പത്മാവതി ഇനി പത്മാവത്; 26 രംഗങ്ങൾ ഒഴിവാക്കണം
text_fieldsന്യൂഡല്‍ഹി: പേരിൽ ഉൾപ്പെടെ അഞ്ചു മാറ്റങ്ങൾ വരുത്തിയാൽ സഞ്ജയ് ലീല ഭന്‍സാലി ചിത്രം ‘പത്മാവതി’ക്ക് യു.എ സർട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് (സി.ബി.എഫ്.സി). പത്മാവതി എന്ന പേര് ‘പത്മാവത്’ എന്നാണ് മാറ്റേണ്ടത്. ‘സതി’ ആചാരത്തെ മഹത്ത്വവത്കരിക്കുന്ന ഭാഗങ്ങളിലും കഥാപാത്ര വിവരണമടങ്ങിയ ‘ഖൂമർ’ എന്ന ഗാനത്തിലും മാറ്റങ്ങൾ വരുത്തണം. ഇക്കാര്യങ്ങളെല്ലാം നിർമാതാക്കളും സംവിധായകനും അംഗീകരിച്ചിട്ടുണ്ടെന്ന് സി.ബി.എഫ്.സി ചെയർമാൻ പ്രസൂൺ ജോഷി അറിയിച്ചു.
എന്നാൽ, 26 രംഗങ്ങള്‍ വെട്ടിമാറ്റാൻ സെൻസർ ബോർഡ് നിബന്ധന വെച്ചെന്ന് വാർത്തയുണ്ട്. കൂടാതെ, ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് രണ്ടുതവണ എഴുതിക്കാണിക്കണമെന്നും നിര്ദേശമുണ്ടത്രെ. നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാലും സിനിമക്ക് യു.എ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. എന്നാൽ, വെട്ടിമാറ്റലുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ചില പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നാണ് നിര്‍ദേശിച്ചതെന്നും പ്രസൂൺ ജോഷി പറഞ്ഞു.
28ന് ചേർന്ന പരിശോധന സമിതി യോഗത്തിലായിരുന്നു തീരുമാനം. 150 കോടി ചെലവിൽ നിർമിച്ച തെൻറ ചിത്രം 16ാം നൂറ്റാണ്ടിൽ മാലിക് മുഹമ്മദ് ജയസി എഴുതിയ ‘പത്മാവത്’ എന്ന പ്രശസ്ത കവിതയെ ആസ്പദമാക്കിയുള്ളതാണെന്ന് സംവിധായകൻ ഭൻസാലി പാർലമെൻററി സമിതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. സിനിമയെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.ബി.എഫ്.സിയുടെ മുൻകൈയിൽ രൂപവത്കരിച്ച പ്രത്യേക പാനലാണ് സിനിമ പരിശോധിച്ചത്. ബോർഡ് ഉദ്യോഗസ്ഥരെ കൂടാതെ ഉദയ്പുരിലെ അരവിന്ദ് സിങ്, ചന്ദ്രമണി സിങ്, ജയ്പുർ സർവകലാശാലയിലെ പ്രഫ. കെ.കെ. സിങ് എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്. നിർദേശിച്ച മാറ്റങ്ങൾ വരുത്തി സമർപ്പിക്കുന്ന മുറക്ക് സിനിമക്ക് പ്രദർശനാനുമതി നൽകും.
അതേസമയം, ബോർഡിെൻറ തീരുമാനത്തിനെതിരെ രജപുത് കർണി സേനയും രജപുത് സഭയും രംഗത്തെത്തി. പാനലിെൻറ കണ്ടെത്തലിനുപകരം സിനിമ നിർമാതാക്കളുടെ താൽപര്യത്തിനാണ് ബോർഡ് പ്രാധാന്യം നൽകിയതെന്ന് രജപുത് സഭ പ്രസിഡൻറ് ഗിരിരാജ് സിങ് പറഞ്ഞു. പത്മാവതിക്കെതിരായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചെന്നാരോപിച്ച് സിനിമക്കെതിരെ രജപുത്ര^ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു. സംവിധായകനും പ്രധാന വേഷം അവതരിപ്പിക്കുന്ന നടി ദീപിക പദുക്കോണിനും ബി.ജെ.പി നേതാക്കളിൽനിന്നടക്കം വധഭീഷണി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.