യു.എസ് കൊമേഡിയൻ ഡിക് ഗ്രിഗറി വിടവാങ്ങി
text_fieldsവാഷിങ്ടൺ: യു.എസിലെ മനുഷ്യാവകാശ പ്രവർത്തകനും വിഖ്യാത കൊമേഡിയനുമായ റിച്ചാർഡ് ക്ലാക്സ്റ്റൺ ഗ്രിഗറി (ഡിക് ഗ്രിഗറി) അന്തരിച്ചു. 84 വയസ്സായിരുന്നു. വാഷിങ്ടണിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖംമൂലം ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. സ്ത്രീശാക്തീകരണത്തിനായി വാദിച്ച ഗ്രിഗറിക്ക് തെൻറ സ്വാഭാവിക നർമബോധം വർണവിവേചനത്തിനെതിരെ പൊരുതാനുള്ള ആയുധമായിരുന്നു.
1960 കളിലാണ് വർണ വിവേചനത്തിനെതിരായി ഹാസ്യപരിപാടികളുമായി രംഗത്തുവന്നത്. അമേരിക്കയിൽ വെളുത്തവർഗക്കാർക്ക് മുന്നിൽ സ്ഥിരമായി ഹാസ്യമവതരിപ്പിക്കുന്ന ആദ്യ കറുത്തവർഗക്കാരനായിരുന്നു ഗ്രിഗറി. ‘‘കറുത്തവർഗക്കാർക്ക് ലോകത്ത് ഏറ്റവും മോശമായ അയൽക്കൂട്ടങ്ങളും സ്കൂളുകളും യാത്രെചയ്യാൻ ബസിെൻറ പിറകുവശവും ആണ് ഇവിടെയുള്ളത്. ഇൗ കാര്യങ്ങൾ നിങ്ങൾക്കുമുന്നിൽ വിവരിച്ചാൽ പ്രതിവാരം 5000 ഡോളർ സമ്പാദ്യവും ലഭിക്കും.
അമേരിക്കയിലല്ലാതെ മറ്റെവിടെക്കിട്ടും ഇത്’’ -ഒരിക്കൽ ആക്ഷേപഹാസ്യമായി അദ്ദേഹം പറയുകയുണ്ടായി. നർമം കലർന്ന അദ്ദേഹത്തിെൻറ ഇൗ ചാട്ടുളി വാക്കുകൾ ദേശീയശ്രദ്ധ ആകർഷിച്ചു. 1960കളിലും 70കളിലും ടെലിവിഷൻ ഷോകളിൽ പരിപാടികളവതരിപ്പിച്ചു കൈയടി നേടി. രാഷ്ട്രീയത്തിലും ഒരുകൈ പയറ്റാൻ ഗ്രിഗറി മറന്നില്ല. 1966ൽ ഷികാഗോ മേയറായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968ൽ പീസ് ആൻഡ് ഫ്രീഡം പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹത്തിന് ലക്ഷത്തിൽപരം വോട്ടുകൾ ലഭിച്ചു.
ബോക്സിങ് ഇതിഹാസം മുഹമ്മദലി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, മാൽകം എക്സ് എന്നിവർ ഉറ്റസുഹൃത്തുക്കളായിരുന്നു. മഹാത്മാഗാന്ധിയെ ആരാധനയോടെ കണ്ട ഗ്രിഗറി 1967ൽ വിയറ്റ്നാം യുദ്ധത്തിനെതിരെ 22ദിവസം നിരാഹാരസത്യഗ്രഹമിരുന്നു.1932ൽ ഒരു ദരിദ്ര കുടുംബത്തിലെ ആറുമക്കളിൽ രണ്ടാമനായാണ് ജനിച്ചത്. പിതാവ് ഉപേക്ഷിച്ചുപോയതോടെ മക്കളെ വളർത്താൻ അമ്മ കഷ്ടപ്പെടുന്നതു കണ്ടു വളർന്നു. പിന്നീട് ഗ്രിഗറിയുടെ കഠിനാധ്വാനമാണ് ആ കുടുംബത്തെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയത്. ഭാര്യ ലിലിയൻ. 10 മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.