‘ജാവേദ് അക്തർ പറഞ്ഞു-നീ ജയിലിലാകും, ജീവനൊടുക്കേണ്ടി വരും’- ആരോപണവുമായി കങ്കണ
text_fieldsമുംബൈ: ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതവും പണത്തിൻെറയും സ്വാധീനത്തിൻെറയും അടിസ്ഥാനത്തിലുള്ള വിവേചനവും തുറന്നുപറഞ്ഞ് വീണ്ടും നടി കങ്കണ റണാവത്.
നടൻ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങൾക്കിടെ അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നുവരെ തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയിലിലാകുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും തന്നോട് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ പറഞ്ഞതായാണ് കങ്കണ തുറന്നടിച്ചത്.
‘ജാവേദ് അക്തർ എന്നെ ഒരിക്കൽ വീട്ടിലേക്ക് വിളിപ്പിച്ചു. രാകേഷ് റോഷനും കുടുംബവും വളരെ വലിയ ആളുകളാണ്. നീ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, നിനക്ക് പോകാൻ മറ്റൊരിടവുമില്ല. അവർ നിന്നെ ജയിലിലേക്കയക്കും. പിന്നെ ഒരേയൊരു വഴി ആ നാശത്തിേൻറതായിരിക്കും. നിനക്ക് ആത്മഹത്യ ചെയ്യേണ്ടിവരും-ഇതായിരുന്നു അദ്ദേഹത്തിൻെറ വാക്കുകൾ.
ഹൃത്വിക് റോഷനോട് ഞാൻ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടാണ്? വളരെ ഉച്ചത്തിലാണ് അദ്ദേഹമത് പറഞ്ഞത്. ആ വീട്ടിൽ ഞാനപ്പോൾ വിറച്ചിരിക്കുകയായിരുന്നു’- ഒരു പോർട്ടലിന് നൽകിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞു.
നടൻ സുശാന്ത് സിങ് രജപുത്തിൻെറ മരണത്തെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അവർ. ‘ആരെങ്കിലും സുശാന്തിലേക്ക് ഇത്തരം മാനസിക ബുദ്ധിമുട്ടുകൾ അടിച്ചേൽപ്പിച്ചിരുന്നോയെന്ന് എനിക്കറിയില്ല. പക്ഷേ, അയാളും എേൻറതിന് സമാനമായ അവസ്ഥയിലായിരുന്നു. സ്വജനപക്ഷപാതത്തിനും കഴിവിനും ഒന്നിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അവർ പ്രതിഭകളെ പുറത്തുവരാൻ അനുവദിക്കില്ല. എനിക്ക് ആ അവസ്ഥ മനസ്സിലാവും, അതുകൊണ്ടാണ് ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത്. ഈ കളികളുടെ പുറകിൽ ആരാണെന്ന് എനിക്കറിയണം.’ -കങ്കണ ചൂണ്ടിക്കാട്ടി.
ആദിത്യ ചോപ്രയുമായി സുശാന്തിനും പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. ‘സുൽത്താൻ’ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ആദിത്യ ചോപ്ര എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഒരിക്കലും ഇനി സിനിമ ചെയ്യിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അവരെന്നെ ഒറ്റപ്പെടുത്തിയതു മുതൽ നിരവധി തവണ എനിക്ക് ഏകാന്തത അനുഭവപ്പെട്ടു. എനിക്ക് എന്ത് സംഭവിക്കുമെന്ന് ഒരുപാട് ആലോചിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് പദവിയുള്ള ആളുകൾക്ക് ഒരിക്കലും മറ്റൊരാളുമായി പ്രവർത്തിക്കില്ലെന്ന് പറയാൻ കഴിയുന്നത്? എന്ത് അധികാരമാണ് അവർക്കുള്ളത്? മറ്റൊരാളുടെ കൂടെ പ്രവർത്തിക്കണോ എന്നത് ഒരാളുടെ വ്യക്തിഗതമായ തെരഞ്ഞെടുപ്പാണ്. പക്ഷേ എങ്ങിനെയാണ് കൂട്ടം ചേർന്ന് ചിലർക്ക് അത് പ്രാവർത്തികമാക്കാനാകുന്നത്? ചിലരുടെ ഇൗ പ്രബലത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ട്. ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്. അവരെ തുറന്നുകാട്ടാൻ ഞാൻ ഏതു പരിധിവരെയും പോകും. അത്രക്ക് സഹിച്ചു’–കങ്കണ കൂട്ടിച്ചേർത്തു.
വൈകാരികവും സാമൂഹികവുമായ ആൾക്കൂട്ട കൊലപാതകമാണ് സുശാന്തിൻെറ കാര്യത്തിൽ സംഭവിച്ചതെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മറ്റൊരു വിഡിയോയിൽ കങ്കണ ആരോപിച്ചു.
‘ഇഷ്ടമില്ലാത്തവരെ മാനസികമായി തളർത്താൻ മൂവി മാഫിയക്ക് കൂലിയെഴുത്തുകാരായ മാധ്യമ പ്രവർത്തകരുണ്ട്. അവർ ഇരയുടെ പേര് പരാമർശിക്കാതെ, എന്നാൽ ആളെ തിരിച്ചറിയുന്ന സൂചനകൾ നൽകി നുണകൾ പ്രസിദ്ധീകരിക്കും. എന്നെ കുറിച്ചാണെങ്കിൽ ചുരുണ്ട മുടിക്കാരി, മണാലിക്കാരി, ദേശീയ അവാർഡ് ജേതാവ് എന്നൊക്കെ എഴുതും. പേര് പറയില്ല. ലക്ഷ്യം കണ്ടുകഴിഞ്ഞാൽ ഇവർ അപ്രത്യക്ഷമാകുകയും ചെയ്യും’- കങ്കണ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.