പത്മാവതി വിവാദം: വധഭീക്ഷണി മുഴക്കിയ ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsഹരിയാന: പത്മാവതിയിലെ നായിക ദീപിക പദുക്കോണിന്‍റെയും ചിത്രത്തിന്‍റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലവെട്ടുന്നവർക്ക് 10 കോടി നൽകുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. കുൻവാർ സൂരജ്പാൽ സിങിനെതിരെയാണ് 506ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
ബി.ജെ.പിയുടെ ചീഫ് മീഡിയ കോർഡിനേറ്ററാണ് സൂരജ്പാൽ സിങ്. പഴയ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായി സൂരജ്പാൽ സിങ് പറഞ്ഞു. താൻ ഒരു രജപുത് വംശജനാണ് അല്ലാതെ പാർട്ടിയുടെ ഒാഫീസ് പരിചാരകനല്ലെന്നും സിങ് വ്യക്തമാക്കി. ഞങ്ങൾക്ക് നിയമം കൈയിലെടുക്കാൻ ആഗ്രഹമില്ല. എന്നാൽ രാജ്പുത് റാണിമാരെയോ രാജാക്കൻമാരെയോ മോശമായി ചിത്രീകരിച്ചാൽ മാപ്പ് നൽകില്ലെന്നും സിങ് പറഞ്ഞു.
അതിനിടെ പത്മാവതിയിൽ മോശമായതോ അസ്വീകാര്യമായതോ വിധം ഒന്നുമില്ലെന്ന് നടൻ ഷാഹിദ് കപൂർ പറഞ്ഞു. സിനിമ നിർമ്മിച്ചത് രാജ്യത്തിന് വേണ്ടിയാണ് ജനങ്ങൾ അത് കണ്ട് വിലയിരുത്തണമെന്നും കപൂർ പറഞ്ഞു. ഉഡ്താ പഞ്ചാബിന്‍റെ കാര്യത്തിൽ സംഭവിച്ചത് പോലെ പത്മാവതിയും റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഹിദ് വ്യക്തമാക്കി. ചിത്രത്തിൽ റാണി പത്മിനിയുടെ ഭർത്താവായാണ് ഷാഹിദ് അഭിനയിക്കുന്നത്.
ഷാഹിദ് കപൂർ അഭിനയിച്ച ഉഡ്താ പഞ്ചാബും നേരത്തെ വിവാദത്തിൽ പെട്ടിരുന്നു. വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് അന്ന് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.