' ഞാന്‍ പഴിചാരുന്നത് കമ്യൂണിസ്റ്റുകാരെയാണ് '
text_fieldsമഞ്ഞവെയില്‍ മൂത്തുതുടങ്ങിയ വൈകുന്നേരമാണ് മണ്ണിന്‍െറ നിറമുള്ള മുഷിഞ്ഞ ഒറ്റമുണ്ടുടുത്ത് കുപ്പായമില്ലാതെ തോളിലൊരു മാറാപ്പുമായി പീപ്പിയൂതി അലന്‍സിയര്‍ ലെ ലോപ്പസ് എന്ന നടന്‍ ‘‘ഈ ബസ് പാകിസ്താനിലേക്ക് പോക്വോ?’’ എന്ന ചോദ്യമെറിഞ്ഞ് കാസര്‍കോട് ബസ്സ്റ്റാന്‍ഡിലത്തെിയത്. അത് വെറുമൊരു തെരുവുനാടകമായിരുന്നില്ല.
വിദ്വേഷരാഷ്ട്രീയത്തിന്‍െറ വിഷപ്പുഴ കഴുത്തോളമത്തെിയിട്ടും ചിലര്‍ സൗകര്യപൂര്‍വം മൗനത്തിന്‍െറ കൂട്ടിലൊളിക്കുകയോ മറ്റു ചിലര്‍ ഇതൊന്നും ബാധിക്കില്ളെന്ന ധൈര്യത്തോടെ സ്വസ്ഥരായിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ മനുഷ്യന്‍ ഭ്രാന്തന്‍വേഷം കെട്ടി തെരുവിലിറങ്ങി നമ്മളെ അലോസരപ്പെടുത്തിയത്. ‘‘ഞങ്ങള്‍ക്കൊന്നും സാധിക്കാത്തത് നീ ചെയ്തു...’’ എന്ന് ചിലര്‍ പുകഴ്ത്തി.
സംവിധായകന്‍ കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന ബി.ജെ.പി സംസ്ഥാന നേതാവിന്‍െറ തീട്ടൂരം അധികമാരെയും അലട്ടാതിരുന്നപ്പോള്‍ ആ ഒറ്റയാള്‍ നാടകം ഉണ്ടാക്കിയ തിരയിളക്കം ചെറുതല്ല. നാടകത്തെ ആയുധമായി സമീപിക്കുന്ന അലന്‍സിയറുടെ ഭാഷയില്‍ അതൊരു പ്രതിരോധ പ്രവര്‍ത്തനമായിരുന്നു. സിനിമയിലത്തെിയിട്ടും നാടകകാരനാണെന്ന് പറയാന്‍ ഇഷ്ടപ്പെടുന്ന ശ്രദ്ധേയനായ നടന്‍ അലന്‍സിയര്‍ ലെ ലോപ്പസുമായി നടത്തിയ സംഭാഷണം.
സിനിമാ ലോകത്തെ മറ്റുള്ളവര്‍ പ്രതിഷേധസ്വരമുയര്‍ത്താന്‍ മടിക്കുകയോ ഭയക്കുകയോ ചെയ്യുന്ന സമയത്താണ് അലന്‍സിയര്‍ ലെ ലോപ്പസ് അര്‍ധ നഗ്നനായി തെരുവിലിറങ്ങിയത്. ഇങ്ങനെയൊരു വേറിട്ട പ്രതികരണത്തിലേക്ക് എത്തിച്ചേര്‍ന്നതെങ്ങനെ?
ഞാന്‍ ആരോടും പകതീര്‍ക്കാനോ പ്രതികരണശേഷി തെളിയിക്കാനോ കാണിച്ച പരിപാടിയല്ലത്. ഇത് ഞാന്‍ എന്നും ചെയ്യുന്ന കാര്യമാണ്. ഞാന്‍ നാടകപ്രവര്‍ത്തകനാണ് . നാടകപ്രവര്‍ത്തകനായിരുന്ന കാലത്തെല്ലാം ഒട്ടും റിഹേഴ്സലില്ലാതെ, ശീലമുള്ള നാടക രീതികളില്‍നിന്ന് മാറിയിട്ട് ഇത്തരം തെരുവുനാടകങ്ങള്‍ ചെയ്തിട്ടുണ്ട്. ക്രിസ്ത്യന്‍ സഭയോടുള്ള എതിര്‍പ്പുകൊണ്ട് അവരെ ഞെട്ടിച്ച് പള്ളിയില്‍ നാടകം ചെയ്തിട്ടുണ്ട്. അവര്‍ക്കാര്‍ക്കും അത് നാടകമാണെന്ന് മനസ്സിലായില്ല. ബാബരി മസ്ജിദ് പൊളിച്ച പിറ്റേ ദിവസം നിരോധനാജ്ഞയുള്ളപ്പോള്‍ ‘‘അല്ലാഹു അക്ബര്‍, ഈ ഭൂമിക്ക് എന്തോ സംഭവിക്കാന്‍ പോകുന്നു, ഈ രാജ്യത്തിന് എന്തോ സംഭവിക്കാന്‍ പോകുന്നു’’ എന്ന് നിലവിളിച്ച് ആറ് തവണ സെക്രട്ടേറിയറ്റിന് ചുറ്റും ഓടിയിട്ടുണ്ട്. അതിനെ പ്രതിഷേധമെന്നല്ല പ്രാര്‍ഥനയെന്നാണ് ഞാന്‍ പറഞ്ഞത്. അതൊരു പ്ളേ ആയിരുന്നു. അന്നൊന്നും ആരും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. മാധ്യമ ശ്രദ്ധ കിട്ടുകയോ ഞാന്‍ പറഞ്ഞതിന് തുടര്‍ച്ചയുണ്ടാവുകയോ ചെയ്തില്ല. ദേശാഭിമാനിയില്‍പോലും വാര്‍ത്ത വന്നില്ല. പൊലീസുകാര്‍ ഞാനൊരു ഭ്രാന്തനാണെന്ന് വിചാരിച്ചു.
പള്ളിയില്‍ കരിസ്മാറ്റിക് ധ്യാനം നടക്കുമ്പോള്‍, പാതിരിമാര്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ഭിക്ഷക്കാരനായിട്ട് ഒരാളെ ഞാന്‍ കൊണ്ടിരുത്തി. എന്നിട്ട് ധ്യാനത്തില്‍ കേട്ടതെല്ലാം നുണയാണെന്നും അവര്‍ ഭിക്ഷക്കാരനോട് എങ്ങനെയാണ് പെരുമാറുന്നതെന്നും ബോധ്യപ്പെടുത്തി. അതും നാടകമായിരുന്നു. അതൊക്കെ ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പാണ്. എന്‍െറ നാട്ടുകാരനായ എം.എസ്. നസീം എന്ന ഗായകനുണ്ട്. അദ്ദേഹം പരാലിസിസ് വന്ന് കിടപ്പാണിപ്പോള്‍. സംസാരശേഷി പോയി. ദൂരദര്‍ശനില്‍ ആഗസ്റ്റ് പതിനഞ്ചിനും റിപ്പബ്ളിക് ദിനത്തിലും നസീമാണ് ദേശഭക്തി ഗാനം പാടിയിരുന്നത്. ഗുലാം അലിയെ ഇവിടെ പാടാന്‍ അനുവദിക്കില്ളെന്ന് ശിവസേനക്കാര്‍ പറഞ്ഞപ്പോള്‍, അദ്ദേഹത്തെക്കൊണ്ട് ഞങ്ങള്‍ ഗുലാം അലി പാടും എന്നു പറഞ്ഞ് ചുപ്കെ ചുപ്കെ പാടിച്ചു. അതുകൊണ്ട് എനിക്കിതില്‍ പുതുമയൊന്നുമല്ല. നാടക പ്രവര്‍ത്തനത്തിന്‍െറ ഭാഗമാണിത്. ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാനിത്തരം പ്രതിഷേധ രീതി എന്നും പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോ ഇത് ചെയ്തപ്പോള്‍ എല്ലാവര്‍ക്കും അദ്ഭുതം തോന്നുന്നത് ഞാന്‍ സിനിമാനടനായതുകൊണ്ടാണ്. വേറൊരു തരത്തില്‍ ഇങ്ങനെതന്നെ പ്രതികരിക്കാന്‍ നിശ്ചയിച്ചുറപ്പിച്ചതുതന്നെയാണ്.
‘‘നിങ്ങടെ നാവരിഞ്ഞു കളയും, നാടുകടത്തിക്കളയും. നിങ്ങള്‍ ഭരണകൂടം പറയുന്നത് മാത്രം കേട്ടാല്‍മതി. ഭരിക്കുന്നവന്‍െറ ഏറാന്‍മൂളിയായി നില്‍ക്കണം’’ എന്നു പറയുന്ന ജനാധിപത്യ രാജ്യത്ത് ഫാഷിസത്തിന്‍െറ സൂചനകള്‍ വരുമ്പോള്‍ സിനിമ, നാടക പ്രവര്‍ത്തകനെന്ന രീതിയില്‍ എനിക്കത് എങ്ങനെ ആളുകളോട് കമ്യൂണിക്കേറ്റ് ചെയ്യാനാവും? അത് തിയറ്ററിലൂടെ മാത്രമേ സാധിക്കൂ. കാമറയെടുത്ത് ഷൂട്ട് ചെയ്യാന്‍ അറിയുന്ന ആളല്ല ഞാന്‍. ഞാനൊരു നാടകപ്രവര്‍ത്തകനാണ്. എനിക്കറിയാം, ഇതിന്‍െറയൊരു തുടര്‍ച്ചയുണ്ടാകുമെന്ന്. നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയുണ്ടായി. അതുതന്നെയാണ് ഞാനുദ്ദേശിച്ചത്. അതുതന്നെയാണ് വേണ്ടത്. മനുഷ്യര്‍ക്ക് അഭിപ്രായങ്ങളുണ്ടാകണം, എതിരഭിപ്രായങ്ങള്‍ ഉണ്ടാകണം. സംവാദങ്ങള്‍ നടക്കണം. ഇതിനെ ഏകസ്വരമാക്കി മാറ്റിക്കളയാന്‍ തീരുമാനിക്കുന്നയിടത്ത് നമ്മുടെ ബഹുസ്വരത നഷ്ടപ്പെടുകയാണ്. രാധാകൃഷ്ണനോ കമലോ എന്നതല്ല വിഷയം. രാജ്യം ഭരിക്കുന്ന കക്ഷിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരാളുടെ പ്രസ്താവനയെ അത്ര നിസ്സാരമായി കാണാന്‍ പറ്റില്ല.
കാസര്‍കോട്ട് നാടകം കളിച്ചപ്പോഴുണ്ടായ പ്രതികരണങ്ങള്‍ ഏതുരീതിയിലായിരുന്നു?
ആ പ്ളേ അങ്ങനെ പോകുമെന്ന് ഞാന്‍ വിചാരിച്ചില്ല. ബസില്‍ കയറിയിട്ട് എല്ലാവരോടും ഞാന്‍ ചോദിച്ചു നിങ്ങള്‍ അമേരിക്കയിലേക്ക് വരുന്നോ എന്ന്. എല്ലാവരും പറയുന്നു വരുന്നൂന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു മഹാഭാരതത്തിലാരും വേണ്ടേ? എന്നാല്‍ ഞാന്‍ വരുന്നില്ല, ഞാനിവിടെ നില്‍ക്കും. എന്‍െറ ഭൂമിയില്‍നിന്നെന്നെ മാറ്റാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഞാന്‍ ബസില്‍ നിന്നിറങ്ങി. ബസ്സ്റ്റാന്‍ഡില്‍ ഞാന്‍ പെര്‍ഫോമന്‍സ് നടത്തിക്കൊണ്ടിരിക്കെ എതിരെ ഒരാള്‍ നടന്നുവന്നു. അയാള്‍ക്ക് എന്‍െറ നാടകം മനസ്സിലാകുന്നുണ്ട്. എനിക്കറിയാം അയാള്‍ എന്തിനാണ് വരുന്നതെന്ന്. അടുത്തത്തെിയപ്പോള്‍ ഞാനയാളെ ചേര്‍ത്ത് പിടിച്ചു. ‘‘സ്നേഹമാണ് വലുത്. അഭിപ്രായം പറയുന്നതിന്‍െറ പേരില്‍ നാടുകടത്തിക്കളയുന്നത് ശരിയല്ലല്ളോ’’ എന്നു പറഞ്ഞ് ഞാനയാള്‍ക്കൊരു ഉമ്മകൊടുത്തു. അതോടെ അയാള്‍ എന്തിനാണ് വന്നതെന്ന് മറന്നുപോയി. ഇത് അങ്ങോട്ടും ഇങ്ങോട്ടും ചെയ്താല്‍ ലോകത്തെ എല്ലാ പ്രശ്നങ്ങളും തീരും. തെരുവുനാടകം കളിക്കുമ്പോള്‍ എപ്പോഴും അപകടം പ്രതീക്ഷിച്ചിരിക്കണം. കാസര്‍കോട് അപകടം പിടിച്ച സ്ഥലമാണെന്ന് പലരുംപറഞ്ഞിരുന്നു. എനിക്ക് അപകടമൊന്നും സംഭവിച്ചില്ല. ഒരു സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, ‘‘നിങ്ങള്‍ കമലിന്‍െറ പടത്തിലഭിനയിക്കാനുള്ള പരിപാടിയാണ് കാണിച്ചതെന്ന്. അതെ, അതുതന്നെയാണെന്ന് ഞാന്‍ തിരിച്ച് പറഞ്ഞു.
എനിക്ക് വേറൊന്ന് പറയാനുള്ളത് ഈ ദിവസം ഉണ്ടായ ഒരനുഭവത്തെ കുറിച്ചാണ്. സമ്മാനം തന്ന് എന്നെ സുഖിപ്പിക്കാന്‍ വന്ന സുഹൃത്തുക്കളെ കണ്ടു. സ്നേഹത്തിന്‍െറ പ്രതീകമായി സ്വര്‍ണമാല തരാനാണ് അവര്‍ വന്നത്. ഞാനത് സ്വീകരിക്കാന്‍ അത്രമണ്ടനാണോ? ഞാന്‍ പറഞ്ഞു, എനിക്കതിന്‍െറ ആവശ്യമില്ല. നിങ്ങള്‍ക്കെന്നോട് അത്രക്ക് സ്നേഹമുണ്ടെങ്കില്‍ അത് ആര്‍ക്കെങ്കിലും ആവശ്യമുള്ളവര്‍ക്ക് കൊടുത്തേക്കൂ, ഞാന്‍ മാലയിടാറില്ല എന്ന്. കാസര്‍കോട്ടെ അവതരണത്തിന് ശേഷം എന്നെ ബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമം രണ്ട് ഭാഗത്തു നിന്നുമുണ്ടായി. ഒരു ഭാഗത്തുനിന്ന് ഞാന്‍ മുസ്ലിമാണോ ക്രിസ്ത്യാനിയാണോ എന്ന അന്വേഷണം. അതുപോലെതന്നെ മറുഭാഗത്തുനിന്നും. എനിക്ക് പൂര്‍ണ സംരക്ഷണം തരും എന്നു പറഞ്ഞും ആളുകള്‍ വരുന്നു. ഇത് രണ്ടും അപകടകരമാണ്. നമ്മളെ ഏതെങ്കിലും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനാണ് ശ്രമം.
എനിക്ക് എറ്റവും സങ്കടംതോന്നിയ കാര്യം, ഫേസ്ബുക്കില്‍ അനൂപ് മേനോന്‍ എന്ന സഹപ്രവര്‍ത്തകന്‍ എനിക്ക് അനുകൂലമായൊരു പോസ്റ്റ് ഇട്ടു. അവന്‍െറ ഐഡന്‍റിറ്റി ചോദ്യം ചെയ്തും അവനെ വ്യക്തിപരമായി ആക്ഷേപിച്ചും പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു എന്നതാണ്. മാനവികതയാണ് പ്രധാനം. ഫാഷിസം എല്ലാവരിലുമുണ്ട്. ഭൂരിപക്ഷത്തിലെ ന്യൂനപക്ഷവും ന്യൂനപക്ഷത്തിലെ ന്യൂനപക്ഷവുമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ബാക്കിയെല്ലാവരും അനുഭവിക്കുന്നത്.
കമല്‍ നാടുവിട്ട് പാകിസ്താനിലേക്ക് പോകണമെന്ന് ബി.ജെ.പി നേതാവ് പരസ്യമായി പറഞ്ഞതിനെതിരെ സിനിമാമേഖലയില്‍നിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായതായി കണ്ടില്ല..?
ഞാനും സിനിമാ പ്രവര്‍ത്തകനെന്ന രീതിയിലുള്ള പ്രതിഷേധമല്ല നടത്തിയത്. നാടകകാരനെന്ന നിലയിലുള്ള എന്‍െറ പ്രതിഷേധമായിരുന്നു അത്. ഞാന്‍ ആരെയും ന്യായീകരിക്കാന്‍ വേണ്ടി പറയുകയോ അവരുടെ പക്ഷം ശരിയാണെന്ന് പറയുകയോ അല്ല. ഞാന്‍ ചെയ്യുന്നതുപോലെ ലാലേട്ടനോ മമ്മുക്കക്കോ തെരുവിലിറങ്ങി നാടകം കളിക്കാന്‍ പറ്റില്ല. അവരുടെ പ്രതിഷേധം വേറെ തരത്തില്‍ അവര്‍ എവിടെയെങ്കിലുമൊക്കെ പ്രകടിപ്പിക്കുന്നുണ്ടാവും. അവരുടെ സ്പേസ് വേറെയുണ്ടാകും. അതിനൊക്കെ അവര്‍ ആര്‍ജവം കാണിക്കുമെന്നു തന്നെയാണ് വിശ്വാസം. ഇതിപ്പോള്‍ എനിക്ക് എന്തെങ്കിലും ആളുകളോട് കമ്യൂണിക്കേറ്റ് ചെയ്യണമെന്ന് തോന്നുമ്പോള്‍ ഞാന്‍ സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയാണ്. മറ്റുള്ളവര്‍ അത് തുടരണമെന്നോ അതിലേക്ക് വരണമെന്നോ എനിക്ക് അഭിപ്രായമില്ല. അത് അവരവരുടെ ഇഷ്ടം.
സംസാരിക്കേണ്ട എന്ന് വിചാരിച്ചിരിക്കുകയോ സംസാരിക്കാന്‍ ഭയക്കുകയോ ചെയ്യുന്ന ഒരു വിഭാഗം മറ്റൊരു പക്ഷത്തുണ്ട്..?
ഉറപ്പാണ്, അങ്ങനെയൊരു അവസ്ഥയുണ്ട്. നമ്മള്‍ വളരെ സെയ്ഫ് സോണിലാണ് ഇരിക്കുന്നതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ നമ്മുടെ ഇടയിലുണ്ട്. ഭൂരിപക്ഷം പേരും അങ്ങനെയാണ്. ആര്‍ട്ടിസ്റ്റുകളെല്ലാം സേഫ് സോണിലാണെന്ന ധാരണയില്‍ എത്തിയിട്ടുണ്ട്. അതുതന്നെയാണ് അപകടം. അവര്‍ അറിയുന്നില്ല. അടുത്ത വിരല്‍ തങ്ങള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മാത്രമാണ്, തങ്ങളുടെ തലക്കു മുകളില്‍ വാള്‍ വരുമ്പോഴാണ് അറിയുക. സൂചനകള്‍ മനസ്സിലാക്കുന്നില്ളെങ്കില്‍ നിങ്ങള്‍ കലാകാരനല്ല എന്നാണ് എന്‍െറ അഭിപ്രായം. മനുഷ്യര്‍ക്ക് കരയാനെങ്കിലും പറ്റണം. എന്തെങ്കിലുംകണ്ടിട്ട് സങ്കടം തോന്നുകയെന്ന അവസ്ഥയെങ്കിലും ഉണ്ടാകണം. അതല്ലാതെ പോകുന്ന ജീര്‍ണാവസ്ഥയുണ്ടല്ളോ, ശവത്തിനു തുല്യമാണത്. അവനവന്‍ സുരക്ഷിതനായി ഇരിക്കുന്നുവെന്ന് വിശ്വസിച്ച് മറ്റുള്ളവരെക്കുറിച്ച് ഒരു ഉത്കണ്ഠയുമില്ലാതെ മൗനത്തിലിരിക്കുന്നിടത്താണ് അപകടം വന്നു ചേരുന്നത്. അവിടെയാണ് ഫാഷിസം നുഴഞ്ഞുകയറുന്നത്. നിങ്ങള്‍ മൗനിയാകുന്നിടത്താണ് ഫാഷിസം ആരംഭിക്കുന്നത്. അത് എം.എന്‍. വിജയന്‍മാഷ് പണ്ട് പറഞ്ഞതാണ്. നിങ്ങളുടെ അലസതയാണ് അതിന് വളക്കൂറുള്ള മണ്ണായി മാറുന്നതെന്ന് തോന്നുന്നു. ശ്രദ്ധാലുവായില്ളെങ്കില്‍ വരുന്ന അപകടം കമലിന് മാത്രമായിരിക്കില്ല, അടുത്തത് നിങ്ങള്‍ക്കായിരിക്കും.
പാകിസ്താനിലേക്ക് നാടുകടത്തിക്കളയുമെന്നാണ് പറയുന്നത്. അത് കേട്ട് മിണ്ടാതിരിക്കണം. നാടുകടത്തുക എന്നത് പഴയ രാജഭരണകാലത്താണ്. ജനാധിപത്യത്തില്‍ നാടുകടത്തലില്ല. ആരാണ് ഇതിന്‍െറ അതോറിറ്റി? ഇയാള്‍ എന്നാണ് ഹിന്ദുവായത്, ഹിന്ദു എന്നുപറഞ്ഞാല്‍ ആ വാചകത്തിന്‍െറ അര്‍ഥം അറിയ്വോ? അതിന്‍െറ സംസ്കാരം അറിയ്വോ? പേരിന്‍െറ പേരിലല്ളേ ഇങ്ങനെ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഞാന്‍ അലന്‍ നായരാണ്, അലന്‍ മേനോന്‍ എന്ന് പേര് മാറ്റും. പൂണൂല്‍ മുറിച്ചുകളഞ്ഞ് പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയിറങ്ങിയ മനുഷ്യരുടെ സംസ്ഥാനത്താണ് പുതിയ പൂണൂലിട്ട കുറെ പേര്‍ രാജ്യസ്നേഹവും ദേശസ്നേഹവും പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് ആ പ്രസ്താവന നടത്തിയത്. എന്തു രാഷ്ട്രബോധമാണ് ഈ പറഞ്ഞ മനുഷ്യനുള്ളതെന്ന് എനിക്കറിഞ്ഞുകൂടാ.
കമലിനെതിരായ രാധാകൃഷ്ണന്‍െറ പ്രസ്താവന മാത്രമായാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അതിനപ്പുറമുള്ള വിപല്‍ രാഷ്ട്രീയമാനം വേണ്ടത്ര ഗൗരവത്തോടെ വിലയിരുത്തപ്പെടുന്നതായി തോന്നുന്നില്ല..?
കമലും രാധാകൃഷ്ണനും തമ്മിലുള്ള പ്രശ്നമല്ല പ്രധാന വിഷയം. ചില ദു$സൂചനകളാണിത്. ഇത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്നത് നിങ്ങളെ ഏകസ്വരത്തിലേക്ക് എത്തിക്കുകയെന്നതാണ്. ബഹുസ്വരതയാണ് ഭാരതത്തിന്‍െറ മുഖമുദ്ര. ഭാരതം എന്നു പറയുന്നതും ഹിന്ദുത്വം എന്നു പറയുന്നതും വസുധൈവ കുടുംബകം എന്ന സംസ്കാരമാണ്. അതൊരു മതമേയല്ല. അതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്കുകീഴില്‍ കെട്ടേണ്ട, ചിഹ്നത്തിലൊതുക്കേണ്ട സാധനമല്ല. അങ്ങനെയൊതുക്കി നമ്മളെയൊക്കെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഞാന്‍ ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്നയാളാണ്. എന്‍െറ പേര് അലന്‍സിയര്‍ ലെ ലോപ്പസ്. ഞാന്‍ ഇന്ത്യയില്‍ ജനിച്ചവനാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ മതി. വേറൊരുത്തനെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. എന്‍െറ നാടിനോടുള്ള കൂറും നാടിനോടുള്ള വിശ്വാസവും എന്‍െറ മണ്ണിനോടുള്ള ആഴത്തിലുള്ള സ്നേഹവും ഞാന്‍ ഒരുത്തനെയും ബോധ്യപ്പെടുത്തണ്ട. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരന്‍െറയും സര്‍ട്ടിഫിക്കറ്റും എനിക്കുവേണ്ട.
കേരളം ഇങ്ങനെയായിരുന്നില്ല. ഈ സ്ഥിതിയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്ന് നിരീക്ഷിച്ചിട്ടുണ്ടോ?
ഇവിടെ ഭൂരിപക്ഷം എന്നു പറയുന്നത് സംഘികളല്ല. അത് ഒരു ന്യൂനപക്ഷം മാത്രമാണ്. ആ ന്യൂനപക്ഷമാണ് നമ്മളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യരുടെ നന്മയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ജാതിയും മതവും നോക്കാതെ വളരെ സ്നേഹത്തിലാണ് കേരളത്തിലെ ആളുകള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, പൊട്ടിച്ചെറിഞ്ഞ പൂണൂലുകള്‍ വീണ്ടും പിടിമുറുക്കുന്നുവെന്നുണ്ടെങ്കില്‍ അതിന് ഇടതുപക്ഷത്തിന്‍െറ അപചയത്തിനുള്ള സ്ഥാനം വളരെ വലുതാണ്. തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി എം.എല്‍.എയായി വന്നു എന്നുണ്ടെങ്കില്‍ അതിന് ഞാന്‍ പഴിചാരുന്നത് കമ്യൂണിസ്റ്റുകാരെയാണ്. കമ്യൂണിസ്റ്റുകാര്‍തന്നെയാണ് അതിന്‍െറ കാരണക്കാര്‍. നമ്മളു വിചാരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ പഴയതുപോലെയല്ലിപ്പോ. എല്ലാവരുടെയുള്ളിലും സംഘികളുണ്ടെന്നാണ് എന്‍െറ അഭിപ്രായം. പുരോഗമനമുണ്ട്. പക്ഷേ, ഉള്ളിന്‍െറയുള്ളില്‍ ആര്‍.എസ്.എസാണ്. പൂണൂല് പൊട്ടിച്ചുകളഞ്ഞിട്ടും മേനോനും നായരും നമ്പൂതിരിയുമൊന്നും ഉള്ളില്‍നിന്ന് പോയിട്ടില്ല. ഉള്ളില്‍തന്നെ കിടക്കുകയാ. അതു പുറത്തുവരും. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിക്ക് ഇവിടെ വേരോടാന്‍ പറ്റിയത്. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷം അപചയത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.
ഇടതുപക്ഷം എങ്ങനെ കോണ്‍ഗ്രസ്പോലെ, വലതുപക്ഷംപോലെ ആയോ അതുതന്നെയാണ് നാടിന് സംഭവിച്ച ദുരന്തവും. ഇടതും വലതും തുല്യമായി നില്‍ക്കുന്നിടത്ത് മറ്റൊന്നിനെ ആളുകള്‍ സ്വീകരിക്കുകയാണ്. അങ്ങനെയാണ് ഒ. രാജഗോപാല്‍ എം.എല്‍.എ ആയത്. രാജഗോപാല്‍ എന്ന വ്യക്തി എം.എല്‍.എ ആകുന്നതിനോട് എതിര്‍പ്പൊന്നുമില്ല. പക്ഷേ, അത് മുന്നോട്ടുവെക്കുന്ന ഒരാശയമുണ്ട്. ഭാരതത്തിന്‍െറ ബഹുസ്വരതയെ ഏകസ്വരമാക്കി മാറ്റുകയെന്ന അജണ്ടയുണ്ട്. അത് അപകടം പിടിച്ചതാണ്. ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ ന്യൂനപക്ഷ പ്രീണനത്തിലൂടെ വേറൊരു തരത്തില്‍ അതിനെ സഹായിച്ചു. അതില്‍നിന്നെല്ലാം മുതലെടുപ്പ് നടത്തിയത് ബി.ജെ.പിയാണ്. എന്‍െറയൊരു രാഷ്ട്രീയ നിരീക്ഷണം അങ്ങനെയാണ്. സങ്കടമുണ്ട്, പുരോഗമന പ്രസ്ഥാനം എന്നു പറയുന്ന സാധനം ഇന്ന് നിലവിലില്ല എന്ന് പറയേണ്ടിവരുമ്പോള്‍.
രാഷ്ട്രീയക്കാരുടെ കാര്യം നില്‍ക്കട്ടെ, ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മുന്‍കാലങ്ങളില്‍ കലാകാരന്മാരുടെയും എഴുത്തുകാരുടെയും അവര്‍ക്കൊപ്പം സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ശക്തമായ ഇടപെടല്‍ ഉണ്ടായിക്കണ്ടിട്ടുണ്ട്. ഇന്നങ്ങനെ കാണുന്നില്ല..?
ലോകത്ത് എല്ലായിടത്തും ഇങ്ങ നെയൊക്കത്തെന്നെയാണ് സംഭവിച്ചിട്ടുള്ളത്. ദുരന്തങ്ങള്‍ അനുഭവിക്കുമ്പോഴും നമ്മളെ അത് അലട്ടുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. പണ്ടുകാലത്ത് നാടകവേദി വളരെ ശക്തമായിരുന്നു. പ്രതിരോധവും പ്രതിഷേധവും നാടകങ്ങളിലൂടെയാണ് പ്രകടിപ്പിച്ചിരുന്നത്. സിനിമ സംവിധായകന്‍െറയും വേറൊരുതരം കൂട്ടായ്മയുടെയുമൊക്കെ ഉല്‍പന്നമാണ്. നാടകമെന്ന മാധ്യമം അപ്പപ്പോള്‍ പ്രതികരിക്കാന്‍ പറ്റുന്ന സാധനമാണ്. അത് കൃത്യമായി ഉപയോഗിച്ചിട്ടുമുണ്ട്. ലോകത്തെല്ലായിടങ്ങളിലും തിയറ്ററുകള്‍ ഇത്തരം രാഷ്ട്രീയ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അങ്ങനെ എല്ലായ്പോഴും സംഭവിച്ചുകൊള്ളണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍, സംഭവിക്കാതിരിക്കാന്‍ സാധ്യതയില്ല. സംഭവിച്ചിരിക്കും. ഞാനൊരു ഒറ്റയാള്‍ നാടകം നടത്തിയതുപോലെ നമുക്ക് നേരെയുള്ള വാളോങ്ങലും നാടുകടത്തലും വ്യാപകമായി വരുന്ന സമയത്ത് തീര്‍ച്ചയായും പ്രതിരോധം ഉണ്ടാകും. അതിനുള്ള ഊര്‍ജവും ആര്‍ജവവും ഭൂമിക്കുണ്ട്. കലാകാരന്മാര്‍ക്കുണ്ട് എന്നുതന്നെയാണ് വിശ്വാസം. ഇത്തരം പ്രതിഷേധങ്ങളും ബലികൊടുക്കലുകളും ഉണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ഭാരതത്തെക്കുറിച്ച് നെഗറ്റീവ് സെന്‍സല്ല എനിക്കുള്ളത്. ഞാന്‍ വളരെ അഭിമാനത്തോടെ ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ സ്ഥലമായി ഭാരതത്തെ കാണുന്നയാളാണ്. അത് 30 ശതമാനം പേര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള സ്ഥലമല്ല. പക്ഷേ, അവരുടെ നീക്കങ്ങളെ നമ്മള്‍ തിരിച്ചറിഞ്ഞില്ല എന്നുണ്ടെങ്കില്‍ അത് വലിയ അപകടമാണ്. ആര് വേണമെങ്കിലും ഭരിച്ചോട്ടെ, പക്ഷേ അതിന് ബഹുസ്വരതയുണ്ടാകണം. എന്‍െറ മതത്തെ, എന്‍െറ വിശ്വാസത്തെ, എന്‍െറ ആചാരങ്ങളെ ഒക്കെ നിങ്ങള്‍ ബഹുമാനിക്കണം. വസുധൈവ കുടുംബകം എന്നു പറയുന്നത് അതിനെയാണ്.
ദേശസ്നേഹത്തിന്‍െറ പേരിലുള്ള പൊലീസ് വേട്ട സഹിക്കാനാവാതെ കമല്‍ സി. ചവറക്ക് അദ്ദേഹത്തിന്‍െറ പുസ്തകം കത്തിക്കേണ്ടിവന്ന സാഹചര്യത്തിലാണ് നമ്മള്‍ ഫാഷിസത്തെക്കുറിച്ച് സംസാരിക്കുന്നത്?
ഫാഷിസത്തിന് എല്ലായിടത്തും ഒരേ സ്വഭാവമാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയും അധികാരം കിട്ടുമ്പോള്‍ ഫാഷിസ്റ്റായി മാറും. ഞാനൊരു സിനിമാക്കാരനല്ലായിരുന്നെങ്കില്‍ എന്നെ മാവോയിസ്റ്റാണെന്ന് പറഞ്ഞ് വെടിവെച്ചുകൊന്നേനെ. ഞാന്‍ ബസ്സ്റ്റാന്‍ഡില്‍ നാടകം കളിക്കുമ്പോള്‍ അരികില്‍ ഒരു പൊലീസുകാരന്‍ പിന്നിലൊരു വടി മറച്ചുവെച്ച് നില്‍പുണ്ടായിരുന്നു. അധികാരം എല്ലാവരെയും മത്തുപിടിപ്പിക്കും. ഒരുഭാഗത്ത് ചെഗുവേരയുടെ പടംവെച്ച് ആരാധിക്കുകയും അപ്പുറത്ത് മാവോവാദികളെന്നു പറഞ്ഞ് കുറെപേരെ വെടിവെച്ചുകൊല്ലുകയും ചെയ്യുന്നു. എന്ത് ഇടതുപക്ഷമാണിത്? ഭരണകൂടത്തിന്‍െറ സംശയങ്ങളാണ് ഇത്തരം നടപടികളിലേക്ക് എത്തിക്കുന്നത്. ഈ അവസ്ഥ എല്ലാവര്‍ക്കും നേരിടേണ്ടിവന്നേക്കാം. സംഘ്പരിവാറില്‍നിന്ന് മാത്രമല്ല എല്ലാ ഭരണകൂടത്തില്‍നിന്നും വരാം. അതുതന്നെയാണ് ഞാന്‍ ഓര്‍മിപ്പിച്ചത്.
പഴയതുപോലെയല്ല, ഇപ്പോള്‍ അലന്‍സിയറും നാടകകാരന്‍ മാത്രമല്ല. മേല്‍വിലാസം മാറിയിട്ടുണ്ട്. തിരക്കുണ്ട്. അപ്പോള്‍ പ്രതികരിക്കുമ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടായേക്കാം..?
ഇത് ചങ്കൂറ്റത്തിന്‍െറ പ്രശ്നമല്ല. നമ്മള്‍ ജീവിച്ചിരിക്കുന്നുവെന്ന് നമ്മളത്തെന്നെ ബോധ്യപ്പെടുത്തലാണ്. ഞാന്‍ ചില രാത്രികളിലും രാവിലെയും മുറിക്കുള്ളില്‍ കണ്ണാടി നോക്കിയിട്ട് എന്നോടുതന്നെ ചില ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്: നീ ഇന്നലെ ചെയ്തത് ശരിയായിരുന്നോ? അത് അങ്ങനെയായിരുന്നോ വേണ്ടിയിരുന്നത്? നിന്‍െറ ജീവിതംകൊണ്ട് നീ എന്താണ് ഉണ്ടാക്കാന്‍ പോകുന്നത്? അല്ളെങ്കില്‍ എന്താണ് അര്‍ഥമാക്കുന്നത്? ഓരോ പ്രവൃത്തിയും ഞാന്‍ സ്വയം വിശകലനം ചെയ്യാറുണ്ട്. അതുപോലെതന്നെയാണ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ ഞാന്‍ സമൂഹത്തോട് സംസാരിക്കുന്നതും. നേരത്തേ പറഞ്ഞതുപോലെ സെക്രട്ടേറിയറ്റിനു ചറ്റും അലറിവിളിച്ച് കരഞ്ഞോടിയപ്പോള്‍ പറഞ്ഞതിന്‍െറ തുടര്‍ച്ചയായിരുന്നു ബോംബെ കലാപം. അതൊരു മുന്നറിയിപ്പുപോലെ സംഭവിച്ചതാണ്. എനിക്ക് തോന്നുന്നു കലാകാരന്‍ പ്രവാചകതുല്യനായിരിക്കണമെന്ന്.
എല്ലാറ്റിലും ഞാന്‍ കയറി പ്രതിഷേധിക്കാറൊന്നുമില്ല. അതിന്‍െറ ആവശ്യമുണ്ടെന്ന് തോന്നിയിട്ടുമില്ല. എനിക്ക് ചില നിമിഷങ്ങളില്‍ തോന്നും. അതിനെ വെളിപാടെന്നു വേണമെങ്കില്‍ പറയാം. ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന്. അങ്ങനെ തോന്നിയ നിമിഷങ്ങളിലൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്.
ദേശസ്നേഹവും കറന്‍സി പ്രശ്നവും ചര്‍ച്ചകളിലേക്ക് കയറിവന്നപ്പോള്‍ നേരത്തേ കത്തിനിന്നിരുന്ന ദലിത്പീഡനം, തടവുകാരുടെ കൂട്ടക്കൊലപോലുള്ള വിഷയങ്ങള്‍ തമസ്കരിക്കപ്പെട്ടത് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ?
തീര്‍ച്ചയായിട്ടും. രാഷ്ട്രീയക്കാര്‍ക്ക് കൃത്യമായി അറിയാം എന്തൊക്കെയാണ് പൗരന്‍െറ മുന്നില്‍ ഇട്ടുകൊടുക്കേണ്ടതെന്ന്. പല കാര്യങ്ങളും നമുക്ക് മുന്നിലേക്ക് ഇട്ടുതരുന്നത് അതിനെക്കാള്‍ പ്രാധാന്യമുള്ള പലതും മറയ്ക്കാനാണ്. അപ്പുറത്തൊരു സിംഹം മനുഷ്യനെ കൊന്നുതിന്നുകയായിരിക്കും. പക്ഷേ, നമ്മുടെ മുന്നിലേക്ക് ഒരു പൂച്ചക്കുട്ടിയെ ഇട്ടുതരും. നമ്മള്‍ ഈ പൂച്ചക്കുട്ടിയുമായി വട്ടം കറങ്ങിക്കൊണ്ടിരിക്കും.
കലയും ജീവിതവും
നാടക, പ്രതിരോധജീവിതത്തിലേക്ക് എത്തിച്ചേരുന്നതിന് ദേശത്തിന്‍െറയൊ ജീവിതാന്തരീക്ഷത്തിന്‍െറയോ സ്വാധീനമുണ്ടായോ?
1946ല്‍ എന്‍െറ നാട്ടില്‍ ജയ്ഹിന്ദ് എന്നപേരില്‍ വായനശാലയുണ്ടായി. സിംഗപ്പൂരില്‍ ജോലി ചെയ്ത കുറെ ചെറുപ്പക്കാര്‍ സ്വാതന്ത്ര്യസമരത്തോടും സുഭാഷ് ചന്ദ്രബോസിനോടുമുള്ള ആഭിമുഖ്യംകൊണ്ടാണ് ജയ്ഹിന്ദ് ഗ്രന്ഥശാലയെന്ന് അതിന് പേരിട്ടത്. ആ വായനശാല കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. ഇന്നുണ്ടാക്കാന്‍ പ്രയാസമാണ് അങ്ങനെയൊരു കെട്ടിടവും പുസ്തകശേഖരവും. അടുത്ത പ്രദേശങ്ങളെല്ലാം ക്രിസ്ത്യന്‍ സമൂഹത്തിന് ഭൂരിപക്ഷമുള്ളതാണ്. അവിടെയെല്ലാം വിശുദ്ധരുടെയോ വിശുദ്ധകളുടെയോ പേരിലാണ് ഗ്രന്ഥശാലകളുണ്ടായത്. ജയ്ഹിന്ദ് വായനശാലയില്‍ എല്ലാവര്‍ഷവും ക്രിസ്മസ് കാലത്ത് നാടക മത്സരം നടത്തിയിരുന്നു. എന്‍െറ അപ്പൂപ്പന്‍െറ പേരിലാണത്. ലിയോണ്‍ ലോപ്പസ് മെമ്മോറിയല്‍ അമേച്വര്‍ നാടകമത്സരം. ഏഴ് ദിവസം നീളും. ഒരു ഗ്രാമം മുഴുവന്‍ ഓലകൊണ്ട് വളച്ചുകെട്ടിയ പന്തലിലേക്ക് ടിക്കറ്റെടുത്താണ് നാടകം കാണാന്‍ വന്നിരുന്നത്. അങ്ങനെ സ്കൂള്‍ കാലങ്ങളില്‍ കണ്ട് ശീലിച്ച നാടകങ്ങളില്‍നിന്നാണ് എന്നിലെ നാടകകാരന്‍ ഉണ്ടായത്. മൂന്നാംക്ളാസ് കാലം മുതല്‍ നാടകങ്ങള്‍ കണ്ട ഓര്‍മയെനിക്കുണ്ട്. 27 വര്‍ഷം തുടര്‍ച്ചയായി ഈ നാടകമത്സരം നടന്നു.
അച്ഛന്‍ സാമൂഹിക പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. മദ്യവിരുദ്ധ പ്രവര്‍ത്തകനെന്നു വേണമെങ്കില്‍ പറയാം. പള്ളിയുടെ ആളായിരുന്നു. അത്തരം അവസ്ഥകളില്‍നിന്നാണ് ഞാന്‍ വേറിട്ട ജീവിതരീതിയിലേക്ക് വരുന്നത്. എന്‍െറ നാട്ടിലെ വായനശാലയില്‍നിന്നാണ് ഞാന്‍ സ്റ്റേജില്‍ കയറി അഭിനയത്തിനുള്ള ആത്മബലം ഉണ്ടാക്കുന്നതും അംഗീകരിക്കപ്പെട്ട നടനാകുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും. അവിടെ കണ്ട നാടകങ്ങള്‍ ഞാന്‍ സ്കൂളില്‍ പോയി അഭിനയിക്കും. നാടകം കാണണമെന്നുണ്ടെങ്കില്‍ കുട്ടികള്‍ എനിക്ക് കല്ലുപെന്‍സില്‍ തരണം. നാടകാഭിനയത്തില്‍നിന്നുള്ള എന്‍െറ ആദ്യത്തെ സമ്പാദ്യം ഈ കല്ലുപെന്‍സിലുകളാണ്. അന്ന് ഏറ്റവും കൂടുതല്‍ സ്ളേറ്റ് പെന്‍സിലുകളുടെ ശേഖരമുണ്ടായിരുന്നത് എനിക്കായിരുന്നു. അത് ഇല്ലാത്തവര്‍ക്കൊക്കെ ഞാന്‍ കൊടുക്കുമായിരുന്നു. പിന്നെയെനിക്ക് സമ്പാദ്യമുണ്ടാകുന്നത് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിഫലം രൂപയായി കിട്ടിത്തുടങ്ങിയപ്പോഴാണ്.
നിങ്ങളുടെ പേരില്‍ അസാധാരണത്വവും വൈദേശിക ചുവയുമുണ്ടല്ളോ. കുടുംബം?
നാട് തിരുവനന്തപുരത്ത് കണിയാപുരത്തിന്‍െറ പടിഞ്ഞാറുഭാഗത്ത് പുത്തന്‍തോപ്പാണ്. പണ്ട് 16ാം നൂറ്റാണ്ടില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാനത്തെിയ പോര്‍ചുഗീസ് മിഷനറിമാര്‍ മുത്തച്ഛന്മാരെ മതം മാറ്റിയപ്പോള്‍ കിട്ടിയ പേരുകളും കുടുംബപ്പേരുകളുമാണ് പിന്നീട് അതിന്‍െറ തുടര്‍ച്ചയായി ഞങ്ങളിലേക്ക് എത്തിയത്. അച്ഛന്‍െറ പേര് അനു ക്ളീറ്റസ് ലോപ്പസ്, അമ്മ ലിറ്റില്‍ഫ്ളവര്‍. ചെറുപുഷ്പം എന്നാണ് വിളിച്ചിരുന്നത്. ഇതല്ലാതെ പോര്‍ചുഗീസ് സംസ്കാരത്തിന്‍െറ മറ്റ് അംശങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഭാര്യ സുശീല ജോര്‍ജ് സ്കൂള്‍ അധ്യാപികയാണ്. രണ്ട് ആണ്‍മക്കളാണ് എനിക്ക്. പ്ളസ്ടുവിന് പഠിക്കുന്ന മൂത്ത മകന്‍ അലന്‍ സാവിയോ ലോപ്പസ് ഇത്തവണ ജില്ല സ്കൂള്‍ കലോത്സവത്തില്‍ മികച്ച നടനായിരുന്നു. ഒരു ഷോട്ട് ഫിലിമും എടുത്തിട്ടുണ്ട്. ഒമ്പതാം ക്ളാസുകാരനായ രണ്ടാമത്തെയാള്‍ അലന്‍ സ്റ്റീവ് ലോപ്പസ് എന്‍െറ അച്ഛനെപ്പോലെ ചിത്രകാരനും ഫുട്ബാള്‍ കളിക്കാരനുമാണ്.
അഭിനേതാവിന്‍െറയും റിബലിന്‍െറയും മനസ്സ് ചെറുപ്പത്തിലേ ഉണ്ടായിരുന്നതായി തോന്നുന്നു.
സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചറ് ചോദിക്കും എന്താവാനാണ് ആഗ്രഹമെന്ന്. അപ്പോള്‍ ഞാന്‍ പറയാറുള്ളത് രണ്ടാഗ്രഹമേയുള്ളൂ. ഒന്ന് നടനാകണം, അല്ളെങ്കിലൊരു പാതിരിയാകണമെന്നാണ്. എന്തുകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞതെന്ന് ഇപ്പോഴുമറിയില്ല. നടനാകണമെന്നത് സത്യം. പക്ഷേ, പാതിരിയാകണമെന്ന് എന്തിനാണ് ഞാന്‍ പറഞ്ഞത്? ടീച്ചര്‍മാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ, എന്‍െറ കള്ളത്തരം ഒളിപ്പിച്ചുവെക്കാനാണോ? അതോ പാതിരിയിലും ഒരു നടനുണ്ടല്ളോ, അതാണോ? എന്തായാലും അഭിനയംതന്നെയാണ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. അതുതന്നെയാണ് സംഭവിച്ചതും. ഞാന്‍ ആറിലും ഏഴിലും പഠിക്കുമ്പോള്‍തന്നെ പിള്ളേരെല്ലാം കൂടി നേതാജി തിയറ്റേഴ്സ് എന്ന പേരില്‍ നാടകസംഘമുണ്ടാക്കി, വായനശാലക്ക് ബദലായിട്ട്. സുഭാഷ് ചന്ദ്ര ബോസ് ഞങ്ങളുടെ നാട്ടില്‍ വലിയ കക്ഷിയായിരുന്നു. നേതാജിയുടെ ജന്മദിനത്തില്‍ നാട്ടിലിറങ്ങി പിരിവെടുത്ത് നാടകം കളിക്കുമായിരുന്നു. സി.എല്‍. ജോസിന്‍െറയൊക്കെ നാടകമെടുത്ത് ഞങ്ങള്‍ തന്നെ അഭിനയിക്കും.
എന്‍െറ നാട്ടില്‍ സ്ഥിരം പരിപാടിയെന്നു പറയുന്നത് ഡിഗ്രി കഴിഞ്ഞാല്‍ സര്‍ക്കാറുദ്യോഗം വാങ്ങിച്ച് പോവുക, അതുമല്ളെങ്കില്‍ പത്താം ക്ളാസ് തോറ്റാല്‍ ഗള്‍ഫിലേക്ക് പോവുക എന്നതാണ്. അതായിരുന്നു നാട്ടുനടപ്പ്. കല്യാണം കഴിക്കുന്നതിനു മുമ്പ് പ്രേമിച്ചു നടന്ന കാലത്ത് ഞാന്‍ അവളോട് പറഞ്ഞത് ഒറ്റ വ്യവസ്ഥയേയുള്ളൂ. ഞാനിത് രണ്ടും ചെയ്യില്ല. അതിനു സമ്മതമാണെങ്കില്‍, അതിന്‍െറ മുഴുവന്‍ ദാരിദ്ര്യവും കടങ്ങളും സങ്കടങ്ങളും ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാം. അവളതിന് സമ്മതിച്ചു. വാക്ക് പാലിച്ചു. ഞാനും അങ്ങനെ ചെയ്തു. ഞാനഭിനയിച്ചുകൊണ്ടിരിക്കയാണ്. അവള്‍ കണക്ക് അധ്യാപികയാണ്. അവളുടെ കണക്കുകള്‍ ശരിയായതുകൊണ്ടാണ് എന്‍െറ കണക്ക് തെറ്റാതെ ഇത്രയും കാലം പോയത്.
വീട്ടിലെ സാഹചര്യം കലാജീവിതത്തിന് അനുകൂലമായിരുന്നോ?
സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സാമ്പത്തികമായി സുരക്ഷിതത്വമുണ്ടായിരുന്നു. അന്ന് ജീവിക്കാന്‍ അത്രക്ക് വരുമാനും വേണ്ട. അച്ഛന്‍ പല തൊഴിലുകളും ചെയ്തിട്ടുണ്ട്. എന്‍െറ കുട്ടിക്കാലത്ത് അദ്ദേഹം പുനലൂരിലെ എതോ കമ്പനിയില്‍ ജോലിചെയ്തിട്ടുണ്ട്. അദ്ദേഹം കൃഷിപ്പണിക്കാരനുമായിരുന്നു. ഞങ്ങള്‍ക്ക് ഭൂമിയുണ്ട്. പശുവളര്‍ത്തലായിരുന്നു പ്രധാനം. ഞങ്ങള്‍ക്കന്ന് ഏഴോ പത്തോ പശുക്കളുണ്ടായിരുന്നു. കൂടാതെ അച്ഛനൊരു ആര്‍ട്ടിസ്റ്റുകൂടിയായിരുന്നു. പള്ളിയിലെ പെരുന്നാളുകള്‍ക്ക് അലങ്കാരപ്പണികള്‍ ചെയ്യുന്ന ആളായിരുന്നു. അച്ഛന്‍ കടലാസുകൊണ്ട് പൂക്കളുണ്ടാക്കുന്നതൊക്കെ എനിക്ക്് നല്ല ഓര്‍മയുണ്ട്. അദ്ദേഹം ചാലയില്‍നിന്ന് പേപ്പര്‍ വാങ്ങിക്കൊണ്ടുവന്ന് അത് മുറിച്ച് പല ഡിസൈനാക്കി പൂക്കളുണ്ടാക്കും. ആ കരവിരുത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. നാട്ടിലെ അറിയപ്പെടുന്ന ഫുട്ബാളറുമായിരുന്നു അച്ഛന്‍. ഇടതുകാല്‍കൊണ്ട് ഫുട്ബാള്‍ കളിക്കുകയും വലതു കൈകൊണ്ട് പൂക്കളുണ്ടാക്കുകയും ചെയ്യും. അദ്ദേഹം പള്ളിയുടെ ആളായിരുന്നതുകൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു . ആ കമ്യൂണിസ്റ്റ് വിരുദ്ധത അന്ന് രാഷ്ട്രസ്നേഹമായിരുന്നു. മതസ്നേഹവുമായിരുന്നു. ദേശീയത എന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് ഇല്ളെന്ന് അവര്‍ക്കു തോന്നിയതുകൊണ്ടാവും അവരതിനെ എതിര്‍ത്തത്.
ഗൗരവമുള്ള നാടകപ്രവര്‍ത്തനം തുടങ്ങുന്നത് എപ്പോഴാണ്?
ഡിഗ്രിക്ക് പഠിച്ചത് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലാണ്. അവിടെയത്തെിയപ്പോഴാണ് ഞാന്‍ അതുവരെ ചെയ്ത നാടകങ്ങള്‍ ഒന്നും അല്ല, നാടകത്തിന് വേറെ രീതികളുണ്ടെന്നും അത് കളിക്കാനുള്ളതല്ളെന്നും പഠിക്കാനുള്ളതാണെന്നും ഗൗരവമുള്ളതാണെന്നും മനസ്സിലാക്കുന്നത്. അവിടെ അധ്യാപകരായി നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രന്‍, വി.പി. ശിവകുമാര്‍ ഇവരൊക്കെയുണ്ട്. ഇവരുടെ നേതൃത്വത്തില്‍ അന്ന് കാമ്പസ് തിയറ്റര്‍ എന്ന സംഘമുണ്ടായിരുന്നു. അത് വലിയ സംഘമായിരുന്നു. അന്ന് കേരളത്തിലങ്ങിങ്ങോളം കാമ്പസ് തിയറ്റര്‍ പ്രസ്ഥാനം ഉണ്ടായിരുന്നു. ഊര്‍ജസ്വലമായ യൗവന കാലം. പ്രതികരിക്കാന്‍ നാടകം ഉപയോഗിക്കാം. നാടകം ഒരായുധമാണ് എന്ന് തിരിച്ചറിഞ്ഞ കാലഘട്ടമാണത്. ഇന്ത്യയില്‍ ടി.വി എന്ന മാധ്യമം തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ഞങ്ങള്‍ കളിക്കൂട്ടം എന്നപേരില്‍ നാടകസംഘമുണ്ടാക്കി. കവി അന്‍വര്‍ അലി, കഥാകൃത്തുക്കളായ വിനയന്‍, ഷുജാദ്, വാള്‍ട്ടര്‍, പി.കെ. രാജശേഖരന്‍, സന്തോഷ് രാജശേഖരന്‍, റുബിന്‍ ഡിക്രൂസ്, മരിച്ചുപോയ ലാല്‍ ഇങ്ങനെ ഒരുപാടുപേര്‍ ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നു. ആസമയത്ത് കേരളത്തില്‍ പരീക്ഷണനാടകങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. പിന്നെ ഞാന്‍ ഭരതഗൃഹം എന്ന നാടക സംഘത്തിലാണ് കുറെക്കാലം പ്രവര്‍ത്തിച്ചത്. ആ സമയത്ത് ഞങ്ങളെ നാടകം പഠിപ്പിക്കാന്‍ കെ. രഘു എന്ന നാടകപ്രവര്‍ത്തകന്‍ വന്നിരുന്നു. നടന്‍െറ ശരീരമാണ് സംവദിക്കേണ്ടത് എന്ന് പറയുന്ന ഫിസിക്കല്‍ തിയറ്ററിന്‍െറ ആളായിരുന്നു അദ്ദേഹം. രഘുസാറ് വന്നിട്ടാണ് ഞങ്ങള്‍ ജോണ്‍ എബ്രഹാമിന്‍െറ ‘ചെന്നായ്ക്കള്‍, ചെന്നായ്ക്കള്‍’ എന്ന നാടകം ചെയ്യുന്നത്. ‘മുഖം’എന്ന സാറിന്‍െറ സ്ക്രിപ്റ്റും നാടകമാക്കി. അതെല്ലാം അന്നുവരെ കണ്ട് ശീലിച്ചിട്ടാത്ത വേറൊരുതരം അവതരണങ്ങളായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പോകണമെന്ന് ആഗ്രഹിച്ചയാളാണ് ഞാന്‍. അങ്ങനെയൊരു സ്ഥാപനം ഉണ്ടെന്നും നാടകം കൂടുതല്‍ പഠിക്കേണ്ട വിഷയമാണെന്നും ഞാന്‍ മനസ്സിലാക്കുന്നത് നാടകക്കളരികളില്‍ പങ്കെടുക്കുമ്പോഴാണ്. വീട്ടില്‍ പറഞ്ഞാല്‍ നടക്കില്ല എന്നെനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് പറയാനുള്ള ധൈര്യവുമുണ്ടായില്ല. പക്ഷേ, ഞാന്‍ എത്തിപ്പെട്ടത് വലിയ നാടക സര്‍വകലാശാലയിലേക്കായിരുന്നു.
നരേന്ദ്ര പ്രസാദ് ഉള്‍പ്പെടെയുള്ള അധ്യാപകരും നാടകപ്രവര്‍ത്തകരുമായുണ്ടായ അടുപ്പം നാടകവഴിയില്‍ വലിയ പ്രചോദനമായിട്ടുണ്ടാകണം..?
പ്രസാദ്സാറിന്‍െറ നാടകക്കളരികളില്‍ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തിന്‍െറ നാടകങ്ങളിലൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. സാറുമായിട്ട് വലിയ സൗഹാര്‍ദം ഉണ്ടായിരുന്നു. അധ്യാപകനും വിദ്യാര്‍ഥിയും എന്നതിനപ്പുറമുള്ളതായിരുന്നു അത് . വ്യക്തിജീവിതത്തിലെ പലകാര്യങ്ങളും അദ്ദേഹവുമായി പങ്കുവെക്കുമായിരുന്നു. അദ്ദേഹം സിനിമാ നടനായ ശേഷവും എന്നെ കുറെക്കാലം കൂടെകൊണ്ടു നടന്നു. അതെനിക്ക് ഒരുപാട് ഗുണം ചെയ്തു. സാറുമായിട്ടുള്ള സംവാദങ്ങളും തര്‍ക്കങ്ങളും ഒക്കെയാണ് എന്നെ നിങ്ങളുടെ മുന്നിലിരുന്ന് വര്‍ത്തമാനം പറയാന്‍ പ്രാപ്തനാക്കിയത്. തിരുവനന്തപുരത്തെ എന്‍െറ ആദ്യത്തെ നാടകം, കണ്ണൂര്‍ ജില്ലയിലെ അന്നൂരുകാരനായ സി.പി. കൃഷ്ണകുമാര്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ സംവിധാനം ചെയ്തതാണ്. അദ്ദേഹത്തെയാണ് ഞാന്‍ എന്‍െറ ഗുരുനാഥന് തുല്യമായി കാണുന്നത്. നാടകത്തിന് വേറൊരുതരം ഭാഷ്യമുണ്ടെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. എന്നിലെ നടന്‍െറ ശേഷി ആദ്യമായി ഉപയോഗിച്ച ആ മനുഷ്യനാണ് കേരളത്തിലെ നാടകവേദിക്ക് എന്നെ പരിചയപ്പെടുത്തിയത്. മാക്ബത്തിനെ ‘ധര്‍മാളന്‍െറ പ്രജകള്‍’ എന്നപേരില്‍ അദ്ദേഹം പുനരാവിഷ്കരിച്ചു.
തിരുവനന്തപുരത്ത് ആ നാടകം അവതരിപ്പിക്കുമ്പോള്‍ പ്രസാദ് സാര്‍ കാണാനത്തെിയിരുന്നു. ഞാനന്ന് യൂനിവേഴ്സിറ്റി കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. അവതരണത്തിനിടെ സെറ്റ് മറിഞ്ഞു വീണും മറ്റും നാടകം പൊളിഞ്ഞു പാളീസായി. ഞങ്ങളെല്ലാം നിരാശരായി നില്‍ക്കുമ്പോള്‍ സാറ് അടുത്തേക്ക് വന്നിട്ട് പറഞ്ഞു: ‘‘ഞാന്‍ നരേന്ദ്രപ്രസാദ്’’ ഞാന്‍ അതിനു മുമ്പ് അദ്ദേഹത്തെ കണ്ടിട്ടേയില്ല. നീ എന്തുചെയ്യുന്നു എന്ന് എന്നോട് ചോദിച്ചു. ഞാന്‍ യൂനിവേഴ്സിറ്റി കോളജിലാണെന്ന് പറഞ്ഞു. ‘‘ഞാന്‍ നിന്‍െറ അധ്യാപകനാണ്. എനിക്ക് നിന്നെ വേണം’’ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. ആ നാടകത്തില്‍ പ്രധാനപ്പെട്ടൊരു വേഷം അഭിനയിച്ച വൈക്കം മണി സാറ് പഴയ പാട്ട് നാടകങ്ങളുടെ കാലം മുതല്‍ മലയാള നാടകവേദിയില്‍ ഉണ്ടായിരുന്നയാളാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് ഭാഗ്യമാണ്. മലയാള നാടകവേദിയുടെ ചരിത്രം വൈക്കം മണിസാറില്‍ നിന്ന് തുടങ്ങണം. പാട്ട് നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്ത് മണിസാറിന് ശിവാജി ഗണേശനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. എന്നാല്‍, ആ വര്‍ഷത്തേക്ക് 17 രൂപക്ക് ഒരു നാടക കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിനാല്‍ ഞാന്‍ നാടകം കളിച്ചോളാം സിനിമ വേണ്ട എന്ന് പറഞ്ഞയാളാണ്. അവരാണ് നമ്മുടെ മാതൃക. കമിറ്റ്മെന്‍റ് എന്നു പറയുന്നത് അതാണ്. അദ്ദേഹത്തിന് അവസാനം വയസ്സുകാലത്ത് സ്വയം ജീവിതം ഉപേക്ഷിക്കേണ്ടിവന്നു. ഒരു നാടകകാരന്‍െറ ദുരന്തം ഞാന്‍ കണ്ടത് അങ്ങനെയാണ്. അവരെല്ലാം മുന്നില്‍ നില്‍ക്കുമ്പോഴാണ് നമ്മള്‍ സെയ്ഫ് സോണില്‍ ഇരുന്ന് വലിയ വര്‍ത്തമാനം പറയുന്നത്.
കാമ്പസുകളില്‍ രാഷ്ട്രീയം സജീവമായിരുന്ന കാലത്താണ് നിങ്ങള്‍ യൂനിവേഴ്സിറ്റി കോളജിലത്തെുന്നത്. അങ്ങനെയെന്തെങ്കിലും അനുഭവങ്ങള്‍?
രാഷ്ട്രീയ സംഘടനകളോട് ചേര്‍ന്ന പരിപാടികള്‍ക്കൊന്നും ഞാനുണ്ടായിരുന്നില്ല. കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് അനുഭാവമുള്ളവരായിരുന്നു. ചുവപ്പ് കൊടി കണ്ടാല്‍ കീറിക്കളയുന്നയാളായിരുന്നു അച്ഛന്‍. പക്ഷേ, ഇടതുപക്ഷമാണ് കുറച്ച് മാനവികതയുള്ള സംഘം എന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഇടതുപക്ഷ അനുഭാവത്തിലേക്ക് വന്നു. ശ്രീനാരായണ ഗുരു വിതച്ചിട്ട് പോയത് ഇടതുപക്ഷം കൊയ്തു എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്നാല്‍, ഞാന്‍ എസ്.എഫ്.ഐയില്‍ മെംബറൊന്നും ആയിരുന്നില്ല. അവരുടെ ജാഥയില്‍ സ്ഥിരമായി പങ്കെടുത്തിട്ടില്ല. പക്ഷേ, എനിക്ക് ചേരേണ്ടത് എന്നു തോന്നുന്ന ജാഥകളിലൊക്കെ ഞാന്‍ പങ്കെടുക്കുകയും ചെയ്തു. ഞാന്‍ ഒരാളെയും തല്ലാന്‍ പോകുന്ന ആളായിരുന്നില്ല. എ.ഐ.വൈ.എഫ്കാരനെ തല്ലാന്‍ പോകുന്ന എസ്.എഫ്.ഐക്കാരെ എനിക്ക് നല്ളോണം അറിയാം. ഞാന്‍ കളിച്ച നാടകത്തിന് ഒന്നാംസ്ഥാനം കിട്ടുകയും എന്നെ യൂനിവേഴ്സിറ്റി കോളജിലെ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടും എസ്.എഫ്.ഐ മെംബറല്ല എന്നുള്ളതിന്‍െറ പേരില്‍ യൂനിവേഴ്സിറ്റി ഫെസ്റ്റിലേക്ക് വിടാത്തതും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അതും ഫാഷിസമാണ്. എന്നാലും ഞാന്‍ ഇടതുപക്ഷ അനുഭാവിയായി. അങ്ങനെതന്നെയാണ് ഇപ്പോഴും. ഇടതുപക്ഷത്തിന് എവിടെയാണോ അപചയം സംഭവിക്കുന്നത് അവിടെയാണ് ഫാഷിസം വരുന്നത്. സ്വയം വിചിന്തനം നടത്തിയില്ല എന്നുണ്ടെങ്കില്‍ ഇടതുപക്ഷം നശിച്ചുപോകും. എവിടെയൊക്കെയോ നന്മകള്‍ ഉള്ളൊരു പ്രസ്ഥാനമാണത്. ഇന്ന് മനുഷ്യരെല്ലാം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന കാലമാണിത്. മാര്‍ക്സിറ്റുകാരും അങ്ങനെ വിചാരിക്കുന്നുണ്ട് എന്നാണെന്‍െറ തോന്നല്‍. അധികാരമായി മാറിയപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ദുഷിച്ചു. ഈ ദുഷിപ്പിനെ പ്രതിരോധിക്കാന്‍ പുതുതലമുറക്കെങ്കിലും പറ്റണം. അങ്ങനെയല്ളെന്നുണ്ടെങ്കില്‍ നാടുകടത്തലുകള്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.
കോളജ് കാലം കഴിഞ്ഞയുടനെ മുഴുസമയ നാടകപ്രവര്‍ത്തകനാവുകയായിരുന്നോ?
കോളജ് കഴിഞ്ഞിട്ടുള്ള ജീവിതം നാടകം കളിതന്നെയായിരുന്നു. കാവാലം നാരായണപ്പണിക്കര്‍ സാറിന്‍െറ സംഘത്തില്‍ അംഗമായി. പിന്നെ തിരുവനന്തപുരത്ത് അന്നുണ്ടായിരുന്ന ഒട്ടു മിക്ക നാടക സംഘങ്ങളിലും ഞാനുണ്ടായി. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പോകാന്‍ കഴിഞ്ഞില്ളെങ്കിലും അക്കാദമിക്കലല്ലാത്ത വിഭിന്നമായ ശൈലികളില്‍ നാടകം അവതരിപ്പിക്കുന്ന സംഘങ്ങളില്‍ അഭിനയിക്കാന്‍ പറ്റിയത് വലിയ ഗുണമായി. പി.കെ. വേണുക്കുട്ടന്‍ സാര്‍, വയലാ വാസുദേവന്‍ പിള്ള സാര്‍, കെ. രഘു സാര്‍, സി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പഠിപ്പിച്ച നാടകങ്ങളില്‍ അഭിനയിക്കാന്‍ പറ്റി. സി.പി. കൃഷ്ണകുമാറിന്‍െറയും കെ. രഘുസാറിന്‍െറയും നാടക രീതിയാണ് ഞാനിത്തരം പൊട്ടന്‍ നാടകങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നിങ്ങളൊരു വിഷയം കമ്യൂണിക്കേറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് റിഹേഴ്സലും തയാറെടുപ്പുകളൊന്നും വേണ്ട. ഗറില തിയറ്റര്‍പോലെ ചെന്നിറങ്ങി ആക്രമിച്ച് പോകാം. ഇത് യൂറോപ്പിലെല്ലാമുള്ള നാടകരീതിയാണ്. ഇവിടെയും സുരാസുവൊക്കെ പണ്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നുണ്ട്. പുതുതലമുറക്ക് അതിനെക്കുറിച്ച് അറിയില്ല. അതുകൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ഇനിയുള്ള കാലത്ത് ഇത്തരം പ്രതികരണ രീതിക്ക് വളരെയധികം സാധ്യതയുണ്ട്.
സിനിമയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?
ഞാനാദ്യമായി അഭിനയിച്ച സിനിമ ‘സഖാവ്: വിപ്ളവത്തിന്‍െറ ശുക്രനക്ഷത്രം’ എന്ന പി.എ. ബക്കറിന്‍െറ പടമായിരുന്നു. നാടക പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് കൃഷ്ണപിള്ളയെക്കുറിച്ച ആ സിനിമയെടുത്തത്. കൃഷ്ണപിള്ളയായി അഭിനയിച്ചത് കഴക്കൂട്ടം പ്രേംകുമാറായിരുന്നു. കൃഷ്ണപിള്ളയുടെ മന$സാക്ഷി സൂക്ഷിപ്പുകാരനായ മാത്യൂസ് എന്ന കഥാപാത്രമായിട്ടാണ് ഞാനഭിനയിച്ചത്. ആ സിനിമ പുറത്തുവന്നില്ല. അതു കഴിഞ്ഞ് റിലീസാകുന്ന പടം 18 വര്‍ഷം മുമ്പ് വേണു സംവിധാനം ചെയ്ത ‘ദയ’ ആണ്. അതിലൊരു ഒറ്റസീന്‍ വേഷമായിരുന്നു. സംവിധായകന്‍ വേണുവിന്‍െറ സൃഹൃത്തുക്കളായിരുന്ന അന്‍വര്‍ അലി, ഏഷ്യാനെറ്റിലെ ജോസ് തോമസ് എന്നിവര്‍ എന്നെ പരിചയപ്പെടുത്തിയതുകൊണ്ടാണ് അതില്‍ അഭിനയിക്കാന്‍ പറ്റിയത്.
തുടര്‍ന്നങ്ങോട്ട് ആര്‍ട്ട് സിനിമകളില്‍ ഒരുപാട് ഒറ്റസീന്‍ വേഷങ്ങള്‍ ചെയ്തു. അവിടന്നാണ് സിനിമയുടെ അഭിനയ രീതി വേറൊന്നാണ് പഠിക്കാന്‍ പറ്റിയത്. എം.പി. സുകുമാരന്‍ നായരുടെ ‘ശയനം’ മുതല്‍ ‘ജലാംശം’ വരെയുള്ള സിനിമകളില്‍ അഭിനയിച്ചു. അത് വേറൊരു തരം കളരിയായിരുന്നു. അതിന്‍െറ തുടര്‍ച്ചയായി രാജീവ് വിജയരാഘവന്‍െറ ‘മാര്‍ഗം’, കെ.ആര്‍. മനോജിന്‍െറ ‘കന്യക ടാക്കീസ്’, രാജീവ് രവിയുടെ ‘അന്നയും റസൂലും’ എന്നീ സിനിമകളിലും അവസരം കിട്ടി. രാജീവ് രവിയുടെ ‘സ്റ്റീവ് ലോപ്പസാണ്’ നടനെന്ന നിലയില്‍ എന്നെ സിനിമയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഈ സിനിമയിലെ വേഷമാണ് ‘മഹേഷിന്‍െറ പ്രതികാര’ത്തില്‍ അഭിനയിപ്പിക്കാന്‍ ദിലീഷിനെ പ്രേരിപ്പിച്ചത്. ഫഹദ് ഫാസിലാണ് എന്നെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. അവിടന്നാണ് എന്നെ മമ്മുക്ക ‘കസബ’യിലേക്ക് കൊണ്ടുപോകുന്നത്. പിന്നെ ‘തോപ്പില്‍ ജോപ്പന്‍’. ‘മണ്‍സൂണ്‍ മാംഗോസി’ല്‍ അഭിനയിക്കാന്‍ എന്നെ സംവിധായകന് പരിചയപ്പെടുത്തിയതും ഫഹദ് ഫാസിലാണ്. അങ്ങനെ മുഖ്യധാരാ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ഉണ്ടാകുന്നു. എന്നെ മുഖ്യധാരാ സിനിമയുടെ ഭാഗമാക്കാന്‍ നെടുമുടി വേണുച്ചേട്ടനും ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ സുരേഷ്ബാബു, നടന്‍ ഇന്ദ്രന്‍സ് ചേട്ടന്‍ എന്നിവരെയും മറക്കാന്‍ പറ്റില്ല. ഇപ്പോള്‍ ഞാന്‍ ദിലീഷ് പോത്തന്‍െറ ‘തൊണ്ടിമുതലും ദൃക് സാക്ഷിയും’ എന്ന സിനിമയില്‍ ഫഹദിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഇവിടെവരെയത്തെി.
എന്നിട്ടും ‘ഞാന്‍ നാടകകാരനാണ്’ എന്ന് നിങ്ങള്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നു?
അതെ, ഞാന്‍ നാടകകാരന്‍തന്നെയാണ്. എന്‍െറ സ്വത്വം അതാണ്. സിനിമ എനിക്ക് ചിലപ്പോള്‍ ഉപജീവന മാര്‍ഗമായിരിക്കാം. നാടകം പ്രതിരോധത്തിന്‍െറയും പ്രതിഷേധത്തിന്‍െറയും മാര്‍ഗമാണ്. എന്‍െറ ഐഡന്‍റിറ്റി എന്ന് പറയുന്നത് നാടകകാരന്‍ എന്നതാണ്. സിനിമ എനിക്ക് സാമ്പത്തിക സുരക്ഷിതത്വവും പ്രശസ്തിയും തരുന്നുണ്ട്. നാടകം തരുന്നത് കുറെ ബാധ്യതകളും കടങ്ങളുമാണ്. മുഖ്യധാരാ സിനിമകള്‍ എന്നെ പലിശക്കടങ്ങളില്‍ നിന്ന് കരകയറ്റി. സീറോ ബാലന്‍സില്‍ പോകണം എന്ന് വിചാരിച്ചിരുന്ന എനിക്ക് ഇപ്പോള്‍ ബാങ്ക് ബാലന്‍സുണ്ട്.
സിനിമക്കാരനാകാന്‍ നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടായിരുന്നില്ല. എന്‍െറ സുഹൃത്തുക്കള്‍ ഉണ്ടായതുകൊണ്ടാണ് ഞാന്‍ സിനിമക്കാരനായത്. ഇന്നും എന്‍െറ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങള്‍തന്നെയാണ്. അതിന്‍െറ തുടര്‍ച്ചയാണ് എന്നെയിങ്ങനെ കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.