ബോളിവുഡ് ഹാസ്യനടന്‍ റസാഖ് ഖാന്‍ അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്ത ബോളിവുഡ് ഹാസ്യനടന്‍ റസാഖ് ഖാന്‍ (65) അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30ന് ബാന്ദ്രയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ഹോളിഫാമിലി ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് ജനിച്ചുവളര്‍ന്ന നഗരത്തിലെ ബൈഖുളയിലുള്ള നാരിയല്‍വാഡി ഖബര്‍സ്ഥാനില്‍ നടക്കും.
മരണവിവരമറിഞ്ഞ് ക്രൊയേഷ്യയിലുള്ള മകന്‍ ആസാദ് ഖാന്‍ മുംബൈയിലേക്ക് പുറപ്പെട്ടു. റസാഖ് ഖാന്‍ നെഞ്ചില്‍പിടിച്ച് വേദന അനുഭവിക്കുന്ന ചിത്രത്തോടൊപ്പം മരണവിവരം ഫേസ്ബുക് വഴി ആദ്യമറിയിച്ചത് സുഹൃത്തായ ഷെഹ്സാദ് ഖാനാണ്. 1999ലെ ഹലോ ബ്രദര്‍ എന്ന സിനിമയോടെ നിഞ്ച ചാച്ച എന്നായിരുന്നു റസാഖ് ഖാന്‍ വിളിക്കപ്പെട്ടിരുന്നത്. 1993ല്‍ രൂപ്കി റാണി ചോറോന്‍ കാ രാജ എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിന് തുടക്കമിട്ടു.
മൊഹ്റ, രാജാ ഹിന്ദുസ്ഥാനി, പ്യാര്‍ കിയാതോ ഡര്‍ണാ ക്യാ, ബാദ്ഷാ, ഹേരാ ഫെരി തുടങ്ങി 90ലേറെ ചിത്രങ്ങളില്‍ ഹാസ്യവേഷത്തിലും സഹനടനായും നിറഞ്ഞുനിന്നു. ഗോവിന്ദ, സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ നായകവേഷമിട്ട ചിത്രങ്ങളിലായിരുന്നു റസാഖ് ഖാന്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ക്യാ കൂള്‍ ഹേ ഹം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കപില്‍ ശര്‍മയുടെ കോമഡി നൈറ്റില്‍ ഗോള്‍ഡന്‍ ഭായിയായി എത്തിയിരുന്നു. ആര്‍.കെ. ലക്ഷമണ്‍ കി ദുനിയ, ചമത്കാര്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.