ബ്രേക്കെടുക്കാനല്ല വിവാഹം
text_fieldsലക്ഷ്യം, അച്ചായൻസ് എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം ശിവദയും സിനിമയിൽ തിരക്കുകളിലേക്ക് നീങ്ങുകയാണ്. മലയാളത്തിലും തമിഴിലും നായികയായി തിളങ്ങുന്ന ശിവദയുടെ വിശേഷങ്ങളിലേക്ക്.
ജയസൂര്യ നായകനായ സു.. സു... സുധി വാത്മീകം കണ്ടവർക്കാർക്കും കല്യാണിയെ അത്രവേഗം മറക്കാൻ കഴിയില്ല; പിന്നീട് ജയസൂര്യയുടെതന്നെ ഇടിയിൽ ആക്ഷൻ റോളിൽ വന്ന നിത്യയെയും. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് േപ്രക്ഷകശ്രദ്ധ നേടിയ ശിവദ സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുന്നു.
വിവാഹശേഷവും സിനിമയിൽ സജീവമാണല്ലോ?
തീർച്ചയായും. എനിക്ക് അങ്ങനെ വിവാഹശേഷം സിനിമയിൽനിന്ന് മാറിനിൽക്കണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ വളരെ ആക്ടിവായി ഇപ്പോഴും തുടരുന്നു. അടുത്ത കാലത്ത് രണ്ട് ചിത്രങ്ങളാണ് റിലീസായത്. അച്ചായൻസും ലക്ഷ്യവും. ആ സിനിമകളിലെ എെൻറ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടൊക്കെതന്നെ ഞാൻ വളരെ ഹാപ്പിയാണ്. പല നടിമാരും വിവാഹശേഷം സിനിമയിൽനിന്ന് പിൻവാങ്ങി. അതിന് പലരും പറയുന്നത് വിവാഹശേഷം ഞങ്ങൾക്ക് ഒരു േബ്രക്ക് വേണം. എന്തിനാണ് അങ്ങനെയൊരു േബ്രക്ക്. വിവാഹത്തിനുമുമ്പ് എങ്ങനെയായിരുന്നോ എെൻറ കരിയർ അങ്ങനെതന്നെയാണ് ഇപ്പോഴും. ഒരു മാറ്റവുമില്ല. നാളെയും അങ്ങനെതന്നെ.
വീട്ടിൽനിന്ന് എതിർപ്പൊന്നും ഉണ്ടായില്ലേ?
ഒരിക്കലും ഉണ്ടായില്ല. ശരിക്കും അവരാണ് എനിക്ക് നല്ല സപ്പോർട്ട് തരുന്നത്. കല്യാണത്തിനുമുമ്പ് എെൻറ അച്ഛനും അമ്മയുമായിരുന്നു സിനിമയിൽ എനിക്ക് സപ്പോർട്ട്. ഇപ്പോൾ അവരുടെ കൂടെ മുരളിയുണ്ട് (നടൻ മുരളീകൃഷ്ണ). കൂടാതെ മുരളിയുടെ അച്ഛനും അമ്മയും. അങ്ങനെ സപ്പോർട്ട് കല്യാണശേഷം കൂടിയിരിക്കുകയാണ്. ഇന്നേവരെ ഒരു തരത്തിലുള്ള നിബന്ധനയും വീട്ടിൽനിന്ന് ഉണ്ടായിട്ടില്ല. മുരളിയാണെങ്കിൽ മുഴുവൻ സപ്പോർട്ടുമായി കൂടെയുണ്ട്.
വിവാഹം കഴിഞ്ഞ് ഉടൻ ഷൂട്ടിങ്ങിന് പോകുമ്പോൾ സ്വാഭാവികമായും ജീവിതപങ്കാളി അനിഷ്ടം പ്രകടിപ്പിക്കില്ലേ?
ഏയ് അങ്ങനെയൊന്നുമില്ല. കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഞാൻ ഷൂട്ടിന് പോയി. ഒരാഴ്ചത്തെ ലീവുപോലും എടുത്തില്ല. അല്ലെങ്കിലും സിനിമയിൽ എവിടന്ന് ലീവ് കിട്ടാനാ? മധുവിധു ആഘോഷംപോലും നടത്താതെ, എന്തിന് ഒരു യാത്രപോലും പോകാതെയാണ് സിനിമയിൽ ജോയിൻ ചെയ്തത്. എനിക്ക് ചെറിയ ടെൻഷനും പേടിയുമൊക്കെ ഉണ്ടായിരുന്നു. മുരളി എന്തു വിചാരിക്കും? പക്ഷേ, വളരെ സന്തോഷത്തോടെ മുരളി എന്നെ യാത്രയാക്കിവിട്ടു. വീട്ടുകാരും വളരെ ഹാപ്പി മൂഡിലായിരുന്നു.
മുരളിയുമായുള്ള പരിചയം?
ഞാനും മുരളിയും സഹപാഠികളായിരുന്നു. നല്ല സുഹൃത്തുക്കളും. സൗഹൃദമാണ് പ്രണയമായി മാറിയത്. കല്യാണം ശരിക്കും പ്രണയവിവാഹമായിരുന്നില്ല. വീട്ടുകാരുടെ സപ്പോർട്ടോടെയായിരുന്നു.
സിനിമയിലേക്കുള്ള വഴി?
മുരളിയാണ് എന്നെ സിനിമയിലേക്ക് വഴിതിരിച്ചുവിട്ടത്. ചാനലുകളിൽ ആങ്കറായി വർക്ക് ചെയ്യുമ്പോഴും സിനിമ ചെയ്യാൻ മുരളി നിർബന്ധിക്കുമായിരുന്നു. എെൻറ അമ്മയും നല്ല സപ്പോർട്ടായിരുന്നു. സിനിമയിൽ അവസരം കിട്ടിയാൽ തട്ടിക്കളയരുത്. പോയി ചെയ്തുനോക്കണം. അങ്ങനെ വീട്ടുകാർ പറയുമായിരുന്നു.
ആദ്യ ചിത്രം?
മുരളിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഫാസിൽ സാറിെൻറ ലിവിങ് ടുഗദറിൽ ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ഫാസിൽ സാർ വളരെ സപ്പോർട്ടായിരുന്നു. കാര്യമായി എനിക്ക് അഭിനയം അറിയില്ലായിരുന്നെങ്കിലും അദ്ദേഹം എല്ലാം പറഞ്ഞുതരുമായിരുന്നു. അതിനുമുമ്പ് ലാൽജോസ് സാറിന്റെ കേരള കഫേയിൽ പുറംകാഴ്ചകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിൽ ഒന്നുരണ്ട് സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വളരെ യാദൃച്ഛികമായാണ് സിനിമയുടെ വഴിയിലേക്ക് വരുന്നത്.
മുരളി അഭിനയത്തെക്കുറിച്ച് കമൻറ് പറയാറുണ്ടോ?
സിനിമയുടെ സെലക്ഷനിൽ മുരളി ഇടപെടാറില്ല. എല്ലാം എെൻറ ഇഷ്ടത്തിന് വിടും. റിലീസ് ചെയ്ത് സിനിമ കണ്ടുകഴിഞ്ഞാൽ മാത്രമേ മുരളി എന്തെങ്കിലും അഭിപ്രായം പറയൂ. നല്ലൊരു വിമർശകനാണ്. പക്ഷേ, ഞാൻ പുതിയ സിനിമയിൽ ജോയിൻ ചെയ്യുന്നതിന് മുമ്പായിട്ട് അതിെൻറ ടീമിനെക്കുറിച്ച് മുരളിയോട് ചോദിക്കാറുണ്ട്. കാരണം മുരളിക്ക് എന്നെക്കാളും സിനിമയിൽ നല്ല ബന്ധമുണ്ട്. എല്ലായാളുകളുമായി നല്ല സൗഹൃദമാണ്. നിനക്ക് താൽപര്യമുണ്ടെങ്കിൽ അഭിനയിക്കുക. അതിന് ആരുടെയും അഭിപ്രായം ചോദിക്കേണ്ടതില്ല. അതാണ് എപ്പോഴും മുരളി പറയുന്നത്.
കൂടുതലും തമിഴ് ചിത്രങ്ങളായിരുന്നല്ലോ?
മലയാളത്തിലേക്കാളും കൂടുതൽ തമിഴ് സിനിമകളിലാണ് എനിക്ക് അവസരം കിട്ടിയിട്ടുള്ളത്. ഇപ്പോഴും തമിഴിൽനിന്ന് ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. തമിഴിൽ മാത്രമായി മൂന്ന് ചിത്രങ്ങളാണ് ഇപ്പോൾ റിലീസിന് ഒരുങ്ങിയിട്ടുള്ളത്. തമിഴിൽ കൂടുതൽ സജീവമായതുകൊണ്ട് മലയാളത്തിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് പലരും ഞാൻ മലയാളം വിട്ടു എന്നുവരെ പറഞ്ഞിട്ടുണ്ട്. പക്ഷേ, അങ്ങനെയല്ല. ഞാൻ സിനിമയിൽ വളരെ സജീവമാണ്. തമിഴിൽ അവസരം ഉള്ളതുകൊണ്ട് അത് ചെയ്യുന്നു എന്നുമാത്രമേയുള്ളൂ. മലയാളത്തിൽനിന്ന് ഓഫറുകൾ വരുമ്പോൾ തീർച്ചയായും അത് സ്വീകരിക്കാറുണ്ട്.
മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ഏതായിരുന്നു?
മലയാളത്തിൽ ഞാൻ ശ്രദ്ധിക്കപ്പെട്ടത് സു.. സു... സുധി വാത്മീകത്തിലാണ്. എെൻറ കരിയറിലെ വലിയൊരു മാറ്റമായിരുന്നു ആ ചിത്രം. ചിത്രത്തിലെ കല്യാണി എന്ന പേര് പലരും എന്നെ ഇപ്പോഴും വിളിക്കാറുണ്ട്. ഞാനും വളരെയധികം ഇഷ്ടപ്പെട്ട പേരാണ് കല്യാണി. ആ ചിത്രത്തിനുശേഷം ജയസൂര്യക്കൊപ്പം ഇടി എന്ന സിനിമയിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളിലും ജയേട്ടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
‘ഇടി’യിൽ ആക്ഷൻ സീനുകളായിരുന്നല്ലോ കൂടുതലും?
കല്യാണിയിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇടിയിലെ നിത്യ. ഒരുപാട് ആക്ഷൻ സീനുകൾ ആ സിനിമയിൽ ഉണ്ടായിരുന്നു. നാലഞ്ചു പേരെ ഞാൻ ഇടിച്ചുതെറിപ്പിക്കുന്ന സീനുകൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നു. ആദ്യം അൽപം പേടിയുണ്ടായിരുന്നു. പിന്നെ ജയേട്ടനൊക്കെ നല്ല സപ്പോർട്ട് നൽകിയതോടെ കണ്ണുമടച്ച് അഭിനയിച്ചു. എന്തായാലും ആ ചിത്രവും േപ്രക്ഷകർ സ്വീകരിച്ചു. അതിൽ അഭിനയിക്കുമ്പോഴാണ് ഞാൻ ഏറ്റവുമധികം നടന്മാരെ ബഹുമാനിച്ചത്. ഒന്നുരണ്ട് ഇടിസീനുകളിൽ അഭിനയിച്ചപ്പോഴേ ഞാനാകെ തളർന്നുപോയി. അപ്പോൾ നമ്മുടെ ലാലേട്ടനും പൃഥ്വിരാജുമൊക്കെ ഇടിസീനുകളിൽ അഭിനയിക്കുന്നതുകണ്ട് അത്ഭുതം തോന്നുകയാണ്. തമിഴിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരം സീനുകളിൽ ആദ്യമായിരുന്നു. അതെല്ലാം വളരെ നന്നായി ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.
ഇതെല്ലാം പോസിറ്റിവായി കാണുന്നതെങ്ങനെ?
ഞാൻ പൊതുവെ എല്ലാ കാര്യങ്ങളെയും വളരെ പോസിറ്റിവായി കാണുന്നയാളാണ്. ആത്മവിശ്വാസവും അധ്വാനിക്കാൻ മനസ്സുമുണ്ടെങ്കിൽ പിന്നെയെല്ലാം നിസ്സാരമാണ്. വീട്ടുകാരുടെയും ദൈവത്തിെൻറയും സപ്പോർട്ടുള്ളതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ അഭിനയിക്കാൻ കഴിയുന്നു.
ശിവദ ഇപ്പോൾ നല്ല തിരക്കിലാണല്ലോ?
അതെ, അത്യാവശ്യം സിനിമകളുണ്ട്. തമിഴിൽ ഒരു സിനിമയുടെ വർക്കും നടക്കുന്നുണ്ട്. മറ്റു ഭാഷകളിൽനിന്നും ഓഫറുകൾ വരുന്നുണ്ട്. എന്തായാലും ഇപ്പോൾ അതിലേക്കില്ല. അത്യാവശ്യം സിനിമകളുണ്ട്. പിന്നെ ഓടിനടന്ന് സിനിമകൾ ചെയ്യാൻ താൽപര്യവുമില്ല. കിട്ടുന്ന റോളുകൾ നന്നായി ചെയ്യണം എന്നുമാത്രമേയുള്ളൂ.
മറ്റു ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ഭാഷ ഒരു പ്രശ്നമല്ലേ?
തമിഴും മലയാളവും എനിക്ക് നന്നായി വഴങ്ങും. അച്ഛന് ചെന്നൈയിലായിരുന്നു ജോലി. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ട്രിച്ചിയിലായിരുന്നു. പത്താംക്ലാസിന് ശേഷമാണ് കേരളത്തിലേക്ക് വന്നത്. അങ്കമാലിയിലായിരുന്നു അമ്മയുടെ വീട്. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലാണ് ഞാൻ പഠിച്ചത്.
വീട്ടുവിശേഷങ്ങൾ?
ഞാനും മുരളിയും സിനിമാ ഫീൽഡിലാണ്. രണ്ടുപേരും ഒരേ കരിയറിലാണ്. പക്ഷേ, ഒരിക്കലും ഈഗോയോ പിണക്കമോ ഉണ്ടായിട്ടില്ല. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. എെൻറ ഏറ്റവും അടുത്ത സുഹൃത്താണ് മുരളി. പരസ്പരവിശ്വാസവും സ്നേഹവും ഉണ്ടെങ്കിൽ മറ്റെല്ലാം മാറ്റിവെച്ച് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാമെന്നാണ് ഞങ്ങളുടെ അനുഭവം. ബാക്കിയെല്ലാം വരുന്ന വഴിക്ക് കാണുക. ഇതിന് പിന്നിൽ എന്തെങ്കിലും രഹസ്യമുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ജീവിതത്തിെൻറയും ദാമ്പത്യത്തിെൻറയും കെമിസ്ട്രി അങ്ങനെ വാക്കുകൾകൊണ്ട് വെളിപ്പെടുത്താനാവില്ല. അത് അനുഭവിച്ചുതന്നെയറിയണം. അപ്പോഴേ അതിെൻറ ത്രില്ലറിയൂ.
സിനിമയിലെ ഇഷ്ടതാരം?
ഞാൻ ഏറ്റവും അധികം ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് മഞ്ജു വാര്യരെയാണ്. ഒരുപക്ഷേ, അവർ ചെയ്ത കഥാപാത്രങ്ങൾ എന്നെ ആകർഷിച്ചിട്ടുണ്ടാവാം. പക്ഷേ, എന്തുകൊണ്ടാണെന്നറിയില്ല മഞ്ജുച്ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ ലാലേട്ടനെയും മമ്മൂക്കയേയും വലിയ ആരാധനയോടെയാണ് ഞാൻ കാണുന്നത്. അവരെ ഇഷ്ടമാണെന്ന് പറയാനുള്ള യോഗ്യത എനിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.