Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംവിധായകൻ ഫ്യൂഡൽകാലത്തിന്‍റെ തടവറയിൽ
cancel
camera_alt??.??. ?????????

‘1930 മാര്‍ച്ച് 12ന് ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച ദിവസം കേരളത്തിലെ ഒരു കടലോരഗ്രാമത്തില്‍ ഡാനി ജനിച്ചു. 1932 സെപ്റ്റംബര്‍ 21ന് ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ച ദിവസം അമ്മ അര്‍ബുദം വന്ന് മരിച്ചു. 1934 സെപ്റ്റംബര്‍ 13ന് നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം നടന്ന ദിവസം അപ്പന്‍ തലയില്‍ തേങ്ങവീണ് മരിച്ചു. ഒരുപാട് മരണങ്ങള്‍ക്കിടയിലൂടെ വളര്‍ന്ന ഡാനി അങ്ങനെ ഒരു ചരമഗായകനായി (ഡാനി-2001). പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോഴാണ് ചലച്ചിത്രകാരന്‍ കാലത്തെ മറികടക്കുക. അത്തരത്തില്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവന്‍െറ ജീവിതത്തെ സ്വന്തം സിനിമയുടെ ചരിത്രത്തോട് ചേര്‍ത്തുവെച്ച സംവിധായകനാണ് ടി.വി. ചന്ദ്രന്‍. മതിലുകള്‍ക്കുള്ളില്‍ തിരിച്ചറിയപ്പെടാതെ കഴിഞ്ഞിരുന്ന മലയാള നായികമാരെ സ്വാതന്ത്ര്യത്തിന്‍െറ വിശാലതയിലേക്ക് തുറന്നുവിട്ടതില്‍ ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. അഹ്മദാബാദിന്‍െറ ചരിത്രം പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍െറ പണിപ്പുരയിലുള്ള മകന്‍ യാദവന്‍ ചന്ദ്രന് വേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി കഴിയുകയാണിപ്പോള്‍. ആറ് ദേശീയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും നേടിയ ടി.വി. ചന്ദ്രന്‍െറ വാക്കുകളിലൂടെ...

ദൃശ്യഭാഷയില്‍ മാറ്റങ്ങള്‍ക്ക് സംഭാവന നല്‍കിയ താങ്കളുടെ തലമുറ സിനിമാരംഗത്തുനിന്ന് പിന്‍വാങ്ങുകയാണോ?
പലരും മരിച്ചു. അല്ലാത്തവരൊന്നും രംഗത്തുമില്ല. നിലനില്‍ക്കണമെങ്കില്‍ സ്വയം നവീകരിക്കുക മാത്രമാണ് പോംവഴി. അത് പലര്‍ക്കും പറ്റാതെ പോകുന്നു. നിശ്ശബ്ദ സിനിമയെടുത്തിരുന്ന പലരും ശബ്ദചിത്രങ്ങള്‍ വന്നതോടെ അതിജീവിക്കാനാകാതെ പിന്‍വാങ്ങിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ലൂയി ബുനുവലൊക്കെയാണ് ഇക്കാര്യത്തില്‍ വഴികാട്ടി. ബുനുവല്‍ 1928ല്‍ ആദ്യ സര്‍റിയലിസ്റ്റ് സിനിമയെടുക്കുന്ന സമയത്ത് സര്‍ക്കസിലെ കോമാളികളെപ്പോലെ സിനിമാമേഖലയെ കണ്ട ഒരു ജനതയായിരുന്നു ലോകത്ത്. എല്ലാ തടസ്സങ്ങളെയും അദ്ദേഹം അതിജീവിച്ചു. 1977ല്‍ അദ്ദേഹം ‘ഒബ്സ്ക്യുര്‍ ഒബ്ജക്ട് ഓഫ് ഡിസയര്‍’ ഷൂട്ട് ചെയ്യവെ ഒരു നടി പിണങ്ങിപ്പോയി. ബുനുവല്‍ സ്തംഭനായില്ല. ഒരേ കഥാപാത്രത്തിന്‍െറ റോളില്‍ രണ്ടുപേര്‍ അഭിനയിക്കുന്നു എന്ന രീതിയിലാക്കി കഥ. സിനിമക്ക് നിയതമായ ഒരു രൂപമില്ളെന്നതാണ് ഇത് തെളിയിക്കുന്നത്.  

എന്‍െറ ഒരനുഭവം പറയാം.‘ഡാനി’ എന്ന ചിത്രത്തിന്‍െറ ഷൂട്ടിങ് നടക്കുന്ന സമയം. ചവരോ മുതലാളിയുടെ മകളും ഡാനിയും നഗരത്തിലെ ഒരു വീട്ടില്‍ താമസിച്ചുവരവെ ഷൂട്ട് നടന്നിരുന്ന വീടിന്‍െറ ഉടമസ്ഥന്‍ പറഞ്ഞു, ഇനി ഇവിടെ ഷൂട്ടിങ് തുടരാന്‍ പറ്റില്ലെന്ന്. ഒരു രാത്രികൊണ്ട് ഞാന്‍ സിനിമയിലെ കഥാപാത്രം വീട് മാറുന്നതാക്കി കഥ മാറ്റി. വോയ്സ് ഓവറിലൂടെയാണ് ഇതിനെ മറികടന്നത്. ഈ സന്ദര്‍ഭത്തില്‍ മമ്മൂട്ടി എന്നെ അഭിനന്ദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞത് വേണമെങ്കില്‍ നിങ്ങളെയും മാറ്റുമെന്നാണ്. ഇന്ന് പക്ഷേ ആവശ്യത്തിനും അല്ലാതെയുമെല്ലാം വോയ്സ് ഓവറിനെ ആശ്രയിക്കുകയാണ് പലരും.  

ന്യൂജെന്‍ എന്ന് പേരിട്ട് വിളിക്കുന്ന സിനിമകള്‍ എത്രമാത്രം പുതിയതാണ്?
പല പേരുകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രമേയുള്ളൂ. എക്കാലത്തും പരീക്ഷണങ്ങളുണ്ടായിരുന്നു. ലോകസിനിമ തന്നെ അനുദിനം മാറുന്നു. പുതിയ സംവിധായകരില്‍ കഴിവുള്ള പലരുമുണ്ട്. എന്നാല്‍, പലര്‍ക്കും ആഴത്തിലുള്ള വായനയുടെ അഭാവമുണ്ട്. ഞാനൊക്കെയറിഞ്ഞ സംവിധായകരെല്ലാം ആഴമുള്ള വായനയുടെ ഉടമകളാണ്. ചെറിയൊരു ബോധപ്രക്രിയ കൂടിയുണ്ടെങ്കില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള സംവിധായകര്‍ വളര്‍ന്നുവരുന്നുണ്ട്.

ടി.വി. ചന്ദ്രനും പി.എ. ബക്കറും
 


സിനിമയെ ഇന്ന് പലരും സീരിയസായി കാണുന്നില്ളെന്ന വിമര്‍ശനത്തെക്കുറിച്ച്?
കഴിഞ്ഞ തവണത്തേതിന് മുമ്പത്തെ വര്‍ഷം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള സെലക്ഷന്‍ കമ്മിറ്റിയംഗമെന്ന നിലയില്‍ പുതിയ സംവിധായകർ ഉള്‍പ്പെടെയുള്ളവരുടെ 66 സിനിമകള്‍ കണ്ടു. പലതും അസ്സഹനീയമായിരുന്നു. എന്നാല്‍ സുദേവന്‍, കെ.ആര്‍. മനോജ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ വ്യത്യസ്തമായിത്തോന്നി. എല്ലാവര്‍ക്കും സിനിമ ചെയ്യാമെന്നത് നല്ല കാര്യംതന്നെ. പക്ഷേ, ഇതിനെ ഗൗരവമായല്ല പലരും കാണുന്നത്. സിനിമ ഉത്തരവാദിത്തമുള്ള ഒരു മാധ്യമമാണെന്ന കാര്യം പലരും മറക്കുന്നു. ഒരര്‍ഥവുമില്ലാത്ത സിനിമകള്‍ പോലുമിറങ്ങുന്നു.  

കൃത്യമായ സ്ത്രീപക്ഷ നിലപാടുയര്‍ത്തിപ്പിടിക്കുന്ന സംവിധായകനാണ് താങ്കള്‍. മലയാളത്തില്‍ ഇന്ന് ഫെമിനിസ്റ്റ് സിനിമകള്‍ ഇറങ്ങുന്നുണ്ടോ?
ഫെമിനിസ്റ്റ് ചിത്രം എന്നവകാശപ്പെടുന്ന പലതും സ്ത്രീപ്രശ്നങ്ങളെ ഉപരിപ്ലവമായി മാത്രമാണ് വിലയിരുത്തുന്നത്. ചീത്തവിളിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ കവിഞ്ഞൊന്നും നമ്മുടെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പലപ്പോഴും നല്‍കുന്നില്ല. നടിമാര്‍ പുരുഷകഥാപാത്രങ്ങളുടെ പിറകിലാകുന്ന സ്ഥിതിക്ക് മാറ്റമില്ല. ‘ദേവാസുര’ത്തില്‍ മോഹന്‍ലാലിന് പിന്നിലേക്ക് രേവതി പിന്തള്ളപ്പെട്ട കാഴ്ച വേറെ രീതിയില്‍ ഇന്നും തുടരുന്നു. മങ്കമ്മയിലൂടെയും സൂസന്നയിലൂടെയുമെല്ലാം ഞാന്‍ നല്‍കാന്‍ ശ്രമിച്ചത് അരികുപറ്റി ജീവിക്കേണ്ടവളല്ല സ്ത്രീയെന്ന സന്ദേശമാണ്. കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ എന്‍െറ അമ്മ അനുഭവിച്ച സംഘര്‍ഷങ്ങളാണ് സ്ത്രീ കഥാപാത്രങ്ങളുടെ കരുത്തിന് പ്രേരകം.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സിനിമകള്‍ കുറയുകയല്ലേ?
കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് എടുത്താല്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നേക്കും. ‘ഓര്‍മകളുണ്ടായിരിക്കണം’ എന്ന സിനിമക്ക് കൂടുതല്‍ വിമര്‍ശനം നേരിട്ടത് അന്നത്തെ കമ്യൂണിസ്റ്റുകാരുടെ ഭാഗത്തുനിന്നായിരുന്നു. മദ്യപാനികളാക്കി ചിത്രീകരിച്ചെന്നായിരുന്നു പരാതി. എന്നാല്‍, എന്‍െറ അനുഭവങ്ങളാണ് ഞാന്‍ ചിത്രീകരിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധ സിനിമയെന്ന് കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് സിനിമയെന്ന് മറ്റുള്ളവരും പറഞ്ഞു. വി.എസ്. അച്യുതാനന്ദനെക്കുറിച്ചല്ല സിനിമയെടുത്തതെന്നാണ് ഞാന്‍ ‘ചിന്ത’യില്‍തന്നെ മറുപടി നല്‍കിയത്. എന്തായാലും ആദ്യ ഇ.എം.എസ് സര്‍ക്കാറിന്‍െറ 50ാം വാര്‍ഷികത്തിന് പാര്‍ട്ടി, സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത് ‘ഓര്‍മകളുണ്ടായിരിക്കണം’ ആയിരുന്നു. ഇ.എം.എസ് മന്ത്രിസഭ താഴെവീണതില്‍ മനംനൊന്ത് കരയുന്ന ഒരു കുട്ടിയെ വേറൊരു ചിത്രത്തിലും കാണാന്‍ കഴിയില്ല. ‘ആലീസിന്‍െറ അന്വേഷണം’ എന്ന ചിത്രം ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോഴുണ്ടായ ഒരനുഭവവും ചേര്‍ത്തുവായിക്കാം. എക്യൂമെനിക്കല്‍ ജൂറി ചിത്രത്തിന്‍െറ പേര് കണ്ടിട്ട് എനിക്ക് നല്ല പരിഗണനയാണ് തന്നത്. എന്നാല്‍, പ്രദര്‍ശനം കഴിഞ്ഞയുടന്‍ അവിടുത്തെ കര്‍ദിനാള്‍മാര്‍ പറഞ്ഞത് ‘ഇതൊരു കമ്യൂണിസ്റ്റ് സിനിമ’ ആണെന്നാണ്. ആലീസിനെ കുറച്ചൊന്ന് പരിഷ്കരിച്ചിരുന്നെങ്കില്‍ നല്ല അഭിനന്ദനം ലഭിച്ചേനെ.

ഫ്യൂഡല്‍ കാലത്തിന്‍െറ തടവറയിലാണ് പല സമാന്തര സിനിമാ സംവിധായകരുമെന്ന് അടുത്തിടെ ഒരു അഭിപ്രായമുയര്‍ന്നിരുന്നു...
സമാന്തര സിനിമകളുടേത് മാത്രമല്ല, എല്ലാത്തരം സിനിമകളുടെയും എക്കാലത്തേയും സ്വഭാവമാണത്. സിനിമ ഫ്യൂഡല്‍ കാലത്തിന്‍െറ തടവറയില്‍നിന്ന് പുറത്തുവരേണ്ടതുണ്ട്. മലയാളത്തില്‍ കലാഭവന്‍ മണിയൊക്കെ ഭൂരിപക്ഷം ചിത്രങ്ങളിലും വില്ലനായത് തൊലിവെളുപ്പില്ലാത്തതിനാലായിരുന്നു. ദേശീയതലത്തില്‍ ഏറെ കൊണ്ടാടിയ ‘ബാഹുബലി’യിലുള്‍പ്പെടെ വില്ലന്മാരെല്ലാം കറുത്തവരാണ്. കഴിഞ്ഞ തവണ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് ലീലാബന്‍സാലിയുടെ ചിത്രം കൃത്യമായ സംഘ്പരിവാര്‍ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. അതില്‍ ഇന്ത്യയുടെ മാപ്പ് കാണിച്ചിട്ട് ഹിന്ദുസ്ഥാന്‍ എന്നാണ് പറയുന്നത്.

പൊന്തന്‍മാടയുടെ സെറ്റില്‍ മമ്മൂട്ടിക്കും കാമറമാന്‍ വേണുവിനുമൊപ്പം
 


ദേശീയതലത്തില്‍ സമാന്തരസിനിമകളുടെ ഇന്നത്തെ അവസ്ഥ?
മറാത്തിയിലാണ് ഇപ്പോള്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ വരുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നു. കന്നഡയിലും ഒറ്റപ്പെട്ട മാറ്റങ്ങള്‍ പ്രകടം. ദേശീയ അവാര്‍ഡിന് ചിത്രങ്ങള്‍ അയക്കണമോയെന്ന സംശയിക്കേണ്ട കാലമാണിത്. കാരണം ‘ബാഹുബലി’യൊക്കെയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കുന്നത്. സിനിമാസംസ്കാരത്തിന് കിട്ടിയ വലിയ അടിയെന്നാണ് ഞാന്‍ പറയുക. സാങ്കേതിക മികവാണ് കാരണമെന്നാണ് ശ്യാമപ്രസാദ് പറഞ്ഞത്. സൗന്ദര്യശാസ്ത്രം പരിഗണിക്കാതെ ടെക്നിക്കല്‍ വശം മാത്രം നോക്കുന്നതിന്‍െറ പ്രശ്നമാണിത്. ഹോളിവുഡ് അല്ലല്ലേ ഒരിക്കലും മികച്ച സിനിമ. ആ ശൈലിയിലെടുത്ത ഒരു തെലുങ്ക് ചിത്രമാണത്. ഇങ്ങനെയാണെങ്കില്‍ എന്‍.ടി. രാമറാവുവിന്‍െറ ചിത്രങ്ങള്‍ക്കെല്ലാം മുന്‍കാല പ്രാബല്യത്തോടെ അവാര്‍ഡ് നല്‍കണം.

തിരുവനന്തപുരം അന്താരാഷ്ട്ര മേളക്കത്തെുന്നവരില്‍ സിനിമയെ ഗൗരവമായി കാണുന്നവര്‍ കുറയുകയാണോ?
അതില്‍ വാസ്തവമുണ്ട്. എത്തുന്നവരുടെ ചെറിയ ബയോഡാറ്റ വേണമെന്ന് അടൂര്‍ പറഞ്ഞപ്പോള്‍ വലിയ വിമര്‍ശനമുണ്ടായി. എന്നാല്‍, വരുന്നവര്‍ക്ക് സിനിമയുമായുള്ള ബന്ധമെന്തെന്നറിയാന്‍ ഉപകരിക്കുമെന്നതിനാല്‍ ആ നിര്‍ദേശം തള്ളിക്കളയേണ്ടതല്ല. അംഗസംഖ്യ തികക്കുകയെന്നത് മാത്രമായി ലക്ഷ്യം. കൂവാനായി വരുന്നവര്‍ പോലുമുണ്ട്. ഓപണ്‍ ഫോറം എടുത്തുകളയുന്നതടക്കമുള്ള നടപടികള്‍ തെറ്റാണ്. ചെന്നൈ, പുണെ ഫെസ്റ്റിവലുകളില്‍ അവരുടെ ഭാഷയിലെ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, നാം നമ്മുടെ പുതിയ സംവിധായകര്‍ക്കൊന്നും അത്ര പരിഗണന നല്‍കുന്നില്ല. ബര്‍ഗ്മാനെ ചൂണ്ടിക്കാട്ടി നമ്മുടെ സംവിധായകരെ വിമര്‍ശിക്കാനാണ് പലര്‍ക്കും താല്‍പര്യം. ‘ഭൂമിയുടെ അവകാശികള്‍’ തിരുവനന്തപുരം മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പലര്‍ക്കും സീറ്റ് ലഭിച്ചില്ല. എന്നാല്‍, ഇതേ ചിത്രം കൈരളി തിയറ്ററില്‍ കാണിച്ചപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. കിം കി ഡുക്കിനെപ്പറ്റി മേളക്കാലത്ത് വലിയ ചര്‍ച്ച നടത്തുകയും പുറത്ത് ’പ്രേമം’ വലിയ ഹിറ്റായി മാറുകയും ചെയ്യുന്നു എന്ന വിരോധാഭാസമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നത് കേവലം പത്തുദിവസം മാത്രമാകരുത്.

വിലാപങ്ങള്‍ക്കപ്പുറം, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ പ്രമേയങ്ങള്‍ പുതിയ കാലത്ത് ഏറ്റെടുക്കുകയാണെങ്കില്‍?
സമൂഹം വല്ലാതെ മാറി. സര്‍ഗാത്മകസ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ആരെയും വിമര്‍ശിക്കാന്‍ സാധിക്കില്ല. നിര്‍മാല്യവും കാഞ്ചനസീതയുമൊന്നും ഇന്ന് ആലോചിക്കാനാകില്ല. സംഘ്പരിവാര്‍ അജണ്ടയില്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. മുസ്ലിം സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇന്നത് ചിന്തിക്കാന്‍ പോലുമാകില്ല. പാലില്ലാത്ത സ്ത്രീകളുടെ കുഞ്ഞിനെ ജാതിയോ, മതമോ നോക്കാതെ മറ്റ് സ്ത്രീകള്‍ പാലൂട്ടിയ കാലത്തിന്‍െറ സന്തതിയാണ് ഞാനടക്കമുള്ളവര്‍. ‘പാഠം ഒന്ന് ഒരു വിലാപം’ ഒരു സമുദായ വിഷയമല്ല കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചത്.

ഏറ്റവുമൊടുവില്‍ ചെയ്ത ‘മോഹവലയം’ ശ്രദ്ധിക്കപ്പെടാതെ പോയെന്ന് പറഞ്ഞാല്‍?
എല്ലാ അര്‍ഥത്തിലും പുതിയ ചിത്രമായിരുന്നു മോഹവലയം. പക്ഷേ, നിര്‍മാണത്തിലേയും വിതരണത്തിലേയും പാകപ്പിഴകള്‍ വലിയ തിരിച്ചടിയായി. നിര്‍മാതാക്കളില്‍ ചിലര്‍ കോടതിയെ സമീപിച്ചു. സ്റ്റേ വന്നു. ജനങ്ങളിലേക്കെത്തിയില്ല. ഒരു ചാനലില്‍ കണ്ട ശേഷം മികച്ചതെന്നറിയിച്ച് പലരും എന്നെ വിളിച്ചിരുന്നു.

‘ശങ്കരനും മോഹനനും’ എന്ന ചിത്രം കമേഴ്സ്യല്‍ രംഗത്തേക്കുള്ള കടന്നുവരവായിരുന്നോ?
ഒരു ഫിലോസഫിക്കല്‍ സിനിമയായിരുന്നു അത്. ചിത്രീകരണ സമയത്തെല്ലാം സീരിയസ് സിനിമയായിരുന്നു. എന്നാല്‍, നിര്‍മാതാക്കള്‍ പരസ്യം ചെയ്തത് ടി.വി. ചന്ദ്രന്‍െറ കമേഴ്സ്യല്‍ ചിത്രമെന്ന നിലയിലാണ്. ആ സമയത്ത് മൗനം പാലിച്ചു എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. റിലീസാവുകയെന്നതായിരുന്നു അന്ന് പ്രധാനം.

മലയാളത്തിലെ ഇപ്പോഴത്തെ നടീനടന്മാരെ ശ്രദ്ധിക്കാറുണ്ടോ? മമ്മൂട്ടിയും ലാലുമായുള്ള ബന്ധം?
പൃഥ്വിരാജ് ഒരുപാടുയരത്തിലേക്ക് വളരാനുള്ള കഴിവുള്ള നടനാണ്. ഏത് റോളും അഭിനയിച്ച് തിളങ്ങാനാകും. പിന്നെ ഫഹദ് ഫാസിലാണ് സ്വാഭാവികത തോന്നിയ നടന്‍. കഴിവുള്ള മറ്റൊരു നടനാണ് ഷൈന്‍ ടോം ചാക്കോ. നടിമാരില്‍ പദ്മപ്രിയയുടെ അഭിനയത്തെ ഫന്‍റാസ്റ്റിക്ക് എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. മീര ജാസ്മിന്‍, നവ്യ നായര്‍,  റിമ കല്ലിങ്ങല്‍ എന്നിവരും കഴിവുറ്റ നടിമാരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ പരിശ്രമമാണ് അവരുടെ ഉയര്‍ച്ചക്ക് കാരണം. ലാലുമൊത്ത് കുറേ ചിത്രങ്ങള്‍ ആലോചിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. ഇന്ന് അഭിനേതാക്കളേക്കാള്‍ പ്രാധാന്യം സംവിധായകന് കൈവന്നിട്ടുണ്ട്.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam filmmalayalam film directort.v chandran
News Summary - malayalam film director t.v chandran
Next Story