സുശാന്തിനെ മാനസിക രോഗിയായി ചിത്രീകരിക്കുന്നു; ബോളിവുഡിനെ കടന്നാക്രമിച്ച് കങ്കണ
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച് നടി കങ്കണ റണൗത് രംഗത്ത്. സുശാന്ത് അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മരണശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത് താരത്തെ മാനസിക രോഗിയാക്കാനും മയക്കുമരുന്നിന് അടിമയാക്കാനും ശ്രമിക്കുകയാണെന്നും കങ്കണ ആരോപിക്കുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലാണ് താരം പ്രതികരിച്ചത്.
സെലിബ്രിറ്റികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ മാധ്യമങ്ങൾ അനുതാപത്തോടെ പെരുമാറണം. സഞ്ജയ് ദത്ത് മയക്കുമരുന്നിന് അടിമയായിരുന്നു എന്ന് പറയുേമ്പാൾ ക്യൂട്ടായി തോന്നുന്നവർ തന്നെയാണ് സുശാന്തിനെ കുറിച്ച് ഒാരോന്ന് എഴുതിപ്പിടിപ്പിക്കുന്നത്. അവർക്ക് മാപ്പ് നൽകാൻ ആവില്ല. പഠിക്കുന്ന സമയത്ത് മെഡൽ നേടിയ സുശാന്തിനെ എന്ത് അടിസ്ഥാനത്തിലാണ് ദുർബല ഹൃദയമുള്ളവനായി ചിലർ ചിത്രീകരിക്കുന്നത്.
സുശാന്തിന് ബോളിവുഡിൽ ഗോഡ്ഫാദർമാരില്ല. സിനിമയിൽ കയറി കുറച്ചുനാൾകൊണ്ട് തന്നെ മികച്ച നടനാവുകയും അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്തു. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ എത്തിയത്. താരത്തിെൻറ അവസാനത്തെ ചില സമൂഹ മാധ്യമ പോസ്റ്റുകൾ നോക്കൂ. അദ്ദേഹം അഭിനയിച്ച സിനിമകൾ കാണാൻ കേണപേക്ഷിക്കുകയാണ്. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും എന്നെ പുറത്തേക്ക് വലിച്ചെറിയുമെന്നുമൊക്കെയാണ് താരം പറയുന്നത്. -കങ്കണ പറയുന്നു.
സുഷാന്തിെൻറ ആദ്യ ചിത്രമായ കൈ പോ ചെക്കും എം.എസ് ധോണിക്കും ചിച്ചോരെക്കുമെല്ലാം യാതൊരു പുരസ്കാരങ്ങളും ലഭിച്ചില്ല. എന്നാൽ ഗള്ളി ബോയ് പോലുള്ള മോശം സിനിമകൾക്ക് അത് ലഭിക്കുന്നു. സുശാന്ത് അവനെ താഴ്ത്തിക്കെട്ടിക്കൊണ്ട് മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുത്തതാണ് അവന് പറ്റിയ ഏറ്റവും വലിയ തെറ്റെന്നും കങ്കണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.