പത്മാവതിക്കെതിരായ ജനവികാരം കണക്കിലെടുക്കണം; കേന്ദ്രത്തോട് യു.പി സർക്കാർ
text_fieldsലഖ്നോ: സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവതിക്കെതിരെ പ്രതിഷേധം മുറുകുന്നതിനിടെ ഉത്തർ പ്രദേശ് സർക്കാറും ചിത്രത്തിനെതിരെ രംഗത്ത്. ജനവികാരം കണക്കിലെടുത്ത് ചിത്രത്തിന് സെർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.പി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ചരിത്രത്തെ സിനിമ വളച്ചൊടിക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര വാർത്താ വിതരണ സെക്രട്ടറിക്കാണ് യു.പി സർക്കാർ കത്തയച്ചത്.
ചിത്രത്തിനെതിരെ യു.പിയിൽ ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ റാലികൾ, പോസ്റ്റർ നശിപ്പിക്കുക, കോലം കത്തിക്കുക തുടങ്ങിയ അക്രമപ്രവർത്തനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് യു.പിയിലെ മൾട്ടിപ്ലക്സ് ഉടമകൾക്ക് ഭീഷണിയും നിലനിൽക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് യു.പി സർക്കാറിന്‍റെ ആവശ്യം.
പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ് ചെയ്യുന്നതിനെതിരെ രജ്പുത് സംഘടനകൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
അതിനിടെ, രാജസ്ഥാനിലെ കോട്ടയിൽ പത്മാവതിയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ രജപുത് കർണിസേന അടിച്ചു തകർത്തിരുന്നു. ബംഗ്ലൂരിലെ രജപുത് സംഘടനകളും ചിത്രത്തിനെതിരെ രംഗത്തുവന്നു. ഡിസംബർ ഒന്നിനാണ് പത്മാവതിയുടെ റിലീസ്.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.