സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു
text_fieldsകൊച്ചി: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള (42) അന്തരിച്ചു. കരള്‍രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് 11.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. വർഷങ്ങളായി എറണാകുളം അബാദ് പ്ളാസ ഫ്ളാറ്റിലായിരുന്നു താമസം.
നാളെ രാവിലെ എട്ട് മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. പത്തരക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
നോൺ ആൽക്കഹോളിക് ലിവർ സിറോസിസിനോടൊപ്പം ന്യൂമോണിയ കൂടി പിടിപെട്ടതാണ് രാജേഷിന്‍റെ ആരോഗ്യനില അതീവഗുരുതരമാകാൻ ഇടയാക്കിയത്. ഇന്നലെ പുറത്തിറങ്ങിയ 'വേട്ട'യുടെ അവസാനഘട്ട ജോലികളിലായിരിക്കുമ്പോഴും ഇടക്കിടെ ചികിത്സ തേടിയിരുന്നു. രാജേഷിന് കരൾ മാറ്റ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നതുമാണ്.
2005ല്‍ പുറത്തിറങ്ങിയ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' ആണ് രാജേഷ് പിള്ളയുടെ ആദ്യ ചിത്രം. ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2011ല്‍ പുറത്തിറങ്ങിയ ട്രാഫിക്ക് മലയാളത്തിലെ നവതലമുറ തരംഗത്തിന് തുടക്കം കുറിച്ചു. സജ്ഞയ്- ബോബി ടീമിന്‍റെ തിരക്കഥയിലായിരുന്നു രാജേഷ് ട്രാഫിക് സംവിധാനം ചെയ്തത്. മലയാളത്തിൽ വൻഹിറ്റായ ട്രാഫിക് തമിഴിലും കനനഡയിലും ഹിന്ദിയിലും പുറത്തിറങ്ങി. രാജേഷ് പിള്ള തന്നെയാണ് ഹിന്ദി സിനിമ സംവിധാനം ചെയ്തത്. അമല പോൾ, നിവിൻ പോളി എന്നിവർ അഭിനയിച്ച മിലിയും പ്രേക്ഷക ശ്രദ്ധ പടിച്ചുപറ്റി. മഞ്ജു വാര്യരെ നായികയാക്കിയാണ് രാജേഷ് 'വേട്ട' ഒരുക്കിയത്.
തിരുവനന്തപുരം കവടിയാർ അമ്പലനഗർ വിനായക വീട്ടിൽ ഡോക്ടർ കെ.രാമൻ പിള്ളയുടേയും സുഭദ്രാമ്മയുടേയും മകനാണ്. ഭാര്യ മേഘ. സഹോദരി ശ്രീരേഖ പിള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.