‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ സിനിമക്ക് കുവൈത്തിൽ വിലക്ക്
text_fieldsകുവൈത്ത് സിറ്റി: വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സിെൻറ ഹിറ്റ് സിനിമയായ ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ കുവൈത്തിൽ പ്രദർശിപ്പിക്കില്ല. തിയറ്ററുകളിൽനിന്ന് ചിത്രം പിൻവലിച്ചതായി കുവൈത്ത് നാഷനൽ സിനിമ കമ്പനി അറിയിച്ചു. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പ്രദർശനശാലകളിൽനിന്നും സിനിമ പിൻവലിക്കാൻ കെ.എൻ.സി.സി തീരുമാനിച്ചത്. ഹാരി പോർട്ടർ ഫെയിം എമ്മ വാട്സൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുവൈത്തിൽ റിലീസ് ചെയ്തത്.
സ്വവർഗ രതിയെ മഹത്വപ്പെടുത്തുന്നു എന്നാരോപിച്ചു ചില അറബ് മുസ്ലിം നാടുകളിൽ ഡിസ്‌നി ചിത്രത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. സിനിമയുടെ പ്രമേയത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ വന്ന സാഹചര്യത്തിൽ വിവാദരംഗങ്ങൾ ഒഴിവാക്കുന്നതിനായി തിങ്കളാഴ്‌ച ചിത്രം താൽക്കാലികമായി തിയേറ്ററുകളിൽനിന്ന് പിൻവലിച്ചിരുന്നു.
എന്നാൽ, ഉള്ളടക്കം വിലയിരുത്തിയ സെൻസറിങ് കമ്മിറ്റിയുടെ നിർദേശ പ്രകാരം വിവാദ സിനിമ പൂർണമായും പിൻവലിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. രാജ്യം പിന്തുടരുന്ന മൂല്യങ്ങളും ചെറുപ്രായക്കാരായ പ്രേക്ഷകരോടുള്ള ഉത്തരവാദിത്തവും കണക്കിലെടുത്താണ് ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് പ്രദർശനം നിർത്തുന്നതെന്ന് കുവൈത്ത് നാഷനൽ സിനിമ കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.