Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൃഥ്വിരാജിന്‍റെ...

പൃഥ്വിരാജിന്‍റെ താരാരോഹണം താൻ മുമ്പ് പ്രവചിച്ചിരുന്നു -ബാലചന്ദ്രമേനോൻ

text_fields
bookmark_border
പൃഥ്വിരാജിന്‍റെ താരാരോഹണം താൻ മുമ്പ് പ്രവചിച്ചിരുന്നു -ബാലചന്ദ്രമേനോൻ
cancel

പൃഥ്വിരാജ് താരമാകുമെന്ന് താൻ മുമ്പ് പ്രവചിച്ചിരുന്നെന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "എവിടെയും മോശമായ വർത്തമാനങ്ങളാണ് ഈയിടെ കേൾക്കുന്നത്. നല്ലത് കേൾക്കാനോ കേട്ട നല്ലത് പറയാനോ മനുഷ്യർക്ക്‌ വലിയ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. ഇത്തവണ ആരെപ്പറ്റിയെങ്കിലും ഒരു നല്ല കാര്യം പറയണമെന്ന് എനിക്ക് തോന്നി എന്‍റെ മനസ്സിലെ കുറി വീണത്‌ പ്രിഥ്വിരാജിനാണ്"എന്നു തുടങ്ങുന്നതാണ് ഫേസ്ബുക്ക് കുറിപ്പിൽ. പൃഥ്വിയുടെ അച്ഛൻ സുകുമാരനെയും അമ്മ മല്ലികയെയും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
എവിടെയും മോശമായ വർത്തമാനങ്ങളാണ് ഈയിടെ നാം കൂടുതലും കേൾക്കുന്നത്.(അതുകൊണ്ടാണല്ലോ നല്ല വാർത്ത എന്ന് കൊട്ടിഘോഷിക്കേണ്ടി വരുന്നത്‌ ) നല്ലത് കേൾക്കാനോ കേട്ട നല്ലത് പറയാനോ മനുഷ്യർക്ക്‌ വലിയ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു . എനിക്ക് തോന്നി , ഇത്തവണ ആരെപ്പറ്റിയെങ്കിലും ഒരു നല്ല കാര്യം പറയണമെന്ന് . എന്റെ മനസ്സിലെ കുറി വീണത്‌ പ്രിഥ്വിരാജിനാണ്. പുള്ളിക്കാരനെ നമുക്ക് വീട്ടിൽ വിളിക്കുന്ന പേരിൽ സംബോധനം ചെയ്യാം . ' രാജു'. വിളിക്കാനും എനിക്ക് ടൈപ്പ് ചെയ്യാനും അതാണ്‌ സുഖം. എന്തുകൊണ്ടാണ് രാജു ഈ ആഴ്ച എനിക്ക് പ്രിയങ്കരനായത് എന്നതിന് കാരണങ്ങൾ ഏറെയുണ്ട് . കേട്ടാട്ടെ ....
അമ്മ എന്ന സംഘടന രൂപം കൊണ്ടനാളുകളിൽ രാജുവിന്റെ അച്ഛൻ നടൻ സുകുമാരൻ ഒരു വാര്ഷിക യോഗത്തിനു വരുമ്പോൾ തന്റെ രണ്ടു ആണ്‍ മക്കളെയും കൂട്ടിയിരുന്നു. നടീനടന്മാരുടെ മീറ്റിങ്ങിൽ മക്കൾക്ക്‌ എന്ത് കാര്യം എന്ന് ഞാൻ തമാശയായി ചോദിച്ചു . സുകുമാരൻ തന്റെ തനതു കള്ളച്ചിരിയോടെ പറഞ്ഞു :
"ഇവർക്ക് രണ്ടിനും അമ്മയിൽ അംഗത്വം എടുക്കാൻ പോവുവാ ...നമ്മുടെ കാലം കഴിഞ്ഞാലും ഇവിടെ നായകന്മാരാകാൻ ആള് വേണ്ടേ ആശാനെ ?"
സുകുമാരൻ പറഞ്ഞത് ഇന്ന് സത്യമായിരിക്കുന്നു. ഈ പോസ്റ്റ്‌ ഞാൻ തയ്യാറാക്കുമ്പോൾ രാജു നായകനായുള്ള മൂന്നു ചിത്രങ്ങളാണ് ഒരേ സമയം പ്രദർശനവിജയം നേടി മുന്നേറുന്നത് .
രാജുവിന്റെ ഈ താരാരോഹണത്തിനു ഞാൻ സാക്ഷി മാത്രമല്ല ഞാൻ ഇതു പ്രവചിച്ചതുമാണ് .അതു വ്യക്തമാകാൻ ആ കുടുംബവുമായുള്ള എന്റെ അടുപ്പം പറയണം.
ഞാൻ യൂണിവേഴ്സിറ്റി കോളേജിലെ ചെയർമാനായിരിക്കുംപോൾ രാജുവിന്റെ അമ്മ മല്ലിക വിമൻസ് കോളേജിലെ ഒരു മികച്ച കലാകാരിയായിരുന്നു. എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രിയിൽ' മല്ലിക ഒരു നല്ല വേഷം ചെയ്തിട്ട്മുണ്ട് .സുകുമാരനാകട്ടെ എന്റെ ആദ്യകാല ചിത്രങ്ങളിലെ 'സൂപ്പർ താര' മായിരുന്നു . ഞാൻ എഴുതിയ ഡയലോഗുകൾ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു നടൻ ഇല്ലെന്നു തന്നെ പറയാം. സുകുമാരൻ മരിച്ചപ്പോൾ ഞാൻ പറഞ്ഞത് ' ദാസേട്ടൻ പാടുന്നതും സുകുമാരൻ പറയുന്നതും എനിക്ക് ഒരേപോലെ ഇഷ്ട്ടമാണെ 'ന്നാണ്.
ഞാൻ ഇപ്പോഴും ഓർക്കുന്നു മല്ലിക പറഞ്ഞിട്ട് ഞാൻ രാജു പഠിക്കുന്ന സൈനിക് സ്കൂളിൽ ഒരു ചടങ്ങിൽ അതിഥിയായി പോയത് ....പട്ടാള വേഷത്തിൽ രാജു വേദിയിലേക്ക് മാര്ച്ച് ചെയ്തു വന്നു എന്നെ സല്യുറ്റു ചെയ്തത് ....ആ ചുവടുകളിൽ അന്നും ഒരു ആത്മവിശ്വാസത്തിന്റെ ഉറപ്പുള്ളതായി എനിക്ക് തോന്നി. പിന്നൊരിക്കൽ ഇന്ദ്രജിത്ത് പഠിക്കുന്ന രാജാസ് കൊളേജിലും ഞാൻ മല്ലികയുമൊത്തു പോയതും ഇന്ദ്രന്റെ ഡാൻസ് കണ്ടതുമൊക്കെ ഇന്നലത്തെപ്പോലെ ...
ചില ദിവസങ്ങളിൽ മല്ലികയുടെ വീട്ടിൽ ചായസല്കാരത്തിനു ഞാനും കൂടും. വിദ്യാർഥികളായ രാജുവും ഇന്ദ്രനും ഞങ്ങൾക്കിടയിൽ ഇരുന്നു എല്ലാം ശ്രധിച്ചു കേൾക്കും. അന്ന് ഞാൻ എന്റെ കൂടെ ഉണ്ടായിരുന്ന ഇപ്പോഴത്തെ ജീവൻ ടി വി മാനേജിംഗ് ഡയറക്ടർ ബേബി മാത്യുവിനോട് കാറിൽ തിരിച്ചു പോകുമ്പോൾ പറഞ്ഞു."ബേബി നോക്കിക്കോ ,രാജു ഒരു നടനാവും , താരവുമാകും "
അങ്ങിനെ തന്നേ സംഭവിച്ചു എന്നതിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. ഇതിൽ ഏറ്റവും അഭിമാനം തോന്നേണ്ടത് മല്ലികക്കാണ് . സുകുമാരന്റെ പെട്ടന്നുള്ള മരണത്തോടെ തകര്ന്നു താറുമാറായ മല്ലിക വീണ്ടും ക്യാമറ വെളിച്ചത്തിന് മുന്നിലേക്ക്‌ വരുന്നത് എന്റെ നിര്ബന്ധം കൊണ്ട് സമാന്തരങ്ങൾ എന്ന ചിത്രത്തിൻറെ പൂജയിൽ പങ്കെടുത്തുകൊണ്ടാണ്.പിന്നീട് അവർ ലക്ഷ്യബോധത്തോടെ മുന്നേറുകയായിരുന്നു. ടാഗോർ തിയറ്ററിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന ഒരു വേദിയിൽ തന്റെ രണ്ടു മക്കളെയും മലയാളസിനിമക്ക് സമര്പ്പിക്കുന്നു എന്ന് മല്ലിക പറഞ്ഞ രംഗം കൂടിയാകുംപോൾ ഈ കുറിപ്പ് പൂർണ്ണമാകുന്നു എന്ന് ഞാൻ കരുതട്ടെ.
എന്തിനാണ് ബാലചന്ദ്രമേനോൻ രാജുവിനെ ഇങ്ങനെ 'പൊക്കു'ന്നതു എന്ന സംശയം ഉണ്ടാവാം. ഇനി പ്രിഥ്വി രാജിനെ വെച്ച് ഒരു പടം ആണോ എന്റെ മനസ്സിൽ എന്ന് . രാജു അഭിനയിച്ചു തുടങ്ങിയ കാലം മുതൽ മല്ലിക പറയാറുണ്ട്‌ ഞാൻ രാജുവുമൊത്ത് ഒരു പടം ചെയ്യണമെന്നു . രാജു തന്നെ പറഞ്ഞിട്ടുണ്ട് , 'അങ്കിളേ , അണിയാത്ത വളകൾ പോലെ ഒരു സ്ക്രിപ്റ്റ് എനിക്കുവേണ്ടി എഴുതത്തതെന്താന്നു. അച്ഛനെ വെച്ച് ഹിറ്റുകൾ ചെയ്ത ഒരു സംവിധായകാൻ എന്ന നിലക്ക് മകനെ വെച്ചും ഒരു ഹിറ്റ്‌ ഉണ്ടാകുക എന്നത് ഒരു സുഖകരമായ വെല്ലുവിളിയാണ് , എന്നാൽ ഈ കുറുപ്പിന് കാരണം മറ്റൊന്നാണ് പ്രതിസന്ധികളെ അതിജീവിച്ചു വിജയം കൈവരിക്കുന്നവരോട് എനിക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നാറുണ്ട് .കുറച്ചു കാലം മുൻപ് on line ൽ രാജുവിനെ എത്രമാത്രം എന്തെല്ലാം എഴുതിപ്പിടിപ്പിച്ചു നശിപ്പിച്ചതാണ് ? അതു കൂട്ടി വായിക്കുമ്പോഴാണ് ഈ വിജയത്തിന്റെ സുഖവും ...
രാജു.....അഭിനന്ദനങ്ങൾ !!!

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balachndramenonprithwiraj
Next Story