റോഹിങ്ക്യൻ അഭയാർഥികളെ കാണാൻ പ്രിയങ്ക ചോപ്ര എത്തി
text_fieldsധാക്ക: ബോളിവുഡ് നടിയും യുനിസെഫ് ഗുഡ്വിൽ അംബാസഡറുമായ പ്രിയങ്ക ചോപ്ര ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യകളെ കാണാനെത്തി. കഴിഞ്ഞ വർഷം പ്രിയങ്ക ജോർഡനിലെ സിറിയൻ അഭയാർഥി കുട്ടികളെ കണ്ടത് വാർത്തപ്രാധാന്യം നേടിയിരുന്നു. കോക്സസ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലാണ് ഇക്കുറി പ്രിയങ്കയെത്തിയത്.
ക്യാമ്പുകളിൽ തിങ്ങിഞെരുങ്ങിക്കഴിയുന്ന അഭയാർഥികളെക്കുറിച്ച് അവർ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ‘‘ഞാൻ ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിലൊന്നായ ബംഗ്ലാദേശിലെ കോക്സസ് ബസാറിലാണിപ്പോൾ. മ്യാന്മർ സൈന്യം രാഖൈൻ പ്രവിശ്യയിലെ റോഹിങ്ക്യകൾക്കു നേരെ നടത്തിയ വംശഹത്യയെക്കുറിച്ച് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഏഴുലക്ഷം റോഹിങ്ക്യകളാണ് കൊടുംപീഡനങ്ങളെ തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിലെത്തിയത്. അവരിൽ 60 ശതമാനവും കുട്ടികളാണ്’’. അവർ ട്വിറ്ററിൽ കുറിച്ചു.
മാസങ്ങളായി ആളുകളെക്കൊണ്ട് ഞെരുങ്ങിക്കഴിയുന്ന ഇൗ ക്യാമ്പുകളിൽ ആ കുട്ടികൾ അസ്വസ്ഥരായി കഴിയുകയാണ്. ഒരു നേരത്തെ ഭക്ഷണം എപ്പോൾ കിട്ടുമെന്നുപോലും അവർക്കറിയില്ല. മൺസൂൺ കാലമായാൽ ദുരിതം ഇരട്ടിയാകും. അവരുടെ താൽക്കാലിക ടെൻറുകൾ കാറ്റിൽ പറക്കും. ഭാവിയെക്കുറിച്ച് ഒട്ടും പ്രതീക്ഷയില്ലാത്ത ഒരുകൂട്ടം കുട്ടികളാണിവിടെയുള്ളത്. അതിെൻറ വേദന ഞാനവരുടെ കണ്ണുകളിൽ കണ്ടു. മ്യാന്മറിലെ മാനുഷിക ദുരന്തത്തിെൻറ ഇരകളാണവർ. അവരെ സംരക്ഷിക്കാൻ ലോകത്തിന് ബാധ്യതയുണ്ട്. ഇവരാണ് നമ്മുടെ ഭാവി. അവരെ സംരക്ഷിക്കാൻ നിങ്ങളും കൈകോർക്കൂ... എന്നു പറഞ്ഞാണ് പ്രിയങ്ക കുറിപ്പ് അവസാനിപ്പിക്കുന്നത്.
സ്കൂളിൽ പോവുന്നതിനെക്കുറിച്ചും കുട്ടികളോട് അവർ സംസാരിച്ചു. അവരോടൊപ്പമുള്ള ഫോേട്ടാകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സിനിമക്കു പുറമെ സാമൂഹിക പ്രവർത്തനത്തിലും പങ്കാളിയാണ് പ്രിയങ്ക. ശൈശവ വിവാഹത്തിനെതിരായും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുമുള്ള പ്രവർത്തനങ്ങളിൽ സജീവമാണീ 35കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.