ഉത്തരവിടാൻ ദീപിക ഇന്ത്യയുടെ പ്രസിഡന്‍റല്ല; ലോകേന്ദ്ര കൽവി
text_fieldsപറ്റ്ന(ബീഹാർ): പത്മാവതി സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉത്തരവിടാൻ ബോളിവുഡ് നടി ദീപിക പദുക്കോൺ ഇന്ത്യയുടെ പ്രസിഡന്‍റല്ലെന്ന് രാജ്പുത് കർണിസേന നേതാവ് ലോകേന്ദ്ര കൽവി. ഒരു രാഷ്ട്രം എന്ന നിലയിൽ എവിടെയാണ് നമ്മൾ എത്തിയിരിക്കുന്നതെന്നും പിന്നോട്ടാണോ നമ്മുടെ യാത്രയെന്നുള്ള ദീപികയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കൽവി.
റാണി പത്മാവതിയെ അലാവുദീൻ ഖിൽജിയുടെ കാമുകിയായി ചിത്രീകരിക്കുന്നത് ആർക്ക് സഹിക്കാൻ കഴിയും. എന്തു വില കൊടുത്തും ചിത്രം റിലീസ് ചെയ്യുമെന്നാണ് ദീപിക പദുക്കോൺ പറയുന്നത്. ആജ്ഞാപിക്കാൻ അവർ ഇന്ത്യയുടെ പ്രസിഡന്‍റല്ല. ഞങ്ങളെ പ്രകോപിപ്പിക്കാനാണ് അവരുടെ ശ്രമം. രാജ് പുത് കർണി സേനയുടെ സ്ഥാപകൻ എന്ന നിലയിൽ പറയുകയാണ് ആ ചിത്രം റിലീസ് ചെയ്യില്ല- അദ്ദേഹം പറഞ്ഞു.
സഞ്ചയ് ലീലാ ബൻസാലി പത്മാവതിയുടെ പേര് ഉപയോഗിക്കുന്നതിലും കൽവി പുച്ഛിച്ചു. അയാളെ കാണുകയാണെങ്കിൽ ഇനി എന്‍റെ അമ്മയുടെ പേര് ഉപയോഗിക്കരുതെന്ന് പറയുമെന്നും അത് എനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ലോകേന്ദ്ര കൽവി പറഞ്ഞു. കർണിസേന മാത്രമല്ല സമൂഹത്തിലെ എല്ലാവരും സിനിമക്കെതിരെ സംസാരിക്കാൻ രംഗത്തു വരും. സിനിമയുടെ റിലീസ് തടയണമെന്ന് താൻ പ്രധാന മന്ത്രിയോട് ആവശ്യപ്പെടുമെന്നും കൽവി കൂട്ടിച്ചേർത്തു.
നേരത്തെ ദീപികക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കർണിസേനയിലെ മറ്റൊരംഗം നേരത്തെ രംഗത്ത് വന്നിരുന്നു.
അതിനിടെ രാജസ്ഥാനിലെ പത്മാവതി രാജ്ഞിയുടെ കൊട്ടാരം സ്ഥിതി ചെയ്യുന്ന ചിറ്റോർഗയിൽ സന്ദർശകർ പ്രവേശിക്കുന്നത് പ്രക്ഷോഭക്കാർ തടഞ്ഞു. എന്നാൽ ചിറ്റോർഗ കോട്ട ഒൗദ്യോഗികമായി അടച്ചിട്ടില്ലെന്നും എല്ലാവിധ സുരക്ഷാ ഏർപ്പാടുകളും ചെയ്തു വരികായാണെന്നും ചിറ്റോർഗ പൊലീസ് സൂപ്രണ്ട് പ്രശാൻ കുമാർ കംസേര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.