Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലിജോ ഇല്ലെങ്കിൽ...

ലിജോ ഇല്ലെങ്കിൽ ആന്‍റിക്രൈസ്റ്റ് സംഭവിക്കില്ല -പി എഫ് മാത്യൂസ്

text_fields
bookmark_border
PF-Mathews
cancel
മലയാളി സിനിമാപ്രേക്ഷകന്‍റെ ദൃശ്യസംസ്കാരത്തെ പൊളിച്ചെഴുതാൻ തക്കവണ്ണം വ്യത്യസ്തതയും നിലവാരവും കരുത്തുമുള്ള 'ഈ മ യൗ' എന്ന സിനിമ തിയേറ്ററിൽ സ്വീകരിക്കപ്പെടുകയാണ്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയ പ്രശസ്ത സാഹിത്യകാരൻ പി.എഫ് മാത്യൂസ് മാധ്യമം ഒാൺലൈനുമായി സംസാരിക്കുന്നു. 

'മരണമാസ്' എന്നാണ് 'ഈ മ യൗ'വിന്‍റെ വിജയസംബന്ധമായ പോസ്റ്ററുകളിലെ വിശേഷണപദം എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. മരണത്തെക്കുറിച്ചുള്ള ഉള്ളടക്കത്തെയല്ല വലിയകൂട്ടം പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചതിലെ ആഹ്ലാദത്തെയാണ് അതിൽ കാണുന്നത്. എന്തുപറയുന്നു? പ്രേക്ഷകരുടെ വളർച്ചയിൽ തൃപ്തനാണോ?

തീർച്ചയായും നൂറുശതമാനത്തിൽ കൂടുതൽ തൃപ്തി തരുന്നു. മലയാളിയുടെ സിനിമാസ്വാദനനിലവാരം ഇനിയും വളരാനുണ്ടെന്ന് മുൻപൊരിക്കൽ പറഞ്ഞ അഭിപ്രായം തിരുത്താൻ സമയമായെന്ന് തോന്നുന്നു. ഇക്കിളി ഫോർമുലകളിൽ നിന്നും ബാലിശമായ വിനോദ ചേരുവകളിൽ നിന്നും നല്ലൊരു ശതമാനം പ്രേക്ഷകർ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. 

Ee-Ma-Yau-malayalam-24

ഈ മ യൗ രൂപപ്പെട്ടത് എങ്ങനെയാണ്? കഥാതന്തു എഴുത്തുകാരന്‍റേത് ആണോ അതോ സംവിധായകന്‍റെതോ..?

സംഭവിക്കാതെ പോയ ആന്‍റിക്രൈസ്റ്റ് എന്ന സിനിമയുടെ ചർച്ചക്കിടയിൽ എന്നോ ഞാൻ 'ചാവുനിലം' എന്ന നോവൽ ലിജോക്ക് വായിക്കാൻ കൊടുത്തിരുന്നു. ലിജോയെ അത് വളരെ അധികം ആകർശിക്കുകയും ചെയ്തു. എന്നാൽ ഈ സിനിമയുടെ പ്രാഥമികമായ ചിന്ത കടന്നുവന്നത് ലിജോ പറഞ്ഞ വേറെ കഥാതന്തുവിൽ നിന്നുമായിരുന്നു. 'ചെല്ലാനം പോലൊരു തീരദേശഗ്രാമത്തിലേക്ക് സന്ധ്യാസമയത്ത് സഞ്ചിയിൽ താറാവിനെയും കൊണ്ട് ബസിൽ വന്നിറങ്ങുന്ന ഒരാൾ. ഏറെ നാൾ കൂടി വീട്ടിലെത്തിയ അയാൾ അന്ന് രാത്രി മരിക്കുകയും ചെയ്യുന്നു' ഇതായിരുന്നു ലിജോയിൽ നിന്നും ചിത്രത്തെ കുറിച്ചുള്ള വൺലൈൻ. കൊച്ചിയും തീരപ്രദേശവും മരണവുമൊക്കെ എന്‍റെ എഴുത്തിന്‍റെ മേഖലകൾ ആയതുകൊണ്ട് ആദ്യ ചർച്ചയിൽ തന്നെ ഞാനതിലേക്ക് വീണുപോയി. എഴുത്തിന്‍റെ സമയത്ത് ബാഹ്യവും ആന്തരികവുമായ സംഗതികളെല്ലാം അതിനെ സ്വാധീനിക്കുമല്ലോ. ചാവുനിലത്തിന്‍റെ പശ്ചാത്തലവും ചില കഥാപാത്രങ്ങളും സിനിമയിലേക്ക് കടന്നുവന്നു. ചാവുനിലം മാത്രമല്ല എഴുതി പൂർത്തിയായിട്ടില്ലാത്ത ഒരു നോവലിന്‍റെ ആദ്യഭാഗം 'കണ്ണോക്ക്' എന്ന പേരിൽ ചന്ദ്രികാ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്നിരുന്നു. അതിന്‍റെ അഞ്ചാം അധ്യായത്തിൽ നിന്നുള്ള ഭാഗങ്ങളും ഈ മ യൗ വിലേക്ക് സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്. എഴുത്തിന്‍റെ ആദ്യ ഡ്രാഫ്റ്റിൽ തന്നെ ലിജോ സംതൃപ്തനായിരുന്നു.

Ee-Ma-YauBanner560

തിരക്കഥയിൽ​ ലിജോയുടെ ഭാഗത്തുനിന്നും പിന്നീട് കാര്യമായ ഇടപെടലുകൾ ഒന്നും ഉണ്ടായില്ലേ? ഇപ്പോൾ കാണുന്ന ഈ മ യൗ വിൽ എത്ര ശതമാനം ലിജോ ജോസ് എത്ര ശതമാനം പി എഫ് മാത്യൂസ് എന്ന് വേർതിരിച്ച് പറയാനാവുമോ?

അധികം തർക്കങ്ങളും തിരുത്തലുകളുമൊന്നുമില്ലാതെ കംഫേർട്ടായി എഴുതിയ ഒരു സ്ക്രിപ്റ്റാണ് ഈ മ യൗ വിന്‍റെത്. ഒരു നോവൽ എഴുതുന്ന സ്വസ്ഥതയോടെ തനിച്ചാണ് എഴുതി തീർത്തത്. ടിപ്പിക്കൽ ഫോർമുലകളൊന്നും അജണ്ടയായി മുന്നിൽ ഇല്ലാത്തതുകൊണ്ട് എഴുത്തിന്‍റെ ജൈവികമായ ഒരു പ്രക്രിയയായിതന്നെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉരിത്തിരഞ്ഞ് വരികയായിരുന്നു. ലിജോയുമൊത്ത്  രണ്ടുമൂന്ന് തവണയെ തിരക്കഥാ രചനക്കായി ഇരിക്കേണ്ടി വന്നിട്ടുള്ളു.  

തിരക്കഥയിൽ നിന്നും സ്ക്രീനിലേക്ക് പകർത്തപ്പെട്ട ഈ മ യൗവിൽ എത്രകണ്ട് തൃപ്തനാണ്..?

നൂറുശതമാനത്തിൽ കൂടുതൽ എന്നുപറയാം. എഴുത്ത് കഴിഞ്ഞ് ഷൂട്ട് തുടങ്ങുന്നതോട് കൂടി എന്റെ റോൾ കഴിഞ്ഞെന്ന് വിശ്വസിച്ച് ഇടപെടലൊന്നും കൂടാതെ വെറും കാണിയായി പുറത്തേക്കൊതുങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പിന്നീട് അത് സംവിധായകന്‍റെ ഉത്തരവാദിത്തമാണ്. ഈ സിനിമയുടെ ആദ്യകോപ്പി കണ്ട് ശരിക്കും ഞെട്ടിപ്പോയി. എഴുതുമ്പോൾ ഉദ്ദേശിച്ചതിന്‍റെ രണ്ടോ മൂന്നോ മടങ്ങ് ഇന്‍റൻസിറ്റിയോടെ ആണ് ലിജോ അത് സ്ക്രീനിൽ ആവിഷ്കരിച്ചിരിക്കുന്നത്. എന്‍റെ വാക്കുകളോട് നീതി പുലർത്തിയ ആദ്യ സിനിമ എന്ന് അതുകൊണ്ടുതന്നെ നിസ്സംശയം പറയാൻ സാധിക്കും.

തിരക്കഥക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി നേടിയ കുട്ടിസ്രാങ്കിനെക്കാളും സംതൃപ്തി ഈ മ യൗവിൽ നിന്നും കിട്ടി എന്നാണോ?

തീർച്ചയായും. കുട്ടിസ്രാങ്കിന്‍റെ കൊച്ചി പശ്ചാത്തലമായുള്ള ഭാഗമായിരുന്നു ഞാൻ എഴുതിയത്. മറ്റ് ഭാഗങ്ങൾക്ക് വേറൊരു രചനാ പങ്കാളി ഉണ്ടായിരുന്നു. ഈ മ യൗ എന്‍റെ മാത്രം രചനയാണ്.

കൊച്ചിയുടെ മണ്ണിനെയും മക്കളെയും ജീവനോടെ ആവിഷ്കരിക്കാൻ പി.എഫ് മാത്യൂസിനെ കഴിഞ്ഞേ വേറൊരാളുള്ളൂ എന്ന് അംഗീകരിക്കാത്തവർ ഉണ്ടാവില്ല.  കൊച്ചിയിൽ മാത്രമായിങ്ങനെ  ബ്രാൻഡ് ചെയ്യപ്പെടുന്നതിൽ പരാതി ഉണ്ടോ അതോ അഭിമാനമാണോ?

അഭിമാനം മാത്രമേ ഉള്ളൂ. എനിക്ക് എഴുതാനായി ഇനിയും കൊച്ചിയിലും തീരദേശത്തും ഇനിയും ഒരുപാട് ബാക്കിയുണ്ട്.


 മുമ്പ് പരാമർശിച്ച നോവൽ  'കണ്ണോക്ക്' എന്നാണ് പൂർത്തീകരിച്ച് വരിക? എന്താണ് പുതിയ എഴുത്തുകൾ?

സത്യമായിട്ടും അത് എന്ന് പൂർത്തിയാകുമെന്ന് പറയാനാവില്ല.  പൂർത്തിയാകുമോ എന്നുതന്നെയും പറയാനാവില്ല. എഴുത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ഉള്ള വേറെയും നോവലുകൾ ഉണ്ട്. പൂർണ്ണ സംതൃപ്തിയോടെ  എഴുതി പൂർത്തിയാക്കിയാൽ മാത്രമേ പ്രസിദ്ധീകരിക്കൂ..

ee-maa-yau


ലിജോയോടൊപ്പമുള്ള കൂട്ടുകെട്ടിൽ ആദ്യം വരേണ്ടിയിരുന്ന പടമായിരുന്ന ആന്‍റിക്രൈസ്റ്റിന് എന്താണ് സംഭവിച്ചത്?

രചനയെല്ലാം പൂർത്തിയായിക്കഴിഞ്ഞ ശേഷം ഷൂട്ടിങ്ങിന് ദിവസങ്ങൾ ബാക്കി ആന്റിക്രൈസ്റ്റ് നിൽക്കെ നിന്നുപോവുകയായിരുന്നു . പടത്തിന്‍റെ പേര് സംബന്ധിച്ച് സിനിമ മേഖലയിൽ നിന്ന് എതിരഭിപ്രായമുണ്ടായിരുന്നു. ബഡ്ജറ്റും വളരെ വലുതായിരുന്നു. ഇനിയൊരിക്കലും നടക്കാൻ സാധ്യതയില്ലാത്ത വിധം നിലച്ചുപോയ ആ സിനിമക്കായി താരങ്ങൾ കൊടുത്ത ഡേറ്റിലാണ് ലിജോ ഡബിൾ ബാരൽ ചെയ്തത്. 

PF-Mathewsss
പി.എഫ് മാത്യൂസ്
 


എഴുതി പൂർത്തിയാക്കിയ ആന്‍റിക്രൈസ്റ്റിന്‍റെ  തിരക്കഥ കയ്യിൽ ഉണ്ടെന്നിരിക്കെ മറ്റൊരു സംവിധായകൻ ആവശ്യപ്പെട്ടാൽ അത് നൽകുമോ?

ഒരിക്കലുമില്ല. എന്‍റെ തന്നെ ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലിൽ നിന്ന് ആവാഹിച്ചെടുത്ത ഊർജമാണ് ആന്‍റിക്രൈസ്റ്റിലേക്ക് ഉച്ഛാടനം ചെയ്ത് വിട്ടതെങ്കിലും ആ സ്ക്രിപ്റ്റിൽ ലിജോയുടെ പങ്ക് വളരെ വലുതായിരുന്നു. ലിജോയുടെ കൂടി ആത്മാവാണ് അതിലുള്ളത്.  അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പമല്ലാതെ വേറൊരാളോടൊത്ത് അത് ചെയ്യാൻ സാധ്യവുമല്ല


അടുത്ത സിനിമ ഏതാവും? ഉടനെ ഉണ്ടാവുമോ?

അടുത്ത സ്ക്രിപ്റ്റും ലിജോയുടെ സിനിമക്ക് വേണ്ടിതന്നെയാണ് പെട്ടെന്നുതന്നെ ഉണ്ടായിക്കൊള്ളണമെന്നില്ലെങ്കിലും പ്രാഥമിക ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. 

എന്തുകൊണ്ട് വീണ്ടും ലിജോ..?

ലിജോ ഒരു സിനിമാക്കാരൻ മാത്രമല്ല. നല്ലൊരു മനുഷ്യനാണ്. നല്ലൊരു കലാകാരനാണ്. അതിന്‍റെ എല്ലാവിധ കംഫേർട്ട്നെസ്സും ഒന്നിച്ച് പ്രവർത്തിക്കാനും ഉണ്ട്

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lijo Jose PellisseryEE MAA YAUMalayalam InterviewMovie InterviewPF Mathews
News Summary - PF Mathews-Interview-Movie Interview
Next Story