രണ്ടു വര്‍ഷത്തിനകം 100 സിനിമാ തിയറ്ററുകള്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനകം 100 സിനിമാ തിയറ്ററുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.എഫ്.ഡി.സി ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചു. 100 മുതല്‍ 200 വരെ സീറ്റുകള്‍ ഉള്ള തിയറ്ററുകള്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടത്തൊന്‍ ആവശ്യപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കത്തുനല്‍കി. നാല്‍പതോളം കേന്ദ്രങ്ങള്‍ ഇതിനകം കണ്ടത്തെി. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും തിയറ്ററുകള്‍ ആരംഭിക്കും. തിരുവനന്തപുരം, ഏറ്റുമാനൂര്‍ ഡിപ്പോകളില്‍ ഇതിന് സ്ഥലം കണ്ടത്തെിയെന്നും ചൊവ്വാഴ്ച ചേര്‍ന്ന ആദ്യ ബോര്‍ഡ് യോഗത്തിനു ശേഷം ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 250 കോടി ചെലവ് പ്രതീക്ഷിക്കുന്ന വിവിധ പദ്ധതികളാണ് നടപ്പാക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഫിലിംസിറ്റി സ്ഥാപിക്കും. സ്റ്റുഡിയോ കോംപ്ളക്സില്‍ കുട്ടികള്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ ശരിക്കും കാട്ടിലാണെന്ന് തോന്നിപ്പിക്കുംവിധം ഫൈവ്-ഡി തിയറ്റര്‍, മലയാള സിനിമയുടെ പ്രൗഢി വിളിച്ചറിയിക്കുംവിധം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, നാല്‍പതോളം പ്രകൃതി സൗഹൃദ കോട്ടേജുകള്‍, ഫുഡ് കോര്‍ട്ടുകള്‍, ചിത്രാഞ്ജലിയിലെ മ്യൂസിയം നവീകരിക്കല്‍ എന്നിവയാണ് മറ്റു പദ്ധതികള്‍.
ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ഫെസ്റ്റിവല്‍ കോംപ്ളക്സ് ചിത്രാജ്ഞലിയില്‍ നിര്‍മിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. ചലച്ചിത്രോത്സവത്തിനുശേഷം മറ്റ് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്ക് കോംപ്ളക്സ് വിട്ടുകൊടുക്കും. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍ററി എന്നിവക്കും സബ്സിഡി ഉറപ്പാക്കാന്‍ സിനിമാ സബ്സിഡി ചട്ടങ്ങള്‍ ഭേദഗതി വരുത്തും. ഒരുമാസത്തിനകം സിനിമാ റെഗുലേഷന്‍ ആക്ടും ഭേദഗതി ചെയ്ത് സര്‍ക്കാറിന് കൈമാറും.
തിയറ്റര്‍ റിലീസിങ്ങിനൊപ്പമോ സിനിമയുടെ ഉടമസ്ഥാവകാശമുള്ള വ്യക്തി നിര്‍ദേശിക്കുന്ന തീയതിയിലോ ഓണ്‍ലൈന്‍ പ്രദര്‍ശനം നടപ്പാക്കും. മുഴുവന്‍ സംഘടനകള്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഇ-മെയില്‍ മാസികയും ആലോചനയുണ്ട്. ഷൂട്ടിങ്ങിന് വേണ്ട സഹായം നല്‍കുന്നതിന് ഏകജാലക സമ്പ്രദായം നടപ്പാക്കും. ആന്‍റിപൈറസി സെല്‍ ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചിത്രീകരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് പൊലീസ് സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും ലെനിന്‍ രാജേന്ദ്രന്‍ അറിയിച്ചു.
കെ.എസ്.എഫ്.ഡി.സി എം.ഡി ദീപാ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.