പൊടുന്നനെ പൊലിഞ്ഞ നിലാവെട്ടം
text_fieldsമുംബൈ: അകാലത്തില്‍ പൊലിഞ്ഞത് ഇന്ത്യന്‍ സിനിമയുടെ ‘നിലാവെട്ടം’ (ചാന്ദ്നി). വിവാഹാനന്തരമുണ്ടായ ആറു വര്‍ഷത്തെ ഇടവേള മാറ്റിനിർത്തിയാല്‍ കഴിഞ്ഞ അര നൂറ്റാണ്ടായി കാമറക്കു മുന്നില്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് സജീവമായ നടിയാണ് ശ്രീദേവി. 1969ലെ തമിഴ് സിനിമ ‘തുണൈവാന്’ മുതല്‍ ഈയിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഷാറൂഖ് ഖാെൻറ ‘സീറോ’ വരെ 250ലേറെ തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ നിറഞ്ഞുനിന്ന അവര്‍ ഇന്ത്യന്‍ സിനിമയുടെ വനിത സൂപ്പര്‍ സ്റ്റാർ ആയിരുന്നു.
നായക കേന്ദ്രീകൃത സിനിമകളില്‍ അമിതാഭ് ബച്ചന്, മിഥുന് ചക്രവര്‍ത്തി, അനില്‍ കപൂര്‍ തുടങ്ങിയവരുടെ ഒപ്പത്തിനൊപ്പം നിന്നാണ് അവർ ആ പദവിയിലെത്തിയത്. സൂപ്പര്‍ താരങ്ങളെ നര്‍മം കലര്‍ന്ന സ്വാഭാവിക അഭിനയംകൊണ്ട് മറികടന്ന് അവര്‍ ആ വിശേഷണം അന്വര്‍ഥമാക്കുകയായിരുന്നു. സ്വതവെ ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായ ശ്രീദേവി കാമറക്കു മുന്നിലെത്തിയാല്‍ മറ്റൊരാളായി മാറുന്നതാണ് സംവിധായകര്‍ കണ്ടത്. സൗന്ദര്യം, നൃത്തം, അഭിനയം എന്നിവ ചേരുമ്പടി ചേർന്നെങ്കിലും ഹിന്ദിയിൽ ശ്രീദേവിയെ അലട്ടിയത് ഭാഷാ പ്രയോഗങ്ങളായിരുന്നു.
ഹിന്ദി ഉച്ചാരണങ്ങളില്‍ ദക്ഷിണേന്ത്യക്കാരുടെ ചുവ. എന്നാല്‍, അത് സ്വന്തം ശൈലിയാക്കി തുടർന്നപ്പോള്‍ പ്രേക്ഷകര്‍ കൈയടിച്ചു.
1996 ലാണ് നിര്‍മാതാവും അനില്‍ കപൂറിെൻറ സഹോദരനുമായ ബോണി കപൂറുമായി ശ്രീദേവിയുടെ വിവാഹം നടക്കുന്നത്. 97ല്‍ അനില്‍ കപൂറിെൻറ നായികയായ ‘കോന്‍ സച്ച കോന്‍ ജൂട്ട’ ചിത്രത്തോടെയാണ് ശ്രീദേവി സിനിമകളില്‍നിന്ന് മാറിനില്‍ക്കുന്നത്. എന്നാല്‍, 2004ല്‍ അവര്‍ വീണ്ടും കാമറക്കു മുന്നില്‍ തിരിച്ചെത്തി. ടെലിവിഷന്‍ പരമ്പരകളിലും അക്ഷയ് കുമാറിെൻറ ‘മേരി ബീവിക ജവാബ് നഹി’ എന്ന ചിത്രത്തിലുമായി അവരെത്തി. പിന്നീട് 2012ല്‍ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തിലൂടെയാണ് പഴയ കുസൃതിത്തരങ്ങളുമായുള്ള ശ്രീദേവിയുടെ തിരിച്ചുവരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.