പാർട്ടി പ്രവർത്തകർക്ക് ‘ചപാക്’ പ്രത്യേക പ്രദർശനമൊരുക്കി അഖിലേഷ് യാദവ്
text_fieldsലഖ്നോ: ദീപിക പദുക്കോണിന്‍റെ പുതിയ ചിത്രമായ ‘ചപാക്’ പാർട്ടി പ്രവർത്തകർക്കായി പ്രത്യേകം പ്രദർശിപ്പിക്കാൻ സമാ ജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി നേതൃത്വം ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ദീപികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രത്യേക പ്രദർശനം ഒരുക്കുന്നത്.
ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാൾ എന്ന യുവതിയുടെ കഥയാണ് ചപാക്. ആസിഡ് ആക്രമണം നേരിട്ടവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നയാളാണ് അഖിലേഷെന്നും അതിനാൽ പ്രവർത്തകരെല്ലാവരും സിനിമ കാണുമെന്നും ഒരു എസ്.പി പ്രവർത്തകൻ പറഞ്ഞു. ആക്രമണത്തിനിരയായവർക്കായി ‘ഷീറോസ് ഹാങ്ങൗട്ട്’ എന്ന കഫേ അഖിലേഷ് നടത്തുന്നുണ്ടെന്നും പ്രവർത്തകർ പറഞ്ഞു.
യു.പിയിലെ കോൺഗ്രസ് നേതൃത്വവും സിനിമക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സിനിമ കാണാൻ പാർട്ടി നേതാവ് ശൈലേന്ദ്ര തിവാരി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡൽഹി ജെ.എൻ.യുവിൽ എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണത്തിനിരയായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയതിനെ തുടർന്നാണ് ബി.ജെ.പി ദീപികക്കെതിരെ ബഹിഷ്കരണ ഭീഷണി മുഴക്കിയത്. എന്നാൽ, ദീപികയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മധ്യപ്രദേശ്, ചത്തീസ്ഗഢ് സർക്കാറുകൾ സിനിമക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് ‘ചപാക്’ റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.