നീതിയുടെ രാഷ്ട്രീയം പറയുമ്പോള്
text_fieldsഎത്രകാലം ജീവിക്കുന്നു എന്നതിലല്ല എങ്ങനെ ജീവിക്കുന്നു എന്നതാണ് സാമൂഹികജീവിയായ മനുഷ്യനെ സംബന്ധിച്ച് പ്രധാനം. ചലച്ചിത്ര സംവിധായകരെ സംബന്ധിച്ചും ഇതിൽ മാറ്റമൊന്നുമില്ല. വ്യക്തമായ രാഷ്ട്രീയത്തോടെ പ്രേക്ഷകനോട് സംവദിക്കുന്ന ചലച്ചിത്ര പ്രവർത്തകനാണ് മധുപാൽ. കൃത്യമായ അടയാളപ്പെടുത്തലുകളോടെയാണ് മധുപാലിന്റെ ഒാരോ സിനിമയും കടന്നുപോകുന്നത്. ഒരിക്കലും തിയറ്ററിലുപേക്ഷിച്ച് പോകാനാവാത്ത ഒരു തരം കനം ഇൗ സിനിമകൾ ബാക്കിവെക്കാറുണ്ട്. ‘ഒരു കുപ്രസിദ്ധ പയ്യനും’ മാറ്റമൊന്നുമില്ല. വി സിനിമാസിെൻറ ബാനറിൽ ടി.എസ്. ഉദയൻ, എ.എസ്. മനോജ് എന്നിവർ നിർമിച്ച ചിത്രത്തിൽ ടൊവിനോ തോമസ്, അനു സിത്താര, നിമിഷ സജയൻ, സിദ്ദീഖ്, നെടുമുടി വേണു, ശരണ്യ പൊൻവണ്ണൻ, അലൻസിയർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ സിനിമയുടെ പശ്ചാത്തലത്തിൽ മധുപാൽ സംസാരിക്കുന്നു...
സ്വത്വം പോലും കുറ്റവാളിയാക്കുന്നു
പേര് ഒരു െഎഡൻറിറ്റി ആകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ആ സ്വത്വമാണ് നമ്മെ മറ്റുള്ളവരുടെ മുന്നിൽ കള്ളനും കൊലപാതകിയും ആക്കിമാറ്റുന്നത്. െഎഡൻറിറ്റിയുടെ പേരിൽ ഒരാളെ കുറ്റക്കാരനായി കാണുന്നത് വല്ലാതെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അമേരിക്കയിൽ മുസ്ലിം െഎഡൻറിറ്റിയുടെ പേരിൽ വിമാനത്താവളത്തിൽ തടഞ്ഞുവെക്കപ്പെട്ട സംഭവങ്ങൾ നാം പലതവണ കേട്ടിട്ടുണ്ട്. നമ്മുടേത് പരിപൂർണമായും മതേതര സ്വഭാവമുള്ള സമൂഹമാണ്. എന്നിട്ടും നമ്മുടെ രാജ്യത്ത് ഇത്തരം അനുഭവങ്ങൾ ഒരുപാടുണ്ട്. ഇതൊക്കെയും ഇൗ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇത്തരം വിഷയങ്ങളോട് കലഹിക്കുന്ന സിനിമ ജനങ്ങളിലെത്തണമെന്നാണ് ആഗ്രഹം. അൽപമെങ്കിലും ഇത്തരം കാര്യങ്ങൾ ആലോചനക്ക് വിധേയമാകണമെന്ന ബോധ്യത്തോടെയാണ് സിനിമയെ സമീപിച്ചത്. നമ്മുടെ സംസ്കാരം മതേതരമാണ്. എല്ലാവർക്കും അവകാശമുണ്ട്. മതം എന്നത് വിശ്വാസമാണ്. സകലതിനേയും സ്വീകരിച്ച ജനതയാണ് ഇന്ത്യയിലുള്ളത്. ഞാനും നിങ്ങളും ഒന്നാണെന്ന സംസ്കാരത്തിൽ ജീവിക്കണം. അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ആയൊരു മാനസികാവസ്ഥയാണ് സിനിമയെന്ന മാധ്യമം എന്നും മുന്നോട്ടുവെക്കുന്നത്. ചിലരുടെ സ്ഥാപിത താൽപര്യങ്ങൾക്കായി അതിൽ മാറ്റം വരുത്തുന്നത് സങ്കടമുണ്ടാക്കിയിട്ടുണ്ട്.
അഞ്ചു വർഷത്തെ അനുഭവങ്ങൾ
അഞ്ചു വർഷത്തെ നിരീക്ഷണങ്ങളാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’. ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം ഇത്തരം നിരീക്ഷണങ്ങളാൽ സമ്പന്നമാണ്. മുന്നോട്ടുതന്നെയാണ് നാം സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ നിർമാണത്തിന്റെ അവസാന ഘട്ടത്തിൽപോലും ഒരു നൂറ് അനുഭവങ്ങൾ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഒാരോ ദിവസവും ആയിരങ്ങളുടെ അനുഭവങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു. നമ്പി നാരായണെൻറ അടക്കം കാര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്നതുമാത്രമാണ് പറഞ്ഞത്. പതിനായിരം വിഷയങ്ങൾ അപ്പുറത്തുണ്ട്. അജയൻ എന്ന ചെറുപ്പക്കാരൻ ഒരു കൊലപാതകത്തിൽ അന്യായമായി പ്രതിയാക്കപ്പെടുകയും അയാൾ കോടതിയിൽ നീതിക്കായി അപേക്ഷിച്ച് നിൽക്കുന്നതുമായ അവസ്ഥയുമാണ് സിനിമയുടെ കാതൽ. അജയെൻറ അവസ്ഥ നമ്മെ നീതിപീഠത്തിൽ കൂടുതൽ പ്രതീക്ഷ വെച്ചുപുലർത്താൻ പഠിപ്പിക്കുന്നു. ആൾക്കൂട്ട വിചാരണക്കല്ല നീതിപീഠത്തിന് മുന്നിലാണ് നമ്മുടെ ഭാവി. നമ്മളിൽ ഒാരോരുത്തരിലും ഒരു അജയനുണ്ട്.
പതിറ്റാണ്ട്, മൂന്ന് സിനിമകൾ
ഒരു സിനിമ ചെയ്യുേമ്പാൾ അത് എല്ലാ അർഥത്തിലും നന്നാക്കാനാണ് ശ്രമിക്കാറുള്ളത്. ആ അധ്വാനത്തിൽ വർഷങ്ങൾക്ക് പ്രസക്തിയില്ല. ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തുകയെന്നതാണ് ആ ഉദ്യമത്തിന്റെ വിജയം. ‘തലപ്പാവും’ ‘ഒഴിമുറി’യും ചെയ്തപ്പോൾ അവ തിയറ്ററിൽ പോയി കാണാനുള്ള സാഹചര്യം കുറവായിരുന്നു. പിന്നീട് ടെലിവിഷനിലൂടെയും മറ്റുമാണ് ഇവ ആളുകൾ അംഗീകരിച്ചത്. ഇൗ അംഗീകാരത്തിന്റെ വിശ്വാസത്തിലാണ് പുതിയ സിനിമയും ജനം സ്വീകരിക്കുന്നത്. ഇൗ സിനിമ തിയറ്ററിൽ പോയി കണ്ട് ആളുകൾ നേരിട്ട് അഭിപ്രായം വിളിച്ചുപറയുന്നുണ്ട്. കഴിഞ്ഞ രണ്ട് ചിത്രങ്ങളും പഴയകാലത്തിന്റെ കഥയായിരുന്നു. ജനങ്ങളുടെ ഇന്നത്തെയും എന്നത്തെയും സാഹചര്യവുമായി അടുത്തു നിൽക്കുന്ന ചിത്രമാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇൗ സിനിമ സംസാരിച്ചുകൊണ്ടേയിരിക്കും. അവശേഷിക്കുന്ന നന്മയെ, നീതിയെെക്കാണ്ട് നിർമിച്ചതിനാലാണത്.
ആരും പ്രതിയാക്കപ്പെടാം
ആരും എപ്പോൾ വേണമെങ്കിലും പ്രതിയാക്കപ്പെടുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഭരണകൂടങ്ങളും അതിന്റെ ഉപകരണങ്ങളും അതിന് നിലമൊരുക്കും. നമ്മുടെ സമൂഹത്തെ സംബന്ധിച്ച് ഒരു പ്രതി വേണമെന്നേയുള്ളൂ. ആൾക്കൂട്ടത്തിന് വേണമെങ്കിൽ പെെട്ടന്ന് ഒരാളെ പ്രതിയാക്കാനാവും. അതിന്റെ വരുംവരായ്കകളോ സത്യാവസ്ഥയോ ആരും അന്വേഷിച്ച് പോകാറില്ല. ആളുകൾ പ്രതികളാക്കപ്പെടുേമ്പാൾ വലിയ വാർത്തകളാകുന്നു. നീതിനേടി അവർ തിരിച്ചെത്തുേമ്പാൾ ആ വാർത്ത കോളങ്ങളിൽ ഒതുങ്ങുകയോ വരാതിരിക്കുകയോ ചെയ്യും. അധഃസ്ഥിത വർഗത്തെ പ്രതിചേർക്കുന്നത് സമൂഹത്തിന്റെ സ്വഭാവമായി മാറുന്നു. സമൂഹത്തിൽ ഇടപെടുന്ന ആക്ടിവിസ്റ്റുകളും ഇത്തരത്തിൽ വേട്ടയാടപ്പെടുന്നുണ്ട്. എന്തൊക്കെ തന്നെ കുറവുകളുണ്ടായാലും മനുഷ്യനിൽ ഇപ്പോഴും മനുഷ്യർക്ക് വിശ്വാസമുണ്ട്. സിനിമ കൃത്യമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. അത് മതേതരത്വത്തിന്റെയും നീതിയുടെയും രാഷ്ട്രീയമാണ്. ജാതിപഞ്ചായത്തുകളും ദുരഭിമാനക്കൊലകളും സാധാരണ സംഭവങ്ങളാകുന്ന കാലത്ത് ഇത്തരം സിനിമകളുടെ ഭാഗമാകുക എന്നതുപോലും വലിയ വിപ്ലവ പ്രവർത്തനമാണ്. തീർച്ചയായും ഇതൊരു തുടർച്ചയാണ്. അജയൻ എന്നതൊരു പേര് മാത്രമല്ല.
ആർട്ട്, കമേഴ്സ്യൽ വേർതിരിവുകളില്ല
സിനിമയെ സംബന്ധിച്ച് ആർട്ട്, കമേഴ്സ്യൽ വേർതിരിവുകളില്ല. നിഷ്കളങ്കതയും ദയനീയാവസ്ഥയും മാനസിക സംഘർഷവുമെല്ലാം തന്മയത്വത്തോടെ അഭിനേതാക്കൾ അവതരിപ്പിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൽ നടന്നിട്ടുള്ള എല്ലാ കഥകളുടെയും ഒരംശം ഇൗ സിനിമയിലുണ്ട്. ഇത്തരത്തിൽ ഒരുപാട് കഥകളിൽനിന്നാണ് ഇൗ ഒരു കഥയിലേക്ക് എത്തുന്നത്. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നത് നമ്മുടെ ആഗ്രഹവും പ്രതീക്ഷയുമാണ്. സാധാരണക്കാരന് ഇപ്പോഴും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഇതുതന്നെയാണ് സിനിമയുടെ വിജയവും. നമ്മുടെ ജീവിത സാഹചര്യം നമ്മെ എത്രത്തോളം തരംതഴ്ത്താനും പിന്നോട്ടുവലിക്കാനും ശ്രമിച്ചാലും ദൈവത്തിന്റെ കരം കണക്കെ ആളുകൾ നമ്മെ സഹായിക്കാനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.