സൽമാൻെറ ബലാൽസംഗ പരാമർശം ദൗർഭാഗ്യകരമെന്ന് ആമീർഖാൻ
text_fieldsമുംബൈ: സൽമാൻ ഖാൻെറ ബലാൽസംഗ പരാമർശം ദൗർഭാഗ്യകരമായെന്ന് ആമീർഖാൻ. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് താൻ പ്രതികരിക്കുന്നത്. സൽമാൻ അഭിമുഖം നടത്തുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. അശ്രദ്ധയോടെയുള്ള പരാമർശമാണ് സൽമാൻ നടത്തിയത്. സൽമാൻെറ സുഹൃത്തുക്കളിലൊരാളായ ആമിർ തൻെറ പുതിയ ചിത്രമായ ദംഗലിൻെറ പോസ്റ്റർ ലോഞ്ചിംഗിനായി മുംബൈലെത്തിയതായിരുന്നു. വിവാദത്തിനു ശേഷം താൻ സൽമാനെ കണ്ടില്ലെന്ന് പറഞ്ഞ ആമിറിനോട് സൽമാനെ കാണുകയാണെങ്കിൽ ഉപദേശം നൽകുമോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു. എന്നാൽ സൽമാനെ ഉപദേശിക്കാൻ താൻ ആരാണെന്നായിരുന്നു ആമിറിൻെറ മറുചോദ്യം.
പുതിയ ചിത്രമായ സുൽത്താന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെച്ചാണ് സൽമാൻ വീണ്ടും വിവാദത്തിൽ പെട്ടത്. ചിത്രത്തിൽ സൽമാൻ ഗുസ്തിക്കാരന്‍റെ വേഷമാണ് ചെയ്യുന്നത്. സുൽത്താന്‍റെ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് 'ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.
''ഷൂട്ടിങിനിടയിൽ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്ടി വരും. ഒരിക്കൽ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളിൽ നിന്നും പകർത്താനായി പത്തുതവണ ആ ഭാരമുയർത്തേണ്ടിവന്നു. റിങിൽ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പല തവണ ഇതെല്ലാം ചെയ്തു. അഞ്ചു ആറും മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്ത് റിങിൽ നിന്നും പുറത്തിറങ്ങുമ്പോൾ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നിൽക്കാൻ പോലും കഴിയാറില്ല.'' ഇതായിരുന്നു സൽമാന്‍റെ വാക്കുകൾ.
സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നടന്‍റേത് വിവേകമില്ലാത്ത പ്രതികരണമാണെന്നും നിലവാരമില്ലാത്ത അഭിപ്രായ പ്രകടനമാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. തുടർന്ന് വനിതാ കമീഷൻ രംഗത്തെത്തി. സൽമാൻ ഖാൻ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കമീഷൻ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.