ഇർഫാൻ ഖാൻെറ ഓർമയിൽ തിരക്കഥ രചിച്ച് വിശാൽ ഭരദ്വാജ്
text_fieldsമുംബൈ: അകാലത്തിൽ വിട്ടുപിരിഞ്ഞുപോയ കൂട്ടുകാരൻ ഇർഫാൻ ഖാൻെറ ഓർമയിൽ തിരക്കഥ രചിച്ച് പ്രശസ്ത സംവിധായകൻ വിശാൽ ഭരദ്വാജ്. ഡൽഹി ടൈംസുമായി പങ്കുവെച്ച ‘ഇർഫാൻ ആൻഡ് ഐ’ എന്ന് പേരിട്ട തിരക്കഥയിൽ ഇർഫാൻെറ മരണവാർത്തയുമായി ബന്ധപ്പെട്ട വിവിധ സന്ദർഭങ്ങളും വിവിധ സമയങ്ങളിലായി ഇർഫാനും എഴുത്തുകാരനും തമ്മിൽ പങ്കിട്ട മനോഹര മുഹൂർത്തങ്ങളും സംഭാഷണ ശകലങ്ങളുമാണ് ഉൾപെടുത്തിയിരിക്കുന്നത്.
ഇർഫാൻെറ മരണവാർത്ത ആദ്യം വിശ്വസിക്കാൻ തയാറായിരുന്നില്ലെന്ന് വിശാൽ വ്യക്തമാക്കുന്നു. എന്നാൽ വിയോഗ വാർത്ത സ്ഥിരീകരിച്ച നിമിഷം തൻെറ ഹൃദയത്തിൽ ഒരു ബോംബ് സ്ഫാടനം നടന്നതായി അദ്ദേഹം വിവരിച്ചു. ഇരുവരുടെയും ആദ്യ കണ്ടുമുട്ടൽ തിരക്കഥയിൽ എഴുതിച്ചേർത്തിട്ടുണ്ട്.
ആ രംഗം പതിയെ വില്യം ഷേക്സ്പിയറിൻെറ ഹാംലറ്റിനെ ആസ്പദമാക്കി വിശാൽ ഒരുക്കിയ ‘ഹൈദർ’ എന്ന സിനിമയുടെ കശ്മീരിലെ ചിത്രീകരണ കാഴ്ചയിലേക്ക് ഊർന്നിറങ്ങുന്നു. ഹൈദറിൽ റൂഹ്ദാർ എന്ന സുപ്രധാന വേഷമായിരുന്നു ഇർഫാൻ കൈകാര്യം ചെയ്തത്. വിശാലിൻെറ മഖ്ബൂൽ, 7 ഖൂൻ മാഫ് എന്നീ ചിത്രങ്ങളിലും ഇർഫാൻ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. 53കാരനായ ഇർഫാൻ അർബുദബാധയെത്തുടർന്ന് ഏപ്രിൽ 29നാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.