ചിറകടിച്ച് ഇച്ചാപ്പിയും ഹസീബും
text_fieldsകൊച്ചിയുടെ ഇടവഴികളിലൂടെ പതിവ് സൈക്കിൾ പ്രകടനത്തിലായിരുന്നു രണ്ട് പതിനഞ്ചു വയസ്സുകാർ. അവർ അറിഞ്ഞിരുന്നില്ല ചവിട്ടിക്കയറിയത് ഒരിക്കൽ പോലും സ്വപ്നം കണ്ടിട്ടില്ലാത്ത ഉയരങ്ങളിലേക്കായിരുന്നുവെന്ന്. സൗബിൻ ഷാഹിർ ആദ്യമായി സംവിധാനക്കുപ്പായം അണിഞ്ഞ ‘പറവ’യെന്ന ചിത്രത്തിലൂടെ മട്ടാഞ്ചേരിയുടെ ആത്മാവിനൊപ്പം പറന്നുയരുകയായിരുന്നു ഇച്ചാപ്പിയും ഹസീബുമായെത്തിയ അമല്‍ ഷായും ഗോവിന്ദ് വി. പൈയും. ആദ്യ സിനിമയിലൂടെ അറിയപ്പെടുന്ന രണ്ടു ബാലതാരങ്ങളായി ഇവർ മാറി. ഇരുവരുടെയും സിനിമയിലേക്കുള്ള കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നു വേണം പറയാൻ. ഒന്നര വർഷം മുമ്പ് സൈക്കിൾ സമ്മാനിച്ച വലിയൊരു ഭാഗ്യത്തെ കുറിച്ച് ഇന്ന് ഓർത്തെടുക്കുമ്പോൾ ഇരുവരും വാചാലമായി. സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഇരുവർക്കും അത്രവലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അമല്‍ ഷായുടെ ഉപ്പ ഷാഹിദും ഗോവിന്ദിെൻറ അച്ഛൻ വാസുദേവ പൈയും ഇരുവരുടെയും താരത്തിളക്കം കാണാൻ ഇന്നില്ല. കഷ്ടപ്പാടുകൾ ഒന്നും അറിയിക്കാതെയാണ് അമ്മമാരും ബന്ധുക്കളും ഇവരെ വളർത്തിയത്. ചിത്രം കണ്ടവരെല്ലാം ഇൗ പയ്യന്മാരുടെ ആരാധകരായി മാറി. ഇവന്മാരെ എവിടെനിന്നു കിട്ടിയെന്നാണ് എല്ലാവർക്കും ചോദിക്കാനുള്ളത്.
കൊച്ചി കൽവത്തിയിലാണ് സൈക്കിളിൽ അഭ്യാസം കാണിക്കാൻ മിടുക്കനായ അമൽ ഷായുടെ വീട്. ‘‘അടുത്തൊരു വീട്ടിൽ കല്യാണം കൂടി ചിക്കൻ ഫ്രൈയും കഴിച്ചുകൊണ്ട് സൈക്കിളിൽ വരുകയായിരുന്നു ഞാൻ. സൈക്കിളിൽ ഒറ്റ ടയറിലായിരുന്നു സവാരി. പെട്ടെന്ന് ഡാ... എന്നൊരു വിളിയായിരുന്നു. നോക്കുമ്പോൾ സൗബിനിക്ക. ആദ്യം എനിക്ക് ആളെ മനസ്സിലായില്ല. എവിടാടാ നിെൻറ വീട്, നമ്പറുണ്ടോ എന്നൊക്കെ പല ചോദ്യങ്ങൾ. ഞാന്‍ കരുതിയത് ചിക്കൻ ഫ്രൈയുടെയും സൈക്കിള്‍ അഭ്യാസം നടത്തിയതിെൻറയും കാര്യം വീട്ടില്‍ പറയാനായിരിക്കുമെന്നാണ്. അങ്ങനെ ഞാൻ വീട്ടിലെ നമ്പർ കൊടുക്കാതെ എെൻറ നമ്പർ കൊടുത്തു.പിന്നീട്, ഫോൺ വിളിച്ച് അവർ വീട്ടിൽ വന്നു സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചു. ഞാന്‍ അപ്പോ തന്നെ യെസ് പറയുകയായിരുന്നു. വീട്ടിൽ വന്ന് സൗബിനിക്ക ഉമ്മയോടും ഇത്താത്തയോടും അനുവാദം ചോദിച്ചു.’’ ഒന്നാം ക്ലാസിൽ കായംകുളം കൊച്ചുണ്ണിയായി മാത്രം വേഷമിട്ട ധൈര്യത്തിലാണ് അമൽ സമ്മതം മൂളിയത്. അഭിനയം എല്ലാം സൗബിനിക്ക പഠിപ്പിച്ചതാണെന്നാണ് അവന് പറയുന്നത്. അമലിെൻറ നല്ല ആഗ്രഹങ്ങൾക്ക് ഇന്നുവരെ എതിരുനിൽക്കാത്ത ഉമ്മ അഫ്സലാക്കും സഹോദരി ഷാറ ഷാഹിദിനും നൂറുവട്ടം സമ്മതമായിരുന്നു അമലിെൻറ ഈ തീരുമാനത്തോട്. ജീവിതത്തിലെന്നപോലെ സിനിമയിലും അമലിെൻറ സഹോദരിയായി ഷാറയും വേഷമിട്ടു. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടക്കാണ് ഇങ്ങനെ ഒരു സന്തോഷ വാർത്ത കടന്നുവന്നതെന്ന് ഉമ്മ പറഞ്ഞു.
ഇതിലും രസകരമാണ് വികൃതിക്കാരനായ ഗോവിന്ദിെൻറ സിനിമ പ്രവേശനം. ചെള്ളായി ഉപ്പമ്പലത്തിന് സമീപമാണ് ഗോവിന്ദിെൻറ കൊച്ചുവീട്. അമ്മക്ക് വീടിനോടു ചേർന്ന് ചെറിയൊരു ചായക്കടയുണ്ട്. കടയിൽനിന്ന് വിറ്റുകിട്ടുന്ന ദോശയുടെയും വടയുടെയും ചെറിയ വരുമാനംകൊണ്ടാണ് അമ്മ ചിത്രയും സഹോദരൻ നരേന്ദ്ര വി. പൈയും ഗോവിന്ദനും അടങ്ങുന്ന ഈ കുടുംബം ജീവിതം പുലർത്തുന്നത്. സഹോദരി നീതുവിെൻറ വിവാഹം കഴിഞ്ഞു. ‘‘സൗബിന് ചേട്ടന് സ്ഥിരമായി അമ്മയുടെ കടയിൽ ചായകുടിക്കാൻ എത്തുമായിരുന്നു. ഒരു ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്തുള്ള കളിയും കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. പെെട്ടന്ന് ഞാൻ സൈക്കിളില്‍നിന്ന് വീണു. വീണ ദേഷ്യത്തിൽ കൊങ്കിണി ഭാഷയിൽ സൈക്കിളിനെ നല്ല രണ്ട് ചീത്തപറഞ്ഞിരുന്നു. ഇതൊക്കെ സൗബിന് ചേട്ടൻ കണ്ടുനിൽക്കുകയായിരുന്നു. ഇങ്ങനെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ചേട്ടന് വീട്ടിലേക്ക് ഫോൺ ചെയ്ത് ചോദിക്കുകയായിരുന്നു സിനിമയില്‍ അഭിനയിക്കണോ എന്ന്. മറിച്ചൊന്നും ആലോചിക്കാൻ നിന്നില്ല ഒറ്റവാക്കിൽ ഞാൻ ഏറ്റു. പിന്നെ എന്തുണ്ടായെന്ന് തനിക്ക് അറിയില്ലെന്നും ഗോവിന്ദ് പറയുന്നു. രാവിലെ പത്രം ഇടലും കടയിലെ മറ്റു ജോലികളുമായി പോയശേഷമാണ് സ്കൂളിലേക്ക് യാത്രയെന്നും വൈകുന്നേരം അവന് കളിയും വിശ്രമവുമാണെന്നും അമ്മ ചിത്ര പറയുന്നു. ടി.ഡി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദ്.
‘‘അഭിനയിക്കാൻ അറിയില്ലായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. ആദ്യമൊക്കെ നല്ല പേടിയുണ്ടായിരുന്നു. സ്കൂളിൽ ഒരുതവണപോലും സ്റ്റേജിൽ കയറിയിട്ടില്ലാത്ത ഞങ്ങൾക്ക് ഇതൊക്കെ ചെയ്യാൻ സാധിക്കുമോയെന്ന് പലതവണ ചിന്തിച്ചിരുന്നു. കാമറകളും ആൾക്കൂട്ടവും മുന്നിലില്ലെന്ന് കരുതി അഭിനയിക്കാൻ പറഞ്ഞ സൗബിൻ ചേട്ടെൻറ ഒറ്റ വാക്കിലാണ് ഇത്രയും വരെ എത്തിയത്. ഷൂട്ടിനിടയിൽ പലതവണ വഴക്ക് കേട്ടിട്ടുണ്ട്. ദുൽഖർ സൽമാൻ ആദ്യമൊന്നും പറഞ്ഞിരുന്നില്ല, പിന്നെ പേടി കണ്ടപ്പോൾ അടുത്തുവന്നു സംസാരിച്ചു. പേടിക്കാൻ ഒന്നുമില്ല, ഡയലോഗ്സ് എല്ലാം എന്നെ നോക്കി പറഞ്ഞാമതിയെന്ന് പറഞ്ഞു.’’ ഇരുവരും പറയുന്നു. പിന്തുടരുന്ന കാമറകളും വെള്ളിവെളിച്ചവും സിനിമയുടെ മായികലോകത്തെയും കൂട്ടുപിടിച്ച് പഠനത്തോടൊപ്പം ഉയരങ്ങളിലേക്ക് ജീവിതം പറപ്പിക്കാനായി ഒരുങ്ങുകയാണ് ഇച്ചാപ്പിയും ഹസീബും. പിന്തുണയും പ്രാർഥനയുമായി കുടുംബവും കൊച്ചിയിലെ പറവക്കാരും ഇവർക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.