴ്ചാ ശീലങ്ങൾ മാറി. വളരെ ചെറിയ കഥ പറഞ്ഞാലും ആളുകൾ അത് സ്വീകരിക്കാൻ തുടങ്ങി എന്നേ ഉള്ളൂ. എല്ലാതരം സിനിമകളും നമുക്കാവശ്യമാണ്.
മുഖ്യധാര നടീനടന്മാരുടെ കുത്തകയായിരുന്ന ദേശീയ അവാർഡ് സുരഭി ലക്ഷ്മിയെപോലെ, അങ്ങനെ ഒരുപാട് സിനിമകൾ ചെയ്യാത്ത ഒരു നടിക്ക് കിട്ടിയപ്പോൾ അതിനെ സിനിമലോകം വേണ്ടത്ര അംഗീകരിച്ചുവെന്ന് തോന്നുന്നുണ്ടോ?
സുരഭിക്ക് ദേശീയ അവാർഡ് കിട്ടുമ്പോൾ അവരെ മലയാള സിനിമാലോകം ഒന്നടങ്കം അഭിനന്ദിച്ചോ അംഗീകരിച്ചോ പത്രങ്ങളിൽ വലിയ ചിത്രം വന്നോ എന്നത് മാത്രമല്ല കാര്യം. അത്തരം കാര്യങ്ങൾ സുരഭിക്ക് പ്രോത്സാഹനം നൽകും എന്നത് നല്ലകാര്യമാണ്. പക്ഷേ, കലയുടെ ആത്യന്തിക ലക്ഷ്യം പ്രചോദിപ്പിക്കുക എന്നതാണ്. അതായത് സുരഭിക്ക് ദേശീയ അവാർഡ് കിട്ടുേമ്പാഴും വിനായകന് സംസ്ഥാന അവാർഡ് കിട്ടുേമ്പാഴും ഒരുപാട് പേർക്ക് അത് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. ഞങ്ങൾക്കും സാധ്യമാണ് എന്ന വിശ്വാസം അവരിലുണ്ടാകുന്നുണ്ട്. അത്തരത്തിലാണ് അത് ഏറ്റവും ഫലപ്രദമാകുന്നത്.
പിന്നെ അംഗീകരിക്കാതിരുന്നിട്ടോ അഭിനന്ദിക്കാതിരുന്നിട്ടോ കലയില്ലാതാവുന്നില്ല. കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടായിരിക്കും. കല ഒരിക്കലും ശാസ്ത്രമല്ലല്ലോ. അതിന് നിത്യമായ സത്യമില്ല. മാറിക്കൊണ്ടേയിരിക്കും. പുതിയ നടീനടന്മാർ, ടെക്നീഷ്യൻസ്, ദിലീഷ് പോത്തനൊന്നും ഒന്നുമല്ല എന്ന് പറയിപ്പിക്കുന്ന സംവിധായകർ അങ്ങനെ കടന്ന് വരും. അത് തടഞ്ഞ് നിർത്താൻ സാധിക്കുകയുമില്ല. സിനിമയുടെ സമീപനം എത്രമാത്രം പുരോഗമനപരമാണ് എന്നത് പുതിയ ആളുകളുടെ കടന്നുവരവുകൊണ്ട് വ്യക്തമാകും. ഞാൻ ‘തൊണ്ടിമുതൽ’ ചെയ്യുന്നതും 2017ലാണ്. ഇതിെൻറ നിർമാതാവ് അഡ്വാൻസ് തരുന്നത് 2012ലാണ്. അന്ന് ‘22 ഫീമെയിൽ’ സഹസംവിധായകനാണ് ഞാൻ. എന്നെ ഒരു സ്വതന്ത്ര സംവിധായകനായി കാണാൻ സിനിമാലോകം ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ അദ്ദേഹം അതിന് മുതിർന്നത്.
‘മഹേഷിന്റെ പ്രതികാരം’ സെമി റിയലിസത്തോട് അടുത്ത് നിൽക്കുന്ന ചിത്രം എന്ന രീതിയിലാണ് നിരീക്ഷിക്കപ്പെട്ടത്. ‘തൊണ്ടിമുതലി’ലേക്ക് വന്നപ്പോൾ ജാതി, പൊലീസ് വീഴ്ച, ഐഡൻറിറ്റി, വിശപ്പ് അങ്ങനെ പല തരം രാഷ്ട്രീയങ്ങൾ ചർച്ചചെയ്യുന്നു. ഘട്ടം ഘട്ടമായി പരീക്ഷണമാണോ ഈ സിനിമകളിലൂടെ നടത്തുന്നത്?
സിനിമ ഒരു എൻറർടെയിൻമെൻറ് കൂടിയാണ് എന്ന ബോധ്യത്തോടെയാണ് ഞാൻ സിനിമ ചെയ്യുന്നത്. കഥയും പ്ലോട്ടും തരുന്ന ഒരു സ്പെയ്സ് ഉണ്ട്. ‘മഹേഷിന്റെ പ്രതികാര’ത്തിൽ ഒരു സമൂഹം, അവരുടെ ഒരു ജീവിത രീതി, അതിൽ കുറെ കഥാപാത്രങ്ങൾ ഇതൊക്കെ പ്രേക്ഷകനിലേക്ക് എത്തിക്കാൻതന്നെയാണ് ഉദ്ദേശിച്ചത്. ‘മഹേഷിെൻറ പ്രതികാരം’ കുറച്ചുകൂടി വാണിജ്യതാൽപര്യമുള്ള സിനിമയാണ്. അതിൽ കുറേകൂടി സിനിമാറ്റിക് ഘടകങ്ങളുണ്ട്. ‘മഹേഷിെൻറ പ്രതികാരം’ ഒരു പരീക്ഷണം തന്നെയായിരുന്നു സത്യം പറഞ്ഞാൽ. മഹേഷിന് ഒരു വാണിജ്യവിജയം ആവശ്യമായിരുന്നു. ആ ചിത്രം കുറച്ചധികം പേർ വളരെ ഗൗരവമായി വീക്ഷിച്ചു.
അതിെൻറ വിവിധ തലങ്ങൾ ചർച്ചയാവുകയും ചെയ്തു. അത് എനിക്ക് പ്രോത്സാഹനവും കനത്ത ആത്മവിശ്വാസവും തന്നു. അതുകൊണ്ടുതന്നെയാണ് ‘തൊണ്ടിമുതലി’ലേക്ക് വന്നപ്പോൾ കുറെകൂടി പരീക്ഷണം നടത്താൻ സാധിച്ചത്. രാഷ്ട്രീയം കൊണ്ടുവരാൻ സാധിച്ചത്. ‘തൊണ്ടിമുതൽ’ മൂന്ന് പേർ ഒരുമിച്ച് ഇരുന്ന് കാണുമ്പോൾ മൂന്ന് രീതിയിലായിരിക്കും വീക്ഷിക്കപ്പെടുക. നമ്മൾ ആരുടെ കൂടെ നിൽക്കണമെന്നത് നിശ്ചയിക്കപ്പെട്ടിട്ടില്ല. ഒരു നിമിഷം നമ്മൾ കള്ളനൊപ്പം നിൽക്കുമ്പോൾ തൊട്ടടുത്ത നിമിഷം പ്രസാദിെൻറയോ പൊലീസിെൻറയോ കൂടെ നിൽക്കേണ്ടി വരും. പ്രത്യക്ഷത്തിൽ രാഷ്ട്രീയം പറയാൻ ഒന്നും ചെയ്യാതെ തന്നെ പ്രേക്ഷകന് ചിന്തിക്കാനുള്ള സ്പെയ്സ് കൊടുക്കുക എന്നുതന്നെയാണ് ഉദ്ദേശിച്ചത്.
തിരക്കഥ കത്തിച്ചുകളഞ്ഞിട്ട് വേണം സിനിമ ചെയ്യാൻ എന്ന് രാജീവ് രവി പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ നടന്നിരുന്നു. ദിലീഷിെൻറ കാഴ്ചപ്പാടിൽ സിനിമക്ക് ഒരു നിയതമായ തിരക്കഥ ആവശ്യമുണ്ടോ?
തിരക്കഥ സിനിമയുടെ ഏറ്റവും അടിസ്ഥാനപരമായ ഘടകംതന്നെയാണ്. എഴുതി തയാറാക്കിയ തിരക്കഥയിലൂടെ തന്നെയാണ് സിനിമ വളരുന്നതും. എന്നാൽ തിരക്കഥ രൂപപ്പെടുന്നത് എവിടെയാണ് എന്നതിനാണ് പ്രാധാന്യം. സിനിമയെന്ന ദൃശ്യരൂപത്തിനുള്ള റഫറൻസാണ് തിരക്കഥ. അതിന് കൃത്യമായ ചട്ടക്കൂട് വരച്ചുവെക്കാൻ കഴിയില്ല. ‘തൊണ്ടിമുതലി’െൻറ തിരക്കഥ പൂർത്തിയായത് സെൻസർ ചെയ്യുന്നതിെൻറ രണ്ട് ദിവസം മുൻപ് മാത്രമാണ്. നമ്മൾ എഴുതി തയാറാക്കിവെച്ചിരിക്കുന്ന ആ രൂപത്തിലേ ആവില്ല സിനിമ രൂപപ്പെടുന്നത്. അഭിനേതാക്കളുടെ പ്രകടനമനുസരിച്ചും സാഹചര്യങ്ങളനുസരിച്ചും നമ്മുടെ ചിന്തകൾ അനുസരിച്ചുമൊക്കെ തിരക്കഥയിൽ മാറ്റം വരാം. അതുകൊണ്ടുതന്നെ അതിന് നിയതമായ ഒരു ചട്ടക്കൂടില്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ് തിരക്കഥ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളുടെ സിനിമകളിൽ അങ്ങനെയാണ് സംഭവിക്കുന്നത്.
രാജീവ് രവി പറഞ്ഞിട്ടുണ്ട് എൻറർടെയിൻമെൻറല്ല സിനിമ, എൻറർടെയിൻമെൻറ് വേണ്ടത് മുതലാളിമാർക്കാണ് എന്ന്. ദിലീഷിന് എന്താണ് സിനിമ?
ബോധപൂർവം ഞാൻ ഒന്നും പറയാൻ ശ്രമിക്കുന്നില്ല. എെൻറ സിനിമയിൽ അറിയാതെ പ്രതിഫലിക്കുന്നതാണ് എെൻറ രാഷ്ട്രീയം. സിനിമ കണ്ടപ്പോൾ നിങ്ങൾക്കെന്ത് അനുഭവപ്പെട്ടോ അതാണെെൻറ രാഷ്ട്രീയം. നേരിട്ട് ഒരു രാഷ്ട്രീയവും പറയാനല്ല ഞാൻ സിനിമ ചെയ്യുന്നത്. എനിക്ക് കഥപറയാനാണ് ഇഷ്ടം. സന്ദേശം നൽകാനല്ല ഞാൻ സിനിമ ചെയ്യുന്നത്. അത് അതിലുണ്ടാവാമെന്നുമാത്രം. അതത് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതായിരിക്കുകയും വേണം സിനിമ. സിനിമ ഉപദേശിക്കുന്നതെല്ലാം സമൂഹം ഉൾക്കൊള്ളുന്നില്ല. പകരം സമൂഹത്തിൽനിന്ന് സിനിമ എടുക്കുകയാണ് ചെയ്യുന്നത്.
നിങ്ങൾ എന്ത് കഴിക്കണം, ചെയ്യുന്ന ഒരു സിനിമക്ക് എന്ത് പേരിടണം, ആ സിനിമ എന്ത് രാഷ്ട്രീയം പറയരുത് എന്നൊക്കെ മറ്റുള്ളവർ തീരുമാനിക്കുന്ന കാലമാണ്. കലാകാരനെന്ന നിലയിൽ നിലവിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടോ?
കലാരൂപമാണ് എല്ലാ കാലത്തും പലതിനെയും വിമർശിച്ചിട്ടുള്ളത്. കല ചരിത്രത്തിൽ രേഖപ്പെടുത്തലാണ്. അതിനെ തടയാൻ ശ്രമിക്കുന്നത് കലാകാരന്റെ മാത്രമല്ല മുഴുവൻ ജനങ്ങളുടെയും പ്രശ്നമാണ്. എെൻറ അഭിപ്രായം എന്റെ കലാസൃഷ്ടിയിലൂടെ രേഖപ്പെടുത്താൻ സ്വാതന്ത്ര്യമില്ലെങ്കിൽ അത് ആശങ്കയുളവാക്കുന്നതുതന്നെയാണ്. എഴുത്തുകാരന്റെയായാലും സിനിമാക്കാരന്റെയായാലും ആവിഷ്കാരങ്ങൾക്കുമേൽ ആർക്കും വിലങ്ങുവെക്കാനാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
‘തൊണ്ടിമുതലി’ൽ ജാതീയത ചർച്ചചെയ്യുന്നുണ്ട്. എത്രമാത്രം ജാതീയമാണ് നമ്മുടെ സമൂഹം?
തീർച്ചയായും ജാതിയിലധിഷ്ഠിതമാണ് നമ്മുടെ സമൂഹം. വ്യത്യസ്ത ജാതിയിൽപെട്ട രണ്ട് പേർ വിവാഹിതരായി പലായനം ചെയ്യുന്നത് നമ്മുടെ ചുറ്റുപാടുകളിൽ ഇല്ലാത്ത കാഴ്ചയല്ല. അതുതന്നെയാണ് സിനിമയിൽ കൊണ്ടുവന്നതും. തലമുറകൾ പിന്നിടുംതോറും ജാതീയമായ ചിന്തകൾക്ക് മാറ്റം വരുമെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് തന്നെയാണ് പ്രതീക്ഷയും. എനിക്ക് പറയാനുള്ള വാക്കുകളായി അവതരിപ്പിക്കാൻ സാധിക്കില്ല. ഞാൻ ഉദ്ദേശിക്കുന്ന അതേ അർഥത്തിൽ വായനക്കാരനിൽ എത്തണമെന്നില്ല. അതുകൊണ്ട് എെൻറ ചിന്തകളെ പ്രതിഫലിപ്പിക്കാൻ ദൃശ്യഭാഷ ഉപയോഗപ്പെടുത്തുന്നു. ജാതീയതയും അത്തരത്തിൽ സിനിമയിൽ ഉപയോഗിച്ചു.
സിനിമകളിലെ സ്ത്രീ വിരുദ്ധത വലിയ ചർച്ചയിലേക്ക് വരുന്ന സമയമാണ് ഇപ്പോൾ. സ്ത്രീവിരുദ്ധ സിനിമകളിലൂടെ മലയാള സിനിമ ഒരുപാട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള തമാശകളുണ്ടാക്കാൻ എളുപ്പവുമാണ്. ദിലീഷിെൻറ സിനിമകളിൽ സ്ത്രീ വിരുദ്ധമായ ഒരു പരാമർശംപോലും വന്നിട്ടില്ല. ആഴത്തിലുള്ള നർമം ഉണ്ടുതാനും. ബോധപൂർവമാണോ ആ സൂക്ഷ്മത?
സ്ത്രീകളെയെന്നല്ല ചിരിപ്പിക്കാൻ വേണ്ടി ഒന്നിനെയും ആക്ഷേപിക്കേണ്ട കാര്യമില്ല. ചിരി വളരെ സ്വതഃസിദ്ധമായി ഉണ്ടാവേണ്ടതാണ്. യാതൊരു വിരുദ്ധതയുംകൊണ്ട് അത് സൃഷ്ടിച്ചെടുക്കാൻ കഴിയില്ല. ചിരി കൊണ്ടുവരാനും ബോധപൂർവം ശ്രമിക്കാറില്ല. സാഹചര്യങ്ങൾക്കനുസരിച്ചാണ് തമാശയുമുണ്ടാകുന്നത്.
ദേശീയതക്ക് ഹരം പിടിക്കുമ്പോൾ ഫാഷിസം കടന്നുവരുമെന്നാണല്ലോ. ഇപ്പോൾ തന്നെ ദേശീയ ഗാനം കേട്ട ശേഷം സിനിമ കണ്ടാൽ മതി എന്ന തരത്തിലുള്ള അടിച്ചേൽപിക്കലുണ്ട്. അങ്ങനെ ദേശീയത കുത്തിവെക്കാനാകുമോ?
ദേശീയത എന്നല്ല ഒന്നും അടിച്ചേൽപിക്കാൻ സാധ്യമല്ല. നമ്മുടെ സാമാന്യ ബുദ്ധിക്ക് കൂടി അംഗീകരിക്കാൻ കഴിയുന്നതായാലേ നമുക്ക് അത് പിന്തുടരാൻ തോന്നുള്ളൂ. സത്യത്തിൽ താൽപര്യമില്ലാത്ത ഒരു കോഴ്സ് ചെയ്യാൻ സ്വന്തം കുട്ടിയോട് ആവശ്യപ്പെടുന്ന അച്ഛൻപോലും അടിച്ചേൽപ്പിക്കലാണ് നടത്തുന്നത്. അത് ഏത് കാലങ്ങളിലുമുണ്ടാവും. അതിനെ പ്രതിരോധിക്കുകയേ വഴിയുള്ളൂ. ഓരോരുത്തരും ഓരോ വഴിയിൽ ചെയ്യുന്നു. ചിലർ അത് കലയിലൂടെ ചെയ്യുന്നു എന്നുമാത്രം.
താരസംഘടനയായ ‘അമ്മ’യുടെ നിലപാടുകൾ വലിയ തോതിലുള്ള വിമർശനം നേരിടുകയാണ്. അമൽ നീരദിനും അൻവർ റഷീദിനും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എത്രമാത്രം ജനാധിപത്യപരമാണ് ‘അമ്മയുടെ’ പ്രവർത്തനങ്ങൾ?
സംഘടന ആവശ്യമാണോയെന്നതിനെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. സംഘടന ആവശ്യമാണ്. മനുഷ്യരുടെ കൂട്ടായ്മ ആവശ്യമാണ്. അത് പരസ്പരം വളർച്ചയുണ്ടാക്കുന്ന തരത്തിലായിരിക്കണം. വളരാൻ വേണ്ടിതന്നെയായിരിക്കണം. പേടിയോടെ കാണേണ്ട ഒന്നായി അത് മാറരുത്. വിലക്കാൻ വേണ്ടി മാത്രം ഒരു സംഘടന ആവശ്യമില്ല. ഒരാളുടെ ആശയത്തെ നമുക്ക് എതിർക്കാം. പക്ഷേ, നിെൻറ ആശയത്തെ ഞാൻ വാഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. അത്തരം നടപടികളോട് കടുത്ത വിയോജിപ്പുണ്ട്.
കുടുംബം?
ഞാൻ കുറുപ്പന്തറയിലാണ് താമസിക്കുന്നത്. ഭാര്യ ജിംസി. മക്കൾ: ആഞ്ജലീന, എൽവിൻ. മകന് ഏഴ് മാസമാണ് പ്രായം. അമ്മയും അച്ഛനും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.