അമിതാഭ് ബച്ചന് പിന്നാലെ അഭിഷേകിനും കോവിഡ്
text_fieldsമുംബൈ: ബോളിവുഡിന്‍റെ ബിഗ്ബി അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വീറ്റിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. അഭിഷേകിന്‍റെ ഭാര്യയും സിനിമാ താരവുമായ ഐശ്വര്യ റായ് ബച്ചൻ ഉൾപ്പടെ ബച്ചൻ കുടുംബാംഗങ്ങൾ കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുടുംബാംഗങ്ങൾ പരിശോധനക്ക് വിധേയരായി ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ബച്ചന്‍റെ ട്വീറ്റിൽ പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി ഇടപഴകിയവർ പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചൻ ചികിത്സയിലുള്ളത്. രണ്ടുപേർക്കും ചെറിയരീതിയിൽ രോഗലക്ഷണമുണ്ടെന്നും അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു. ആരും പേടിക്കേണ്ടെന്നും അദ്ദേഹം കുറിച്ചു.
T 3590 -I have tested CoviD positive .. shifted to Hospital .. hospital informing authorities .. family and staff undergone tests , results awaited ..
— Amitabh Bachchan (@SrBachchan) July 11, 2020
All that have been in close proximity to me in the last 10 days are requested to please get themselves tested !
77കാരനായ ബച്ചന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇന്ത്യയിലെ രണ്ടാമത്തെ നഗരമാണ് മുംബൈ. മുംബൈയിലെ ജുഹുവിലാണ് ബച്ചന്‍റെ വസതി. മുംബൈയിൽ മാത്രം 91,745 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5244 പേർ മരിക്കുകയും ചെയ്തു.
വാർത്ത പുറത്തുവന്നതോടെ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ ഇരുവർക്കും അതിവേഗം രോഗമുക്തി നേടാൻ കഴിയട്ടെയെന്ന് അഭിപ്രായം രേഖപ്പെടുത്തി.
Earlier today both my father and I tested positive for COVID 19. Both of us having mild symptoms have been admitted to hospital. We have informed all the required authorities and our family and staff are all being tested. I request all to stay calm and not panic. Thank you.
— Abhishek Bachchan (@juniorbachchan) July 11, 2020
സിനിമ മേഖലയിലെ മറ്റു പല താരങ്ങൾക്കും കഴിഞ്ഞദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച തന്നെയാണ് ബോളിവുഡ് നടി രേഖയുടെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടിയുടെ മുംബൈ ബാന്ദ്രയിലുള്ള ബംഗ്ലാവ് സീൽ ചെയ്തു. കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.
കരൺ ജോഹർ, ജാൻവി കപൂർ, ആമിർ ഖാൻ എന്നിവരുടെ സഹായികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടി രേഖയുടെ വീട്ടിലെ സഹായിക്കും കോവിഡ് ബാധിച്ചത്. കെട്ടിടം നിൽക്കുന്ന സ്ഥലം ബി.എം.സി അധികൃതർ അണുവിമുക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതാണ് മറ്റൊരു സംഭവം. കോയലിെൻറ പിതാവും ബംഗാളി അഭിനേതാവുമായ രൻജിത് മല്ലിക്കിനും മാതാവ് ദീപ മല്ലിക്കിനും ഭർത്താവും നിർമാതാവുമായ നിസ്പാൽ സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും തെന്നിന്ത്യൻ ചലച്ചിത്രതാരവുമായ സുമലത അംബരീഷാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. മേയ് 14ന് ബോളിവുഡ് നടന്‍ കിരണ്‍ കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.