ഒതളങ്ങ തുരുത്ത് സിനിമയാക്കാൻ അൻവർ റഷീദ്?; സംവിധായകൻ അംബുജി പറയുന്നു
text_fieldsജീവിതം ഒരു തുരുത്തിൽ ഒതുക്കാമോ? പോരെന്ന് കരുനാഗപ്പള്ളി സ്വദേശി അംബുജി ബി.സി.എം സിനിമ പ്രേമിക്ക് വാശി കയറിയതോടെ 'ഒതളങ്ങ തുരുത്ത്' യൂട്യൂബിൽ റിലീസായി. സംഗതി വെബ് സീരീസാണ്.
വെറുതെ വീട്ടിലിരിക്കുന്നവർ ഒരോരുത്തരും മിനിമം മൂന്ന് യൂട്യൂബ് ചാനലെങ്കിലും തുടങ്ങുന്ന ഇക്കാലത്ത് 'ഒതളങ്ങ തുരുത്ത്' എന്ത് തേങ്ങയെന്നാണ് ചോദ്യമെങ്കിൽ ഇതിൽ കുറെ നാടൻജീവിതങ്ങൾ കാണാമെന്നാണ് മറുപടി. കായലിൽ വീണ ഒതളങ്ങപോലെ എന്തിനോ വേണ്ടി ഒഴുകുന്ന ചിലരുടെ ജീവിതം.
കരഞണ്ട് മുതൽ ഭായിയ മർദനം വരെ
കൊക്ക് എൻറർെടയ്ൻമെൻറിെൻറ ബാനറിൽ ഒരു വർഷം മുമ്പ് യൂട്യൂബിൽ റിലീസ് ചെയ്തതാണ് ആദ്യ ഹ്രസ്വചിത്രം; പേര് 'കരഞെണ്ട്'. കുറെ ചെറുപ്പക്കാരുടെ അതിജീവനത്തിെൻറ തിരസാക്ഷ്യം. ഒരു 'ഒതളങ്ങ പ്രേമം' മുതൽ മൂന്നാഴ്ച മുമ്പ് ഇറങ്ങിയ 'പപ്പെൻറ ഭായിയ മർദനം' വരെ ആറ് എപ്പിസോഡുകൾ. ഒരു തുരുത്തും അതിനെ കേന്ദ്രീകരിച്ചുള്ള കുറെ നാടൻ ജീവിതങ്ങളുമാണ് സീരീസിെൻറ ആത്മാവ്. അതിൽ നത്തുണ്ട്, പപ്പനുണ്ട്, ഉത്തമനുണ്ട്, നത്തിെൻറ അനിയൻ പാച്ചു, പപ്പെൻറ പെങ്ങൾ ചിന്നുവെന്ന സിംഗപ്പെണ്ണ്, അങ്ങനെ ഒരുപാടു പേരെ കാണാം. തിരക്കഥാകൃത്തും സംവിധായകനുമായ അംബുജി മുതൽ ഓരോ അംഗങ്ങളും അടുത്തടുത്ത നാടുകളിൽനിന്നുള്ളവർ.
സ്റ്റോറി ലോക്കൽ, സംഗതി ഇൻറർനാഷനൽ
ക്ലീഷേകളില്ല, ഹാസ്യരസമാണ് നിറയെ. റിയലിസ്റ്റിക്കായ സംഭാഷണങ്ങളും സ്വാഭാവിക അഭിനയ മുഹൂർത്തങ്ങളുമായി മുന്നേറുന്നു തുരുത്തിലെ ഓരോ കഥാപാത്രവും. തുരുത്തുപോലും അഭിനയിക്കുകയാണോ എന്നു ഡൗട്ടടിക്കും. അത്രമേൽ ജീവിതത്തോട് ചേർന്നു നിൽക്കുകയാണ് കാമറക്കുമുന്നിൽ ഓരോരുത്തരും.
കട്ട ലോക്കൽ സ്റ്റോറിയാണെങ്കിലും ഇൻറർനാഷനൽതന്നെയാണ് സാങ്കേതിക വിദ്യ. കൊല്ലം അഴീക്കലിനടുത്ത് ആയിരംതെങ്ങിലെ തുരുത്തിെൻറ സൗന്ദര്യവും പച്ചപ്പും ഫ്രെയിമുകളിൽ തൊട്ടറിയാം. കാമറക്ക് പിന്നിൽ കിരൺ നൂപിറ്റൽ. ആലപ്പാട്, അഴീക്കൽ, വെള്ളനാതുരുത്ത് തുടങ്ങിയവയാണ് മറ്റു ലൊേക്കഷനുകൾ. എഡിറ്റിങ്, സൗണ്ട് റെക്കോഡിങ്, ഡിസൈനിങ് തുടങ്ങി പണി കൂടുതലും അംബുജിതന്നെ.
ലക്ഷം, ലക്ഷം പിന്നാലെ
ആദ്യ എപ്പിസോഡ് ഇറങ്ങി ഒരു വർഷം കഴിഞ്ഞാണ് രണ്ടാം എപ്പിസോഡായ 'തുരുത്തിലെ ഒട്ടകം' യൂട്യൂബിെലത്തിയത്. വൈകാൻ കാരണം സാമ്പത്തിക പ്രശ്നവും ജോലിഭാരവുമെന്ന് സംവിധായകൻ. സ്വന്തം മാമൻ കുട്ടൻ പ്രമോദ് തന്നെ പിന്നീട് സാമ്പത്തിക സഹായവുമായി വന്നതോടെ അദ്ദേഹത്തെ കോപ്രൊഡ്യൂസറാക്കി. സംഗീതവും പശ്ചാത്തല സംഗീതവും അനു ബി. ഐവറാണ്. അബിൻ ബിനോ (നത്ത്), ജയേഷ് (പപ്പൻ) , ജഗദീഷ് (ഉത്തമൻ), ചിന്നു (ചിന്നമ്മയെന്ന സിംഗപ്പെണ്ണ്), മൃദുൽ (പാച്ചു) തുടങ്ങിയവരാണ് സ്ക്രീനിൽ. ജയേഷും ജഗദീഷും സഹോദരൻമാർകൂടിയാണ്.
നത്തിെൻറയും പപ്പെൻറയും ഉത്തമെൻറയും സൗഹൃദവും ഇവർക്കിടയിലെ രസകരമായ കാര്യങ്ങളുമാണ് ഒതളങ്ങ തുരുത്തിെൻറ കാതൽ. തുടക്കത്തിൽ കാഴ്ചക്കാർ നന്നെ കുറവായിരുന്നെങ്കിലും അടുത്തിടെ ഹിറ്റിലേക്ക് നീങ്ങുകയാണ് സീരീസ്. ഇന്ന് ഓരോ എപിസോഡുകൾക്കും 18, 16 ലക്ഷത്തോളം കാഴ്ചക്കാരും അസംഖ്യം ആരാധകരുമുണ്ട്.
സിനിമയാക്കാമെന്ന് വാക്ക്
യൂട്യൂബിൽ തിളങ്ങിയ സംഘത്തെ തേടി സിനിമ സംവിധായകരും എത്തുന്നുണ്ട്. അൻവർ റഷീദ് ഭാവിയിൽ ഒതളങ്ങ തുരുത്ത് സിനിമയായി തന്നെ ചെയ്യാമെന്ന് വാക്കുകൊടുത്തു. മിഥുൻ മാനുവൽ തോമസ്, അനുരാജ് മനോഹർ തുടങ്ങിയവരുടെ അഭിനന്ദനങ്ങളും തേടിയെത്തി. എപ്പിസോഡുകൾക്കിടയിലെ ദൈർഘ്യം കുറച്ച്, കൂടുതൽ രസകരമായ അവതരണത്തോടെ പുറത്തിറക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് അംബുജി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.