നടൻ ദിലീപ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsമുംബൈ: മുതിർന്ന ബോളിവുഡ് നടൻ ദിലീപ്കുമാറിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് 93കാരനായ ദിലീപ്കുമാറിനെ ശനിയാഴ്ച പുലർച്ചെ 2.30ന് മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദിലീപ്കുമാറിന് പനിയും ഛർദ്ദിയുമുണ്ടായെന്ന് ലീലാവതി ആശുപത്രിയിലെ ഡോ. ജലിൽ പർകാർ പറഞ്ഞു. ന്യൂമോണിയയും അലട്ടുന്നുണ്ട്. 48 മണിക്കൂറിനുള്ളിൽ ആരോഗ്യനിലയിൽ പുരോഗതിയില്ലെങ്കിൽ ഐ.സി.യുവിലേക്ക് മാറ്റേണ്ടിവരും. അടുത്ത 72 മണിക്കൂർ വളരെ പ്രധാനപ്പെട്ടതാണെന്നും ഡോ. പർകർ പറഞ്ഞു.
മുഹമ്മദ് യൂസുഫ് ഖാനെന്ന ദിലീപ്കുമാർ 1944ൽ തൻെറ 22ാം വയസ്സിലാണ് സിനിമയിൽ അരങ്ങേറിയത്. ജ്വർ ഭാട്ട ആയിരുന്നു ചിത്രം. മുഗളെ അസം, അന്താസ്, ആൻ, ദേവ്ദാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപ് തൻെറ സാന്നിദ്ധ്യം ബോളിവുഡിൽ അറിയിച്ചു.
ട്രാജഡി കിങ് ഓഫ് ബോളിവുഡ് എന്നാണ് ദിലീപ് അറിയപ്പെടുന്നത്. 1998ൽ പുറത്തിറങ്ങിയ ഖിലാ ആണ് അവസാനം അഭിനയിച്ച ചിത്രം. അറുപത് വർഷത്തെ സിനിമാ ജീവിതത്തിന് അംഗീകാരമായി കഴിഞ്ഞ വർഷം അദ്ദേഹത്തെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. 1991ൽ പത്മഭൂഷണും സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് 1994ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും ദിലീപ്കുമാറിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.