'എന്റെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു'
text_fieldsഅപ്രതീക്ഷിതമായി വെള്ളിത്തിരയിലെത്തുക. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നതിനിടെ പഠനം തുടരാന്‍ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുക. വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരവ്. പിന്നീടങ്ങോട്ട് വ്യത്യസ്തവും അഭിനയ പ്രാധാന്യവുമുള്ള കഥാപാത്രങ്ങളിലൂടെ 20 വര്ഷത്തിെലത്തിയ കരിയര്‍... ഇടക്കാലത്ത് മാറിനില്ക്കാനുള്ളതടക്കം തെൻറ തീരുമാനങ്ങളെല്ലാം ശരിയാണെന്ന് തെളിയിച്ചു മലയാളത്തിെൻറ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലെന.
സിനിമയെ എന്നും ഒരേ പാഷനോടെയാണ് സമീപിച്ചതെന്ന് ലെന പറയുന്നു. സംസ്ഥാന അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും അടങ്ങുന്ന പുരസ്കാരങ്ങളുടെ നിര അത് സത്യമാണെന്ന് തെളിയിക്കുന്നു. പുതിയ സിനിമകളുടെ വിജയങ്ങള്‍, സുഹൃത്തുക്കളോടൊപ്പം ആരംഭിച്ച 'ആകൃതി' യുടെ സന്തോഷം... ഇതൊക്കെയാണ് ലെനയുടെ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്നത്. ഓരോ ഉദ്യമവും അത്രയധികം ആത്മവിശ്വാസത്തോടെയാണീ താരം ഏറ്റെടുക്കുന്നത്. കഥാപാത്രങ്ങള്‍ക്ക് തേൻറതായ ൈകയൊപ്പ് പതിപ്പിക്കുന്ന അഭിനേത്രി സംസാരിക്കുന്നു...
അഭിനയം എന്റെ പാഷന്
അഭിനയം തുടങ്ങുന്നത് മൂന്നാം വയസ്സിലാണെന്നാണ് ഓർമ, അതു മുഴുവന്‍ കണ്ണാടിക്കു മുന്നിലായിരുന്നു. ആദ്യമായി സ്റ്റേജില്‍ കയറുന്നത് എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ നാടകത്തിലൂടെ. അന്ന് ഞങ്ങള്‍ ഷില്ലോങ്ങിലായിരുന്നു. അവിടെ ലോറെറ്റോ കോൺവെൻറ് സ്കൂളിലാണ് പഠിച്ചത്. അന്ന് കേറിയൊരു ഹരമാണ്, മേക്കപ്പും ഡ്രസുമൊക്കെയായി സ്റ്റേജില്‍ നിന്നപ്പോള്‍ ലഭിച്ച ഫീല്‍ അതൊന്നു വേറെത്തന്നെയായിരുന്നു. സ്റ്റേജ് ഫിയര്‍ അന്നേ ഉണ്ടായിരുന്നില്ല. അതിനുശേഷം പത്താം ക്ലാസ് വരെ സ്കൂള്‍ നാടകങ്ങളിൽ പങ്കെടുത്തു. പ്ലസ് ടു സമയത്താണ് ഹരിശ്രീ വിദ്യാനികേതനിലെ പ്രിന്‍സിപ്പലിനെ കാണാന്‍ ജയരാജ് സര് എത്തുന്നത്. 'സ്നേഹ'ത്തിലേക്കുള്ള റോളിന് ചേര്‍ന്ന കുട്ടിക്കുവേണ്ടിയായിരുന്നു ആ അന്വേഷണം. സ്കൂളില്‍ ഒരു ഡ്രാമ ഗ്രൂപ് രൂപവത്കരിച്ച് അതിലേക്കുള്ള ഓഡിഷന് ആണെന്ന് പറഞ്ഞായിരുന്നു ചെന്നത്. ജയരാജ് സാറിെൻറ അസോസിയേറ്റും ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ അറിഞ്ഞില്ല. അതില്‍ സെലക്ട് ചെയ്യെപ്പട്ടു. അടുത്തയാഴ്ച മുതല്‍ അഭിനയിച്ചുതുടങ്ങി. സിനിമയിലെത്തുന്നതിന് മുമ്പ് ഒരു ഷൂട്ടിങ് പോലും കണ്ടിട്ടില്ല. സിനിമ മേഖലയിലെ ആരെയും പരിചയമുണ്ടായിരുന്നില്ല. എെൻറ മനസ്സില്‍ ഞാനൊരു ഡ്രാമ ക്വീനായിരുന്നു. സിനിമയില്‍ എനിക്ക് ഗോഡ്ഫാദറോ ഗോഡ്മദറോ ഇല്ല.
ദേവദൂതന്, രണ്ടാം ഭാവം
ദേവദൂതനില്‍ ആദ്യം വലിയ റോളായിരുന്നു എേൻറത്. പിന്നീട് കഥ മാറിവന്നപ്പോള്‍ ആ റോള്‍ ചെറുതായി. എന്നാലും ആ പാട്ടിലെ സീന്‍ എല്ലാവരും മനസ്സിലേറ്റി. സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മെ കൂടുതല്‍ ആളുകള്‍ തിരിച്ചറിയും. പക്ഷേ, അതിനെക്കാള്‍ ശ്രദ്ധിക്കപ്പെട്ട വേഷം ലാല്‍ജോസ് സാറിെൻറ രണ്ടാംഭാവത്തിലായിരുന്നു. സുരേഷ് ഗോപിയുടെ നായികയായിരുന്നു, അതാണ് ആദ്യ ബിഗ് ബ്രേക്.
ഏറ്റവും മികച്ച തീരുമാനം
കരിയറില്‍ ഞാന്‍ വളരെ ധൈര്യപൂര്‍വം എടുത്ത തീരുമാനം രണ്ടാം ഭാവത്തിനു ശേഷം നായികയായി സിനിമയില്‍ തുടരേണ്ട എന്നതാണ്. രണ്ടാം ഭാവം കഴിഞ്ഞിരിക്കുന്ന സമയത്ത് നല്ല ഓഫറുകള്‍ വന്നു. പക്ഷേ, ഡിഗ്രി കഴിഞ്ഞ സമയമാണ്, എനിക്കു പഠിക്കണമായിരുന്നു. എല്ലാവരും സിനിമയില്‍ തന്നെ നിന്നൂടേ എന്ന് ചോദിച്ചു. അന്നു പക്ഷേ, ഞാന്‍ ഒറ്റക്കെടുത്ത തീരുമാനമാണ് പഠിക്കാനായി മാറിനില്‍ക്കണമെന്നത്. പഠിക്കണം, ലോകം കാണണം, ജീവിതം അനുഭവിച്ചറിയണം... ഇതൊക്കെ ആയിരുന്നു മനസ്സില്‍. ആ തീരുമാനം വളരെ പ്രാധാന്യമുള്ളതായിരുന്നു. ക്ലിനിക്കല്‍ സൈക്കോളജി പഠിക്കാനായി മൂന്നു വര്‍ഷം ഇന്‍ഡസ്ട്രിയില്‍നിന്ന് മാറിനിന്നു.
തിരിച്ചു വന്നപ്പോള്‍ ആ മാറിനില്പ് എന്നെ കൂടുതല്‍ സഹായിക്കുകയാണുണ്ടായത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ആ കോഴ്സ് ഏറെ സഹായിച്ചു. ഒരുപക്ഷേ, അതു ചെയ്തില്ലായിരുന്നെങ്കില്‍ ഞാനിന്നിവിടെ ഉണ്ടാകില്ലായിരുന്നു. ആ തീരുമാനമെടുക്കുമ്പോള്‍ ഇതു ശരിയാകുമോ എന്ന പേടിയൊന്നും ഉള്ളിലുണ്ടായിരുന്നില്ല. ഞാനെെൻറ തീരുമാനങ്ങളില്‍ വളരെ തെളിച്ചമുള്ളയാളാണ്. ഒരു ഉള്‍വിളി കേട്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. എെൻറയുള്ളില് തോന്നുന്നത് എനിക്കെപ്പോഴും ശരിയായി വരും എന്ന് എനിക്കറിയാം. ആ ഉള്‍വിളി ഞാന്‍ പിന്തുടരുന്നു.
തിരിച്ചുവരവില്‍ 'ഓമനത്തിങ്കള്‍പക്ഷി'
ബ്രേക്കിനു ശേഷം ബിഗ് ബി എന്ന സിനിമക്കു ശേഷമാണ് നല്ല റോളുകള്‍ ലഭിച്ചു തുടങ്ങിയത്. ബിഗ് ബിയിലെ റോളിന് എന്നെ സെലക്ട് ചെയ്യാന്‍ കാരണം 'ഓമനത്തിങ്കള്‍പക്ഷി' സീരിയലിലെ ജാന്‍സി എന്ന കഥാപാത്രമായിരുന്നു. സീരിയലില്‍ നിന്നു തന്നെയാണ് എനിക്ക് സിനിമയിലേക്ക് തിരിച്ചുവരവ് കിട്ടിയത്. ശേഷം സീരിയലില്‍ ഇന്‍വോൾവ്ഡ് ആകാന്‍ സമയം കിട്ടിയിട്ടില്ല. അത്രയും സിനിമയില്‍ ആക്ടിവാകാന്‍ പറ്റിയതുകൊണ്ട് സീരിയല്‍ ചെയ്തില്ല. പിന്നെ സീരിയലിന് ഒരുപാട് സമയം ആവശ്യമുണ്ട്. അത്രക്ക് സമയം കൊടുക്കാനില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ സീരിയല്‍ ചെയ്യാത്തത്.
കഥാപാത്രങ്ങള്‍ പലതും ശ്രദ്ധിക്കപ്പെട്ടില്ല
ട്രാഫിക്കിനു മുമ്പും ശേഷവും ഞാന്‍ ഒരേപോലെ ഹാര്‍ഡ് വര്‍ക്കിങ് ആണ്. ചെയ്യുന്ന എല്ലാ കാര്യത്തിലും നൂറുശതമാനം പരിശ്രമം എടുക്കാറുണ്ട്. എന്നാല്‍, ഫലം വ്യത്യസ്തമായിരിക്കും എന്നത് വേറെ കാര്യം. റിലീസായിക്കഴിഞ്ഞാല്‍ ഓരോ സിനിമക്കും അതിേൻറതായ വിധിയുണ്ട്. ആ സിനിമയുടെ വിധിയാണ് നമ്മള് ചെയ്ത കഥാപാത്രം എത്രത്തോളം അംഗീകരിക്കപ്പെടും എന്നത്.
ഡേവിഡ് ആന്‍ഡ് ഗോലിയാത്തിലെ ജൈനാമ്മ, ഇയ്യോബിെൻറ പുസ്തകത്തിലെ കഴലി തുടങ്ങിയ ഒത്തിരി നല്ല കഥാപാത്രങ്ങള്‍... വ്യത്യസ്തമാണെങ്കിലും അവയൊന്നും അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കപ്പെട്ടില്ല, ശ്രദ്ധിക്കപ്പെട്ടില്ല. അതുകൊണ്ടാണ് എല്ലാവരും ഹിറ്റ് സിനിമയിലെ കഥാപാത്രങ്ങള്‍ വലിയ ഭാഗ്യമാണെന്ന് പറയുന്നത്. അതിലൊരു ചെറിയ റോള്‍ ചെയ്താലും ശ്രദ്ധിക്കപ്പെടും. എന്നാല്‍, ശ്രദ്ധിക്കപ്പെടാതെ പോകുന്ന പടത്തില്‍ നല്ല റോള്‍ ചെയ്തിട്ടും കാര്യമില്ല. എത്രയൊക്കെ നമ്മള് നന്നായി ചെയ്താലും അവസാനം പ്രേക്ഷകരാണ് ഒരു സിനിമയുടെ വിജയം നിർണയിക്കുന്നത്.
റോളുകളുടെ തിരഞ്ഞെടുപ്പ്
എെൻറ കരിയര്‍ ഗ്രാഫ് കണ്ടാലറിയാം ഞാന്‍ റോളിെൻറ വലുപ്പച്ചെറുപ്പം നോക്കിയിട്ടല്ല അഭിനയിക്കുന്നത്. ചിലപ്പോള്‍ ഗസ്റ്റ് അപ്പിയറന്സായിരിക്കും. ചിലപ്പോള്‍ രണ്ടോ മൂന്നോ സീനേ ഉണ്ടായിരിക്കൂ. എന്നാല്‍, കഥയില്‍ ആ കഥാപാത്രത്തിെൻറ പ്രാധാന്യമാണ് എനിക്ക് മുഖ്യം, എെൻറ മാനദണ്ഡം അതാണ്. അതായത് ഈ കാരക്ടര്‍ പടത്തിലില്ലെങ്കില്‍ എന്താണ് വ്യത്യാസം എന്ന് ചിന്തിക്കും. അപ്പോള്‍ പ്രാധാന്യം മനസ്സിലാകും. ഇന്‍വെസ്റ്റ് ചെയ്യുന്ന പരിശ്രമം മൂല്യമുള്ളതായി തോന്നും.
കഥാപാത്രത്തിെൻറ പ്രാധാന്യമെന്താണ്, ആ കഥാപാത്രനിര്വഹണത്തിന് എത്ര വെല്ലുവിളിയുണ്ട്, ആ റോളില്‍ എന്തെല്ലാം ചെയ്യാൻ പറ്റും എന്നതൊക്കെയാണ് എന്നെ ഒരു റോള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. വളരെ വെല്ലുവിളി നിറഞ്ഞതും ത്രില്ലിങ്ങായിട്ടും തോന്നിയാല്‍ ആ റോള്‍ ഞാന്‍ ചെയ്യും. ഒരുപാട് നരച്ച മുടിയൊക്കെയായിട്ട് 60, 70 വയസ്സുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശാരീരികമായി വലിയ പ്രയത്നം ആവശ്യമാണ്.
സിനിമ കഴിയുന്നതുവരെ ആ ശരീരഭാഷ പിന്തുടരണം. പക്ഷേ, അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. അമ്മവേഷങ്ങള്‍ ഞാനിപ്പോഴും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ചെയ്യുന്ന സിനിമ ജീത്തു ജോസഫിെൻറ 'ആദി' ആണ്. അതില്‍ പ്രണവ് മോഹന്‍ലാലിെൻറ അമ്മയാണ്. അതൊന്നും വളരെ വയസ്സായ കഥാപാത്രങ്ങള്‍ അല്ല. വയസ്സു തോന്നിപ്പിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട് ഒരു അഭിനേതാവിന്.
ഡബിങ് അഭിനയംപോലെ പ്രധാനം
ആദ്യമായി ഡബ് ചെയ്യുന്നത് 'ശാന്തം' സിനിമയിലാണ്. അതുകണ്ട് ലാല്‍ജോസ് സര് പറഞ്ഞു, ലെന തന്നെ രണ്ടാം ഭാവത്തില്‍ ഡബ് ചെയ്യണം എന്ന്. അന്നു ഡബ് ചെയ്തപ്പോള്‍ എെൻറ ശബ്ദം അത്ര സ്വീറ്റായിരുന്നില്ല. ആ സമയത്ത് നായികയുടെ ശബ്ദം കിളിനാദം പോലിരിക്കണം എന്നൊരു ചിന്താഗതിയായിരുന്നു എല്ലാവര്ക്കും.
പിന്നീട് ഇന്നത്തെ ന്യൂജനറേഷന് എന്നു പറയുന്ന സിനിമകളിലാണ് കൃത്രിമത്വം ഇല്ലാതെ യഥാർഥ ശബ്ദം മതി എന്നു വന്നത്. അക്കാലത്ത് ശബ്ദം ശരിയായില്ല. വേറെ ആരെക്കൊണ്ടെങ്കിലും ഡബ് ചെയ്യിച്ചൂടേ എന്ന രീതിയില്‍ വിമര്‍ശനം വന്നിരുന്നു. പിന്നീട് ഡബ് ചെയ്തു തുടങ്ങിയത് 'ഈ അടുത്തകാലത്ത്' എന്ന സിനിമയിലാണ്. സംവിധായകന് അരുണ്‍ കുമാര്‍ അരവിന്ദും മുരളി ഗോപിയുമാണ് ഡബ് ചെയ്യാന്‍ നിര്‍ബന്ധിച്ചത്. അതംഗീകരിക്കപ്പെട്ടു. കാലം മാറിയതിെൻറ ഗുണമാണ്.
ഫിലിം ഫെയര്‍ അവാര്‍ഡ്
ആദ്യത്തെ ബ്ലാക്ക് ലേഡി (ഫിലിം ഫെയർ പുരസ്കാരശിൽപം) എനിക്ക് നേരിട്ട് വാങ്ങാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അമേരിക്കയിലായിരുന്നു. അവര്‍ പിന്നീട് എനിക്ക് കൊണ്ടുവന്നുതരുകയായിരുന്നു. കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടായിരുന്നെങ്കിലും അത് ഫിലിം ഫെയര്‍ ഫങ്ഷനില്‍ പോയി വാങ്ങാത്തതില്‍ വലിയ സങ്കടമുണ്ടായിരുന്നു. പിന്നീട് 'എന്നു നിെൻറ മൊയ്തീനി'ലെ റോളിന് അവാർഡ് കിട്ടിയപ്പോള്‍ ശരിക്കും വളരെ സന്തോഷം തോന്നി.
മെറില്‍ സ്ട്രീപ് ആണ് ഫേവറിറ്റ്
മെറില്‍ സ്ട്രീപ് ഓള്‍ടൈം ഫേവറിറ്റാണ്. ഞാന്‍ വളരെ ആസ്വദിക്കുന്ന പെര്‍ഫോമറാണ് അവർ. കഥാപാത്രത്തിനനുസരിച്ച് ഭാഷാശൈലിയടക്കം മാറ്റംവരുത്തുന്ന ഗ്രേറ്റ് ആക്ട്രസാണ്. അവരുടെ സ്റ്റൈല്‍ ഒരിക്കലും പകര്‍ത്താന്‍ കഴിയില്ല. ആരുടെ ശൈലിയും പകര്‍ത്താന്‍ പറ്റില്ലെന്നാണ് എെൻറ അഭിപ്രായം. കൂടാതെ ജോണി ഡെപ്, ബ്രാഡ്പിറ്റ്, അല്‍പച്ചീനോ എന്നിവരെയും ഇഷ്ടമാണ്.
വിമന്‍ ഇന്‍ സിനിമ കലക്ടിവ്
ഞാനതില്‍ അംഗമല്ല, എനിക്ക് ആ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സംഘടനയുടെ രൂപവത്കരണ സമയത്ത് ഞാന്‍ സ്കോട്ലന്ഡിലായിരുന്നു. തിരിച്ചു വന്നതിനുശേഷം ഞാൻ എേൻറതായ തിരക്കുകളിലായിരുന്നു. പിന്നെ എന്നെ ആരും സമീപിച്ചില്ല. വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ സംഘടനയെക്കുറിച്ച് കൂടുതല്‍ പറയാനുള്ള അര്‍ഹത എനിക്കില്ല.
നടി ആക്രമിക്കപ്പെടുമ്പോള്‍ ഞാന്‍ സിഡ്നിയിലായിരുന്നു, അതുകൊണ്ട് സംഭവം വളരെ കഴിഞ്ഞാണ് അറിഞ്ഞത്. ആ സംഭവം അറിഞ്ഞ ശേഷം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ കെയര്‍ഫുള്ളായിരിക്കണം. ഞാന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുക എന്നതൊക്കെ. സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല. ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. എെൻറ അനുഭവത്തില്‍ അതില്ല.
സോഷ്യല്‍ മീഡിയയില്‍ ആക്ടിവല്ല
സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലൊന്നും ആക്ടിവല്ല. ലൈവ് വരുമ്പോൾ വേറൊരു അനുഭവമാണ്, ആളുകളോടു നേരിട്ട് സംവദിക്കാം. സ്വന്തം ഫേസ്ബുക്ക് പേജ് ലൈവ് ആക്കാന്‍ ചിത്രങ്ങള്‍ പങ്കുവെക്കും. പിന്നെ എന്തെങ്കിലും പ്രാധാന്യമുള്ളത് പറയാനാണെങ്കില്‍ ലൈവില്‍ വരും, അത്രതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.