എല്ലാം കൊണ്ടും ’സ്റ്റാൻഡ് അപ്’ അടിപൊളിയാണ് -വെങ്കിടേഷ്
text_fieldsമാന്‍ഹോളിന് ശേഷം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ വിശേഷങ്ങൾ സ്റ്റാൻഡ് അപ്പിലെ നായകൻ വെങ്കിടേഷ് മാധ്യമം ഒാൺലൈനുമായി പങ്കു വെക്കുന്നു.
എന്താണ് സ്റ്റാൻഡ് അപ്പ്
പ്രധാന കഥാപാത്രമായി വരുന്ന ആദ്യ സിനിമയാണ് സ്റ്റാൻഡ് അപ്പ്. വിധു വിൻസന്‍റ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷയോടൊപ്പം മുഴുനീള കഥാപാത്രമായാണ് അഭിനയിക്കുന്നത്. കൂടാതെ നിമിഷയുടെ സഹോദരനുമാണ്. ഇങ്ങനെ എല്ലാം കൊണ്ടും അടിപൊളി ആണ്. അത്പോലെ ആന്‍റോ ആന്‍റണി, ബി. ഉണ്ണികൃഷ്ണൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ കരിയർ തുടങ്ങാൻ കഴിയുകയെന്നതും വലിയ കാര്യമാണ്.
സംവിധായിക വിധു വിൻസന്‍റ്
മാൻഹോൾ എന്ന സിനിമ സംവിധാനം ചെയ്തു സ്റ്റേറ്റ് അവാർഡ് വാങ്ങിയ സംവിധായികയാണ് വിധു വിൻസെന്‍റ്. അവരെ സംവിധായിക ആയി മാത്രമല്ല, ചേച്ചി കൂടി ആയാണ് കണ്ടത്. ആ സ്വാതന്ത്ര്യം ചേച്ചി നൽകിയിരുന്നു. ഓരോ സീൻ വരുമ്പോഴും ടെൻഷൻ അടിപ്പിക്കാതെ വളരെ നല്ല രീതിയിൽ നമ്മളെ ലീഡ് ചെയ്തു. ക്യാമറക്ക് മുൻപിൽ എന്ത് ചെയ്യണമെന്ന് അവർ കൃത്യമായി പറഞ്ഞ് തരും. മാൻഹോൾ ഞാൻ കണ്ടിട്ടില്ല. എന്നാലും വിധു അത്തരത്തിൽ സ്റ്റേറ്റ് അവാർഡിന് അർഹിക്കുന്നുവെന്ന് കഠിനാധ്വാനം കണ്ടാൽ മനസിലാകും.
സ്റ്റാൻഡ് അപ്പിലേക്ക്
മഴവിൽ മനോരമയിലെ നായികാനായകൻ എന്ന ഒരു പരിപാടിയിൽ മത്സരാർത്ഥി ആയിരുന്നു. ലാൽജോസ് ആയിരുന്നു ആ പരിപാടിയുടെ ജഡ്ജ്. അതിൽ മൈം എന്ന ഒരു റൗണ്ട് ഉണ്ടായിരുന്നു. അത് പഠിപ്പിച്ചു തന്നത് ബിജു വർഗീസ് വിധു വിൻസന്‍റിന്‍റെ അസോസിയേറ്റായിരുന്നു. അദ്ദേഹം വഴിയാണ് ഞാൻ ഈ സിനിമയിൽ എത്തിയത്.
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ രജിഷ വിജയനും, നിമിഷ സജയനും
രണ്ട് പേരും അദ്ഭുതപ്പെടുത്തി. രണ്ടുപേരുടെ അഭിനയ രീതി വ്യത്യസ്തമാണ്. അർജുൻ അശോകനും ചിത്രത്തിലുണ്ട്. ഇവരിൽ നിന്നെല്ലാം പലകാര്യങ്ങൾ പഠിക്കാനായി. രജിഷയോടൊപ്പമാണ് കൂടുതൽ സമയം അഭിനയിച്ചത്. രജിഷ നന്നായി പിന്തുണക്കുകയും ചെയ്തു.
മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളായ സീമയും
സിനിമക്കകത്തു ഒരു രംഗത്തിലും ഞാൻ സീമ ചേച്ചിയോടൊപ്പം വരുന്നില്ല. സെറ്റിൽ വളരെ ഫ്രീ ആയാണ് അവർ സംസാരിച്ചത് .അഭിനയത്തിന്‍റെ കാര്യത്തിൽ പണ്ടേ നമ്മളെ ഞെട്ടിച്ചത് ആണ്. ഇത്രയും വലിയ ക്രൂ ഒക്കെ ഉള്ള സിനിമയിൽ എനിക്ക് ഭാഗമാകാൻ പറ്റിയത് തന്നെ വലിയ ഭാഗ്യമായാണ് കാണുന്നത്.
റിയാലിറ്റി ഷോ അനുഭവം ഗുണം ചെയ്തോ?
സത്യം പറഞ്ഞാൽ ഈ സിനിമക്ക് എന്നെ ഏറെയും സഹായിച്ചിട്ടുള്ളത് ആ പ്രോഗ്രാം തന്നെയാണ്. അതിനകത്തു ഒരുപാട് റൗണ്ടുകൾ ഉണ്ടായിരുന്നു. ക്യാമറക്ക് മുൻപിൽ എങ്ങനെ നിൽക്കണം, അവരുടെ പ്രയത്നങ്ങൾ തുടങ്ങി പല കാര്യങ്ങളും പഠിക്കാനായി. പ്രണയം അഭിനയിക്കുമ്പോഴുള്ള നാണമൊക്കെ മാറ്റിയത് ആ പ്രോഗ്രാമാണ്.
സ്റ്റാൻഡ് അപ്പ് കോമഡി അറിയാമോ
മുൻപ് കണ്ടിട്ടുണ്ട്. തമിഴിൽ ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ഉണ്ട്. ഈ സിനിമ ഒരു ഗൗരവമുള്ള വിഷയമാണ് പറയുന്നത്. ഗൗരവമേറിയ വിഷയത്തെ സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെ അവതരിപ്പിക്കുന്ന സിനിമയാണിത്. സ്റ്റാൻഡ് അപ്പ് കൊമേഡിയനായി എത്തുന്നത് നിമിഷയുടെ കഥാപാത്രമാണ്.
സ്റ്റാൻഡ് അപ്പ് ആറാമത്തെ സിനിമ
സ്റ്റാൻഡ് അപ്പിന് മുൻപ് അഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു. ഒടിയൻ, വെളിപ്പാടിന്‍റെ പുസ്തകം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.