‘സുശാന്ത്, നീയെന്നെ പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചു’- മൗനം വെടിഞ്ഞ് റിയ
text_fieldsമുംബൈ: ‘സുശീ... ശാന്തനായി ഇരിക്കൂ. നിന്നെ നഷ്ടമായിട്ട് 30 ദിവസങ്ങൾ... പക്ഷേ, നിന്നെ സ്നേഹിച്ച ഒരു ജീവിതകാലമാണല്ലോ ഇത്. എന്നെന്നേക്കുമായി ചേർത്തു വയ്ക്കപ്പെട്ടവരാണ് നാം. അനന്തതയിലേക്കും അതിനപ്പുറത്തേക്കും’- ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുത്തിൻെറ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടേതാണ് ഈ വാക്കുകൾ.
സുശാന്ത് ആത്മഹത്യ ചെയ്ത് ഒരു മാസം തികയുന്ന വേളയിലാണ് വികാരനിർഭരമായ കുറിപ്പ് റിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സുശാന്തിൻെറ മരണശേഷം ഇതാദ്യമായാണ് റിയ മൗനം വെടിഞ്ഞ് രംഗത്തെത്തുന്നത് ‘വികാരങ്ങളെ നേരിടാൻ ഇന്നും പ്രയത്നിക്കുകയാണ്. പരിഹരിക്കാനാകാത്ത ഒരു മരവിപ്പാണ് മനസ്സിൽ. പ്രണയത്തിലും അതിൻെറ ശക്തിയിലും വിശ്വസിക്കാൻ പഠിപ്പിച്ചത് നീയാണ്. നീ ഇവിടെയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയൊരിക്കലും കഴിയുമെന്ന് തോന്നുന്നില്ല’ -റിയ കുറിച്ചു.
ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ദുരൂഹമാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് അസ്വാഭിവക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് റിയയെ ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സുശാന്തിൻെറ വിഷാദരോഗത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു എന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള പ്രണയം ഗാഢമായിരുന്നെന്ന സൂചന നൽകുന്നതാണ് ഇൻസ്റ്റഗ്രാമിൽ റിയ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും.
റിയ ചക്രവർത്തിയുെട കുറിപ്പിൻെറ പൂർണരൂപം:
വികാരങ്ങളെ നേരിടാൻ ഇന്നും പ്രയത്നിക്കുകയാണ്. പരിഹരിക്കാനാകാത്ത ഒരു മരവിപ്പാണ് മനസ്സിൽ. പ്രണയത്തിലും അതിൻെറ ശക്തിയിലും വിശ്വസിക്കാൻ പഠിപ്പിച്ചത് നീയാണ്. ലളിതമായ ഒരു ഗണിതസമവാക്യത്തിൽ പോലും ജീവിതത്തിൻെറ അർഥം കുടിയിരിക്കുന്നുണ്ടെന്ന് നീ പഠിപ്പിച്ചു. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ഞാൻ നിന്നിൽ നിന്നു പഠിച്ചു. നീ ഇവിടെയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയൊരിക്കലും കഴിയുമെന്ന് തോന്നുന്നില്ല.
നീയിപ്പോൾ ശാന്തമായ ഒരിടത്താണെന്ന് എനിക്കറിയാം. ചന്ദ്രനും നക്ഷത്രങ്ങളും താരാപഥവുമെല്ലാം ‘മഹാനായ ഭൗതികശാസ്ത്രജ്ഞനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കും. സഹാനുഭൂരിയും ആനന്ദവും നിറഞ്ഞ നീ ഒരു നക്ഷത്രമായി പ്രകാശിക്കും. നീ അതായിക്കഴിഞ്ഞു. നീയെന്ന താരകം വാനിൽ തെളിയാൻ ഞാൻ കാത്തിരിക്കും. നിന്നെ തിരികെ തരണമെന്ന് അതിനോട് ഞാൻ പ്രാർഥിക്കുകയും ചെയ്യും.
സുന്ദരമായ വ്യക്തിത്വമുള്ള ഒരാൾ എങ്ങനെയാകണമോ അതെല്ലാമായിരുന്നു നീ. ഈ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അദ്ഭുതമായ ഒരാൾ. നമ്മുടെ പ്രണയത്തിൻെറ ആഴം വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നമ്മുടെ പ്രണയം നമുക്കും ഉപരിയാണെന്ന് നീ പറഞ്ഞപ്പോൾ നീ ശരിക്കും ഇതുതന്നെയാണ് അർഥമാക്കിയതെന്ന് ഞാൻ തിരിച്ചറിയുന്നു. എല്ലാത്തിനെയും തുറന്ന മനസോടെ നീ സ്നേഹിച്ചു. നമ്മുടെ പ്രണയം സുദൃഢമാണെന്ന് നീ കാണിച്ചു.
സുശീ... ശാന്തനായി ഇരിക്കൂ. നിന്നെ നഷ്ടമായിട്ട് 30 ദിവസങ്ങൾ... പക്ഷേ, നിന്നെ സ്നേഹിച്ച ഒരു ജീവിതകാലമാണല്ലോ ഇത്. എന്നെന്നേക്കുമായി ചേർത്തു വയ്ക്കപ്പെട്ടവരാണ് നാം. അനന്തതയിലേക്കും അതിനപ്പുറത്തേക്കും...
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.