'പത്മാവതി' ഹിന്ദുവായതിനാലാണ് മോശമായി ചിത്രീകരിച്ചതെന്ന് ബി.ജെ.പി മന്ത്രി
text_fieldsന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവതി' സിനിമയെ വിമർശിച്ച് ബി.ജെ.പി മന്ത്രി ഗിരിരാജ് സിങ്. പത്മാവതി ഹിന്ദുവായതിനാലാണ് അവരെ മോശമായി ചിത്രീകരിച്ചതെന്ന് ഗിരിരാജ് ആരോപിച്ചു. മുഹമ്മദ് നബിയെ കുറിച്ച് ഇവർ ഇത്തരത്തിൽ സിനിമയെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ചരിത്രത്തെ വികലമാക്കുന്നവരെ ജനങ്ങൾ ശിക്ഷിക്കണമെന്ന് പറഞ്ഞ മന്ത്രി ബൻസാലിക്കെതിരായി നടന്ന ആക്രമണത്തെ പരോക്ഷമായി ന്യായീകരിക്കുകയും ചെയ്തു. ഇന്ത്യൻ ചരിത്രത്തെ വികലമാക്കുന്ന സിനിമകൾ അനുവദിക്കാനാവില്ല. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സിനിമകൾ നിരവധി പുറത്ത് വന്നിട്ടുണ്ട്. എന്നാൽ മുഹമ്മദ് നബിയെ കുറിച്ച് ഇത്തരത്തിൽ ഇവർ സിനിമയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
രാജസ്ഥാനിൽ പത്മാവതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോളിവുഡ് സംവിധായകൻ ബൻസാലിക്ക് രജപുത് കർണ്ണി സേനയുടെ മർദ്ദനമേൽക്കേണ്ടി വന്നത്. ചക്രവർത്തിയായ അലാവുദീൻ ഖിൽജിക്ക് കീഴടങ്ങാൻ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് 'പത്മാവതി' എന്ന സിനിമയുടെ പ്രമേയം.
തന്‍റെ സൈന്യത്തോടൊപ്പം ചക്രവർത്തിക്കെതിരെ പോരാടിയ റാണി പത്മിനിയുടെ കഥ പ്രസിദ്ധമാണ്. ചക്രവർത്തി ചിറ്റോർഗഡ് കോട്ടയിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുൻപ് മറ്റ് സ്ത്രീകളോടൊപ്പം റാണിയും സ്വയം മരിക്കുകയായിരുന്നു. ദീപിക പദുക്കോണും രൺവീർ സിങുമാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.