ഈ കളി നന്നായി കളിക്കുന്നു; ഫലം എന്തെന്ന് അറിയില്ല -ഇർഫാൻ ഖാൻ
text_fieldsഅർബുദ രോഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ ഇർഫാൻ ഖാൻ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര ലോകം. തന്‍റെ സ്വകാര്യത മാനിക്കണമെന്ന അദ്ദേഹത്തിന്‍റെ അഭ്യർഥനയോട് വളരെ പക്വതയോടെയാണ് ആരാധക ലോകം പ്രതികരിച്ചത്. വീണ്ടും തന്‍റെ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ രോഗത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞത്.
ന്യൂറോ എൻഡോക്രൈൻ കാൻസർ എന്ന നാമം എനിക്ക് വളരെ പുതിയതായിരുന്നു. അപൂർവ്വമായ രോഗമാണിതെന്ന് പിന്നീടാണ് അറിഞ്ഞത്. കുറച്ച് പഠനങ്ങൾ മാത്രമാണ് ഈ രോഗത്തെ കുറിച്ച് നടന്നത്. ഞാനൊരു ‘ട്രയൽ ആൻഡ് എറർ’ കളിയുടെ ഭാഗമായിരിക്കുകയാണിപ്പോൾ. ഈ പ്രതിസന്ധിയെ നേരിടുക എന്നത് മാത്രമാണ് ഇപ്പോൾ ഞാൻ എന്നോട് തന്നെ ചെയ്യേണ്ടത്. ഭയവും പരിഭ്രമവും ഭരിക്കാൻ പാടില്ല. അതുകൊണ്ടാണ് കുറച്ച് നാള്‍ ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാഞ്ഞത്.
എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്‍റെ കരുത്തിനെ തിരിച്ചറിഞ്ഞ് ഈ കളി നന്നായി കളിക്കുകയാണ് ചെയ്യേണ്ടത്. അതിന്‍റെ ഫലം എന്താകുമെന്ന് അറിയില്ല. ഒരുപക്ഷെ നാലു മാസമോ ഒരു വർഷമോ രണ്ടു വർഷമോ ആയിരിക്കാം. അത്തരം വേവലാതികളെ കുറിച്ച് ഭയപ്പെടുന്നില്ല.
സ്വപ്നങ്ങളും പദ്ധതികളും പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി വേഗതയുള്ള ഒരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. പെട്ടെന്ന് ടിക്കറ്റ് എക്സാമിനർ തോളിൽ തട്ടി. ‘നിങ്ങളുടെ സ്ഥലം എത്തിയിരിക്കുന്നു. ഉടൻ ഇറങ്ങണമെന്ന് പറഞ്ഞു. എന്നാൽ ഇറങ്ങാനായിട്ടില്ലെന്നായിരുന്നു എന്‍റെ മറുപടി. അല്ല. ഇതാണ് നിങ്ങളുടെ സ്ഥലമെന്നായിരുന്നു അദ്ദേഹം ആവർത്തിച്ചത്.
ഇപ്പോൾ ഞാൻ അവധിയില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. അതിന്‍റെ പൂർണത അറിയുന്നു. ജീവിതത്തെ ആദ്യകാലത്തെ പോലെ രുചിക്കുന്നു. യഥാര്‍ത്ഥ സ്വാതന്ത്ര്യവും അതിന്‍റെ രുചിയും ഈ അവസ്ഥയില്‍ എനിക്ക് രുചിക്കാന്‍ കഴിയുന്നു.
-ഇർഫാൻ ഖാൻ
തനിക്ക് അപൂർവമായി കാണപ്പെടുന്ന അർബുദമാണെന്നും (ന്യൂറോ എൻഡോക്രൈൻ ടൂമർ) അതിന് രാജ്യത്തിനു പുറത്ത് ചികിത്സ തേടുകയാണെന്നും ഇർഫാൻ നേരത്തെ ട്വിറ്ററിലൂടെയാണ് അറിയിച്ചിരുന്നത്. എന്നാൽ ആദ്യമായാണ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ‘‘അപ്രതീക്ഷിത കാര്യങ്ങളാണ് നമ്മെ നയിക്കുന്നതെന്ന് കുറച്ചുനാളുകളിലെ അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തി. അർബുദം സ്ഥിരീകരിച്ചപ്പോൾ വിഷമത്തിലായെങ്കിലും ചുറ്റുമുള്ളവർ പകരുന്ന ശക്തി എന്നിൽ പ്രതീക്ഷ നിറക്കുന്നു. ചികിത്സാർഥം വിദേശത്തുള്ള ഞാൻ ഏവരുടെയും ആശംസ പ്രതീക്ഷിക്കുന്നു. രോഗത്തിെൻറ പേരിൽ ന്യൂറോ ഉണ്ടെങ്കിലും അത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. കൂടുതല്‍ അറിയാൻ ഗൂഗിളില്‍ നോക്കാം. എെന്ന കേൾക്കാൻ കാത്തിരിക്കുന്നവർക്ക് മുന്നിൽ കൂടുതൽ കഥകൾ പറയാൻ എത്താനാകുമെന്നാണ് പ്രതീക്ഷ’’ - എന്നായിരുന്നു ഇര്‍ഫാന്റെ കുറിപ്പ്.
ന്യൂറോ എൻഡോക്രൈൻ ട്യൂമർ ശ്വാസകോശം, വയറിലെ ആന്തരിക അവയവങ്ങൾ എന്നിവയെയാണ് സാധാരണ ബാധിക്കുന്നത്. അതേസമയം, തലച്ചോർ ഉൾപ്പെടെ എല്ലാ ഭാഗത്തേക്കും വ്യാപിക്കാറുണ്ട്. രോഗം പ്രാരംഭത്തിൽ കണ്ടെത്താൻ പ്രയാസമാണ്. പ്രാരംഭത്തിൽ കണ്ടെത്താനായാൽ ചികിത്സിച്ച് ഭേദമാക്കാനാവുമെന്നാണ് ഡോക്ടർമാരുടെ അിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.