പത്മാവതിനെതിരെ പ്രതിഷേധം: ഗുജറാത്തിൽ അക്രമം; ബസുകൾ കത്തിച്ചു
text_fieldsഅഹ്മദാബാദ്: ഇൗ മാസം 25ന് പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചലച്ചിത്രം ‘പത്മാവതിന്’ നിരോധനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വടക്കൻ ഗുജറാത്തിൽ വ്യാപകപ്രതിഷേധം. മെഹ്സാന, ഗാന്ധിനഗർ, അഹ്മദാബാദ് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ബസുകൾ കത്തിച്ചു.
സംഭവത്തെ തുടർന്ന് പത്മാവത് റിലീസ് ചെയ്യുന്ന തിയറ്ററുകൾക്ക് സമീപം പ്രകടനങ്ങൾ നടത്തുന്നത് നിരോധിച്ച് അഹ്മദാബാദ് പൊലീസ് കമീഷണർ ഉത്തരവിറക്കി.
ശനിയാഴ്ച രാത്രിയാണ് അക്രമങ്ങൾ തുടങ്ങിയത്. മൂന്ന് സർക്കാർ ബസുകൾക്ക് തീയിട്ട ആക്രമികൾ ആറ് ബസുകൾക്ക് കേടുപാട് വരുത്തി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും റോഡ് ഉപരോധിച്ചു. അക്രമം പടരാൻ സാധ്യതയുള്ളതിനാൽ വടക്കൻ ഗുജറാത്തിലേക്കുള്ള ബസ് സർവിസുകൾ നിർത്തിവെച്ചതായി ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (ജി.എസ്.ആർ.ടി.സി) അറിയിച്ചു. ഗാന്ധിനഗർ, പഠാൻ, മെഹ്സാന, സബർകന്ധ, ബനസ്കന്ധ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് നിർത്തിയത്. അഹ്മദാബാദിനും വടക്കൻ ഗുജറാത്തിനും ഇടയിലുള്ള എല്ലാ സർവിസുകളും റദ്ദാക്കിയതായി ജി.എസ്.ആർ.ടി.സി അറിയിച്ചു. ആക്രമികൾ ബസിനെ ലക്ഷ്യംവെക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായാൽ സർവിസ് പുനരാരംഭിക്കും.
ഗുജറാത്ത് ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ പത്മാവതിന് നേരേത്ത വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കർണിസേനയുടെ ഭീഷണിയെതുടർന്ന് ചില തിയറ്റർ ഉടമകൾ ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് സ്വയം പിന്മാറിയിട്ടുണ്ട്. തിയറ്റർ ഉടമകൾക്ക് കർണിസേന പ്രവർത്തകർ മുന്നറിയിപ്പുമായി കത്ത് നൽകിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് പ്രദർശനം നടത്തിയാൽ എന്ത് സംഭവിക്കുമെന്ന് ജനുവരി 25ന് കാണാമെന്നായിരുന്നു കത്തിലെ ഭീഷണി.
അതേസമയം, ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞു. രാജസ്ഥാൻ സർക്കാറും അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.