പ്രേമത്തിന് അവാർഡ് നൽകാത്തതിൽ നന്ദിയുണ്ട്; ജൂറി ചെയർമാന് അൽഫോൻസിന്‍റെ മറുപടി
text_fieldsപ്രേമത്തിന് സംസ്ഥാന അവാർഡ് നൽകാൻ അർഹതയില്ലെന്ന ജൂറി ചെയർമാൻ എം മോഹനന് അൽഫോൻസ് പുത്രന്‍റെ മറുപടി. സിനിമക്ക് പ്രത്യേക ഘടന ഇല്ലാത്തതിന്‍റെ പേരിൽ എനിക്കോ സിനിമയുമായി ബന്ധപ്പെട്ട മറ്റുളളവർക്കോ അവാർഡ് നൽകാത്തതിൽ നന്ദിയുണ്ടെന്ന് അൽഫോൻസ് ഫേസ്ബുക്കിൽ കുറിച്ചു.
ഈ സിനിമ ഇടവേളക്കോ ക്ലൈമാക്സിനോ വേണ്ടി ഉള്ളതല്ല. താൻ ചിത്രങ്ങൾ ചെയ്യുന്നത് അതിനോടുള്ള ഇഷ്ടം കൊണ്ടാണ്. സിനിമ കേരളത്തിലും തമിഴ്നാട്ടിലും ജനങ്ങൾ സ്വീകരിച്ചു. ഒരു പ്രേക്ഷകനെന്ന നിലയിൽ തന്നെ ആസ്വദിപ്പിക്കുന്ന ചിത്രങ്ങളാണ് ചെയ്യുന്നത്. അവാർഡ് കമ്മിറ്റിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് കരുതി പല കാര്യങ്ങളും സിനിമയിൽ ഒഴിവാക്കുന്ന സംവിധായകനാകാൻ ആഗ്രഹിക്കുന്നില്ലെന്നും സിനിമയുടെ നിയമങ്ങൾ ഇനിയും തെറ്റിക്കുമെന്നും അൽഫോൻസ് വ്യക്തമാക്കി.
എന്റെ സൃഷ്ടിയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്നെ നിരാശനാക്കി, ഒരുമാസത്തോളം വിഷാദത്തിലാഴ്ത്തുകയും ചെയ്തു. ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കിൽ നിങ്ങൾ ശരിയാണെന്ന് നിങ്ങൾ വിചാരിക്കും. എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. എല്ലാ കാഴ്ചപ്പാടുകളോടും തുറന്ന സമീപനം സ്വീകരിക്കണം. ഈ നിബന്ധനകളാണ് അടുത്തതവണയും അവാർഡിന് സ്വീകരിക്കുന്നതെങ്കിൽ തന്‍റെ സിനിമയെ ഒഴിവാക്കണം. ‘പക്ഷേ’ പോലുള്ള സിനിമകൾ താങ്കൾ ഇനിയും ചെയ്യണം. പ്രേക്ഷകന്‍ എന്ന നിലയിൽ അത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. അതും പ്രണയനൈരാശ്യത്തെക്കുറിച്ചല്ലായിരുന്നോ? നന്ദി വിഷു ആശംസകൾ എന്ന് പറഞ്ഞാണ് അൽഫോൻസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.