സൽമാനെത്തി, അവർക്ക് സഹായവുമായി
text_fieldsമുംബൈ: ഹിന്ദി ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യുന്ന ദിവസക്കൂലിക്കാർ ലോക്ഡൗൺ കാലത്ത് ദുരിതത്തിലായപ്പോൾ സഹായവുമായി ബോളിവുഡ് താരങ്ങളെത്തിയിരുന്നു. എന്നാൽ, തങ്ങളെപ്പോലുള്ള ഉയരക്കുറവുള്ള കലാകാരന്മാരെ ആരെങ്കിലും സഹായിക്കാനെത്തുമെന്ന് പ്രവീൺ റാണക്ക് നേരിയ പ്രതീക്ഷ പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, താനടക്കം ഉയരക്കുറവുള്ള നൂറോളം കലാകാരന്മാർക്ക് സഹായവുമായി ബോളിവുഡിെൻറ സൂപ്പർതാരം സൽമാൻ ഖാൻ എത്തിയപ്പോൾ റാണയുടെ അതിശയത്തിനും ആഹ്ലാദത്തിനും അതിരുണ്ടായിരുന്നില്ല.
ഓരോരുത്തർക്കും 3000 രൂപ വീതമാണ് സൽമാൻ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. ഓൾ ഇന്ത്യ സ്പെഷൽ ആർടിസ്റ്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ.എ) സംഘടനയിലെ അംഗങ്ങൾക്കാണ് സഹായവുമായി സൽമാൻ രംഗത്തുവന്നത്. ഫെഡറേഷൻ ഓഫ് െവസ്റ്റേൺ ഇന്ത്യ സിനി എംേപ്ലായീസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ)യുടെ ഭാഗമാണ് എ.ഐ.എസ്.എ.എ. ‘അസോസിയേഷനു കീഴിൽ ശാരീരിക വെല്ലുവിളിയുള്ള 90ലേറെ അംഗങ്ങളാണുള്ളത്. ഇവരിൽ പകുതി പേർക്ക് സൽമാൻ പണം നൽകി. ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളിൽ ലഭിക്കും.’ -എഫ്.ഡബ്ല്യു.ഐ.സി.ഇ പ്രസിഡൻറ് ബി.എൻ. തിവാരി പറഞ്ഞു.
‘ഈ വിഷമ ഘട്ടത്തിൽ ഞങ്ങളെ ആരും ശ്രദ്ധിക്കാനില്ലാത്തപ്പോഴാണ് സൽമാൻ ഭായി രക്ഷകനായെത്തിയത്. ചൊവ്വാഴ്ച ഞങ്ങളുടെ അക്കൗണ്ടിൽ 3000 രൂപ വീതം അദ്ദേഹം നിക്ഷേപിച്ചുവെന്നറിഞ്ഞപ്പോൾ അതിശയം തോന്നി. മെറ്റാരു അഭിനേതാവും ഞങ്ങൾക്ക് സഹായവുമായി എത്തിയിട്ടില്ല.’ -2019ൽ റിലീസായ ഭാരത് എന്ന ചിത്രത്തിൽ സൽമാനൊപ്പം അഭിനയിച്ച പ്രവീൺ റാണ പറയുന്നു. എന്തെങ്കിലും ആവശ്യമുെണ്ടങ്കിൽ തെന്ന സമീപിച്ചുകൊള്ളാൻ ഷൂട്ടിങ് നടക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞിരുന്നതായും റാണ കൂട്ടിച്ചേർക്കുന്നു.
ഭാരതിലെ മറ്റൊരു സർക്കസ് ആർടിസ്റ്റും എ.ഐ.എസ്.എ.എ അംഗവുമായ ഷമീം അഹ്മദും അനിവാര്യ ഘട്ടത്തിൽ സഹായമെത്തിച്ച സൽമാന് നന്ദി പറയുന്നു. ‘ഞങ്ങൾക്ക് ജോലിയൊന്നും ലഭിക്കുന്നില്ല. ലോക്ഡൗണിനിടെ ഞങ്ങൾക്ക് സാമ്പത്തിക സഹായവും അവശ്യസാധനങ്ങളും നൽകുന്ന സൽമാൻ ഖാനും എഫ്.ഡബ്ല്യു.ഐ.സി.ഇക്കും ഏറെ നന്ദിയുണ്ട്. അടുത്ത മാസവും ഞങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്’ -ഷമീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.